- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ടി തോമസിന്റെ അന്ത്യകർമ്മങ്ങൾ അദ്ദേഹം ആഗ്രഹിച്ചപോലെ നടത്തുമെന്ന് വി ഡി സതീശൻ; രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ കൊച്ചിയിൽ അന്തിമോപചാരം അർപ്പിക്കും
കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി ടി തോമസിന്റെ അന്ത്യകർമ്മങ്ങൾ അദ്ദേഹം ആഗ്രഹിച്ചപോലെ തന്നെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹത്തിന്റെ കുടുംബവുമായി ഇക്കാര്യങ്ങൾ ചർച്ചചെയ്യുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
രവിപുരം ശ്മാശനത്തിൽ ദഹിപ്പിക്കണം, മൃതദേഹത്തിൽ റീത്ത് വെക്കരുത്, സംസ്കാര ചടങ്ങിൽ 'ചന്ദ്രകളഭം ചാർത്തിയുറങ്ങും' എന്ന വയലാറിന്റെ ഗാനം ചെറിയ ശബ്ദത്തിൽ കേൾപ്പിക്കണം, ചിതാഭസ്മത്തിന്റെ ഒരുഭാഗം ഉപ്പുതോട് പള്ളിയിലെ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണം എന്നീ അന്ത്യാഭിലാഷങ്ങളാണ് പിടി തോമസിനുണ്ടായിരുന്നത്. ഇക്കാര്യങ്ങൾ മരിക്കുന്നതിന് മുമ്പ് പിടി തോമസ് കുറിച്ചുവെക്കുകയും സുഹൃത്തുക്കളുമായി പങ്കിടുകയും ചെയ്തിരുന്നതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
മൂന്ന് മണിയോടെ വെല്ലൂരിലെ ആശുപത്രിയിൽ നിന്ന് പി.ടി.തോമസിന്റെ മൃതദേഹവുമായുള്ള വാഹനം പുറപ്പെടും. അർദ്ധരാത്രിയോടെ അദ്ദേഹത്തിന്റെ ഇടുക്കിയിലെ ഉപ്പുതോടിലുള്ള വസതിയിലേക്കാകും ആദ്യം കൊണ്ടുവരിക. തുടർന്ന് വ്യാഴാഴ്ച വെളുപ്പിന് ആറുമണിയോടെ കൊച്ചി പാലാരിവട്ടത്തുള്ള വസതിയിലേക്ക് മൃതദേഹം എത്തിക്കും. ഏഴ് മണിക്ക് ശേഷം എറണാകുളം ഡിസിസിയിൽ എത്തിക്കും. അവിടെ നിന്ന് എട്ടരയോടെ എറണാകുളം നോർത്ത് ജങ്ഷനിലെ ടൗൺഹാളിൽ എത്തിക്കും.
രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളും പൊതുജനങ്ങളും അവിടെ വെച്ച് അന്തിമോപചാരം അർപ്പിക്കും. ഉച്ചയ്ക്ക് ഒന്നര മണിയോടെ അദ്ദേഹത്തിന്റെ മണ്ഡലമായ തൃക്കാക്കരയിലുള്ള കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വെക്കും. അഞ്ചരയോടെ രവിപുരം ശ്മാശനത്തിലെത്തിച്ച് സംസ്കാര കർമ്മങ്ങൾ നടത്തുമെന്നും വി.ഡി.സതീശൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ