- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കടക്ക് പുറത്ത്' എന്നു പറഞ്ഞത് മറന്നുപോയോ? ഓരോ അതിക്രമവും ചെയ്തിട്ട് തള്ളിപ്പറയുന്നത് സിപിഎമ്മിന്റെ പതിവ് രീതി; ടി പിയെ വധിച്ചത് തള്ളിപ്പറഞ്ഞില്ലേ? നിയമസഭയെ നാണംകെടുത്തിയ കയ്യാങ്കളി മുഖ്യമന്ത്രി മറന്നു പോയോ? പിണറായി വിജയന് എണ്ണിയെണ്ണി പറഞ്ഞ് പ്രതിപക്ഷ നേതാവ്; മുഖ്യമന്ത്രി കൂപമണ്ഡൂകമെന്നും സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങൾക്ക് എണ്ണിയെണ്ണി മറുപടി നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാർത്താസമ്മേളനം. ഇന്നലെ വരെയുള്ള കാര്യങ്ങൾ മറന്നാണ് മുഖ്യമന്ത്രിയുടെ സംസാരമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മുഖ്യമന്ത്രിക്ക് മറവി രോഗമാണ്. മുൻകാല ചെയ്തികൾ മറന്നതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഇപ്പോൾ നല്ല പിള്ള ചമഞ്ഞ് വർത്തമാനം പറയുകയാണ്. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് പിണറായിയാണെന്നും സതീശൻ ഓർമ്മിപ്പിച്ചു.
മുഖ്യമന്ത്രി നടത്തിയത് മൻ കീ ബാത്ത്. എൽഡിഎഫ് സഭയിൽ ചെയ്തത് പോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ല. ഓരോ അതിക്രമവും ചെയ്തിട്ട് തള്ളിപ്പറയുന്നത് സിപിഎമ്മിന്റെ പതിവ് രീതിയാണ്. മുമ്പ് ടിപിയെ വധിച്ചത് തള്ളിപ്പറഞ്ഞില്ലേ?. ഗാന്ധി ചിത്രം തല്ലിതകർത്തത് കോൺഗ്രസുകാരാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് നിയമവിരുദ്ധമാണ്. അന്വേഷണം നടക്കുന്ന കേസിൽ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നിലപാട് പറയാമോ? ഇനി അന്വേഷണ ഉദ്യോഗസ്ഥർക്ക് നിഷ്പക്ഷമായി അന്വേഷിക്കാൻ കഴിയുമോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഡിമൻഷ്യ(മറവിരോഗം) രോഗം ബാധിച്ച, ഇന്നലെ വരെയുള്ള കാര്യങ്ങൾ മറന്നയാളെപ്പോലെയാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ സംസാരിച്ചതെന്നും മാധ്യമപ്രവർത്തകർക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വി.ഡി സതീസന്റെ പരാമർശം.
കേരള നിയമസഭയെ നാണംകെടുത്തിയ കയ്യാങ്കളിക്ക് മുൻകൈയെടുത്ത ആളാണ് താനെന്ന കാര്യം മുഖ്യമന്ത്രി മറന്നുപോയെന്നും വി.ഡി സതീശൻ പറഞ്ഞു. 'നിയമസഭയിൽ ഹീനമായ പ്രവർത്തികളാണ് പ്രതിപക്ഷം കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞങ്ങൾ എന്താണ് ചെയ്തത്? ഞങ്ങൾ വെളിയിലിറങ്ങി ഞങ്ങളുടെ പ്രതിഷേധം അറിയിച്ചു.
ഒരു നിയമസഭ മുഴുവൻ അടിച്ചു തകർക്കാൻ, ഡയസിൽ കയറി സ്പീക്കറെ തടയാൻ, സ്പീക്കറുടെ കസേര എടുത്ത് നിലത്തിടാൻ, വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ സ്വന്തം എംഎൽഎമാർക്ക് നിർദ്ദേശം കൊടുത്ത് പറഞ്ഞയച്ച പാർട്ടി സെക്രട്ടറിയായിരുന്നു പിണറായി വിജയൻ എന്ന് അദ്ദേഹം മറന്നുപോയി. നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അപമാനകരമായ സംഭവമുണ്ടാക്കാൻ നിർദ്ദേശം കൊടുത്ത പിണറായി വിജയൻ ഇന്ന് വെളിയിലറങ്ങി മുദ്രാവാക്യം വിളിച്ചതിന് ഞങ്ങളെ നിയമസഭയുടെ ചട്ടം പഠിപ്പിക്കാൻ വരികയാണ്. അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് ഞങ്ങൾ നിയമസഭയുടെ ചട്ടം പഠിക്കാൻ താത്പര്യപ്പെടുന്നില്ല,' വി.ഡി സതീശൻ പറഞ്ഞു.
ഗുജറാത്ത് കലാപക്കേസിൽ കോൺഗ്രസ് കൃത്യമായ നിലപാടെടുത്തെന്നും സതീശൻ പറഞ്ഞു. എംപിയുടെ വിധവയായ ഭാര്യയെ സോണിയ ഗാന്ധി കണ്ടു. ഇക്കാര്യം അവരുടെ മകൻ തന്നെ പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് ടീസ്താസെതൽവാദ് അടക്കമുള്ളവർക്കൊപ്പമാണ്. കേന്ദ്രനേതൃത്വം നിലപാട് പറഞ്ഞിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഇടറുന്നത് എന്തുകൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേന്ദ്ര ഏജൻസികളെ കുറിച്ച് കേന്ദ്രത്തിലും കേരളത്തിലും ഞങ്ങൾക്ക് ഒരേ നിലപാടാണെന്നും സതീശൻ പറഞ്ഞു.
സ്വർണ്ണക്കടത്തിൽ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. മടിയിൽ കനമില്ലെന്ന് ബോർഡ് എഴുതി കാണിച്ചിട്ടും കാര്യമില്ലെന്നായിരുന്നു പരിഹാസം.
മറുനാടന് മലയാളി ബ്യൂറോ