- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ഉമ്മ ഇനി ശിഷ്ടകാലം എങ്ങനെ ജീവിച്ച് തീർക്കും? കണ്ണും കാതുമുണ്ടാകണം ഒരു സർക്കാരിന്.. കണ്ണൂനീരുകൾ കാണാൻ, സങ്കടങ്ങൾ കേൾക്കാൻ കണ്ണും കാതുമുണ്ടാകണം; കോട്ടയത്തെ ഇരട്ട സഹോദരങ്ങളുടെ ആത്മഹത്യയിലേക്ക് വിരൽ ചൂണ്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
തിരുവനന്തപുരം: ആ ഉമ്മ ഇനി ശിഷ്ടകാലം എങ്ങനെ ജീവിച്ച് തീർക്കും? കണ്ണും കാതുമുണ്ടാകണം ഒരു സർക്കാരിന്.. കോട്ടയത്തെ ഇരട്ട സഹോദരന്മാരുടെ ആത്മഹത്യ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ ചൂണ്ടിക്കാട്ടിയ വാക്കുകളാണ് ഇത്. കോവിഡ് സംസ്ഥാനത്തുണ്ടാക്കിയ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ മനസിലാക്കാനോ നിയമസഭയിൽ ചർച്ച ചെയ്യാനോ സർക്കാർ വിമുഖത കാട്ടുകയാണെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി സതീശൻ പറഞ്ഞു. കേരളം ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുകയാണ്. ദിവസേന പതിനായിരക്കണക്കിന് വായ്പാ റിക്കവറി നോട്ടീസുകളാണ് വീടുകളിലേക്കെത്തുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെ മാത്രമാണ് മൊറട്ടേറിയം പ്രഖ്യാപിച്ചിരുന്നത്. അതിനു ശേഷവും എല്ലാം തകർന്നു തരിപ്പണമായിരിക്കുമ്പോഴാണ് റിക്കവറി നോട്ടീസുകൾ പ്രവഹിക്കുന്നത്. വട്ടിപ്പലിശക്കാർ വീട്ടമ്മമാരെ ഭീഷിപ്പെടുത്തുകയും ദ്വയാർത്ഥ പ്രയോഗം നടത്തുകയും ചെയ്യുന്നത് പ്രതിപക്ഷം നിരവധി തവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. കടക്കെണിയിൽപ്പെട്ട് കോട്ടയത്ത് ഇരട്ട സഹോദരങ്ങൾ ആത്മഹത്യ ചെയ്തത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
ഇരട്ട മക്കൾ ഒരേ മുറിയിൽ തൂങ്ങിനിൽക്കുന്നതു കാണേണ്ടി വന്ന സങ്കടകരമായ അവസ്ഥയിലാണ് കോട്ടയത്തെ അമ്മ. ഇത് ഒറ്റപ്പെട്ട സംഭവമല്ല. തെരഞ്ഞെടുപ്പിന് മുൻപ് കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക തളർച്ചയിൽ സർക്കാർ ഇടപെട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യത്തിൽ വൈമുഖ്യം കാട്ടി. പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെ കഴിഞ്ഞ ദിവസം ബാങ്കുകളുടെ യോഗം വിളിച്ചെങ്കിലും മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിട്ടില്ല. ആസൂത്രണ കമ്മിഷൻ മാതൃകയിൽ കോവിഡ് ദുരന്ത നിവാരണ കമ്മിഷൻ രൂപീകരിക്കണമെന്ന നിർദ്ദേശവും സർക്കാർ പരിഗണിച്ചില്ല.
ലോക്ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണും നടപ്പാക്കുന്നത് അശാസ്ത്രീയമായാണെന്നു ചൂണ്ടിക്കാട്ടിയപ്പോൾ അന്ന് പരിഹസിച്ചു. ഇപ്പോൾ അത് അംഗീകരിക്കാൻ തയാറായത് സ്വാഗതം ചെയ്യുന്നു. ജീവിതവും ഉപജീവന മാർഗങ്ങളും ഉപേക്ഷിച്ച് കോവിഡിനെ ക്രമസമാധാന പ്രശ്നമായി നേരിടാതെ രോഗമായി കണ്ട് പ്രതിരോധിക്കുകയാണ് വേണ്ടത്. പ്രതിസന്ധി കാലത്ത് ആത്മഹത്യയല്ല പരിഹാരമെന്ന് ജനങ്ങളോട് പറയാൻ സർക്കാർ തയാറാകണം. വിവിധ മേഖലകളിൽ ഉപജീവനം നഷ്ടപ്പെട്ട 20 പേരാണ് ഇതുവരെ ആത്മഹത്യ ചെയ്തത്. ജനങ്ങളുടെ സങ്കടങ്ങൾ കാണാനും കേൾക്കാനുമുള്ള കണ്ണും കാതും സർക്കാരിന് നഷ്ടമായിരിക്കുകയാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് ആത്മഹത്യാ പരമ്പരയാണെന്ന് അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അടച്ചിടൽ അനിശ്ചിതമായി നീളുമ്പോൾ ആത്മഹത്യകൾ പെരുകുകയാണ്. ഒരു മാസത്തിനുള്ളിൽ കേരളത്തിൽ 20 പേർ ആത്മഹത്യ ചെയ്തു. മൂന്നു ദിവസത്തിൽ ഒരു മരണം എന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. നസീർഖാന്റേയും നിസാർ ഖാന്റേയും വീട്ടിൽ അസമയത്തു പോലും ബാങ്ക് ഉദ്യോഗസ്ഥർ പോയി ഭീഷണിപ്പെടുത്തി. അതിന്റെ മനോവിഷമത്താലാണ് ആത്മഹത്യയെന്ന് അവരുടെ അമ്മയുടെ മൊഴിയും ഉണ്ട്. 19 ലക്ഷം രൂപ വായ്പ നൽകിയപ്പോൾ അത് തിരിച്ചടയ്ക്കാൻ അവർക്കു കഴിവുണ്ടോയെന്ന് അന്വേഷിച്ചില്ല. അത്രയും തുക അവരി അടിച്ചേല്പിക്കുകയായിരുന്നെന്നുംതിരുവഞ്ചൂർ ആരോപിച്ചു.
സർഫാസി നിയമപ്രകാരം ഏഴു മാസം മുൻപ് ബാങ്ക് നോട്ടീസ് അയച്ചെങ്കിലും തുടർ നടപടികൾ സ്വീകരിച്ചിരുന്നില്ലെന്ന് സഹകരണമന്ത്രി മറുപടി പറഞ്ഞു. രണ്ടുതണ ബാങ്ക് ഉദ്യോസ്ഥർ അവരുടെ വീട്ടിൽ പോയി എന്നതു ശരിയാണ്. എന്നാൽ അത് അസമയത്തല്ല. യുവാക്കൾ ആത്മഹത്യ ചെയ്തത് ബാങ്കിന്റെ ഭീഷണി കാരണമാണോയെന്നു അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
മറുനാടന് ഡെസ്ക്