- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ.എസ്.ആർ.ടി.സി സമുച്ചയത്തിന്റെ പേരിൽ കോഴിക്കോട് നടന്നത് പകൽക്കൊള്ള; പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്നു കരുതേണ്ട: വി.ഡി സതീശൻ
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മാണത്തിന്റെ പേരിൽ കോഴിക്കോട് നടന്നത് പകൽക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 2008 ലാണ് സമുച്ചയ നിർമ്മാണത്തിന് മുൻകൂർ നിർമ്മാണ അനുമതി കൊടുക്കുന്നത്. എന്നാൽ നിർമ്മാണത്തിന് കോർപറേഷന്റെ അനുമതി കിട്ടാതെയാണ് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തറക്കല്ലിടുന്നത്. നാലു സ്ഥലങ്ങളിൽ ടെർമിനൽ നിർമ്മിച്ചതിലൂടെ കെ.എസ്.ആർ.ടിസിക്ക് മേൽ സർക്കാർ നൂറു കോടിയോളം രൂപയുടെ അധികബാധ്യതയാണ് അടിച്ചേൽപ്പിച്ചിരിക്കുന്നത്. സമുച്ചയത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറിയതിനു പിന്നിലും ദുരൂഹതയുണ്ട്. പ്രസംഗം തടസപ്പെടുത്തി പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്നു കരുതേണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.
2007 ൽ വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് കോഴിക്കോട് ടെർമിനൽ നിർമ്മാണം തുടങ്ങിയത്. തുടർന്ന് യു.ഡി.എഫ് അധികാരത്തിൽ വന്നപ്പോൾ അനുമതിയില്ലാത്ത നിർമ്മാണം കോഴിക്കോട് കോർപ്പറേഷൻ നിർത്തിവയ്പ്പിച്ചു. പിന്നീട് ഇതെല്ലാം ക്രമപ്പെടുത്തി പണി പൂർത്തിയാക്കി ഉദ്ഘാടനം മാത്രമാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചെയ്തത്. പദ്ധതി അംഗീകരിച്ചതും നിർമ്മാണ കമ്പനിയെ തീരുമാനിച്ചതും കെട്ടിടത്തിന്റെ നടത്തിപ്പ് മറ്റൊരു കമ്പനിക്ക് കൈമാറിയതുമെല്ലാം ഇടതു സർക്കാരുകളുടെ കാലത്താണ്. 19 കോടി നിർമ്മാണച്ചെലവ് പ്രതീക്ഷിച്ച പദ്ധതി പൂർത്തിയായപ്പോൾ 78 കോടി രൂപയായി.
50 കോടി രൂപ നിക്ഷേപവും 50 ലക്ഷം പ്രതിമാസ വാടകയും നിശ്ചയിച്ചാണ് മാക് എന്ന കമ്പനിക്ക് ടെർമിനൽ പാട്ടത്തിനു നൽകാൻ തീരുമാനിച്ചത്. പിന്നീട് ഇതിൽ നിന്നും ഒഴിവായ ഇതേ കമ്പനി ആലിഫ് എന്ന പേരിൽ ടെർമിനൽ ഏറ്റെടുക്കാനെത്തി. അപ്പോഴേക്കും നിക്ഷേപം 50 ൽ നിന്നും 17 കോടിയായും വാടക 50 ലക്ഷത്തിൽ നിന്നും 43 ലക്ഷമായും കുറഞ്ഞു. ഇതു കൂടാതെ ജി.എസ്.ടി ഉൾപ്പെടെയുള്ളവയിൽ ഇളവും നൽകി. ഈ രണ്ടു കമ്പനികളും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് തെളിയിക്കാൻ മന്ത്രിയെ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബലക്ഷയമുള്ള കെട്ടിടം പാട്ടത്തിനെടുക്കാൻ കമ്പനി രംഗത്തെത്തിയത് അവരുടെ മഹാമനസ്കതയെന്നാണ് മന്ത്രി പറയുന്നത്. സുതാര്യമാല്ലാത്ത ടെണ്ടർ നടപടികളിലൂടെയുള്ള ഈ കൈമാറ്റം ദുരൂഹമാണ്. ഇതിനു പിന്നിൽ നിരവധി ഇടനിലക്കാരുണ്ട്. പകൽക്കൊള്ളയാണ് കോഴിക്കോട് നഗരത്തിൽ നടന്നത്. കെട്ടിടത്തിന് ബലക്ഷയം ഉണ്ടായതിനെ പറ്റിയും പാട്ടക്കരാറിന്റെ പേരിൽ നടത്തിയ തട്ടിപ്പിനെ കുറിച്ചും അന്വേഷിക്കണം. കെട്ടിടം ഉദ്ഘാടനം ചെയ്ത ഉമ്മൻ ചാണ്ടി സർക്കാരാണ് ഇതിനൊക്കെ ഉത്തരവാദിയെന്നാണ് മന്ത്രി പറയുന്നത്. ഉദ്ഘാടനം ചെയ്തവർക്കാണ് കുറ്റമെങ്കിൽ പലാരിവട്ടം പാലം ഉദ്ഘാടനം ചെയ്തവർക്കെതിരെ കേസെടുത്തോ? നാലു സമുച്ചയങ്ങൾ നിർമ്മിച്ചതിലൂടെ കെ.എസ്.ആർ.ടി.സിയുടെ കോടികൾ വിലമതിക്കുന്ന 16 ഏക്കർ ഭൂമി നഷ്ടപ്പെടുന്ന അവസ്ഥയാണ് സർക്കാർ സൃഷ്ടിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ