തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാർ ദുരൂഹമായ നിസംഗത തുടരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ റെയിലിനെക്കുറിച്ച് നിരന്തരം പറയുന്ന മുഖ്യമന്ത്രി മുല്ലപ്പെരിയാറിനെപ്പറ്റി മിണ്ടുന്നില്ല. മുല്ലപ്പെരിയാറിൽ അപകടകരമായ സാഹചര്യമാണ്. തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നത് വേദനാജകമെന്നു പറഞ്ഞ് സർക്കാർ സ്വയം തൃപ്തിയടയുകയാണ്. രാത്രി കാലങ്ങളിൽ വെള്ളം തുറന്നുവിടാൻ പാടില്ലെന്ന്, കേരളത്തിന്റെ പ്രതിനിധി കൂടി അംഗമായ മേൽനോട്ട സമിതിയിൽ ധാരണയുണ്ട്.

അതിനു വിരുദ്ധമായാണ് രണ്ടു മാസമായി വെള്ളം തുറന്നു വിടുന്നത്. മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ വാദങ്ങളെല്ലാം ദുർബലമായിരിക്കുകയാണ്. സ്റ്റാലിന് കത്തെഴുതി വാർത്ത നൽകിയാൽ തന്റെ ദൗത്യം അവസാനിച്ചെന്ന നിലപാടിലാണ് മുഖ്യമന്ത്രി. ഇതുവരെ ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ തമിഴ്‌നാടുമായി സംസാരിച്ചിട്ടില്ല. ഇടുക്കിയിലെ ജനങ്ങളുടെ വീട്ടിൽ വെള്ളം കയറിക്കോട്ടെയെന്ന നിലപാടാണ് സർക്കാരിന്.