തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ- വർഗീയ കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും പൊലീസ് അതിക്രമങ്ങളും നിയന്ത്രിക്കാനാകാതെ അഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കോ സംസ്ഥാന പൊലീസ് മേധാവിക്കോ പൊലീസ് സേനയ്ക്കു മേൽ യാതൊരു നിയന്ത്രണവുമില്ലാത്ത ഗുരുതര സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുതിർന്ന ഉദ്യോഗസ്ഥരെ നിഷ്‌ക്രിയരാക്കി പാർട്ടി നേതാക്കളുടെ സെൽ ഭരണമാണ് പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്നത്. പൊലീസിലെ വർഗീയവാദികളുടെ സാന്നിധ്യം ക്രമസമാധാനപാലനത്തെ അപകടകരമായ അവസ്ഥയിലെത്തിച്ചു. സർക്കാരിനെതിരായ പ്രതിപക്ഷ സമരങ്ങളിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നതിന് അനുമതി നൽകുന്ന ആഭ്യന്തര വകുപ്പ് വർഗീയവാദികൾക്ക് വഴിവെട്ടുകകൂടിയാണ് ചെയ്യുന്നത്.

സംസ്ഥാനത്ത് വർഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ബിജെപിയുടേയും എസ്.ഡി.പി.ഐയുടേയും ശ്രമം. ഭൂരിപക്ഷ വർഗീയതയേയും ന്യൂനപക്ഷ വർഗീയതയേയും മാറി മാറി പുണരുന്ന സർക്കാരും മുഖ്യമന്ത്രിയുമാണ് കേരളത്തെ ഈ സ്ഥിതിയിലെത്തിച്ചത്. ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം രാഷ്ട്രീയ കൊലപാതമല്ല വർഗീയ കൊലപാതകമാണ്.

ആർ.എസ്.എസും എസ്.ഡി.പി.ഐയും പോലുള്ള വർഗീയശക്തികളെ നിലയ്ക്കു നിർത്താൻ ഇനിയെങ്കിലും സർക്കാർ തയാറാകണം. താൽക്കാലിക രാഷ്ട്രീയ ലാഭത്തിനു വേണ്ടി വർഗീയ പ്രീണനം തുടരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കിൽ ഗുരുതര പ്രത്യാഘാതം കേരളീയ പൊതുസമൂഹം നേരിടേണ്ടിവരുമെന്നും സതീശൻ പറഞ്ഞു.