- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ഞക്കുറ്റികൾ എന്നത് അഹങ്കാരത്തിന്റെ അടയാളമായിരുന്നു; അത് സിപിഎമ്മിന് തന്നെ മനസ്സിലായി; പിണറായി കാടിളക്കി മറിച്ചിട്ടും ജനങ്ങളെ സ്വാധീനിക്കാൻ സാധിച്ചില്ല; അഹങ്കാരത്തിന്റേയും ധാർഷ്ട്യത്തിന്റേയും രണ്ട് കൊമ്പുകൾ തൃക്കാക്കരയിലെ ജനങ്ങൾ പിഴുതു മാറ്റി; തൃക്കാക്കര വിജയത്തിൽ സതീശൻ
കൊച്ചി: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പു വിജയത്തിന്റെ ക്രെഡിറ്റ് യുഡിഎഫ് കൂട്ടായ്മക്ക് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിശ്രമമില്ലാതെ ഒരുപാട് ജോലി ചെയ്യാനുണ്ട് എന്നതിന്റെ ഓർമ്മപ്പെടുത്തലാണ് തൃക്കാക്കരയിലെ വിജയമെന്ന് സതീശൻ പ്രതികരിച്ചു. തൃക്കാക്കരയിലെ വിജയം കോൺഗ്രസിനേയും യുഡിഎഫിനേയും ശക്തിപ്പെടുത്താനുള്ള ഊർജ്ജമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും 20 മന്ത്രിമാരും 60 എംഎൽഎമാരും ഒരു മാസം ക്യാമ്പ് ചെയ്ത് കാടിളക്കി മറിച്ചിട്ടും ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല എന്ന കാര്യം മനസ്സിലാക്കണം. തൃക്കാക്കര മിനി കേരളമാണ് എന്നാണ് എൽഡിഎഫ് നേതാക്കന്മാർ പറഞ്ഞത്. ആ മിനി കേരളം വിധിയെഴുത്ത് നടത്തിയപ്പോൾ തുടർഭരണത്തിലൂടെ ഉണ്ടായ അഹങ്കാരത്തിന്റേയും ധാർഷ്ട്യത്തിന്റേയും രണ്ട് കൊമ്പുകൾ തൃക്കാക്കരയിലെ ജനങ്ങൾ പിഴുതു മാറ്റിയത്.
സർക്കാർ തന്നെയാണ് പറഞ്ഞത്, ഈ തിരഞ്ഞെടുപ്പ് കെ റെയിൽ അടക്കമുള്ള വികസന പദ്ധതികൾക്കുള്ള അംഗീകരമാവും എന്ന്. അതുകൊണ്ടുതന്നെ ജനവിരുദ്ധ പദ്ധതിയായ കേരളത്തെ വിനാശത്തിലേക്ക് നയിക്കുന്ന കെ-റെയിൽ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറണം എന്ന് ജനങ്ങളുടെ മുന്നറിയിപ്പ് കൂടിയായി ഈ തിരഞ്ഞെടുപ്പിനെ കാണണം.
വികസനത്തിന്റെ കാര്യത്തിൽ മേനി പറഞ്ഞപ്പോൾ, കെ കരുണാകരൻ, എ.കെ ആന്റണി ഉമ്മൻ ചാണ്ടി അടക്കമുള്ള മൂന്ന് യുഡിഎഫ് മുഖ്യമന്ത്രിമാർ എറണാകുളം ജില്ലയിൽ ഉണ്ടാക്കിയ വികസന കാര്യങ്ങളാണ് ഞങ്ങൾ ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചത്. അതിനുപകരം വെക്കാൻ ഇ.കെ നായനാരും വി എസ് അച്യുതാനന്ദനും പിണറായി വിജയനും അടക്കമുള്ള മൂന്ന് മുഖ്യമന്ത്രിമാരുടെ ഭരണത്തിന് കഴിഞ്ഞില്ല എന്നുള്ള യാഥാർത്ഥ്യം കൂടി ഇവിടെ ചർച്ച ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കെ-റെയിലും വികസനവും ചർച്ച ചെയ്തപ്പോഴാണ് അത് വഴി തിരിച്ചു വിടാൻ വേണ്ടി വേറെകാര്യങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയായത്. വളരെ സത്യസന്ധമായി മാന്യമായുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തിയതെന്നും വിഡി സതീശൻ പറഞ്ഞു.
മഞ്ഞക്കുറ്റികൾ എന്നത് അഹങ്കാരത്തിന്റെ അടയാളമായിരുന്നു. അത് സിപിഎമ്മിന് തന്നെ മനസ്സിലായി. കെ റെയിൽ ചർച്ച ചെയ്യേണ്ട എന്ന തീരുമാനം സർക്കാരിന് എടുക്കേണ്ടി വന്നു. സർക്കാരിന്റെ രാജിയൊന്നും ആവശ്യപ്പെടില്ല. ഉപതിരഞ്ഞെടുപ്പിൽ ജയിച്ചെന്ന് കരുതി സർക്കാർ ഇറങ്ങിപ്പോകണമെന്ന് പറയാൻ തയ്യാറല്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ