തിരുവനന്തപുരം: പ്രതിപക്ഷ സമരത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നിയമസഭയിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതിന് മന്ത്രിമാരും ഭരണപക്ഷ എംഎ‍ൽഎമാരുമാണ് നേതൃത്വം നൽകിയത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മന്ത്രിമാർ വിളിച്ചതെന്നും സതീശൻ പറഞ്ഞു. നിയമസഭക്കുള്ളിൽ സംഘർഷമുണ്ടാക്കാൻ ആസൂത്രിത നീക്കമാണ് ഭരണപക്ഷം നടത്തിയത്. ഈ നീക്കത്തിൽ പ്രതിഷേധിച്ചാണ് സഭാ നടപടികൾ സ്തംഭിപ്പിക്കാൻ പ്രതിപക്ഷം തീരുമാനിച്ചത്.

ഓഫിസ് ആക്രമണത്തെ പേരിന് അപലപിക്കുകയും പ്രതികളെ സംരക്ഷിക്കുകയുമാണ് സർക്കാർ. സംഘ്പരിവാറിനെക്കാൾ വലിയ ഗാന്ധിഘാതകരായി സിപിഎം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണ് രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്. മന്ത്രി വീണ ജോർജിന്റെ സ്റ്റാഫിൽപ്പെട്ട ആളുടെ നേതൃത്വത്തിലാണ് ഓഫിസ് അടിച്ചു തകർത്തത്. മന്ത്രിയുടെ സ്റ്റാഫിൽപ്പെട്ടയാളെ ഇതുവരെ പ്രതി ചേർത്തിട്ടില്ലെന്നും വി.ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

മോദിയുടെ അതേ വഴിയിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സഞ്ചാരമെന്നും മോദി മാതൃകയിൽ പ്രതിപക്ഷത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നിയമസഭയിൽ നടന്നതെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. സംഘർഷമുണ്ടാക്കിയവരെ സർക്കാർ സംരക്ഷിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി വിജയൻ പൊലീസിനെ വിരട്ടുകയാണ്. എല്ലാറ്റിനും സിപിഎം പിന്തുടരുന്നത് മോദി മാതൃകയാണെന്ന് സതീശൻ ആരോപിച്ചു. സംഘപരിവാറിനെ അനുകരിക്കാനുള്ള ഒരു ശ്രമവും യുഡിഎഫ് അനുവദിക്കില്ല.

സഭയ്ക്ക് പുറത്തെ യുഡിഎഫ് പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. മാധ്യമ സ്വാത്രന്ത്ര്യത്തിനും സഭാ സ്വാതന്ത്യത്തിനും എതിരായ നിലപാടാണ് സർക്കാർ നിയമസഭയിൽ സ്വീകരിക്കുന്നത്. മീഡിയ റൂമിൽ പോലും മാധ്യമങ്ങളെ കയറ്റുന്നില്ല. ദൃശ്യങ്ങൾ സെൻസർ ചെയ്യുന്നു. മോദി ശൈലി കേരളത്തിൽ അനുവദിക്കില്ല.

മന്ത്രിമാർ വരെ മുദാവാക്യം വിളിച്ചു. നടുത്തളത്തിലിറങ്ങുകയെന്നത് പ്രതിപക്ഷ അവകാശമാണെന്നും വി.ഡി. സതീശൻ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിനെതിരെ യുഡിഎഫ് ശക്തമായ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് സഭ ഇന്നത്തേക്കു പിരിഞ്ഞു.