തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും പ്രവർത്തനങ്ങളെ ചൊല്ലി നിയമസഭയിൽ കൊമ്പുകോർത്ത് വി ഡി സതീശനും പിണറായി വിജയനും. സംസ്ഥാനത്തെ രാഷ്ട്രയ കൊലപാതകങ്ങളുടെയും ക്രമസമാധാന നില തകരുന്നതിനെയും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഇന്ന് സഭയിൽ രംഗത്തുവന്നത്. ക്രമസമാധാനനില തകർച്ചയെയും ചൂണ്ടിക്കാട്ടിയുള്ള അടിയന്തര പ്രമേയ ചർച്ചക്കിടെ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ വാക്പോര് ഉടലെടുത്തത്.

കേരളം ഗുണ്ടകളുടെ ഇടനാഴിയായി. തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായെന്നും പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. സംസ്ഥാനത്ത് വർധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗിലെ എൻ ഷംസുദ്ദീൻ എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

തലശ്ശേരിയിലും കിഴക്കമ്പലത്തും കഴിഞ്ഞദിവസങ്ങളിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളും, സംസ്ഥാനത്ത് ആവർത്തിക്കുന്ന ഗുണ്ടാ ആക്രമണങ്ങളും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജനങ്ങൾ ഭയപ്പാടിലാണ്. മുഖ്യമന്ത്രിക്ക് പൊലീസിന് മേൽ നിയന്ത്രണം നഷ്ടപ്പെട്ടു. ക്രമസമാധാനനില പുനഃസ്ഥാപിക്കുന്നതിന് നടപടികൾ ഉണ്ടാകുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത സർക്കാരായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.എല്ലാം ഒറ്റപ്പെട്ട സംഭവം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത്. ഇത്തരം 'ഒറ്റപ്പെട്ട സംഭവം' പതിവായി. കാപ്പനിയമം നോക്കുകുത്തിയായെന്നും സിപിഎം ജില്ലാ സെക്രട്ടറിമാർ ജില്ലാ പൊലീസ് മേധാവികളെ നിയന്ത്രിക്കുന്നതാണ് കുഴപ്പങ്ങൾക്കു കാരണമെന്നും സതീശൻ പറഞ്ഞു.

താങ്കൾ പോയി നോക്കിയോ എന്നായിരുന്നു സതീശനോട് മുഖ്യമന്ത്രിയുടെ മറുചോദ്യം. പരിഹസിക്കേണ്ടെന്ന് വിഡി സതീശനും തിരിച്ചടിച്ചു. രാജ്യത്താകെ വർഗീയ സംഘർഷം ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. എന്നാൽ വർഗീയ സംഘർമില്ലാത്ത സംസ്ഥാനമായി നമ്മുടെ നാട് നിലനിൽക്കുന്നതിൽ പൊലീസിന്റെ ഇടപെടലിന്റെ പങ്ക് വിസ്മരിക്കരുത്. കോവിഡ് കാലത്ത് ക്രിയാത്മകമായി ഇടപെടൽ നടത്തിയ പൊലീസ് സേനയിലെ 16 പേരാണ് രോഗം ബാധിച്ച് മരിച്ചത്. അത്തരമൊരു സേനയെ അവഹേളിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അക്രമങ്ങൾക്ക് പരസ്യമായി ആഹ്വാനം ചെയ്യുന്ന, അക്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരു നേതൃത്വമല്ലേ നിങ്ങൾക്കുള്ളതെന്ന് മുഖ്യമന്ത്രി പ്രതിപക്ഷത്തോട് ചോദിച്ചു. സമൂഹത്തിലുണ്ടാകുന്ന എല്ലാ തിന്മകളോടും ശക്തമായ നിലപാടാണ് പൊലീസ് സ്വീകരിച്ചത്. 2021 ഡിസംബർ 18 മുതൽ 20 ഫെബ്രുവരി 15 വരെ ഓപ്പറേഷൻ കാവൽ പദ്ധതി പ്രകാരം 904 ഗുണ്ടകൾക്കെതിരെ കേസെടുത്തു. 63 പേർക്കെതിരെ കാപ്പ നിയമപ്രകാരവും നടപടിയെടുത്തു.

പണ്ട് തെറ്റായി ഇടപെട്ടവർക്ക് പൊലീസിന്റെ ഈ പ്രവർത്തനങ്ങളെ അംഗീകരിക്കാൻ വിഷമമുണ്ടാകും. അവരാണ് തുടർച്ചയായി പൊലീസിനെതിരെ രംഗത്തു വരുന്നത്. പ്രതിപക്ഷത്തിന്റെത് ചീറ്റിപ്പോയ അടിയന്തരപ്രമേയമാണ്. കൊലക്കത്തി എടുത്തവർ താഴെ വച്ചാൽ പ്രശ്നം അവസാനിക്കുമെന്നും മുഖ്യമന്ത്രി മറുപടി നൽകി.