തിരുവനന്തപുരം: ആർഎസ്എസ് ബന്ധത്തിന്റെ പേരിൽ സഭയിൽ കോർത്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. കേരളത്തിൽ കോൺഗ്രസിന് നിൽക്കാൻ കഴിയുന്നത് എൽഡിഎഫിന്റെ കരുത്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടി പറയുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

'അന്ധമായ സിപിഐഎം വിരോധം വെച്ചുകൊണ്ട് സർക്കാരിനെ ഇല്ലാതാക്കാൻ വഴിവിട്ട ശ്രമങ്ങൾ നടത്തുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ നിങ്ങൾക്ക് സംഭവിക്കുന്നത് നല്ലതുപോലെ മനസിൽ കരുതണം. രാജ്യത്തെ ഇടതുപക്ഷ മുഖങ്ങളായി കണ്ടിരുന്ന സംസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ത്രിപുര. അവിടെ ബിജെപിക്ക് വലിയ തോതിൽ സ്വാധീനം ഉണ്ടായിരുന്നില്ല. പക്ഷേ അവിടെ ഇടതുപക്ഷ മുന്നണിയെ തകർക്കാൻ വേണ്ടി ഉപയോഗിച്ചത് അവിടുത്തെ കോൺഗ്രസിനെയായിരുന്നു. കോൺഗ്രസിനെ ഒന്നിച്ച് അങ്ങോട്ട് വാരി. അങ്ങനെ എൽഡിഎഫിനെ താഴെയിറക്കാൻ നോക്കി. ഉള്ളതുപറയുമ്പോൾ കള്ളിക്ക് തുള്ളൽ എന്ന് പറയുന്നത് പോലെയാണ് ഇവിടെ നടക്കുന്നത്. അങ്ങനെ വന്നപ്പോൾ ത്രിപുരയിലെ ഇടതുപക്ഷ സർക്കാർ ഇല്ലാതായി. ഇവരുടെ സ്ഥിതിയോ?

നിങ്ങളെ ഏത് നിമിഷത്തിലും എവിടേയും വാരാനാകുമെന്ന ഉത്തമബോധ്യം ബിജെപിക്കുണ്ട്. പക്ഷെ നിങ്ങളെ കൂട്ടത്തോടെ വാരിയാലും ഈ കേരളത്തിൽ എൽഡിഎഫിനെ തകർക്കാനാകില്ല. നിങ്ങൾ ഇപ്പോ ഇങ്ങനെ നിലനിൽക്കുന്നതിന് കാരണം ഞങ്ങളാണെന്ന് മനസിലാക്കണം. കേരളത്തിൽ ബിജെപിക്ക് കരുത്താർജിക്കാൻ കഴിയാത്തത് എൽഡിഎഫിന്റെ കരുത്തുകൊണ്ടാണ്. ഇവിടെ എൽഡിഎഫിനെ ദുർബലപ്പെടുത്തണം, അതാണ് ബിജെപിയുടെ മനസിലുള്ളത്. അതിന് കോൺഗ്രസിനൊപ്പം നിന്ന് അവരെ സഹായിക്കുകയാണ് ചെയ്യുന്നത്. തനിക്ക് തോന്നിയാൽ ഈ പറയുന്ന വിഭാഗത്തിലേക്ക് പോകും എന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവിനെ മുന്നിൽ നിർത്തിയാണ് ഇവർ മുന്നോട്ട് പോകുന്നത്', മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു.

അതേസമയം ആർഎസ്എസ് പിന്തുണയോടുകൂടി ജയിച്ച് 1977ൽ നിയമസഭയിൽ വന്നയാളാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഏത് ചെകുത്താനുമായും കൂട്ടുകൂടി കോൺഗ്രസിനെ തോൽപിക്കണം എന്നു പറഞ്ഞ് ആർഎസ്എസ് നേതാക്കളുമായി കൂട്ടുകൂടി എംഎൽഎയായ ആളാണ് പിണറായി. ഒരു കോൺഗ്രസുകാരനും ആർഎസ്എസ് വോട്ടു കിട്ടി ജയിച്ച് നിയമസഭയിലെത്തിയിട്ടില്ലെന്നും അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചശേഷം നടത്തിയ പ്രസംഗത്തിൽ വി.ഡി.സതീശൻ പറഞ്ഞു.

മട്ടന്നൂർ ചാവശേരി കാശിമുക്കിനു സമീപം പാഴ്‌വസ്തുക്കൾ ശേഖരിക്കുന്നതിനിടെ ലഭിച്ച സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് അസം സ്വദേശികൾ സ്‌ഫോടനത്തിൽ മരിച്ച വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സണ്ണി ജോസഫാണ് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകിയത്. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.

സംസ്ഥാനത്തെ 80% സ്‌ഫോടനക്കേസും ഒരു തുമ്പുമില്ലാതെ അവസാനിക്കുകയാണെന്നു വി.ഡി.സതീശൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസംഗിച്ചതിനടുത്ത് ബോംബ് പൊട്ടിയ സംഭവത്തിൽ ആരെയും അറസ്റ്റു ചെയ്തിട്ടില്ല. ആർഎസ്എസുകാർ ഭീഷണിപ്പെടുത്തിയതിനാലാണ് അറസ്റ്റുണ്ടാകാത്തത്. മഹാരാജാസ് കോളജിലെ വിദ്യാർത്ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിലെ പ്രതി കോവിഡ് വന്നപ്പോൾ പുറത്തിറങ്ങിയപ്പോഴാണ് പൊലീസ് അറസ്റ്റു ചെയ്തത്.