തിരുവനന്തപുരം: കേരളത്തിലെ സഹകരണ മേഖലമുഴുവൻ കള്ളപ്പണം നിക്ഷേപിക്കുന്ന കേന്ദ്രങ്ങളാണെന്നും ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകളിൽ നടക്കുന്ന നിക്ഷേപങ്ങൾക്കെല്ലാം വ്യക്തമായ വിവരമുണ്ടെന്നും ഉള്ള പ്രചരണമാണ് കുറച്ചുദിവസങ്ങളാണ് നടക്കുന്നത്.

സഹകരണ ബാങ്കുകൾ റിസർവ് ബാങ്കിന്റെ നിയമങ്ങൾ പാലിക്കാതിരുന്നതു കൊണ്ടുള്ള തിരിച്ചടിയാണ് ഇപ്പോൾ നേരിടുന്നതെന്നാണ് മറ്റൊരു പ്രചരണം. ഇത്തരത്തിൽ ചൂണ്ടിക്കാണിക്കുന്നത് ഇടപാടുകാരുടെ വിവരങ്ങൾ സഹകരണ ബാങ്കുകൾ ലഭ്യമാക്കാത്തതാണ് പ്രധാന പ്രശ്‌നമെന്നുമാണ്.

പക്ഷേ, ഈയൊരു വിഷയം ചൂണ്ടിക്കാട്ടിയാണ് കേരളത്തിലെ സഹകരണ ബാങ്കുകളെ പഴയ കറൻസിയുടെ വിനിമയത്തിൽ നിന്ന് വിലക്കിയതെന്ന വാദം വെറും ഇരട്ടത്താപ്പാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് വിഡി സതീശൻ ചാനൽ ചർച്ചയിൽ രംഗത്തെത്തിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.

കെ വൈ സി അഥവാ ഇടപാടുകാരുടെ തിരിച്ചറിയൽ വിവരങ്ങൾ (Know Your Customer: ഇടപാടുകളെ തിരിച്ചറിയുന്നതിന് വ്യക്തമായ വിലാസവും തിരിച്ചറിയൽ രേഖയും ഫോട്ടോയും പ്രത്യേക ഫോമിൽ ബാങ്കുകൾ ശേഖരിക്കണം) നൽകിയല്ലെന്ന വാദമുയർത്തി സഹകരണ ബാങ്കിന് പഴയ കറൻസി സ്വീകരിക്കുന്നതിന് വിലക്കേർപ്പെടുത്തിയപ്പോൾ ദേശസാൽകൃത, ഷെഡ്യൂൾഡ് ബാങ്കുകൾക്ക് അതിന് അനുമതി നൽകിയത് എങ്ങനെയെന്നാണ് സതീശൻ ചോദിക്കുന്നത്.

ഇടപാടുകാരെ തിരിച്ചറിയുന്ന, ഐഡന്റിറ്റിയുള്ള അക്കൗണ്ടിൽ കൂടി മാത്രമേ ദേശസാൽകൃത ബാങ്കും ഷെഡ്യൂൾഡ് ബാങ്കുമെല്ലാം പണമിടപാട് നടത്താവൂ എന്നാണ് റിസർവ് ബാങ്ക് നിബന്ധന. ഇങ്ങനെ പറഞ്ഞതിൽ നിന്നുതന്നെ ഈ ബാങ്കുകളിലും ഇത്തരത്തിൽ ഇടപാടുകാരുടെ വിവരങ്ങൾ വ്യക്തമായി ഇല്ലാത്ത അക്കൗണ്ടുകൾ ഉണ്ട് എന്ന് വ്യക്തമാണെന്ന് റിസർവ് ബാങ്ക് പറയുന്നു.

ഫലത്തിൽ ഈ ബാങ്കുകളിലും കള്ളപ്പണ നിക്ഷേപം ഉണ്ടെന്നാണ് വ്യക്തമാകുന്നതെന്ന് സതീശൻ ചാനൽ ചർച്ചയിൽ കഴിഞ്ഞദിവസം സൂചിപ്പിച്ചിരുന്നു. അതിനാലാണ് കെവൈസി ഉള്ള അക്കൗണ്ടുകളിൽ കൂടി മാത്രം നിരോധിച്ച കറൻസിയുടെ വിനിമയം നടത്തിയാൽ മതിയെന്ന് വ്യക്തമാക്കിയതെന്ന് സതീശൻ പറയുന്നു.

അപ്പോൾ ന്യൂജനറേഷൻ ബാങ്കിലും വിദേശബാങ്കിലുമെല്ലാം കള്ളപ്പണം ഉണ്ടെന്നുള്ള കാര്യത്തിൽ ആർക്കും തർക്കമുണ്ടാവില്ല. അപ്പോൾ പിന്നെ സഹകരണ ബാങ്കിന്റെ കാര്യത്തിൽ മാത്രം ഇത്തരത്തിലൊരു നിലപാട് റിസർവ് ബാങ്ക് സ്വീകരിച്ചത് എന്തിനെന്ന ചോദ്യമാണ് സതീശൻ ഉയർത്തുന്നത്.

ഇനി സഹകരണ ബാങ്കുകൾ പഴയ നോട്ടുകൾ റിസർവ് ബാങ്കിന് നൽകി മാറിയെടുക്കുമ്പോൾ ആ പണം എവിടെനിന്നു കിട്ടി എങ്ങനെ കിട്ടിയെന്നെല്ലാം വ്യക്തമാക്കിയാൽ പോരേയെന്നാണ് സതീശൻ ഉയർത്തുന്ന മറ്റൊരു ചോദ്യം. അതുകൊണ്ടുതന്നെ മനപ്പൂർവമായ ഒരു രാഷ്ട്രീയ ഗൂഢോദ്ദേശ്യം ഇപ്പോഴത്തെ നീക്കത്തിനു പിന്നിലുണ്ടെന്നാണ് അദ്ദേഹം സമർത്ഥിക്കുന്നത്.

സമാനമായ രീതിയിൽ നിരവധി വാദങ്ങൾ സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചകളിലും പലരും ഉന്നയിക്കുന്നുണ്ട്. ചട്ടങ്ങൾ പാലിച്ചില്ലെന്നു പറഞ്ഞാണ് സഹകരണ ബാങ്കുകളെ ഇപ്പോൾ ഇടപാടുകളിൽ നിന്ന് വിലക്കിനിർത്തിയിട്ടുള്ളത്. ഇതിലും ഗുരുതരമായ ചട്ടലംഘനം കുറേ വർഷങ്ങളായി തന്നെ പൊതുമേഖലാ ബാങ്കുകൾ നടത്തുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത. റിസർവ് ബാങ്ക് നിബന്ധന പ്രകാരം 40 ശതമാനം ഇടപാടുകൾ പ്രാഥമിക മേഖലയിൽ നിന്നായിരിക്കണം.

വർഷങ്ങളായി ഈ ആവശ്യമുണ്ടെങ്കിലും പക്ഷേ, രാജ്യത്ത് ഒറ്റ ദേശസാൽകൃത വാണിജ്യ ബാങ്കും ഇതുവരെ ഈ നിബന്ധന പാലിച്ചിട്ടില്ല. ഇത്തരത്തിൽ നിരവധി ചട്ടലംഘടനങ്ങൾ വാണിജ്യ ബാങ്കുകളിൽ നിന്നും ഉണ്ടാകുന്നുണ്ട്. അതിനെതിരെ നടപടിയെടുക്കാത്ത റിസർവ് ബാങ്ക് ഇപ്പോൾ കടുകട്ടിയായി ചട്ടങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് കറൻസി നിരോധനം മറയാക്കി സഹകരണ മേഖലയെ തകർക്കാനും നീക്കം നടത്തുകയാണ്. കേരളത്തിലെ ഗ്രാമങ്ങളിൽ സഹകരണ ബാങ്കുകൾ നടത്തുന്ന സാമ്പത്തിക ഇടപാടുകൾ പതിയെ ദേശസാൽകൃത, ന്യൂജൻ ബാങ്കുകളിലേക്ക് ആകർഷിച്ചുകൊടുക്കാനുമുള്ള ഒത്താശ ചെയ്യുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.