- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബിരിയാണിച്ചെമ്പിനേയും വയനാട്ടിലെ ഗാന്ധി ഫോട്ടോ തകർക്കലിലും തീർത്തത് ശക്തമായ പ്രതിരോധം; നിയമസഭയിൽ സതീശനേയും ചെന്നിത്തലയേയും തകർത്ത ഭരണപക്ഷ ശബ്ദം മന്ത്രിയാകുമോ? സജി ചെറിയാന്റെ രാജിയിൽ നേട്ടമുണ്ടാക്കാൻ തിരുവനന്തപുരത്തെ സഖാവ്; പിണറായിയുടെ സ്നേഹം വർക്കലക്കാരന് തുണയാകുമോ? മന്ത്രി പ്രതീക്ഷയിൽ വി ജോയ്
തിരുവനന്തപുരം: തത്കാലം രാജി വേണ്ടെന്ന് സിപിഎം തീരുമാനമെടുത്തെങ്കിലും, കോടതിയുടെ പ്രതികൂല പരാമർശത്തെതുടർന്ന് രാജി വച്ച സാഹചര്യത്തിൽ പകരം മന്ത്രിയെ നിയമിക്കുന്നതിൽ പിണറായി ഒരു സസ്‌പെൻസ് ത്രില്ലർ സൃഷ്ടിച്ചേക്കും. ആലപ്പുഴ ജില്ലയിലെ എംഎൽഎമാരായ പി.പി ചിത്തരഞ്ജൻ, എച്ച്.സലാം എന്നിവർ മന്ത്രിക്കുപ്പായം പ്രതീക്ഷിച്ചിരിക്കുയാണെങ്കിലും ഇവരെയൊന്നും പിണറായി തിരഞ്ഞെടുത്തേക്കില്ല. ഇതിനിടെ മന്ത്രിസ്ഥാനം തിരുവനന്തപുരത്തേക്ക് എത്തിക്കാനും നീക്കമുണ്ട്.
വർക്കല എംഎൽഎ വി ജോയിയെ പ്രതീക്ഷയിലാണ്. അടുത്തിടെയായി പിണറായിയുടെ ഏറ്റവും വിശ്വസ്തനായി ജോയി മാറിയിട്ടുണ്ട്. നിയമസഭയിൽ പിണറായിക്കായി പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നതും പിണറായിക്ക് പ്രതിരോധമുയർത്തുന്നതും ജോയിയാണ്. വയനാട്ടിലെ രാഹുൽഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ചപ്പോൾ എസ്.എഫ്.ഐക്കാർ ഗാന്ധിജിയുടെ ചിത്രം നിലത്ത് എറിഞ്ഞുടച്ച് തകർത്തെന്നത് രാജ്യമാകെ ചർച്ചയായ ആരോപണമായിരുന്നു. എന്നാൽ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാരല്ലെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എ്ന്നാൽ ഇത് കോൺഗ്രസ് അംഗീകരിക്കുന്നില്ലെന്നതാണ് വസ്തുത.
ഏതായാലും ഇതുസംബന്ധിച്ച സബ്മിഷൻ മുഖ്യമന്ത്രിക്കു നേരേ ഉന്നയിക്കാൻ പിണറായി ചുമതലപ്പെടുത്തിയത് ജോയിയെയായിരുന്നു. സബ്മിഷൻ സഭയിലെത്തിയ തിങ്കളാഴ്ച രാവിലത്തെ മലയാള മനോരമ പത്രത്തിൽ, ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐ അല്ലെന്ന് പൊലീസ് കണ്ടെത്തിയത് ഒന്നാം പേജ് വാർത്തയാക്കി ചർച്ചാവിഷയമാക്കാനും ജോയിക്ക് കഴിഞ്ഞു. സർക്കാരിന്റേയും പാർട്ടിയുടേയും മുഖം രക്ഷിക്കാനുള്ള സുപ്രധാന ദൗത്യത്തിനായി പിണറായി തിരഞ്ഞെടുത്തത് ജോയിയെയായിരുന്നു.
മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനത്തിനിടെ, യു.എ.ഇ കോൺസുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്ക് ഒരു ബാഗ് നിറയെ ഡോളർ കടത്തിയെന്ന സ്വപ്നാ സുരേഷിന്റെ ആരോപണത്തെക്കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചയിലും സർക്കാരിനും പിണറായിക്കും പ്രതിരോധ കവചമൊരുക്കിയത് ജോയിയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കടന്നാക്രമിച്ചായിരുന്നു സഭയിൽ ജോയിയുടെ പ്രസംഗം. സർക്കാരിന്റെ ദല്ലാളെന്ന് പ്രതിപക്ഷം ആരോപിച്ച ഷാജ് കിരൺ, രമേശ് ചെന്നിത്തലയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഉയർത്തിക്കാട്ടി സഭയിൽ ജോയി പ്രതിപക്ഷത്തെ വെല്ലുവിളിച്ചു.
പ്രതിപക്ഷ നേതാവിന്റെ കളരിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയുടെ കളരിയെന്ന് വി. ജോയ് ആഞ്ഞടിച്ചു. സ്വർണക്കടത്ത് വിഷയം പ്രതിപക്ഷം സഭയിൽ ഉന്നയിക്കാൻ കാരണം അസഹിഷ്ണുതയാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരിക്കൽക്കൂടി അധികാരത്തിൽ വരില്ലെന്നാണ് പ്രതിപക്ഷം പ്രതീക്ഷിച്ചത്. വീണ്ടും വന്നതിലുള്ള അസഹിഷ്ണുതയാണ് പ്രതിപക്ഷത്തിന്. സ്വപ്ന, ഷാജ് കിരൺ, എച്ച്.ആർ.ഡി.എസ്, അതിന്റെ ഡയറക്ടർ ബിജു കൃഷ്ണൻ, അഡ്വ. കൃഷ്ണരാജ്, പി.സി. ജോർജ് ഇതിനെല്ലാം ഇടയിൽ പ്രവർത്തിക്കുന്ന ക്രൈം നന്ദകുമാർ എന്നവരാണ് സർണക്കടത്ത് കേസിന്റെ രണ്ടാം എപ്പിസോഡിലെ അഭിനേതാക്കൾ. ഇതിനെ ആകെ കൂട്ടിമുട്ടിക്കുന്ന ബിജെപി, കോൺഗ്രസ് നേതാക്കളും സരിതയുമാണ് ഈ കൂട്ടുകെട്ടിനെല്ലാം പിന്നിൽ. ഷാജ് കിരൺ ഞങ്ങളുടെ ആരുടേയും സുഹൃത്തുമല്ല ദല്ലാളുമല്ല. ഷാജ് കിരണിന് പ്രതിപക്ഷ നേതാക്കളുമായും ബിജെപി നേതാക്കളുമായുമാണ് ബന്ധമെന്നും ജോയ് പറഞ്ഞു.
അഡ്വ. കൃഷ്ണരാജിന്റെ ഏറ്റവും വലിയ അടുപ്പക്കാരൻ പ്രതിപക്ഷ നേതാവാണ്. 29 വർഷക്കാലത്തെ ആത്മമിത്രം എന്നാണ് കൃഷ്ണരാജ് ഫേസ്‌ബുക്കിൽ കുറിച്ചത്. ബിജു കൃഷ്ണൻ, അഡ്വ. കൃഷ്ണരാജ്, പി.സി. ജോർജ് ഈ കൂട്ടുകെട്ടാണ് രണ്ടാം എപ്പിസോഡിന്റെ സൂത്രധാരകർ. രണ്ടാം എപ്പിസോഡ് പൊട്ടിക്കാനിരുന്നത് തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ സമയത്താണ്. രാഹുൽ ഗാന്ധിയുടെ ഓഫീസിലുണ്ടായിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം പൊട്ടിച്ചത് എസ്എഫ്ഐക്കാരാണെന്ന് എം.വിൻസെന്റ് എംഎൽഎയെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷ നേതാവിന് സാധിക്കുമോയെന്നും വി. ജോയ് ചോദിച്ചു. അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച ചിത്രത്തിൽ ചുവരിൽ ഗാന്ധിയുടെ ചിത്രം കാണാമെന്ന് ചൂണ്ടിക്കാട്ടി വി. ജോയ് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കിയിരുന്നു.
വർക്കലയിൽ വി. ജോയിക്ക് രണ്ടാമൂഴമാണ്. 17,821 വോട്ടിനാണ് ജോയി കോൺഗ്രസിന്റെ യുവ നേതാവ് ബി.ആർ.എം. ഷഫീറിനെ പരാജയപ്പെടുത്തിയത്. 2001 മുതൽ തുടർച്ചയായി മൂന്നു തവണ എംഎൽഎയായിരുന്ന കോൺഗ്രസിന്റെ വർക്കല കഹാറിനെ തോൽപ്പിച്ചായിരുന്നു 2016 ൽ ജോയിയുടെ വിജയം. സർക്കാരിന്റെ വികസനവും തീരമേഖലയ്ക്കായുള്ള വികസന നേട്ടങ്ങളും പറഞ്ഞായിരുന്നു ഇത്തവണ ജോയിയുടെ പ്രചാരണം. തീരമേഖലയുള്ള മണ്ഡലത്തിൽ ആഴക്കടൽ മൽസ്യബന്ധന വിവാദം മുതൽ ലൈഫ് മിഷൻ പദ്ധതി വരെ ഇത്തവണ സജീവ ചർച്ചയായിരുന്നു. അത് സർക്കാരിനെതിരെയുള്ള വികാരമാകുമെന്നു യുഡിഎഫ് കണക്കു കൂട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അടൂർ പ്രകാശ് നേടിയ 5684 വോട്ടിന്റെ ലീഡും പ്രതീക്ഷയായിരുന്നു.
അതേസമയം, തദ്ദേശതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുണ്ടായ വോട്ടുവർധന ഇത്തവണ നില മെച്ചപ്പെടുത്താൻ സഹായിക്കുമെന്നായിരുന്നു ബിജെപിയുടെ കണക്കു കൂട്ടൽ. എല്ലാം തകർത്തെറിഞ്ഞാണ് ജോയി രണ്ടാംവട്ടവും വർക്കല പിടിച്ചത്. സിപിഐ.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്. ആനാവൂർ നാഗപ്പന് പകരം ജില്ലാ സെക്രട്ടറിയാക്കാൻ സിപിഎം പരിഗണിക്കുന്ന പേരുകളിൽ ഒന്നും ജോയിയാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം, അഴൂർ പഞ്ചായത്ത് അംഗം, ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, കേരള സർവകലാശാല സെനറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്