ചില 100 കോടി പുലിമുരുഗ സംശയങ്ങൾ..

100 കോടി യുടെ വരുമാനം ഇക്കഴിഞ്ഞ ഒരു മാസം കൊണ്ട് പുലിമുരുഗൻ എന്ന സിനിമ നേടിയത് പത്രങ്ങളിൽ മാത്രമല്ല ടിവി രാചർച്ചയിൽ വരെ ഇടം പിടിച്ചു.

ആകെ 25 കോടി സിനിമ പിടിക്കായി നിർമ്മാതാവ് ടോമിച്ചൻ മുളക്പാടത്തിന് മുതൽ മുടക്കേണ്ടി വന്നു. അതായത് സിനിമ ബോക്‌സ് ഓഫീസ് ഹിറ്റ്, അതിൽ തർക്കമൊന്നുമില്ല.

ഈ 100.00 കോടി ടിക്കറ്റ് വരുമാനത്തിൽ 65 കോടി കേരളത്തിൽ നിന്നെന്ന് വിപണിവൃത്തങ്ങൾ അനുമാനിക്കുന്നു. വിനോദ നികുതിയിനത്തിൽ മൂന്നിലൊന്നെങ്കിലും പിരിഞ്ഞ് കിട്ടേണ്ടേ. അതെത്ര തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അല്ലെങ്കിൽ സർക്കാർ ഖജനാവിൽ എത്തി?

ഇനി ഈ നൂറുകോടി ആളുകയറാനുള്ള ഗുണ്ട് തുകപ്പെരുപ്പം ആണെങ്കിൽ തന്നെ സിനിമ നിർമ്മിക്കാൻ ആയ 25 കോടിയിൽ ഒരു 3.00 കോടി എങ്കിലും വാറ്റ്/സേവന നികുതി ആയി സർക്കാരിൽ ഇതിനോടകം എത്തിക്കാണും, കാണണം.

സ്വാഭാവികമായും ഇതൊക്കെ സെക്കന്റ്‌സ് കളി അല്ലെ കള്ളപ്പണം അല്ലേ ഇതൊക്കെ എങ്ങനെ വരും എന്ന് നമുക്ക് സ്വാഭാവികമായി ആശങ്കപ്പെടാം. എന്നാൽ ആദായനികുതി, സേവന നികുതി വകുപ്പ് മുതൽ സിനിമാ തീയേറ്ററുകളുടെ വിനോദ നികുതി പിരിച്ചെടുക്കേണ്ട സാധാ പഞ്ചായത്ത്കൾ വരെ ഈ കണക്ക് പെരുക്കം കണ്ടിട്ട് വെറുതെ ഇരിക്കേണ്ടവരല്ല, കുറഞ്ഞ പക്ഷം ഈ കോടികൾക്ക് ആനുപാതികമായ നികുതി ഖജനാവിലേക്ക് ഒഴുകിയെത്തിയില്ലങ്കിൽ ഒരു A4 കടലാസിൽ നോട്ടീസെങ്കിലും അയക്കണ്ടേ?

ഈ 25 കോടി നിർമ്മാണച്ചെലവിൽ ഏറിയകൂറും തുക കൈക്കൊണ്ട് നൽകാൻ നിയമം അനുവദിക്കുന്നില്ല. മോഹൻ ലാലിനു മുതൽ ലൈറ്റ് ബോയിക്ക് വരെ അക്കൗണ്ട് ട്രാൻസ്ഫർ അതുമല്ലെങ്കിൽ ചെക്ക് വഴിയേ പ്രതിഫലം കൊടുക്കാവൂ. അങ്ങനെയണ് നിയമം അനുശാസിക്കുന്നത്.

ഇങ്ങനെയൊക്കെ പിരിച്ച് കിട്ടുന്ന തുകയിൽ നിന്നാണ് പത്മ അവാർഡ് മുതൽ സംസ്ഥാന സിനിമാ അവാർഡ് പണക്കിഴി വരെ നൽക്കുന്നത്. അല്ലാതെ ജീവിതത്തിൽ ഇന്നേ വരെ സിനിമാ കാണാത്ത കോരന്റേയും ചിരുതയുടേയും ജബ്ബാറിന്റെയും ഔസേപ്പിന്റെയും ഒക്കെ ചില്ലറ നികുതിക്കാശ് എടുത്താകരുത്.

അതായത് ഈ പുലിമുരുക ബ്ലോക്ക് ബ്ലസ്റ്റർ ബഹള കോലാഹലങ്ങൾക്കിടയിലും ഏതെങ്കിലും ഒരു പത്രം അല്ലെങ്കിൽ ടിവി ചാനൽ ഈ ?100 കോടി കണക്കിലെത്ര ചില്വാനം ഖജനാവിലെത്തി എന്ന് അന്വേഷിക്കുമെങ്കിൽ അതും ജേണലിസമാണ്, ജനപക്ഷ വികസനോന്മുഖ ഇടപെടലാണ്.

വിധിനിർണായകമായ തിരഞ്ഞെടുപ്പിനെ അധീകരിച്ച് വിഖ്യാത ജേണലിസ്റ്റ് രാജ് ദീപ് സർദേശായ് എഴുതിയ 2014 The Election that changed India എന്ന പുസ്തകത്തിൽ ഇന്ത്യൻ മാദ്ധ്യമങ്ങളെ ഗ്രസിച്ചിരിക്കുന്ന മൂന്ന് C കളെ പറ്റി പറയുന്നുണ്ട്. അതായത് Cricket, Crime and Cinema. ഇത് മൂന്നും വൻ അനധികൃത പണമൊഴുക്കിന്റെ കേളീ വിഹാരങ്ങൾ.

ഈ മൂന്ന് c  യിലേക്കും അതിലെ താരരാജാക്കന്മാരിലേക്കും ചെറുവിരൽ അനങ്ങുന്നത് വിരളം.എല്ലാം ഈ കോടിക്കണക്കിന്റെ വെറും കേട്ടെഴുത്ത് മാത്രമായി ഒടുങ്ങുമെങ്കിൽ ആ നാട്ടിലെ ജേണലിസത്തിനെന്തോ സാരമായ തകരാറ് ബാധിച്ചെന്ന് സംശയിക്കാം.