പത്തനംതിട്ട: അരനൂറ്റാണ്ടുകാലം സിപിഎമ്മിന്റെ സന്തതസഹചാരിയും മുൻ ജില്ലാ കമ്മറ്റിയംഗവും കർഷകസംഘം സംസ്ഥാന സമിതിയംഗവുമായിരുന്ന വികെ പുരുഷോത്തമൻ പിള്ള രാജിവച്ച് സിപിഐയിൽ ചേർന്നു. പത്രസമ്മേളനത്തിൽ സിപിഎം ജില്ലാ നേതൃത്വത്തിനെതിരേ പണാപഹരണം അടക്കമുള്ള രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചാണ് സഖാക്കളുടെ സ്വന്തം വികെപി സിപിഐ കൊടിക്കീഴിലേക്ക് ചേക്കേറുന്നത്. ജില്ലാ സെക്രട്ടറി കെപി ഉദയഭാനു വ്യക്തിപൂജയിൽ സന്തോഷിക്കുന്നയാളാണെന്നും പണപ്പിരിവുകാർക്കും പാർശ്വവർത്തികൾക്കും മാത്രമാണ് ഈ പാർട്ടിയിൽ സ്ഥാനമെന്നും വികെപി തുറന്നടിച്ചു: പത്രസമ്മേളനത്തിൽ ഉന്നയിച്ച പ്രധാന ആരോപണങ്ങൾ ചുവടെ:

സിപിഎം ജില്ലാ നേതൃത്വത്തിന്റെ വഴിപിഴച്ച പോക്കിൽ പ്രതിഷേധിച്ചാണ് രാജി. അഴിമതിയും പണപ്പിരിവും തൻപ്രമാണിത്വവും ഏകാധിപത്യ രീതിയും കൊണ്ട് ജീർണിച്ച നേതൃത്വമാണ് ഇവിടെ സിപിഎമ്മിനുള്ളത്. എക്കാലത്തും പാർട്ടി ലൈനിൽ നില കൊണ്ട നേതാക്കളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ നടന്നത്. ജില്ലാ സെക്രട്ടറിയെ അമാനുഷികനായി ചിത്രീകരിച്ച് വ്യക്തി പൂജ നടത്തുന്നതിനെ എതിർത്തതു കൊണ്ടാണ് തനിക്ക് ജില്ലാകമ്മറ്റിയംഗത്വം നഷ്ടമായത്. ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും സഹിക്കാൻ കഴിയാത്ത പണപ്പിരിവാണ് ഇവർ നടത്തി കൊണ്ടിരിക്കുന്നത്.

സമവായ സെക്രട്ടറി സ്ഥാനമേറ്റിട്ട് മൂന്നുവർഷത്തിനുള്ളിൽ മൂന്നാമത്തെ കാറിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. പാവപ്പെട്ട പാർട്ടി സഖാക്കൾ പിരിച്ചു കൊടുക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് ഈ ധൂർത്ത്. സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാൻ 10 കോടി പിരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ആദ്യപടിയെന്ന നിലയിൽ സഹകരണ സംഘങ്ങൾ കേന്ദ്രീകരിച്ച് ലക്ഷങ്ങൾ പിരിച്ചെടുത്തു. ഇപ്പോൾ ആശുപത്രിയുമില്ല, പിരിച്ചെടുത്ത ലക്ഷങ്ങളുമില്ല. തിരുവല്ലയിൽ നടന്ന ജില്ലാ സമ്മേളനത്തിന് പാർട്ടി മെമ്പർമാരിൽ നിന്ന് 200 രൂപ വീതമാണ് പിരിച്ചത്. ഈയിനത്തിൽ 36 ലക്ഷം രൂപ കിട്ടിയിരിക്കണം.

ഇതിന് പുറമേ പൊതുജനം, ക്വാറി ഉടമകൾ, സ്വർണ കടക്കാർ, ബിസിനസുകാർ എന്നിവരിൽ നിന്ന് ലക്ഷങ്ങൾ പിരിച്ചു. വരവെത്ര, ചെലവെത്ര എന്ന് ആരോടും പറഞ്ഞിട്ടില്ല. വർഗബഹുജന സംഘടനകളുടെ പ്രധാന ഭാരവാഹികളെ ജില്ലാ കമ്മറ്റിയാണ് നിശ്ചയിക്കുന്നത്. എന്നാൽ ഇവിടെ മാത്രം ജില്ലാ സെക്രട്ടറിയേറ്റിൽ പിടിമുറുക്കിയിരിക്കുന്ന ഒരു കോക്കസാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. സംഘടന കെട്ടിപ്പടുക്കുന്നതിന് കഠിനാധ്വാനം ചെയ്യുന്നവരെ എടുത്തു കളഞ്ഞ് പാർശ്വവർത്തികളെയും സ്തുതി പാഠകരെയും പ്രതിഷ്ഠിക്കുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയെപ്പോലെ കേമനാണ് താനെന്ന് വരുത്താൻ വ്യക്തിപൂജയിൽ ആറാടി രസിക്കുകയാണ് ഇവിടുത്തെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കുന്നതിന് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേരിനൊപ്പം സ്വന്തം തലപ്പടം അടിച്ച് ബോർഡ് സ്ഥാപിക്കുകയാണ് സെക്രട്ടറി. അത് ജില്ലാ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയ തന്നെ അന്നു തന്നെ വെട്ടിനിരത്തി.

വേദിയിലുണ്ടായിരുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പോലും ഈ പോക്ക് ശരിയല്ലെന്ന് പറയേണ്ടി വന്നു. 2006 ൽ പത്തനംതിട്ടയിൽ നിന്നും വിജയത്തിന്റെ വക്കോളമെത്തിയ തന്നെ ആരാണ് തോൽപിക്കാൻ നേതൃത്വം നൽകിയത്, ജില്ലാ കമ്മറ്റി എന്തു നടപടി എടുത്തു? പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി ജില്ലാ സെക്രട്ടറിയേറ്റിലെ കോക്കസ് നടത്തുന്ന ഏകാധിപത്യ തീരുമാനങ്ങൾക്കെതിരേ 2016 ൽ താൻ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ഉയർത്തിക്കൊണ്ടു വന്ന് താൻ രാജിവച്ചുവെന്നാണ് പ്രചരിപ്പിച്ചത്. മറ്റു മാർഗമില്ലാത്തതു കൊണ്ടാണ് പാർട്ടി വിടുന്നത്. സിപിഐയിലേക്കാണ് പോകുന്നത്: കൂര ചെറുതുമതി, പക്ഷേ ചോരരുത്.

1968 ലാണ് വികെപി സിപിഐഎം അംഗമാകുന്നത്. 1970 ൽ നാരങ്ങാനം ലോക്കൽ സെക്രട്ടറിയായി മത്സരിച്ചു. കെ കെ നായർ പാർട്ടി വിട്ടപ്പോൾ പത്തനംതിട്ടയിൽ സിപിഎമ്മിന്റെ നെടുന്തുണായി. 19 വർഷം പത്തനംതിട്ട ഏരിയാ സെക്രട്ടറിയായിരുന്നു. കർഷകസംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം, പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇക്കുറി ജില്ലാ സെക്രട്ടറിയേറ്റിൽ എത്തുമെന്ന് കരുതിയിരുന്നപ്പോഴാണ് ജില്ലാ കമ്മറ്റിയിൽ നിന്നും എടുത്തു കളഞ്ഞത്. നാൽവർ സംഘമാണ് ജില്ലയിൽ പാർട്ടിയെ നശിപ്പിക്കുന്നതെന്നും വികെപി പറയുന്നു.