മനാമ : പ്രവാസി ഭാരതീയ സമ്മാൻ ലഭിച്ചവരിൽ ബ്ഹറിനിൽ നിന്നുള്ള പ്രവാസി മലയാളിയും. നാഷണൽ ഗ്രൂപ്പ് കന്പനി ചെയർമാനും ബഹ്‌റിനിലും ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലും നിരവധി സ്ഥാപനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന, വി.കെ രാജശേഖരൻ പിള്ളയാണ് പ്രവാസി ഭാരതീയ പുരസ്‌കാരം ലഭിച്ചവരിൽ ഒരാൾ. ഇത്തവണത്തെ പുരസ്‌കാര പട്ടികയിലെ ഏക മലയാളിയാണദ്ദേഹം. ഇതിന് മുന്പ് ബഹ്‌റിൻ വ്യവസായി രവി പിള്ള, സോമൻ ബേബി, പി.വി രാധാകൃഷ്ണപിള്ള, ഡോ. വർഗീസ് കുര്യൻ എന്നിവർക്കാണ് ബഹ്‌റിനിൽ നിന്നും ഈ പുരസ്‌കാരം ലഭിച്ചത്.

30 വർഷമായി പ്രവാസ ലോകത്തുള്ള ഇദ്ദേഹം 15 വർഷം സൗദിയിലായിരുന്നു. തുടർന്ന് ബഹ്‌റിനിലും വ്യവാസായ രംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന് ഫയർ സേഫ്റ്റി രംഗത്ത് നിരവധി സ്ഥാനപങ്ങളുണ്ട്്. സംഘടനാ പക്ഷപാതിത്വമില്ലാതെ പ്രവാസി മലയാളികൾക്കായി നല്കിയ സേവനങ്ങളാണ് ഇദ്ദേഹത്തെ പ്രവാസ ഭാരതീയ സമ്മാൻ പുരസ്‌കാരത്തി നർഹനാക്കിയത്.ബഹ്‌റിൻ ഗവൺമെന്റ് പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോൾ ജയിലിൽ കഴിഞ്ഞിരുന്ന പ്രവാസികൾക്ക് സൗജന്യമായി വിമാന ടിക്കറ്റ് അനുവദിക്കുകയും വിവിധ സംഘടനകൾ നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ പങ്കാളിയാവുക, നിർധന വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം, എന്നിവയെല്ലാം ഇദ്ദേഹത്തിനെ പുരസ്‌കാരത്തിനർഹരാക്കിയത്.

തന്റെ സേവനപ്രവർത്തനങ്ങൾ അർഹരായവരിലേയ്ക്ക് കൃത്യമായി എത്തിക്കുവാനായി അദ്ദേഹം സ്ഥാപിച്ചതാണ് രാജശ്രീ ചാരിറ്റബിൾ ട്രസ്റ്റ്. അശരണരുടെ ക്ഷേമത്തിലും പാവപ്പെട്ട വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ മെച്ചുപ്പെടുത്തുന്നതിലുമൊക്കെയായി, മാതൃകാപരമായ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി വരുന്നു.

ആലപ്പുഴ ജില്ലയിലെ മാന്നാർ കുട്ടന്‌പേരൂർ സ്വദേശിയായ രാജശേഖരൻപിള്ള തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത് 1979ൽ മുംബൈയിലെ ഒരു പരസ്യ കന്പനിയിൽ നിന്നുമാണ്. പിന്നീട് സൗദിയിലേയ്ക്ക് ചേക്കേറിയ അദ്ദേഹം, 'നജിഡ്‌സ് സെന്റർ ഫോർ സെഫ്റ്റി സപ്ലൈസ്' എന്ന സ്ഥാപനത്തിലൂടെ തന്റെ ബിസിനസ് ജീവിതത്തിന് തുടക്കം കുറിച്ചു. 1990ൽ ഇന്റർനാഷണൽ ഫയർ പ്രൊട്ടക്ഷൻ സ്റ്റാൻഡേഡുകൾ നൽകുന്ന അമേരിക്കയിലെ എൻ.എഫ്.പി.എയുടെ അംഗീകാരം നേടിയെടുത്തതോടെ അദ്ദേഹത്തിന്റെ വളർച്ച ദ്രുതഗതിയിലായി. 2002ൽ ബഹ്‌റിനിലേയ്ക്ക് താമസം മാറിയ അദ്ദേഹം 'നാഷണൽ ഫയർ ആൻഡ് സേഫ്റ്റി' എന്ന സ്ഥാപനം ആരംഭിച്ചു. പിന്നീട് 'നാഷണൽ ഫയർ ഫൈറ്റിങ് കന്പനി' എന്ന മറ്റൊരു സ്ഥാപനവും തുടങ്ങി. ഇന്ന് ബഹ്‌റിനിലെ ഫയർ ഫൈറ്റിങ് രംഗത്തെ പകരക്കാരില്ലാത്ത സ്ഥാപനമാണ് നാഷണൽ. ബഹ്‌റിനിലെ എല്ലാ പ്രമുഖ വ്യാവസായിക മേഖലകളിലും നാഷണൽ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിച്ചു കഴിഞ്ഞു. മിഡിൽ ഈസ്റ്റിൽ നിന്ന് ഇന്ത്യയിലേയ്ക്കും പിന്നീട് സിംഗപ്പൂർ അടക്കമുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിലേയ്ക്കും അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിക്കപ്പെട്ടു.

നല്ലൊരു ചിത്രകാരികൂടിയായ ഭാര്യ ശ്രീകല, കോഴിക്കോട് എൻ.ഐ.ഐറ്റിയിൽ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ മകൾ രാജശ്രീ, ഇന്ത്യൻ സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ മകൻ ശ്രീരാജ് എന്നിവരും രാജശേഖരൻ പിള്ളയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മുന്നിൽ തന്നെയുണ്ട്.