കുവൈത്ത് സിറ്റി: സൗഹൃദ സന്ദർശനത്തിനായി കുവൈറ്റിലെത്തിയ വികെ സിങിന്റെ സന്ദർശനം കുവൈറ്റിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആശ്വാസമാകുന്നു. രാജ്യത്ത് നിയമലംഘനം മൂലം കുടുങ്ങിയ ഇന്ത്യക്കാരെ ഉടൻ നാട്ടിലത്തെിക്കുമെന്ന കേന്ദ്ര വിദേശകാര്യ മന്ത്രിയുടെ പ്രഖ്യാപനം 29000 വരുന്ന ഇന്ത്യക്കാർക്കാണ് പ്രതീക്ഷ നല്കുന്നത്.

താമസരേഖയില്ലാതെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ വൈകാതെ തിരിച്ചത്തെിക്കുമെന്ന് പറഞ്ഞ വി.കെ. സിങ് ഇതിന്റെ സമയപരിധിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ തയാറായില്ല. അതേസമയം, കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് സബാഹ് ഖാലിദ് അഹമ്മദ് അസ്സബാഹ്, വിദേശകാര്യ സഹമന്ത്രി ഖാലിദ് സുലൈമാൻ ജാറുല്ല എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ തൊഴിൽ പ്രശ്‌നങ്ങൾ ഉൾപ്പെടെ കാര്യങ്ങളെല്ലാം ചർച്ചയായിട്ടുണ്ടെന്നും ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളുടെ കാര്യത്തിൽ അനുഭാവ പൂർണമായ സമീപനമുണ്ടാവുമെന്ന് കുവൈത്ത് അധികൃതർ മന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

റിക്രൂട്ട്‌മെന്റ് തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റിനെ ഒരാഴ്ചക്കുള്ളിൽ കുവൈത്തിലേക്ക് അയക്കുമെന്നും വി.കെ സിങ് പറഞ്ഞു.