പാലക്കാട്: യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ടാണ് പാലക്കാട്ട് മത്സരിക്കുന്നത് എന്ന മന്ത്രി എകെ ബാലന്റെ പരാമർശത്തിന് മറുപടിയുമായി ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ വികെ ശ്രീകണ്ഠൻ എംപി. തദ്ദേശ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ യുഡിഎഫിനെതിരെ മത്സരിക്കുന്നത് ബിജെപിയും ബിഡിജെഎസും സിപിഐഎമ്മും ചേർന്ന ബിബിഎം മുന്നണിയാണെന്ന് അദ്ദേഹം തിരിച്ചടിച്ചു.ഇതിനുള്ള ഏറ്റവും വലിയ തെളിവ് 210 സീറ്റുകളിൽ സിപിഐഎം അവരുടെ പാർട്ടി ചിഹ്നം ഒളിപ്പിച്ചുവെച്ച് കുട, വടി, ഫോൺ, ഫുട്ബോൾ തുടങ്ങിയ ചിഹ്നങ്ങളിൽ മത്സരിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യുഡിഎഫിനെ എന്ത് വില കൊടുത്തും തോൽപ്പിക്കുന്നതിന് പഴകിയ കഥയായ യുഡിഎഫ്-ബിജെപി ബന്ധമെന്ന പുകമറ സൃഷ്ടിക്കുകയാണ് മന്ത്രി എകെ ബാലനും ശിഷ്യരും. യുഡിഎഫിന് ബിജെപിയെ തോൽപ്പിക്കാൻ സിപിഎമ്മിന്റെ പിന്തുണ വേണ്ടെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.പാലക്കാട് ജില്ല സിപിഐഎം കോട്ടയെന്ന അവകാശവാദം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പോടെ പാർട്ടിക്കാർക്ക് പോലുമില്ല. പാർട്ടി ചിഹ്നത്തിൽ മത്സരിക്കാത്തതെന്തെന്ന് നേതൃത്വം വ്യക്തമാക്കണമെന്നും വികെ ശ്രീകണ്ഠൻ ആവശ്യപ്പെട്ടു.

ജില്ലയിലെ 14 പഞ്ചായത്തുകളിൽ സിപിഐഎമ്മും സിപിഐയും പരസ്പരം മത്സരിക്കുന്നു.പാലക്കാട് നഗരസഭ ഭരണം ഇത്തവണ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു.
യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ടാണ് പാലക്കാട്ട് മത്സരിക്കുന്നത് .20 പഞ്ചായത്തുകളിൽ ഇവർ ഒറ്റക്കെട്ടായി മൽസരിക്കുന്നുണ്ടെന്നായിരുന്നു മന്ത്രി എ കെ ബാലന്റെ പ്രതികരണം.