തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ സാധ്യതാപട്ടിക തയ്യാറാക്കുന്ന ഒരുഘട്ടത്തിലും കെപിസിസി പ്രസിഡന്റ് ആശയവിനിമയം നടത്തിയിട്ടില്ലെന്ന് വി എം സുധീരൻ. ഹൈക്കമാന്റിന് സമർപ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല. എല്ലാവർക്കും സ്വീകാര്യരായ ഡിസിസി പ്രസിഡന്റുമാരുടെ നല്ല ഒരു നിരക്ക് അന്തിമരൂപം നൽകാൻ ഹൈക്കമാന്റിന് കഴിയട്ടെയെന്നും സുധീരൻ പറഞ്ഞു.

രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്നും തന്നെയും മുൻ കെപിസിസി പ്രസിഡന്റുമാരിൽ പലരെയും ഒഴിവാക്കിയതായും സുധീരൻ പറഞ്ഞു. കേരളത്തിലെ പുതിയ ഡിസിസി അദ്ധ്യക്ഷന്മാരുടെ പട്ടിക ഹൈക്കമാന്റിന് കൈമാറിയതിന് പിന്നാലെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ളവർ വിമർശനം ഉയർത്തിയിട്ടുണ്ട്.

കെപിസിസി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും മൂന്ന് വർക്കിങ് പ്രസിഡന്റുമാരും സംഘടനാ ചുമതലയുള്ള ജന.സെക്രട്ടറി താരിഖ് അൻവറിനൊപ്പമാണ് രാഹുൽ ഗാന്ധിയെ കണ്ടത്. പാർട്ടിയെ ശക്തിപ്പെടുത്താൻ ശേഷിയുള്ള യുവാക്കൾക്ക് പരിഗണന നൽകണമെന്ന നിർദ്ദേശം രാഹുൽ ഗാന്ധി മുന്നോട്ടുവെച്ചു.

എന്നാൽ ഇതിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന നേതൃത്വത്തിന് രാഹുൽ നൽകി. പിന്നീട് നടന്ന കൂടിയാലോചനകൾക്ക് ശേഷമാണ് 14 ഡിസസി അദ്ധ്യക്ഷന്മാരുടെ പട്ടിക കേരള നേതാക്കൾ ഹൈക്കമാന്റിന് നൽകിയത്. പ്രഖ്യാപനം ഒരാഴ്ചക്കുള്ളിൽ ഉണ്ടാകും. ഉമ്മൻ ചാണ്ടി-ചെന്നിത്തല ഗ്രൂപ്പുകൾ നൽകിയ പട്ടികക്ക് കാര്യമായ പരിഗണന നൽകിയില്ല എന്നാണ് സൂചന.