തിരുവനന്തപുരം: വി എം സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അസുഖത്തെ തുടർന്നാണ് സ്ഥാനമൊഴിയുന്നതെന്ന് സുധീരൻ വാർത്താസമ്മേളത്തിൽ അറിയിച്ചു. രാജിക്കത്ത് എ.ഐ.സി.സിക്ക് ഉടൻ അയച്ചു കൊടുക്കുമെന്ന് സുധീരൻ അറിയിച്ചു. എല്ലാ സഹപ്രവർത്തകർക്കും നന്ദി അറിയിച്ച സുധീരന്റെ രാജിക്കത്ത് തീർത്തും അപ്രതീക്ഷിതമായാണ് രാജിവെപ്രഖ്യാപനം നടത്തിയത്. രണ്ട് ദിവസം മുമ്പ് കോഴിക്കോട് വച്ചുള്ള പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ വീണ് അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. ഈ സംഭവത്തെ തുടർന്ന് കൂടുതൽ ചികിത്സ ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ രാജി.

കോഴിക്കോട്ടു വച്ചുണ്ടായ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് ദ്വീർഘകാലത്തെ ചികിത്സയും വിശ്രമവും ആവശ്യമുണ്ടെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചതെന്ന് സുധീരൻ പറഞ്ഞു. അതുകൊണ്ടാണ് താൻ സ്ഥാനം രാജിവെക്കുന്നതെന്നും അവധിയെടുക്കാതെ രാജിവെക്കാനാണ് തീരുമാനമെന്നുമാണ് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. പകരം സംവിധാനം ഹൈക്കമാൻ്ഡ് ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ എല്ലാ പിന്തുണയും നൽകി ഒപ്പംനിന്ന പാർട്ടി പ്രവർത്തകരോട് നന്ദിയുണ്ടെന്ന് സുധീരൻ പറഞ്ഞു. തന്നിൽ വിശ്വാസമർപ്പിച്ച സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും മറ്റു നേതാക്കളോടും നന്ദിയുണ്ട്. പാർട്ടിയെ അതിന്റെ സുവർണകാലത്തേക്കു നയിക്കാനാണ് ഈ പദവിയിലിരുന്ന് ശ്രമിച്ചിട്ടുള്ളത്. അതിൽ ഒരു പരിധിവരെ വിജയിക്കാനായെന്നാണ് വിശ്വാസമെന്നും സുധീരൻ പറഞ്ഞു.

ഓരോ ദിവസവും വിഷയങ്ങളിൽ ഇടപെടുക, എല്ലായിടത്തും ഓടിയെത്തുക ഇതിനൊന്നും കഴിയാതെ വരുമ്പോൾ അതിന് പകരക്കാരനെ കണ്ടെത്തേണ്ടി വരും. എഐസിസി നേതൃത്വം ഇക്കാര്യത്തിൽ രാജി സ്വീകരിച്ച് അനുയോജ്യനായ ആളെ കണ്ടെത്തും. രാജിയെക്കുറിച്ച് ആരോടും ആലോചിച്ചിരുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മൂന്ന് വർഷം മുമ്പാണ് സുധീരൻ അപ്രതീക്ഷിതമായി കെപിസിസി അധ്യക്ഷ പദവിയിലേക്ക് എത്തിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഹൈക്കമാൻഡിൽ നിന്നും ഈ തീരുമാനം വന്നത്. തുടർന്ന് സുധീരന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നയിച്ചപ്പോൾ മികച്ച വിജയം നേടുകയും ചെയ്തു. എന്നാൽ പിന്നീട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുമായും ചെന്നിത്തലയുമായും ഇടയ്ക്കിടെ പ്രശ്‌നങ്ങളും നേരിടേണ്ടി വന്നിരുന്നു. ഈ അഭിപ്രായ വ്യത്യാസം ബാർ വിഷയത്തിൽ മറനീക്കി പുറത്തുവരികയും ചെയ്തു. ഈ ശീതസമരം തുടരുന്നതിനിടെയാണ് ഗ്രൂപ്പുകൾ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയത്. അടുത്തിടെ സംഘടനാ തെരഞ്ഞെടുപ്പു വേണമെന്ന ശക്തമായ ആവശ്യവുമായി എ, ഐ ഗ്രൂപ്പുകൾ രംഗത്തുവന്നിരുന്നു. ഹൈക്കമാൻഡിനെ കണ്ട് രണ്ട് വിഭാഗങ്ങളും പരാതികൾ നൽകിയിരുന്നു.

കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റ്, കെപിസിസി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എംഎൽഎ, എംപി, മന്ത്രി, സ്പീക്കർ തുടങ്ങി ഭരണ രംഗത്ത് എല്ലാ നിലയിലും പ്രവർച്ചിച്ചിട്ടുള്ള നേതാവ് കൂടിയാണ് സുധീരൻ. കറകളയാത്ത ആദർശധീരനായ അദ്ദേഹം പലപ്പോഴും യുഡിഎഫ് ഭരണത്തിലെ അഴിമതിക്കൾക്കെതിരെ ശക്തമായി തന്നെ രംഗത്തുവന്നിരുന്നു. മലപ്പുറം ഉപതിരഞ്ഞെടുപ്പിന് മുമ്പായുള്ള സുധീരന്റെ രാജി കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. രാജി തീരുമാനം എ കെ ആന്റണിയുമായി ആലോചിച്ചാണ് സുധീരൻ എടുത്തതെന്നാണ് അറിയുന്നത്. വിവരം ചെന്നിത്തലയെയും ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.