തിരുവനന്തപുരം: പൊന്നാനി മുതൽ കുറ്റ്യാടി വരെ പാർട്ടി തീരുമാനിച്ച സ്ഥാനാർത്ഥികൾക്ക് നേരെ ഉയർന്ന പ്രതിഷേധം സിപിഎമ്മിനെ ഞെട്ടിക്കുന്നതായിരുന്നു. പ്രവർത്തകർ വേണ്ട പിആർ വർക്ക് മതി എന്ന സിപിഎമ്മിന്റെ പുതിയ മുദ്രാവാക്യം പലരും മനസ്സിലാക്കിയിട്ടില്ലെന്ന് പരിഹസിക്കുകയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ. തിന്മകളാൽ തകർന്നടിഞ്ഞ കൗരവകുലം പോലെയാണ് ഇടതുമുന്നണിയെങ്കിൽ തമ്മിലടിച്ച് ഇല്ലാതാവുകയാണ് കോൺഗ്രസെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

ഫേസ്‌ബുക്ക് കുറിപ്പ് വായിക്കാം:

'പ്രവർത്തകർ വേണ്ട, പ്രചാരവേല മതി...'പിണറായി വിജയൻ നയിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുദ്രാവാക്യമാണിത്...ഇത് തിരിച്ചറിയാതെയാണ് കുറ്റ്യാടിയിലും പൊന്നാനിയിലും കളമശേരിയിലും റാന്നിയിലും ആലപ്പുഴയിലുമെല്ലാം സിപിഎം പ്രവർത്തകർ പരസ്യമായും രഹസ്യമായും പ്രതിഷേധിക്കുന്നത്....

'നേതാക്കളെ പാർട്ടി തിരുത്തും, പാർട്ടിയെ ജനം തിരുത്തും' എന്നാണ് സാധാരണ പ്രവർത്തകന്റെ ഇപ്പോഴുമുള്ള പ്രതീക്ഷ...!വ്യക്തിയല്ല, പാർട്ടിയാണ് പ്രധാനം എന്ന് വിശ്വസിക്കുന്ന ക്യൂബ മുകുന്ദന്മാർ പിണറായി യുഗത്തിൽ കാലഹരണപ്പെട്ടവരെന്ന് പലർക്കും മനസിലാക്കിയിട്ടില്ല...

കഴിഞ്ഞ കുറേ മാസങ്ങളായി കേരളത്തിലെ പത്രങ്ങളിൽ നിറഞ്ഞുനിന്ന പിണറായി വിജയന്റെ ഫുൾ പേജ്, ഹാഫ് പേജ് ചിരിപ്പരസ്യങ്ങളും ടെലിവിഷൻ ചാനലുകളിൽ കണ്ട പിണറായി സ്തുതിപാടൽ പരസ്യങ്ങളും കേരളത്തിൽ അങ്ങോളമിങ്ങോളം കൂറ്റൻ ഹോർഡിങ്ങുകളായി ഉയർന്നു നിൽക്കുന്ന പിണറായിയും പറഞ്ഞുവച്ച പുത്തൻ കമ്മ്യൂണിസം അവർക്ക് ബോധ്യപ്പെട്ടിട്ടില്ല.....

പിണറായിക്കുമേലെ ചെങ്കൊടി പറക്കില്ലെന്നത് പുതുചരിത്രം....മഞ്ചേശ്വരം മുതൽ പാറശാല വരെ ഏത് പ്രവർത്തകൻ പ്രതിഷേധിച്ചാലും ഒരു ചുക്കും സംഭവിക്കില്ല, ടീം പിണറായി നടത്തുന്ന വമ്പൻ പ്രചാരവേല മതി അധികാരം നിലനിർത്താൻ എന്നതാണ് പുതിയ അടവുനയം...
ഹിറ്റ്‌ലറുടെ പ്രചാരണമന്ത്രി ജോസഫ് ഗീബൽസ് സ്വീകരിച്ച അതേ തന്ത്രം....

പർവതീകരിച്ച പ്രചാരവേലകളിലൂടെ ജനത്തിന്റെ ചിന്താശേഷിയെ ഇല്ലാതാക്കുക...കേരളത്തിന്റെ ഏക രക്ഷകനാക്കി പിണറായി വിജയനെ അവതരിപ്പിക്കുക. ജനമനസിൽ സൃഷ്ടിക്കപ്പെടുന്ന ആ മിഥ്യാധാരണയെ വോട്ടാക്കി വിജയിക്കുക.പ്രചാരവേലയ്ക്ക് വാരിവിതറാൻ ഖജനാവിൽ കോടികളുള്ളപ്പോൾ സാധാരണപ്രവർത്തകന്റെ വികാരത്തിന് എന്തുവില...?

സിപിഐയുടെ കാര്യമാണ് മഹാ കഷ്ടം...ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാരണവർക്ക് ഇപ്പോൾ മുറ്റത്താണ് കഞ്ഞി...'ജോമോന്റെയും മരുമോന്റെയും' എച്ചിൽ ഭക്ഷിക്കാനാണ് കാനത്തിന്റെയും കൂട്ടരുടെയും വിധി !തിന്മകളാൽ തകർന്നടിഞ്ഞ കൗരവകുലം പോലെയാണ് ഇടതുമുന്നണിയെങ്കിൽ തമ്മിലടിച്ച് ഇല്ലാതാവുകയാണ് കോൺഗ്രസ്.

ദേശീയ കോൺഗ്രസിലെന്നതു പോലെ സംസ്ഥാനത്തും ജനാധിപത്യത്തിന് ആ പാർട്ടിയിൽ സ്ഥാനമില്ലെന്ന് ഉറക്കെപ്പറയുന്നത് പി.സി ചാക്കോയെപ്പോലൊരു മുതിർന്ന നേതാവാണ്....'നാടുനന്നാക്കാൻ ' ഇറങ്ങിയ കോൺഗ്രസ് ഒരിക്കലും നന്നാവില്ലെന്ന് പറഞ്ഞാണ് ചാക്കോ കളഞ്ഞിട്ടു പോയത്.. വ്യക്തി പൂജയും കുടുംബാധിപത്യവും അരങ്ങുവാഴുന്ന കോൺഗ്രസിനെയും സിപിഎമ്മിനെയും പ്രബുദ്ധകേരളം അറബിക്കടലിലെറിയുന്ന കാലം വിദൂരമല്ല..