ന്യൂഡൽഹി: കേന്ദ്ര ഏജൻസിക്കെതിരെ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വിരമിച്ച ഒരു ജഡ്ജിയെ കമ്മിഷനായി നിയമിച്ച് ശമ്പളം കൊടുക്കാമെന്നതല്ലാതെ ഒരു പ്രയോജനവുമില്ല. സ്വർണക്കടത്ത് സംശയത്തിൽനിന്ന് സ്വയം രക്ഷപ്പെടാനുള്ള അടവാണിത്. അന്വേഷണം നടക്കട്ടെ. ഓലപ്പാമ്പിനെ കണ്ട് പേടിക്കില്ല. തിരഞ്ഞെടുപ്പ് വരെയുള്ള പത്തു ദിവസം പിടിച്ചുനിൽക്കാൻ വേണ്ടിയുള്ള പതിനെട്ടാം അടവാണ് ഇത്.

രാജ്യത്ത് എവിടെയും കുറ്റകൃത്യം നടന്നാൽ അന്വേഷിക്കുന്നത് കേന്ദ്ര എജൻസിയാണ്. കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുന്നത് ആ വ്യക്തിയാണ്. ഒരു സർക്കാരിനെയും പ്രതിസന്ധിയിലാക്കാനല്ല അന്വേഷണം. കിഫ്ബിക്കെതിരെ ഒരു ചുക്കും ചെയ്യാൻ കേന്ദ്ര ഏജൻസികൾക്ക് പറ്റില്ലെന്നാണ് പിണറായി പറഞ്ഞത്. പിന്നെ ചുക്കിനെതിരെ എന്തിനാണ് കമ്മിഷനെ വച്ചത്?

ഇതു കൊണ്ടൊന്നും കേന്ദ്ര സർക്കാരിന് ഒരു പ്രതിസന്ധിയുമില്ല.സ്വർണക്കടത്തു കേസിൽ ഈ വാദങ്ങളൊന്നും കോടതിയിൽ ബോധ്യപ്പെടുത്താൻ കഴിയില്ലെന്ന് അറിയുന്നതു കൊണ്ട് ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കുകയാണെന്നും വി മുരളീധരൻ പറഞ്ഞു.