തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രഹസ്യങ്ങളുടെയും രഹസ്യ ഇടപാടുകളുടെയും സൂക്ഷിപ്പുകാരനാണ് മന്ത്രി കെ.ടി. ജലീലെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. അതിനാലാണ് മറ്റ് മന്ത്രിമാർക്കും സിപിഎം നേതാക്കൾക്കും കിട്ടാത്ത പ്രിവിലേജ് ജലീലിന് കിട്ടുന്നത്. മുഖ്യമന്ത്രിയുടെ എന്തെങ്കിലും ഇടപാടുകളിൽ ജലീൽ കൂട്ടുകക്ഷിയായതിനാലാണ് ഈ പ്രിവിലേജ് ലഭിക്കുന്നത്. ലോകായുക്ത പറഞ്ഞിട്ടും മുഖ്യമന്ത്രി ജലീലിനെ പുറത്താക്കാത്തതും അക്കാരണത്താലാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സത്യപ്രതിജ്ഞ ലംഘനം നടത്തിയതിന് പുറത്താക്കണമെന്ന് ലോകായുക്ത ഉത്തരവിറക്കിയിട്ടും നിയമപോരാട്ടം നടത്തുമെന്ന് വെല്ലുവിളിക്കുന്ന കെ.ടി. ജലീലിന്റെ നിലപാട് തന്റെ അനുവാദത്തോടെയാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണം. സംസ്ഥാനചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രിയെ മാറ്റണമെന്ന് ലോകായുക്ത ഉത്തരവായി നൽകുന്നത്. അങ്ങേയറ്റം ഗുരുതരമായ കാര്യങ്ങൾ തെളിവുകളുടെ അടിസ്ഥാനത്തിൽ ബോധ്യപ്പെട്ട ശേഷമാണ് ലോകായുക്തയുടെ ഉത്തരവ്. എന്നാൽ ജലീലിന്റെ രാജി ചോദിച്ചുവാങ്ങാൻ തയ്യാറാകാത്ത മുഖ്യമന്ത്രി ജനാധിപത്യത്തെയും കേരള ജനതയെയും പരിഹസിക്കുകയാണ്. പിണറായി വിജയൻ എന്തിനാണ് കെ.ടി. ജലീലിനെ പേടിക്കുന്നതെന്നും മുരളീധരൻ ചോദിച്ചു.

പാതിരാത്രിയിൽ തലയിൽ മുണ്ടുമിട്ട് ദേശീയ അന്വേഷണ ഏജൻസിക്ക് മുന്നിലെത്തി എട്ടുമണിക്കൂർ ചോദ്യം ചെയ്യലിന് വിധേയമായപ്പോഴും മുഖ്യമന്ത്രി ജലീലിന് പിന്തുണയുമായെത്തി. ഖുർ ആൻ വിതരണത്തിൽ ഒരു അപാകതയുമില്ലെന്ന് മുഖ്യമന്ത്രി ആദ്യമേ പറഞ്ഞുവച്ചു.
ഇഡി ചോദ്യം ചെയ്തതിന്റെ പേരിലും ജലീൽ രാജിവയ്ക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇ.പി. ജയരാജന്റെയോ ശശീന്ദ്രന്റെയോ
തോമസ് ചാണ്ടിയുടെയോ കാര്യത്തിൽ ഇല്ലാത്ത ആവേശമായിരുന്നു ജലീലിന്റെ കാര്യത്തിൽ പിണറായിക്ക്.

കേരള ചരിത്രത്തിൽ ആദ്യമായാണ് ഒരു മന്ത്രി ഇഡിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടി വന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിക്ക് എന്താണ് വിദേശരാജ്യത്തിന്റെ കോൺസുലേറ്റുമായി ഇത്രമാത്രം ഇടപാടുകൾ എന്ന് മുഖ്യമന്ത്രി ഒരിക്കലും ചോദിച്ചിട്ടില്ല. സാങ്കേതിക സർവകലാശാല അദാലത്തിൽ ചട്ടവിരുദ്ധമായി പങ്കെടുക്കുകയും ഇഷ്ടക്കാർക്ക് മാർക്ക് വാരിക്കോരി നൽകുകയും ചെയ്തപ്പോഴും ജലീലിനെ മുഖ്യമന്ത്രി ന്യായീകരിച്ചു. മലയാളം സർവകലാശാല ഭൂമി വിവാദത്തിൽ മുഖ്യമന്ത്രി തന്നെയാണ് കെ.ടി. ജലീലിനെ സംരക്ഷിച്ചത്. ന്യൂനപക്ഷ സ്‌കോളർഷിപ് വിവാദത്തിൽ ക്രൈസ്തവ സഭകളുടെ ആശങ്കകളെ പുച്ഛിച്ചു തള്ളിയ ജലീൽ അവരെ അപമാനിച്ചപ്പോഴും മുഖ്യമന്ത്രി ജലീലിനൊപ്പം നിന്നെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.

ഏറ്റവുമൊടുവിൽ വെഞ്ഞാറമ്മൂട്ടിൽ രണ്ട് സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടതിൽ പാർട്ടിയാകെ വിലപിക്കുമ്പോൾ കെ.ടി. ജലീലിനൊപ്പം പായസം വിളമ്പി ഓണം ആഘോഷിക്കുന്ന മുഖ്യമന്ത്രിയെയും കേരളം കണ്ടു. ഇതിനർഥം മറ്റാർക്കുമില്ലാത്ത എന്തോ പ്രത്യേകത മുഖ്യമന്ത്രിയുടെ മനസിൽ ജലീലിനോട് ഉണ്ട് എന്നാണ്. മുഖ്യമന്ത്രിയുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാകണം ജലീൽ. ഒരു കാലത്ത് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായിരുന്നതിനാൽ അധോലോക ഇടപാടുകളിൽ ജലീലിന് നല്ല പ്രാവീണ്യമുണ്ടാകണം.

കേരളത്തിലെ ലോകായുക്തയ്ക്ക് കുരയ്ക്കാൻ മാത്രമല്ല കടിക്കാനും അധികാരം നൽകിയിട്ടുണ്ടെന്ന് അഭിമാനത്തോടെ പറഞ്ഞയാളാണ് പിണറായി വിജയൻ. അങ്ങനെയെങ്കിൽ ലോകായുക്തയുടെ കടിയേറ്റ ജലിലീനെ പടിക്ക് പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകാത്തതെന്തെന്നും മുരളീധരൻ ചോദിച്ചു.

ജലീലിനെ ന്യായീകരിക്കുന്ന മന്ത്രി എ.കെ. ബാലന്റെ നിലപാടും അങ്ങേയറ്റം പരിഹാസ്യമാണ്. ഹൈക്കോടതിയും ഗവർണറും തള്ളിയ കേസാണിതെന്ന ബാലന്റെ വാദം നിയമവ്യവസ്ഥയെ വെല്ലുവിളിക്കലാണ്. ഹൈക്കോടതിയും ഗവർണറും പരിഗണിക്കുന്നതുപോലെയല്ല ലോകായുക്ത കേസ് പരിഗണിക്കുന്നത്. ലോകായുക്തയ്ക്ക് കീഴിലുള്ള ഐജിയെ കൊണ്ട് അന്വേഷിപ്പിച്ച് തെളിവുകൾ ശേഖരിച്ചാണ് കേസ് പരിഗണിക്കുന്നത്. അതിനാൽ ധാർമികത അൽപ്പമെങ്കിലും ഉണ്ടെങ്കിൽ മുഖ്യമന്ത്രി ജലീലിനെ പുറത്താക്കണം.

സ്വജനപക്ഷപാതവും അഴിമതിയെന്നാണ് സിപിഎം പാർട്ടി കോൺഗ്രസിന്റെ നിലപാട്. ഈ പ്രഖ്യാപിത നിലപാട് തള്ളിയാണ് പിണറായി വിജയൻ ജലീലിനെ സംരക്ഷിക്കുന്നത്. അഴിമതി ഇല്ലാതാക്കാൻ സർക്കാർ ഉണ്ടാക്കിയ ലോകായുക്തയെ അംഗീകരിക്കില്ലെന്ന നിലപാടാണ് സിപിഎം നേതൃത്വത്തിലുള്ള സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.