- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കീഴിലുള്ള ഭരണം കേരളത്തെ ഭീകരർക്കും, ദേശവിരുദ്ധശക്തികൾക്കും സുരക്ഷിത താവളമാക്കി; ധിക്കാരിയും ഉത്തരവാദിത്വമില്ലാത്ത ആളുമായ കേരള മുഖ്യമന്ത്രി ദൗർഭാഗ്യവശാൽ വായടച്ച് ഇരിക്കുകയാണ്; സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിച്ച പോലെ സംസ്ഥാനത്തെ ഭീകരരെയും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്ന തിരക്കിലാണ് അദ്ദേഹം: രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ; ട്വീറ്റിനെതിരെ പൊങ്കാലയിട്ട് സൈബർ സഖാക്കളും
കൊച്ചി: എറണാകുളത്ത് തൊഴിലാളികളെന്ന വ്യാജേന താമസിച്ച മൂന്ന് അൽഖ്വയ്ദ ഭീകരരെ പിടികൂടിയത് മലയാളികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ, കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ പ്രതികരണം ഇങ്ങനെ. കേരളത്തിൽ നിന്നും ബംഗാളിൽ നിന്നുമായി 9 അൽഖ്വയ്ദ ഭീകരരെ പിടികൂടിയെന്ന എൻഐഎ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ടാണ് മുരളീധരന്റെ രൂക്ഷ വിമർശനം. ' സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കീഴിലുള്ള ഭരണം കേരളത്തെ ഭീകരർക്കും, ദേശവിരുദ്ധശക്തികൾക്കും സുരക്ഷിത താവളമാക്കിയിരിക്കുന്നു. ധിക്കാരിയും
ഉത്തരവാദിത്വമില്ലാത്ത ആളുമായ കേരള മുഖ്യമന്ത്രി ദൗർഭാഗ്യവശാൽ വായടച്ച് ഇരിക്കുകയാണ്. സ്വർണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിച്ച പോലെ സംസ്ഥാനത്തെ ഭീകരരെയും സംരക്ഷിക്കുകയും, വളർത്തുകയും ചെയ്യുന്ന തിരക്കിലാണ് അദ്ദേഹം'-മുരളീധരൻ ട്വീറ്റ് ചെയ്തു.
അതേസമയം, മുരളീധരന്റെ ട്വീറ്റിനെ വിമർശിച്ച് ചില പ്രതികരണങ്ങളും വന്നു. കേന്ദ്രമന്ത്രി നുണകൾ പ്രചരിപ്പിക്കുകയാണെന്നും, അറസ്റ്റിലായവർ മലയാളികളല്ല, കുടിയേറ്റ തൊഴിലാളികളാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിൽ ഇത്തരം നുണകൾ പ്രചരിപ്പിക്കുന്ന ആൾ കേരളത്തെ പ്രതിനിധീകരിക്കുന്നത് നാണക്കേടാണെന്നും ഒരുട്വീറ്റ്.
സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് കൊണ്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തി. സംസ്ഥാനത്ത് ആദ്യമായി അൽഖ്വയ്ദ ഭീകരർ പിടിയിലായതോടെ വർഷങ്ങളായി ബിജെപി ഉന്നയിക്കുന്ന ആരോപണം ശരിയെന്ന് തെളിഞ്ഞതായി സുരേന്ദ്രൻ പറഞ്ഞു. വിവിധ തീവ്രവാദ സംഘടനകളുടെ ചാവേറുകൾ കേരളത്തിലുണ്ടെന്നത് ആശങ്കാജനകമാണ്. മത ഭീകരവാദികളുടെ സുരക്ഷിതമായ ഒളിത്താവളമായി കേരളം മാറി.
മാറി മാറി വരുന്ന സർക്കാരുകൾ ഭീകരവാദ ശക്തികളോട് മൃദുസമീപനം കാണിക്കുന്നതിന്റെ ഫലമായാണ് സംസ്ഥാനം തീവ്രവാദികളുടെ ഒളിത്താവളമായി മാറിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പുണ്ടായിട്ടും അത് കണ്ടുപിടിക്കാനുള്ള ഒരു നടപടിയും കേരളത്തിൽ ഉണ്ടായില്ല. വിവിധ ഇന്റലിജൻസ് ഏജൻസികളും കേന്ദ്രസർക്കാരും നൽകിയ മുന്നറിയിപ്പുകൾ കേരളം ചെവികൊണ്ടില്ല. കേരളത്തിലെ ആന്റി ടെററിസ്റ്റ്് സ്ക്വാഡ് ചത്ത് കിടക്കുകയാണ്.
കേരള പൊലീസിന് അകത്തെ ഭീകരവാദ സാന്നിദ്ധ്യം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കേരള പൊലീസും ആഭ്യന്തര വകുപ്പും തീവ്രവാദികളെ സഹായിക്കുകയാണ്. കേരള പൊലീസ് ആസ്ഥാനത്തെ സുപ്രധാന മെയിലുകൾ ചോർത്തിയ ഷാജഹാൻ എന്നയാളെ സർവ്വീസിൽ തിരിച്ചെടുത്ത സർക്കാരാണിത്. കള്ളക്കടത്തും സ്വർണക്കടത്ത് കേസും മായ്ച്ച് കളയാനാണ് സംസ്ഥാന സർക്കാരിന് താത്പര്യം. ഭീകരവാദികളെ സഹായിക്കുന്ന രാഷ്ട്രീയ നിലപാടാണ് ഈ സർക്കാരിനുള്ളത്. മന്ത്രിസഭയിലടക്കം ഭീകരവാദ സാന്നിദ്ധ്യമുണ്ട്.
സിമിയുടെ പ്രവർത്തകനായിരുന്നു കേരളത്തിലെ ഒരു മന്ത്രിയായ കെ.ടി ജലീൽ. ആ ബന്ധങ്ങളൊന്നും അദ്ദേഹം ഉപേക്ഷിച്ചിട്ടില്ല. ഉന്നതവിദ്യാഭ്യാസ വകുപ്പിൽ അദ്ദേഹം നിയമിച്ച പലരും എസ്.ഡി.പി.ഐ ബന്ധമുള്ളവരാണെന്നും സുരേന്ദ്രൻ ആരോപിച്ചു.മുസ്ലീങ്ങൾ രണ്ടാംകിട പൗരന്മാരാണെന്ന ഇരവാദം പ്രചരിപ്പിക്കുകയാണ് കോൺഗ്രസും സിപിഎമ്മും. അരക്ഷിത ബോധം ഭരിക്കുന്ന പാർട്ടി ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടാക്കുകയാണ്. പെരുമ്പാവൂർ ഭാഗത്ത് തീവ്രവാദികൾക്ക് അതിഥിതൊഴിലാളികളെന്ന പേരിൽ റേഷൻ കാർഡ് നൽകുകയാണ് ഈ സർക്കാർ. അവർക്ക് ഇലക്ഷൻ ഐ.ഡി കാർഡും കൊടുക്കുന്നുണ്ട്. പച്ചവെളിച്ചമെന്ന പൊലീസ് തീവ്രവാദികളുടെ ഗ്രൂപ്പിന് എതിരെ ഒരു നടപടിയുമെടുക്കാത്ത സർക്കാരാണ് ഇതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
നാടകീയ അറസ്റ്റ്
മൂർഷിദ് ഹസ്സൻ, യാകൂബ് ബിശ്വാസ്, മുസാറഫ് ഹുസൈൻ എന്നിവരാണ് പിടിയിലായത്. ഇവർ പശ്ചിമ ബംഗാളിൽ നിന്ന് നിർമ്മാണ ജോലികൾക്ക് എന്ന വ്യാജേന എറണാകുളത്ത് എത്തി താമസിക്കുന്നവരാണെന്ന് എൻ.ഐ.എ പറയുന്നു. ല്യൂ യാൻ അഹമ്മദ്, അബു സുഫിയാൻ എന്നിവരാണ് ബംഗാളിൽ അറസ്റ്റിലായവരിൽ രണ്ടുപേർ. മൂർഷിദ് മുടിക്കൽ വഞ്ചിനാട് സ്വദേശി അലിയാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇയാഖുബ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ മുകളിലെ നിലയിലെ മുറിയിലാണ് താമസിച്ചിരുന്നത്. യാക്കൂബ് രണ്ട് മാസം മുമ്പാണ് കേരളത്തിലെത്തിയത്. ഇരുവരെക്കുറിച്ചും യാതൊരുവിധത്തിലുള്ള സംശയങ്ങളും ഇല്ലായിരുന്നെന്നാണ് ജോലി ചെയ്തിരുന്ന സ്ഥാപന ഉടമകൾ അന്വേഷണ ഏജൻസികളെ അറിയിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം തുടരും. കേരളാ പൊലീസിനെ അറിയിച്ചായിരുന്നു എൻഐഎ റെയ്ഡ് നടത്തിയത്.
നാടകീയമായിരുന്നു അറസ്റ്റ്. ഉറങ്ങി കിടന്നപ്പോൾ കതക് ചവിട്ടി പൊളിച്ച് എൻഐഎ മുറിക്കുള്ളിൽ കടക്കുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്നവർ പോലും ഞെട്ടി. ഇവർ വർഷങ്ങളായി എറണാകുളം പാതാളത്തും പെരുമ്പാവൂരിലെ വെങ്ങോല മുടിക്കലിൽ ജോലി ചെയ്യുന്നവരാണ്. ഇവർക്ക് അൽ-ഖ്വയ്ദ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന എൻ.ഐ.എ റെയ്ഡിന്റെ ഭാഗമായാണ് എറണാകുളത്തും പെരുമ്പാവൂരിലൂം പരിശോധന നടന്നത്. അൽ ഖ്വയ്ദ ബന്ധമുള്ള ആറു പേരെ പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ നിന്നും പിടികൂടിയിട്ടുണ്ട്.
ഡൽഹിയിലേക്ക് കടക്കാൻ പദ്ധതിയിടുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ഭീകരാ്രമകണത്തിന് പണം സ്വരൂപി്കാനും ഇവർ ശ്രമം നടത്തിയിരുന്നു. വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയാണ് ഇവർ കേരളത്തിലെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് ഇവർക്കായി തെരച്ചിൽ നടത്തിയത്. അൽ-ഖ്വയ്ദ കേരളവും പശ്ചിമ ബംഗാളും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതായി ഈ മാസം 11നാണ് എൻ.ഐ.എയ്ക്ക് വിവരം ലഭിച്ചത്. പാക്കിസ്ഥാൻ കേന്ദ്രീകരിച്ചുള്ള അൽ-ഖ്വായ്ദ ഇവരെ സമൂഹമാധ്യമങ്ങളിലൂടെയാണ് ഭീകരപ്രവർത്തിലേക്ക് ആകർഷിച്ചതെന്ന് എൻ.ഐ.എ പറയുന്നു. ഡൽഹി അടക്കം പലയിടത്തും ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നു. ഇവരിൽ നിന്ന് നിരവധി ഡിജിറ്റൽ ഉപകരണങ്ങളും രേഖകളും ആയുധങ്ങളും സ്ഫോടക വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങളും ജിഹാദി ലേഖനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നു പുലർച്ചെയാണ് അറസ്റ്റ് വിവരങ്ങൾ എൻ.ഐ.എ പുറത്തുവിട്ടത്. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് എറണാകുളത്ത് വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്. ഇവരെ കോടതിയിൽ ഹാജരാക്കി പ്രൊഡക്ഷൻ വാറന്റ് നൽകി ഡൽഹിയിലേക്ക് കൊണ്ടുപോകാനാണ് എൻ.ഐ.എ തീരുമാനം. ഇവരുമായി ബന്ധപ്പെട്ട് കൂടുതൽ പേർ പല ജില്ലകളിലുമുണ്ടെന്ന സൂചനയും എൻ.ഐ.എ നൽകുന്നു. വരും ദിവസങ്ങളിലും കൂടുതൽ സ്ഥലങ്ങളിൽ റെയ്ഡ് നടന്നേക്കും.
രാജ്യത്ത് 11 ഇടങ്ങളിലായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പെരുമ്പാവൂരിലും റെയ്ഡ് നടത്തിയത്. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ നടത്തിയ റെയ്ഡിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പെരുമ്പാവൂരിൽ രണ്ടിടത്ത് റെയ്ഡ്. ഡൽഹിയിലും പരിസരപ്രദേശങ്ങളിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ബോംബ് സ്ഫോടനം ഉൾപ്പെടെ ആക്രമണങ്ങൾ നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം എന്നാണ് ലഭിക്കുന്ന വിവരം. ധനസമാഹരണത്തിന് സംഘം വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിൽനിന്ന് പിടിയിലായവർ ധനസമാഹരണത്തിനാണ് പ്രധാനമായും ശ്രമിച്ചിരുന്നത്.
ദക്ഷിണേന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിൽക്കൂടി ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട് എന്നുമാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന വിവരം. ആയുധങ്ങളും പിടിയിലായവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു തീവ്രവാദഗ്രൂപ്പിനെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നുവെന്നും ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെല്ലാം പിടിയിലായതെന്നും എൻഐഎ പറയുന്നു.
പശ്ചിമബംഗാളും കേരളവും കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഈ സംഘം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ആക്രമണം നടത്തി ആളുകളെ കൊല്ലാനാണ് പദ്ധതിയിട്ടത്.
മറുനാടന് മലയാളി ബ്യൂറോ