തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകളെ വിമർശിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. കോവിഡ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തതിന്റെ ഒന്നാം വാർഷികത്തിന് തൊട്ടുമുൻപ് കോവിഡ് പ്രതിരോധത്തിൽ അഭിമാനകരമായ നേട്ടമാണ് കേരളം കൈവരിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. കേരളത്തെ സ്‌കാൻഡിനേവിയൻ രാജ്യങ്ങളുമായാണ് താരതമ്യം ചെയ്തത്. ആദ്യം യൂറോപ്യൻ രാജ്യങ്ങളായിരുന്നു. പിന്നീട് അമേരിക്കയായി. ഇപ്പോൾ സ്്കാൻഡിനേവിയൻ രാജ്യങ്ങളുമായാണ് താരതമ്യം ചെയ്യുന്നത്. പിണറായി വിജയൻ ഓരോ ദിവസവും പുതിയ രാജ്യങ്ങൾ കണ്ടുപിടിച്ചു വരികയാണെന്നും മുരളീധരൻ വിമർശിച്ചു. അയൽസംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് എന്നിവയുമായാണ് കേരളത്തെ താരതമ്യം ചെയ്യേണ്ടത് എന്നും മുരളീധരൻ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിന് വ്യക്തമായ നയമില്ലെന്നും അദ്ദേഹം വിമർശിച്ചു. ഐസിഎംആറിന്റെയും ലോകാരോഗ്യസംഘടനയുടെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാത്തതാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരാൻ കാരണമെന്നും വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാണ് എന്ന് വ്യക്തമാക്കുന്നതാണ് ഒരു മാസത്തിനുള്ളിൽ വീണ്ടും കേന്ദ്രസംഘം എത്തുന്നത്. നിലവിൽ കോവിഡ് രോഗികളിൽ 45 ശതമാനവും കേരളത്തിലാണ്. രാജ്യത്തെ 20 കോവിഡ് തീവ്ര ജില്ലകളിൽ 12 ഉം കേരളത്തിലാണ്. കേരള സർക്കാർ കോവിഡിന്റെ ഗൗരവം ഉൾക്കൊണ്ടിട്ടുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നതാണ് ഈ കണക്കുകളെന്ന് മുരളീധരൻ പറഞ്ഞു.

കോവിഡ് പ്രതിരോധത്തിൽ കൃത്യമായ വ്യക്തതയില്ല. ടെസ്റ്റുകളുടെ എണ്ണം ഒരു ലക്ഷമാക്കി ഉയർത്തുമെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിൽ 75 ശതമാനവും ആർടിപിസിആർ ടെസ്റ്റുകൾ ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആർടിപിസിആർ ടെസ്റ്റിനേക്കാൾ ആന്റിജൻ ടെസ്റ്റാണ് ഫലപ്രദമെന്നാണ് ചില വിദഗ്ദ്ധർ പറയുന്നത്. പലയിടത്തും ആന്റിജൻ ടെസ്റ്റ് പോലും ഉപയോഗിക്കാതിരിക്കുന്ന സാഹചര്യത്തിലാണ് ഇത് ഫലപ്രദമാണ് എന്ന് പറയുന്നത്. യഥാർത്ഥത്തിൽ നയം തീരുമാനിക്കുന്നത് ആരാണ് എന്ന് മുരളീധരൻ ചോദിച്ചു.