- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കേന്ദ്രസർക്കാരിന്റെ സൗജന്യ വാക്സിന് മികവാണ് മാനദണ്ഡം; ബോധ്യമാകാത്തവർക്ക് വരാനിരിക്കുന്ന അനാരോഗ്യകരമായ മൽസരത്തെക്കുറിച്ച് പാടി നടക്കാം': വാക്സിന് ഉയർന്ന വില ഈടാക്കുന്ന നയത്തിനെതിരെ കേരളത്തിൽ എതിർപ്പ് ഉയരുന്നതിനിടെ കേന്ദ്രമന്ത്രി വി.മുരളീധരന്റെ വിശദീകരണ കുറിപ്പ്; വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ സംസ്ഥാനത്തെ ബിജെപി ഒഴിച്ചുള്ള കക്ഷികൾ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് നൽകുന്ന വാക്സിന് കേന്ദ്രത്തെ അപേക്ഷിച്ച് ഉയർന്ന വില ഈടാക്കുന്നുവെന്നതാണ് മുഖ്യപരാതി. കേരളത്തിന് വാക്സിൻ വാങ്ങാൻ 1300 കോടി വേണ്ടി വരും. ഇത് അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വ്കാസിനായി പണം സമാഹരിക്കാൻ വാക്സിൻ ചലഞ്ച് ഒരുഭാഗത്ത് നടക്കുന്നു. വാക്സിൻ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടി വന്നിട്ടില്ല. ഈ പശ്ചാത്തലത്തിൽ, കേന്ദ്രത്തിന്റെ വാക്സിൻ നയം ആരോഗ്യകരമായ മസ്തമാണ് സൃഷ്ടിക്കുക എന്ന് വാദിച്ചുകൊണ്ടള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്.
വാക്സിൻ സൗജന്യമാക്കമെന്ന് കേരളത്തെ പോലെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെടുമ്പോൾ, വാക്സിൻ വിതരണ ക്ഷമത അനുസരിച്ച് ആരോഗ്യകരമായ മത്സരമായാണ് നയത്തെ മന്ത്രി വിശേഷിപ്പിക്കുന്നത്. ഇതിനെ അനുകൂലിച്ചും എതിർത്തും പോസ്റ്റിന് താഴെ നിരവധി കമന്റുകൾ വരുന്നുണ്ട്. വാക്സിൻ പാഴാക്കുന്നത് സംസ്ഥാനങ്ങൾക്ക് പ്രതികൂല ഘടകമാകുമെന്ന് മന്ത്രി ഓർമിപ്പിക്കുന്നു. വാക്സിൻ വിനിയോഗത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന് ഇത് ഗുണകരമാകുമല്ലോയെന്ന് ചിലർ കമന്റുചെയ്യുന്നു. 'വാക്സിൻ വിതരണ മാനദണ്ഡങ്ങൾ ഇനിയും ബോധ്യപ്പെടാത്തവർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് പരിശോധിക്കുക. എന്നിട്ടും ബോധ്യമാകാത്തവർക്ക് വരാനിരിക്കുന്ന അനാരോഗ്യകരമായ മൽസരത്തെക്കുറിച്ച് പാടി നടക്കാം'-മന്ത്രി കുറിച്ചു.
വി.മുരളീധരന്റെ പോസ്റ്റിന്റെ പൂർണരൂപം:
മെയ് ഒന്നു മുതൽ സംസ്ഥാനങ്ങൾക്കുള്ള സൗജന്യ വാക്സിൻ ക്വാട്ട നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കേന്ദ്രം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ വിതരണത്തിലെ കാര്യക്ഷമത തന്നെയാണ് അടിസ്ഥാന മാനദണ്ഡം.ഭരണതലത്തിലെ വേഗവും ശരാശരി ഉപയോഗവും വിലയിരുത്തപ്പെടും.
കോവിഡ് വ്യാപനത്തോതാണ് മറ്റൊരു മാനദണ്ഡം. വാക്സിൻ പാഴാക്കുന്നത് പ്രതികൂലഘടകമാവും. ഇവയുടെ അടിസ്ഥാനത്തിൽ മുൻകൂട്ടിത്തന്നെ ഓരോ സംസ്ഥാനങ്ങളെയും അവർക്ക് എത്ര ഡോസ് ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്യും. ഇക്കാര്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം ആവർത്തിച്ച് പറഞ്ഞതാണ്.
അനാരോഗ്യകരമായ മൽസരമല്ല, ക്രിയാത്മകവും കാര്യക്ഷമവും സുതാര്യവുമായ പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പിക്കുന്ന ആരോഗ്യകരമായ മൽസരമാണ് കേന്ദ്രനയം മൂലം ഉണ്ടാവുക. മാനദണ്ഡങ്ങൾ ഇനിയും ബോധ്യപ്പെടാത്തവർ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് പരിശോധിക്കുക. എന്നിട്ടും ബോധ്യമാകാത്തവർക്ക് വരാനിരിക്കുന്ന അനാരോഗ്യകരമായ മൽസരത്തെക്കുറിച്ച് പാടി നടക്കാം.
കോവീഷീൽഡ് വാക്സീൻ ഒരു ഡോസിന് 600 രൂപ
കോവിഡ് പ്രതിരോധത്തിന് മെയ് ഒന്നു മുതൽ സ്വകാര്യ ആശുപത്രികളിൽ കോവീഷീൽഡ് വാക്സീൻ ഒരു ഡോസിന് 600 രൂപ നൽകണമെന്ന തീരുമാനം വിവാദത്തിൽ. ഓക്സ്ഫഡ് അസ്ട്രാസെനകയുമായി ചേർന്നു നിർമ്മിക്കുന്ന കോവിഷീൽഡ് വാക്സീന് നൽകുന്ന ഏറ്റവും ഉയർന്ന നിരക്കായി ഇത് മാറുമെന്നാണ് റിപ്പോർട്ട്. സീറം ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ കേന്ദ്ര സർക്കാരിന് 150 രൂപയ്ക്കാണ് നൽകിയിരുന്നത്.
രാജ്യത്ത് രണ്ടാം തരംഗം ആഞ്ഞടിക്കുന്നതിനിടെ മെയ് ഒന്നിന് 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് വാക്സീൻ സ്വീകരിക്കാമെന്ന നിർദ്ദേശം വന്നിരുന്നു. അതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരുകൾ ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികൾക്ക് ഡോസിന് 600 രൂപയും വാക്സീന് നൽകണമെന്ന് കമ്പനി നിർദ്ദേശം നൽകിയത്.
സംസ്ഥാനങ്ങൾക്ക് സീറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിരുക്കുന്ന ഡോസിന് 400 രൂപ എന്ന വില പോലും യുഎസ്, യുകെ, യുറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ സർക്കാരുകൾ നേരിട്ട് അസ്ട്രാസെനകയിൽ നിന്നു വാങ്ങുന്ന വിലയേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ട്.
600 രൂപ എന്നത് ഏകദേശം 8 ഡോളറിന് തുല്യമാണ്. ഇത് ഒരു ഡോസിന് രാജ്യന്തര മാർക്കറ്റിൽ ഇതുവരെ വാക്സീന് ഈടാക്കിയ ഏറ്റവും ഉയർന്ന് നിരക്കാണെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
സംസ്ഥാന സർക്കാർ 400 രൂപയാണ് ഡോസിന് നൽകേണ്ടി വരുന്നത്. അതായത് ഒരു ഡോസിന് 5.30 ഡോളറിലും കൂടുതലാണിത്. വാക്സീൻ സൗജന്യമല്ലെന്ന് സംസ്ഥാനങ്ങൾ പ്രഖ്യാപിച്ചാൽ വീക്സീൻ സ്വീകരിക്കുന്ന വ്യക്തി ഈ വില നൽകേണ്ടി വരും.
അതേ സമയം ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഡ് വാക്സിനുകൾ ഡോസിന് 150 രൂപ നിരക്കിൽ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങുന്നത് തുടരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ