ന്യൂഡൽഹി: കഷ്ടിച്ചു രക്ഷപ്പെട്ടതാണ് വി മുരളീധരൻ. ആർഎസ്എസ് കേന്ദ്ര നേതൃത്വത്തിൽ മുരളീധരനുള്ള താൽപ്പര്യം അറിഞ്ഞു കൊണ്ടുള്ള വെറുതെ വിടൽ. അപ്പോഴും വിദേശകാര്യമന്ത്രാലയത്തിന് പുതിയൊരു മന്ത്രിയെ കൂടി നൽകുകകയാണ് പ്രധാനമന്ത്രി മോദി. നയതന്ത്ര വിദഗ്ധനായിരുന്ന എസ് ജയശങ്കർ കാബിനറ്റ് റാങ്കിൽ തുടരുമ്പോൾ ഇനി വിദേശകാര്യത്തെ നോക്കാൻ രണ്ടു സഹമന്ത്രിമാർ. മുരളീധരനൊപ്പം മീനാക്ഷി ലേഖിയും. അതായത് ഇനി വിദേശകാര്യത്തിൽ മീനാക്ഷി ലേഖിയെന്ന ഡൽഹിയിലെ പെൺ പുലിക്ക് കൂടുതൽ റോളുകളുണ്ടാകും.

വിദേശകാര്യ വകുപ്പിനെ ബിജെപിയുമായി അടുപ്പിച്ചിരുന്നത് മുരളീധരനാണ്. ജയശങ്കർ പാർട്ടിക്കാരനല്ല. വിദേശകാര്യ സെക്രട്ടറിയെ പരിചയത്തിന്റെ കരുത്തിൽ മോദി വിദേശകാര്യം ഏൽപ്പിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ രാഷ്ട്രീയക്കാരനായ മുരളീധരന് കൂടുതൽ സ്വാധീനം വകുപ്പിലുണ്ടായിരുന്നു. മീനാക്ഷി ലേഖി ബിജെപിയുടെ കരുത്തതായ മുഖമാണ്. ലേഖി ഈ മന്ത്രാലയത്തിൽ സഹമന്ത്രിയാകുമ്പോൾ കൂടുതൽ ശോഭിക്കാനുള്ള അവസരമുണ്ട്. ഇത് മുരളീധരന് വെല്ലുവിളിയായി മാറും. വിദേശകാര്യത്തിൽ മുരളീധരന് മാർക്ക് കുറവാണെങ്കിലും പാർലമെന്ററീകാര്യത്തിൽ കുറച്ചു കൂടി മെച്ചമാണെന്നാണ് മോദിയുടെ വിലയിരുത്തൽ. ഇതു കാരണമാണ് മുരളീധരന് അഴിച്ചു പണിയിൽ മന്ത്രിസ്ഥാനം നഷ്ടമാകാത്തത്.

ആർഎസ്എസ് ദേശീയ നേതൃത്വത്തിൽ മുരളീധരന് നല്ല ബന്ധമുണ്ട്. ആർഎസ്എസ് ജനറൽ സെക്രട്ടറിയായ ദത്താത്രേയ ഹൊസബള്ളയുമായി ആത്മബന്ധമുണ്ട്. അതുകൂടി പരിഗണിച്ചാണ് മുരളീധരനെതിരെ മോദിയും അമിത് ഷായും നീങ്ങാത്തത്. മന്ത്രിസഭാ പുനഃസംഘടന മുൻകൂട്ടി കണ്ട് വിദേശ പര്യടനത്തിന് പോയതും നിർണ്ണായകമായി. നയതന്ത്ര കാര്യങ്ങൾക്കായി വിദേശത്തേക്ക് പോയ വിദേശകാര്യമന്ത്രിയെ മാറ്റുന്നത് രാജ്യാന്തര തലത്തിൽ തന്നെ രാജ്യത്തിന് പ്രതിച്ഛായ നഷ്ടമാകും. ഇതും മുരളീധരന് തുണയായി. പാർലമെന്റ് തുടങ്ങാനിരിക്കുമ്പോൾ പാർലമെന്ററീകാര്യ മന്ത്രിയെ മാറ്റുന്നതും ആലോചിക്കാൻ പറ്റാത്ത കാര്യമായി. അങ്ങനെ മോദി മന്ത്രിസഭയിൽ മുരളീധരൻ തുടരും.

ഇത് സംസ്ഥാന ബിജെപിയിൽ മുരളീധരൻ മേൽകൈ നൽകും. മുരളിക്കെതിരെ പലവിധ ആരോപണങ്ങൾ മറുപക്ഷം ഉയർത്തിയിരുന്നു. അതൊന്നും കാബിനറ്റ് പുനഃസംഘടനയിൽ പ്രതിഫലിച്ചില്ല. മറ്റൊരാളെ കേന്ദ്രമന്ത്രിയാക്കിയതുമില്ല. രാജീവ് ചന്ദ്രശേഖരനെ മന്ത്രിയാക്കിയത് കർണ്ണാടകയിലെ അക്കൗണ്ടിലാണ്. കേരളത്തിൽ ഇടപെടൽ കുറച്ചു നടത്തണമെന്ന സൂചനകൾ ബിജെപി കേന്ദ്ര നേതൃത്വത്തെ കൊണ്ട് രാജീവ് ചന്ദ്രശേഖറിന് കൊടുക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. നേരത്തെ കേരളത്തിലെ എൻഡിഎ വൈസ് ചെയർമാനായിരുന്നു രാജീവ് ചന്ദ്രശേഖർ.

വകുപ്പ് വിഭജനത്തിൽ രാജീവ് ചന്ദ്രശേഖറിന് കൂടുതൽ മെച്ചം കിട്ടുകയും ചെയ്തു. സഹമന്ത്രിമാരുടെ പട്ടികയിൽ പതിനാറാമനാണ് രാജീവ്. ഐടിയും മനുഷ്യശേഷി വികസനവും അടക്കമുള്ള മെച്ചപ്പെട്ട വകുപ്പുകളും കിട്ടി. മുരളീധരന് 20-ാം സ്ഥാനം മാത്രമാണുള്ളത്. പ്രോട്ടോകോളിൽ വിദേശകാര്യ വകുപ്പിന് മെച്ചപ്പെട്ട സ്ഥാനമാണുള്ളത്. എന്നാൽ അതൊന്നും മന്ത്രിമാരുടെ പട്ടികയിൽ പ്രതിഫലിക്കുന്നുമില്ല. സർക്കാർ പുറപ്പെടുവിച്ച ലിസ്റ്റിൽ പ്രധാനമന്ത്രിക്ക് പിന്നിൽ രാജ്‌നാഥ് സിംഗാണുള്ളത്. മൂന്നാമനാണ് അമിത് ഷാ. അതായത് മന്ത്രിമാർക്കുള്ള സീനിയോറിട്ടിയും പ്രയോറിട്ടിയുമാണ് ഈ ലിസ്റ്റിൽ പ്രതിഫലിക്കുന്നത്.

പുനഃസംഘടനയിൽ മുരളീധരന് സ്വതന്ത്ര ചുമതല ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ലെന്നതാണ് വസ്തുത. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ ദയനീയ തോൽവിയും കുഴൽപ്പണമായി കടത്തിയ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവുമാണ് മുരളീധരന് തിരിച്ചടിയായത്. മന്ത്രിസഭാ വികസന ചർച്ചകളിൽ മുരളീധരന്റെ അടുപ്പക്കാരനായ കർണാടകയിൽനിന്നുള്ള സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് തുടക്കംമുതൽ ഉൾപ്പെട്ടിരുന്നെങ്കിലും മുരളീധരന് സ്ഥാനക്കയറ്റം ഉറപ്പിക്കാനായില്ല.

പാർട്ടിയിൽ എതിർചേരിയിലുള്ള ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖറിന് സഹമന്ത്രി സ്ഥാനം ലഭിച്ചതും പാരകളെ കണക്കിലെടുക്കാതെയാണ്. എൻഡിഎ കേരള ഘടകം ഉപാധ്യക്ഷനെന്നനിലയിൽ സംസ്ഥാന ബിജെപി രാഷ്ട്രീയത്തിലും രാജീവിന് കൂടുതൽ പ്രാധാന്യം ലഭിക്കും.