തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നൽകരുത് എന്നുള്ള തീരുമാനം കേരള സർവകലാശാല എടുത്തിട്ടുണ്ടോ എന്ന കാര്യം സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സർവകലാശാല ഡി-ലിറ്റ് നൽകുന്നതിൽ ഇടപെടാൻ സർക്കാരിന് ഒരു അവകാശവുമില്ല. അങ്ങനെ ഇടപെട്ടുവെങ്കിൽ അത് അധികാര ദുർവിനിയോഗമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രത്തിന്റെ പ്രഥമ പൗരന് കേരള സർവകലാശാലയുടെ ഹോണററി ഡോക്റ്ററേറ്റ് നൽകാനുള്ള ചാൻസലർ കൂടിയായ ഗവർണറുടെ ശുപാർശ കേരള സർക്കാർ ഇടപെട്ട് തള്ളിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. അടുത്തിടെ കേരളത്തിലെത്തിയ രാംനാഥ് കോവിന്ദിന് കേരള സർവകലാശ ഡി ലിറ്റ് നൽകി ആദരിക്കണമെന്ന നിർദ്ദേശം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ടു വച്ചെന്നാണ് റിപ്പോർട്ട്.

വൈസ് ചാൻസർ ഇതു സിൻഡിക്കേറ്റിനു മുന്നിൽ വക്കാതെ നേരിട്ട് സർക്കാരിൽ എത്തിക്കുയും അതു തള്ളുകയുമായിരുന്നു എന്നാണ് ആരോപണം. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയത്തിൽ സർക്കാരിനോടും ഗവർണറോടും ചോദ്യങ്ങളുമായി രംഗത്തെത്തി. ഡി ലിറ്റ് നൽകാൻ സർക്കാർ അംഗീകാരം ആവശ്യമില്ലെന്നും ഗവർണർ അതിനു ശുപാർശ നൽകിയോ എന്നും ചെന്നിത്തല ചോദിച്ചിരുന്നു.

രാഷ്ട്രപതിക്ക് ഓണററി ഡി-ലിറ്റ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് ചാൻസലർ കൂടിയായ ഗവർണർ കേരള സർവ്വകലാശാലാ വൈസ് ചാൻസലർക്ക് നിർദ്ദേശം നൽകിയിരുന്നോ? എങ്കിൽ എന്നാണ്?, ഈ നിർദ്ദേശം സർക്കാരിന്റെ ഇടപെടലിനെ തുടർന്ന് കേരള സർവ്വകലാശാലാ വൈസ് ചാൻസലർ നിരാകരിച്ചിരുന്നോ, വൈസ് ചാൻസലർ, ഗവർണ്ണറുടെ നിർദ്ദേശം സിൻഡിക്കേറ്റിന്റെ പരിഗണനക്ക് വയ്ക്കുന്നതിന് പകരം സർക്കാരിന്റെ അഭിപ്രായം തേടിയോ? എങ്കിൽ അത് ഏത് നിയമത്തിന്റെ പിൻബലത്തിൽ?, ഇത്തരത്തിൽ ഡി ലിറ്റ് നൽകുന്ന വിഷയത്തിൽ ഇടപെടാൻ സർക്കാരിന് അവകാശമുണ്ടോ?- തുടങ്ങി ആറു ചോദ്യങ്ങൾ ഇന്ന് കോൺഗ്രസ് നേതാവും ഹരിപ്പാട് എംഎ‍ൽഎയുമായ രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം.

പിണറായി സർക്കാരുമായി സർവകലാശാല നിയമന വിഷയങ്ങളിൽ കടുത്ത എതിർപ്പിലാണ് ഗവർണർ. എന്നാൽ, നിയമന പ്രശ്നങ്ങൾ മാത്രമല്ല, താൻ ചാൻസലർ പദവി വഹിക്കുമ്പോൾ രാജ്യത്തിന്റെ അഭിമാനത്തിനു ക്ഷതമുണ്ടാക്കുന്ന ചില തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അതൊന്നും പുറത്തു പറയുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെളിപ്പെടുത്തിയതോടെയാണ് രാഷ്ട്രപതിയെ വരെ പിണറായി സർക്കാർ അവഹേളിക്കുന്ന നില ഉണ്ടായെന്ന ആരോപണം ശക്തമാകുന്നത്.

ഗൗരവമുള്ള ഒരുപാടു കാര്യങ്ങൾ ഉണ്ടെങ്കിലും ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഗവർണർ ഇന്നലെ പറഞ്ഞത്. ഇനി തെറ്റുകളുടെ ഭാഗമാകാൻ താനില്ല. രാജ്യത്തിന്റെ നിലപാടുകളെയും അഭിമാനത്തെയും സർക്കാർ അപമാനിച്ചു. ചാൻസലർ പദവി വേണ്ടെന്ന തീരുമാനത്തിൽ മാറ്റമില്ല. സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നാൽ ചാൻസലറുടെ അധികാരം പ്രോചാൻസലർക്ക് (മന്ത്രിക്ക്) കൈമാറാൻ തയാറാണ്. ഇക്കാര്യത്തിൽ അനിശ്ചിതത്വത്തിന്റെ കാര്യമില്ല. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും തന്നെ അധിക്ഷേപിക്കുന്നു. അതു തടയാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. വിമർശനങ്ങൾക്കും പരിധിയുണ്ട്. താൻ രാഷ്ട്രീയക്കാരനല്ല. സംഭവിച്ച തെറ്റു തിരുത്താനാണു ചാൻസലർ പദവി ഒഴിയുന്നതെന്നും ഗവർണർ പറഞ്ഞു.

സർക്കാരുമായി ഏറ്റുമുട്ടലിനില്ല. ഇതു തന്റെ കൂടി സർക്കാരാണ്. തെറ്റ് ആവർത്തിക്കാൻ ഇല്ലെന്നു മാത്രം. ചാൻസലറായി തുടരാൻ താൽപര്യവുമില്ല. ഓർഡിനൻസ് കൊണ്ടുവരൂ. ഉടൻ ഒപ്പിട്ടു നൽകാം. ഇപ്പോൾ എല്ലാം തീരുമാനിക്കുന്നതു സർക്കാർ ആണ്. ചർച്ചയ്ക്കായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും ഗവർണർ പറഞ്ഞിരുന്നു. രാഷ്ട്രപതിയുടെ ഡിലിറ്റ് വിഷയം കൂടി വന്നതോടെ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് സംസ്ഥാനത്തെ ഭരണകാര്യങ്ങൾ നീങ്ങുന്നത്.