- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഎംസിസി വിശ്വാസ്യതയില്ലാത്ത കമ്പനിയെന്ന് അറിയിച്ചിരുന്നു; അമേരിക്കയിലെ കോൺസുലേറ്റ് മറുപടി നൽകി; റിപ്പോർട്ട് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയതിനു ശേഷം നാലു മാസം കഴിഞ്ഞ് ധാരണാപത്രം ഒപ്പിട്ടു; വെളിപ്പെടുത്തലുമായി മന്ത്രി വി.മുരളീധരൻ; ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പിണറായിയെ വെട്ടിലാക്കി കേന്ദ്ര ഇടപെടലും
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന ധാരണാപത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. അമേരിക്കൻ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് കേന്ദ്രസർക്കാർ സംസ്ഥാനത്തെ അറിയിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കയിലെ കോൺസുലേറ്റ് മറുപടി നൽകിയിരുന്നെന്ന് മുരളീധരൻ പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നൽകിയതിനു ശേഷം നാലു മാസം കഴിഞ്ഞാണ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നും മുരളീധരൻ പറഞ്ഞു.
കമ്പനിയെക്കുറിച്ചുള്ള വിശദാംശം അന്വേഷിച്ച് നൽകിയ കത്തിന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് 2019 ഒക്ടോബർ മാസം 21ന് മറുപടി അയച്ചിരുന്നു. ഇഎംസിസിയുടെ വിശദാംശങ്ങൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സ്ഥാപനത്തിൽനിന്ന് ഒരു മറുപടിയും കിട്ടിയില്ല, കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെർച്വൽ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയിൽ വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കോൺസുലേറ്റ് നൽകിയ മറുപടി.
ഈ വിവരങ്ങൾ നൽകിയതിന് ശേഷം 2020 ഫെബ്രുവരി 28ന് ആണ് അസന്റിൽ വെച്ച് ഇഎംസിസിയുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പിടുന്നത്. അതായത്, വിലാസത്തിൽ പ്രവർത്തിക്കാത്ത, രജിസ്ട്രേഷൻ മാത്രമുള്ള ഒരു കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്, മുരളീധരൻ പറഞ്ഞു. വിശ്വാസ്യതയുള്ള സ്ഥാപനമാണോ ഇഎംസിസി എന്ന് അറിയുന്നതിനായി ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ജ്യോതിലാൽ കേന്ദ്രത്തിന് കത്തയച്ചിരുന്നു. കമ്പനിയെക്കുറിച്ച് അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് അന്വേഷിക്കുകയും മറുപടി നൽകുകയും ചെയ്തിരുന്നു. ഈ മറുപടിയിലാണ് കമ്പനി വിശ്വാസയോഗ്യമല്ലെന്ന വിവരമുള്ളതെന്നാണ് മുരളീധരൻ ഇന്ന് വ്യക്തമാക്കിയത്.
കേന്ദ്രസർക്കാറും എതിർത്തിരുന്ന കമ്പനിയുമായാണ് സർക്കാർ കരാർ ഉണ്ടാക്കിയത് എന്നതിനാൽ വിഷയം കൂടുതൽ ഗൗരവമായി മാറുകയാണ്. സർക്കാരിന്റെ അനുമതിയോടെയാണ് അമേരിക്കൻ കുത്തകയായ ഇഎംസിസിയുമായി സർക്കാർ എംഒയു ഒപ്പിട്ടതെന്ന് വ്യക്തമാണ്. സംസ്ഥാന സർക്കാരോ സർക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഒരു കരാറിലും ഒപ്പിട്ടിട്ടില്ലെന്ന വാദമാണ് ഇതോടെ സംശയ നിഴലിലാകുന്നത്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ ഒരു പൊതുമേഖലാ സ്ഥാപനമാണ്. ഏതെങ്കിലും സ്ഥാപനങ്ങൾ അങ്ങനെ ഒപ്പിട്ടിട്ടുണ്ടെങ്കിൽ പിന്നാടാണ് അത് സർക്കാരിന്റെ പരിഗണനയിൽ വരിക. അപ്പോഴാണ് നയപരവും നിയമപരവുമായി പരിശോധന നടത്തുക. വിവാദമായപ്പോൾ ഇഎംസിസിയുമായുള്ള കരാർ സർക്കാർ റദ്ദാക്കിയിരുന്നു.
അതേസമയം ഇഎംസിസി സർക്കാരിന് ആഴക്കടൽ മത്സ്യബന്ധന പദ്ധതിയുടെ രൂപരേഖ സമർപ്പിക്കുന്നതു നിയമപ്രകാരം കമ്പനി രൂപീകരിക്കുന്നതിനു മുൻപാണെന്ന വിചിത്ര കാര്യവും വ്യക്തമായിട്ടുണ്ട്. കമ്പനി രൂപീകരിച്ച് 3 മാസത്തിനുള്ളിൽ 5000 കോടി രൂപയുടെ പദ്ധതികൾക്കുള്ള ധാരണാപത്രങ്ങളിൽ സർക്കാർ ഒപ്പുവച്ചു. ന്യൂയോർക്ക് ആസ്ഥാനമായ ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം 5324.49 കോടി രൂപയുടെ വിശദമായ പദ്ധതി രേഖ ഉപകമ്പനിയായ ഇഎംസിസി ഇന്റർനാഷനൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വഴി സമർപ്പിക്കുന്നത് 2019 ഓഗസ്റ്റ് മൂന്നിനാണ്. എന്നാൽ, ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം തന്നെ നിലവിൽ വന്നത് 2019 നവംബർ 26നാണ്.
നിയമപരമായി നിലവിൽ വരാത്ത കമ്പനിക്ക് സർക്കാരിനു മുന്നിൽ പദ്ധതി നിർദേശവുമായി എത്താൻ കഴിഞ്ഞതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഈ ാേചദ്യത്തിന് ഉത്തരം നൽകേണ്ടത് സർക്കാറാണ്. ഇതോടെ ഇഎംസിസിക്ക് പിന്നിൽ ആരാണെന്ന ചോദ്യം ഉയർന്നു കഴിഞ്ഞു. പദ്ധതി നടപ്പാക്കുന്നതു ഗ്ലോബൽ കൺസോർഷ്യത്തിന്റെ നേതൃത്വത്തിലായിരിക്കുമെന്നും പദ്ധതിരേഖയിലുണ്ട്. മാതൃ കമ്പനി നിലവിൽ വരുന്നതിനു മാസങ്ങൾക്കു മുൻപ്, 2019 ജനുവരി 11ന് ഉപകമ്പനിയായി അങ്കമാലി ആസ്ഥാനമായി ഇഎംസിസി ഇന്റർനാഷനൽ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് നിലവിൽ വന്നു. ഈ കമ്പനിയുമായാണു 2020 ഫെബ്രുവരി 28നു ധാരണാപത്രങ്ങൾ ഒപ്പുവച്ചത്.
ഇഎംസിസി ഗ്ലോബൽ കൺസോർഷ്യം രൂപീകരിക്കുന്നതിനും വർഷങ്ങൾ മുൻപ്, 2015 ജൂൺ 19 ന്, ഇതേ പേരിൽ അമേരിക്കയിൽ തന്നെ ഫിലദൽഫിയ ആസ്ഥാനമായി കമ്പനി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഈ കമ്പനിയുടെ ഉപകമ്പനി ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് മത്സ്യബന്ധന പദ്ധതി സമർപ്പിക്കാതിരുന്നതു സംശയങ്ങൾക്ക് ഇടയാക്കുന്നു. അമേരിക്കയിലെ സംസ്ഥാനങ്ങളിൽ നികുതി നിരക്കുകൾ വ്യത്യസ്തമായതിനാലാണ് 2 സംസ്ഥാനങ്ങളിലായി ഒരേ പേരിൽ കമ്പനികൾ രജിസ്റ്റർ ചെയ്തതെന്നാണ് ഇഎംസിസി പ്രസിഡന്റ് ഷിജു വർഗീസിന്റെ വിശദീകരണം.
അതിവിടെ ഇഎംസിസി സർക്കാരിനു സമർപ്പിച്ച പദ്ധതിരേഖയിൽ സ്ട്രാറ്റജിക് പാർട്ണർ എന്ന നിലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അമേരിക്കയിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. എം വി പിള്ളുടെ പേരാണ്. എന്നാൽ, കമ്പനിയെക്കുറിച്ചു തനിക്കൊന്നും അറിയില്ലെന്ന് പിള്ള പ്രതികരിച്ചു. കമ്പനി സംസ്ഥാന സർക്കാരിനു സമർപ്പിച്ച പദ്ധതിരേഖയിൽ സ്ട്രാറ്റജിക് പാർട്ണർ എന്ന നിലയിൽ തന്റെ പേര് ഉൾപ്പെടുത്തിയത് പിൻവലിച്ചു മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചു പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. വെള്ളപ്പൊക്ക കാലത്തു സ്തുത്യർഹ സേവനം കാഴ്ചവച്ച മത്സ്യത്തൊഴിലാളികൾക്കായി ഹെൽത്ത് കെയർ പദ്ധതി നടപ്പാക്കുന്നുവെന്നു പറഞ്ഞു. ചിലർ തിരുവനന്തപുരത്തെ വീട്ടിൽ വന്നു കണ്ടിരുന്നു. നല്ല കാര്യമാണെന്നു പറഞ്ഞ് മടക്കിയതല്ലാതെ മത്സ്യ പദ്ധതിയുമായി തനിക്കൊരു ബന്ധവുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ