തിരുവനന്തപുരം: കേന്ദ്രമന്ത്രിയാണ് വി മുരളീധരൻ. കേരളത്തിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവ്. മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാ അംഗമായി കേന്ദ്ര മന്ത്രിസഭയിലെത്തിയ മലയാളി. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ പ്രവാസികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന നേതാവ്. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പല പ്രഖ്യാപനങ്ങളും നടത്തുന്ന തലശ്ശേരിക്കാരൻ... ജീവിതത്തിലും രാഷ്ട്രീയത്തിലും വ്യത്യസ്തമായ വഴിയിലൂടെയായിരുന്നു യാത്രകൾ. ജീവിത വഴിയ്‌ക്കൊപ്പം രാഷ്ട്രീയ ചിന്തകളും മറുനാടനുമായി വി മുരളീധരൻ പങ്കുവച്ചു. കേന്ദ്രമന്ത്രിയുമായുള്ള അഭിമുഖത്തിന്റെ രണ്ടാംഭാഗം.

•പി ആർ ശിവശങ്കരനെ ഒതുക്കിയാതായൊരു തോന്നൽ കേരളത്തിൽ, അദ്ദേഹംചാനലുകളിൽ നന്നായി തിളങ്ങി നിന്നിരുന്നു, ബാക്കി ഒന്നും നമുക്ക് അറിയില്ല.അദ്ദേഹത്തിന് വിഭാഗീയത ഉണ്ടോ എന്ന് അറിയത്തില്ല, പക്ഷേ അദ്ദേഹത്തിനെ മാറ്റി നിർത്തിയിരിക്കുന്നു ഒന്ന്, സന്ദീപ് വാര്യരെയും ചിലപ്പോഴൊക്കെ മാറ്റിനിർത്തുന്നു എന്ന് നമുക്ക് തോന്നുന്നു. ഇത് വലിയ ജനകീയമായ രണ്ടു മുഖങ്ങൾ ആയിരുന്നു?

അല്ല ഈ ബിജെപിയിൽ ആരെയും മാറ്റിനിർത്തിയത് ആയിട്ട് എന്റെ അറിവിൽ ഇല്ല. കാരണം അങ്ങനെ ഇവിടെയും ഒരു തീരുമാനമെടുത്ത് ആയിട്ടും എന്റെ അറിവിൽ ഇല്ല. പിന്നെ ചുമതലകൾ എല്ലായിപ്പോഴും എല്ലാവർക്കും ഒരുപോലെ ഉണ്ടാകില്ല. ഇപ്പോൾ ഞാൻ ആറുവർഷം പ്രസിഡണ്ടായിരുന്നു അത് കഴിഞ്ഞിട്ട് ഞാൻ മാറി. മാറിയിട്ട് ഞാൻ രണ്ടുവർഷക്കാലം ദേശീയ നിർവാഹക സമിതി അംഗമായിരുന്നു. കേരളത്തിലെ കാൾ കൂടുതൽ മറ്റു സംസ്ഥാനങ്ങളിൽ ആയിരുന്നു എനിക്ക് പ്രവർത്തനം. അത് ഓരോഘട്ടത്തിലും പാർട്ടി സംഘടന യുടെ പല വശങ്ങൾ ചർച്ച ചെയ്തുകൊണ്ട് ആളുകളുടെ പല കാര്യങ്ങളും ചർച്ച ചെയ്തുകൊണ്ട് എടുക്കുന്ന തീരുമാനങ്ങൾ ആണ്. അതിനർത്ഥം ആരെയെങ്കിലും ഒഴിവാക്കി എന്നോ ഒതുക്കി എന്നോ അല്ല. എല്ലാവരും രാഷ്ട്രീയ നേതാവ് എന്നുള്ള നിലയിൽ ഓരോ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുക. ആധ്യന്തികമായിട്ട് രാഷ്ട്രീയമെന്ന് പറഞ്ഞാൽ തിരഞ്ഞെടുപ്പും തെരഞ്ഞെടുപ്പിലെ വിജയങ്ങളുമാണ്. ബാക്കിയുള്ളതൊക്കെ അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആണ്. അതിൽ കേരളത്തിൽ 140 മണ്ഡലങ്ങൾ ഉണ്ട്, അതിൽ ഒരു നേതാവിനെയും വിലക്കിയതായിട്ടോ ഒഴിവാക്കിയതായിട്ടോ എന്റെ അറിവിൽ ഇല്ല.

•കൃഷ്ണ ദാസ് ഉണ്ട്, ശ്രീധരൻ ഉണ്ട്, അങ്ങയ്ക്കു പെട്ടന്ന് മന്ത്രി എന്നുള്ള ഒരു പദവി കിട്ടാനുള്ള കാരണം എന്താകാം..?

ആ ഉത്തരം എനിക്ക് തന്നെ അറിയില്ല. ഞാൻ വാസ്തവത്തിൽ 2018ൽ എനിക്ക് കർണാടക തിരഞ്ഞെടുപ്പിന്റെ പ്രവർത്തനത്തിന് വേണ്ടിയിട്ട് പാർട്ടി അവിടത്തെ 224 സീറ്റുകളോ 228 സീറ്റുകളോ ഉള്ള നിയമസഭയിൽ നാല് അസംബ്ലി സീറ്റുകൾ ഓരോരുത്തർക്കും എന്നുള്ള നിലയിൽ ഏതാണ്ട് 56 പേരെയോ മറ്റോ തീരുമാനിച്ച് അതിനുവേണ്ടി ഡൽഹിയിൽ ഒരു മീറ്റിങ് നടന്നു. ഈ 56 പേരും പങ്കെടുത്തുകൊണ്ട് ഡൽഹിയിൽ ഒരു മീറ്റിങ് നടന്നിരുന്നു. ആ മീറ്റിംഗിൽ ഭാഷയുടെ ഇതുകൊണ്ട് ആയിരുന്നിരിക്കണം കേരളത്തിൽനിന്ന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമിത്ഷാ ജി ബാക്കിയുള്ളവരൊക്കെ പങ്കെടുത്തുകൊണ്ട് നാലു മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ ഷിമോഗ കേന്ദ്രീകരിച്ചുകൊണ്ട് ഉള്ള നാല് മണ്ഡലങ്ങൾ, ഷിമോഗ, ഭദ്രാവതി, ഷിമോഗ റൂറൽ, പിന്നെ ഇപ്പോഴത്തെ അവിടത്തെ ആഭ്യന്തര മന്ത്രിയുടെ മണ്ഡലം ഈ നാല് മണ്ഡലങ്ങളിൽ. അങ്ങനെ ഞാൻ ഷിമോഗയിൽ രാവിലെ ട്രെയിനിൽ വന്നിറങ്ങി രാവിലെ മീറ്റിങ് തുടങ്ങുന്ന സമയത്താണ് അമിത്ഷ ജി യുടെ ഫോൺ കോൾ വരുന്നത്. നിങ്ങൾ എവിടെയാ ഉള്ളത്, അപ്പോൾ ഞാൻ പറഞ്ഞു കർണാടകത്തിലാണ്. അപ്പോൾ എന്നോട് പറഞ്ഞു രാജ്യസഭയിലേക്ക് നിങ്ങളുടെ പേര് പരിഗണനയിലുണ്ട് അതുകൊണ്ട് നോമിനേഷൻ കൊടുക്കാനുള്ള പേപ്പേഴ്‌സ് ശരിയാക്കികൊള്ളൂ. എവിടുന്നാ നോമിനേഷൻ കൊടുക്കേണ്ടത്. അത് അറിയിക്കും. പാർട്ടി എനിക്ക് അവിടെ നിന്ന് ഷിമോഗയിൽ നിന്ന് ഹെലികോപ്റ്ററിൽ കോഴിക്കോട് എത്തിച്ചു. കോഴിക്കോട് നിന്ന് പ്രത്യേക വിമാനത്തിൽ എന്നെ ബോംബെയിൽ എത്തിച്ചു. പിറ്റേദിവസം 12 മണി വരെയാണ് നോമിനേഷൻ കൊടുക്കാനുള്ള സമയം. അതും ഞായറാഴ്ചയാണ് ഈ ദിവസം. ഞായറാഴ്ച രാവിലെ ഒരു എട്ടു മണിക്ക് എന്നോട് പറയുന്നു. ഞാൻ അവിടന്ന് ഒരു രണ്ടു മണിക്ക് ഹെലികോപ്റ്ററിൽ കയറുന്നു. കോഴിക്കോട് എത്തുന്നു. അവിടെനിന്ന് രാത്രി ഏതാണ്ട് 9 മണിയോ പത്തുമണിയോ സമയത്ത് കോഴിക്കോട് നിന്ന് വിമാനം കയറുന്നു. എല്ലാം പാർട്ടിയാണ് ചെയ്തത് ഇതൊന്നും ഞാൻ അല്ല. ഞാൻ ഒപ്പിടുന്നു ഫോം തയ്യാറാക്കി കൊണ്ടുപോകുന്നു ബോംബെയിൽ അർദ്ധരാത്രി പന്ത്രണ്ട് പന്ത്രണ്ടരയ്ക്ക് എത്തുന്നു, രാത്രി ഇരുന്ന് ഫോമിൽ എന്തെങ്കിലും പോരായ്മകൾ ഉണ്ടോ എന്ന്, അവിടുത്തെ പാർട്ടിയുടെ നേതാക്കളുണ്ട്. സ്വാഭാവികമായിട്ടും അവിടത്തെ പാർലമെന്ററി ഇതിന്റെ ചുമതല വഹിച്ച മന്ത്രി ഗിരീഷ് വാഭട്ട് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ ഏർപ്പാട് ചെയ്തു. പിറ്റേന്ന് രാവിലെ നിയമസഭാ മന്ദിരത്തിൽ പോയിട്ട് 11 മണിക്ക് നോമിനേഷൻ കൊടുത്തു. അതിനപ്പുറത്ത് ഈ തീരുമാനം എങ്ങനെയുണ്ടായി ആരു തീരുമാനിച്ചു എന്നതൊക്കെ പാർട്ടിയുടേതാണ്. ഇത് കഴിഞ്ഞിട്ട് ഒരു വർഷം ഞാൻ എംപി ആയി പ്രവർത്തിച്ചു. എം ബി ഐ പ്രവർത്തിച്ചപ്പോൾ തന്നെ പാർട്ടിയുടെ ആറു വിപ്പുകളിൽ ഒരാളായി എന്നെ മാറ്റിയിരുന്നു. അതുകഴിഞ്ഞിട്ട് സത്യപ്രതിജ്ഞയുടെ തലേദിവസം എല്ലാ എംപിമാരും ഡൽഹിയിൽ എത്തണം. ഞാൻ ഡൽഹിയിൽ എത്തി. അഡീഷണൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് കുറച്ചുപേർ വന്നിട്ടുണ്ടായിരുന്നു. എല്ലാ എംപിമാർക്കും കൊടുക്കുന്ന നാല് പാസിനപ്പുറത്തേക്ക് ഒരു നാലഞ്ച് പാസ്സ് കൂടി കിട്ടുമോ എന്ന് നോക്കാൻ വേണ്ടിയിട്ട് ഞാൻ ബിജെപി ഓഫീസിൽ പോയി. ബിജെപി ഓഫീസിൽ നിന്നും മൂന്നാല് പാസ്സിന് വേണ്ടിയിട്ടുള്ള സംവിധാനങ്ങൾ ചെയ്തു തിരിച്ചു വരുന്ന വഴിയാണ് വീണ്ടും എനിക്ക് അമിത്ഷ ജി യുടെ കാൾ വരുന്നത്. നിങ്ങൾ വൈകുന്നേരം നാലുമണിക്ക് പ്രധാനമന്ത്രിയുടെ വീട്ടിൽ എത്തണം അതുകഴിഞ്ഞിട്ട് സത്യപ്രതിജ്ഞയിൽ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കണം.

• ഒരു ആലോചനയും ഒരു മുന്നൊരുക്കങ്ങളും, ഒരു വാദ സംവാദങ്ങളും ഒന്നുമില്ല?

എന്നോട് ഒന്നും ചോദിച്ചിട്ടും ഇല്ല, എന്തുകൊണ്ട് ആക്കുന്നു എന്നു പറഞ്ഞിട്ടുമില്ല.

• അത്തരത്തിലൊരു ഒഴിവാക്കലും വേണമെങ്കിൽ സംഭവിക്കില്ലേ..?അതും പ്രതീക്ഷിക്കാം?

ആവാം, പാർട്ടിയിൽ എല്ലാവർക്കും അവസരമുണ്ട്. എല്ലാവർക്കും അവരവരുടെ, പാർട്ടി പൊതുവേ പരിഗണിച്ചുകൊണ്ട് ആയിരിക്കണം എന്തൊക്കെ കാര്യങ്ങളാണ് എന്ന് എനിക്കും അറിയില്ല. പല കാര്യങ്ങൾ ആലോചിച്ചിട്ട് ആയിരിക്കണം പാർട്ടി തീരുമാനം എടുക്കുന്നത്.

• അങ്ങയെ കേരള വിരുദ്ധൻ എന്നാണ് പിണറായി വിജയൻ വിശേഷിപ്പിക്കുന്നത്. എങ്ങനെ പ്രതികരിക്കുന്നു..?

പിണറായി വിജയൻ എന്നുപറഞ്ഞാൽ കേരളം ആണെങ്കിൽ ഞാൻ കേരള വിരുദ്ധൻ ആണ്. കാരണം ഞാൻ എടുക്കുന്ന നിലപാട്, ഒരു നിലപാട് പോലും സംസ്ഥാനത്തിന്റെ താല്പര്യത്തിന് എതിരല്ല. സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യത്തിന് എതിരല്ല. സിപിഎം താല്പര്യത്തിന് എതിരാണ്. ഞാൻ പിണറായി വിരുദ്ധൻ എന്ന് പറയുമ്പോൾ പോലും ഒരു വ്യക്തിയോടും എനിക്ക് വ്യക്തിപരമായി ഒരു എതിർപ്പുമില്ല. പക്ഷേ അവരെടുക്കുന്ന നിലപാടുകളോട് എനിക്ക് എതിർപ്പുണ്ട്.

• യോഗി ആദിത്യനാഥ് കേരളത്തിനെതിരെ സംസാരിച്ചപ്പോൾ അങ്ങനെ യോഗിയെയാണ് പിന്തുണച്ചത്?

ഞാനൊരു കാര്യം ചോദിക്കട്ടെ, നമ്മുടെ കിഴക്കമ്പലത്ത് ഒരു യുവാവിനെ ഒരു ദളിത് യുവാവിനെ തല്ലിക്കൊന്നു. സ്വന്തം പാർട്ടിയിൽപെടാത്തവരെയൊക്കെ ചെന്ന് തല്ലിക്കൊല്ലുക എന്നുള്ള രീതി ഉത്തർപ്രദേശിൽ ഇല്ല. ഈ തിരുവനന്തപുരം നഗരത്തിൽ പട്ടാപകൽ ആണ് ഒരു പെൺകുട്ടി കൊലചെയ്യപ്പെട്ടത്, ഈ കഴിഞ്ഞ ദിവസം അമ്പലമുക്കിൽ. എത്ര സംഭവങ്ങൾ നടക്കുന്നു.

• അല്ല യുപിയിലും കൊലപാതകങ്ങൾ കൂടുതൽ ഉണ്ടല്ലോ?

യുപിയിലെ കൊലപാതകം കഴിഞ്ഞ് അഞ്ചുവർഷകാലത്തിനിടയിൽ അത് കുറഞ്ഞു. യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പിനെ നേരിടുന്ന ഒരു മുഖ്യമന്ത്രിയാണ്. അദ്ദേഹം താരതമ്യം ചെയ്യുക എന്താ അദ്ദേഹത്തിന്റെ ഭരണകാലത്തെ അഞ്ചു കൊല്ലവും, അതിനു മുൻപത്തെ കാലവും. ഇത് രണ്ടും അദ്ദേഹം താരതമ്യം ചെയ്തു. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ എന്തൊക്കെ കാര്യങ്ങൾ കുറവുവന്നു, മറ്റു ചില സംസ്ഥാനങ്ങളിൽ ആ മേഖലയിൽ ഉണ്ടായിട്ടുള്ള വർദ്ധനവ്. അത് താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ വർദ്ധിച്ചു യുപിയിൽ കുറഞ്ഞു.

• മാത്രമല്ല ഈ തീവ്രവാദവും ഒരു വിഷയമാണ് അല്ലേ?

ഏറ്റവും കൂടുതൽ ഐഎസിന്റെ റിക്രൂട്ടിങ് കേന്ദ്രം ആയിട്ട് കേരളം മാറുന്നു എന്നുള്ളത് ബിജെപിയുടെ ആരോപണം അല്ലല്ലോ. റിട്ടയർ ചെയ്ത് ഡിജിപി അദ്ദേഹത്തിന്റെ വിരമിക്കൽ ദിവസം നടത്തിയ പ്രസ്താവനയാണ്. ടിപി സെൻകുമാർ പറഞ്ഞു ബഹ്‌റയും പറഞ്ഞു. ഉത്തർപ്രദേശിനെ കുറിച്ച് ഇത് ആരും പറയുന്നില്ല. ഇരുപത്തി മൂന്നരക്കോടി ജനങ്ങൾ ഉത്തർപ്രദേശിൽ മൂന്നരക്കോടി ജനങ്ങൾ കേരളത്തിൽ. എന്നെ നോക്കുമ്പോൾ ഉത്തർപ്രദേശിലെ അക്രമസംഭവങ്ങൾ കൂടുതൽ ഉണ്ടാകും, പക്ഷെ അവിടുത്തെ ജനസംഖ്യയുമായി താരതമ്യംചെയ്യുമ്പോൾ അവിടുത്തെ ആരോഗ്യസ്ഥിതിയുടെ പൊതു സ്ഥിതിയെ നോക്കുമ്പോൾ ആരോഗ്യമേഖല നമ്മൾ മുന്നിൽ അല്ലേ. കേരളം വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഈ രണ്ടു മേഖലയും കേരളം ആയിട്ട് കമ്പയർ ചെയ്യാൻ ഒരു സംസ്ഥാനത്തിനും പറ്റില്ല. അക്കാര്യത്തിൽ ഒരു തർക്കവും ആർക്കും ഉന്നയിക്കാൻ പറ്റില്ല. പക്ഷേ കഴിഞ്ഞ അഞ്ചു വർഷക്കാലം കൊണ്ട് ആരോഗ്യമേഖല അടക്കം തകർന്നു. ആരോഗ്യമേഖല ഭരിക്കാൻ ഒരു പരിചയവുമില്ലാത്ത പാർട്ടിക്കാരനെ മന്ത്രിയുടെ കീഴിൽ എന്നുപറഞ്ഞുകൊണ്ട് മന്ത്രിയെകാൾ വലിയൊരു നേതാവിനെ മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയായി വെച്ചിരിക്കുകയാണ്.ആ ആളല്ലേ ഭരിക്കുന്നത്. മന്ത്രി ആണോ ഭരിക്കുന്നത്? മന്ത്രിക്ക് ഭരിക്കാൻ പോലും പറ്റില്ലല്ലോ. മന്ത്രിയെ നിയന്ത്രിക്കുന്ന ഒരു പേഴ്‌സണൽ സെക്രട്ടറി അതാണ് ഇന്നലെ ഇപ്പോൾ ഗവർണർ പറഞ്ഞത്. കേരളത്തിൽ മാത്രമുള്ള ഒരു പ്രതിഭാസമാണ്. പാർട്ടി ആൾക്കാരെ വെച്ച് പാർട്ടി വളർത്തുക. അതിനു വേണ്ടി ഇട്ട സർക്കാർ പണം ചെലവാക്കുക, രണ്ടു കൊല്ലം കഴിയുമ്പോഴേക്കും അവർക്ക് പെൻഷൻ കൊടുക്കുക.

• കേരളത്തിന് പുറത്ത് അങ്ങനെയില്ലാ?

ഒരു സ്ഥലത്തും അങ്ങനെ ഇല്ല. ഒരു സ്ഥലത്തും പെൻഷനില്ല. മാത്രമല്ല മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ ആളുകളെ വയ്ക്കുമ്പോൾ, ഇപ്പോൾ ഉദാഹരണത്തിന് കേന്ദ്രസർക്കാരിൽ എന്റെ പേഴ്‌സണൽ സ്റ്റാഫിൽ പി എ ലെവലിൽ നമ്മൾ ചിലപ്പോൾ സർക്കാർ സംവിധാനത്തിനു പുറത്തുള്ള ആളുകളെ അവരുടെ കഴിവിന്റെ അടിസ്ഥാനത്തിൽ
എടുക്കും. ആ സംഖ്യയും കുറവാ. ഗവർണർ ഇന്ന് അതും പറഞ്ഞിട്ടുണ്ട്. കേരളത്തിൽ 16 മുതൽ 25 പേരെ വയ്ക്കുന്നുണ്ട്. കേന്ദ്ര മന്ത്രിമാരുടെ സ്റ്റാഫിൽ 13 പേരാണ്.

• അതിൽ ഭൂരിപക്ഷവും സർക്കാർ ഡെപ്യൂറ്റേഷൻ ആണ്..?

സർക്കാരിൽ നിന്ന് വന്ന ആൾക്കാരാണ്. പി എസ് എന്ന പദവിയിൽ ഒരാൾ പോലും സർക്കാർ സംവിധാനത്തിൽ നിന്നല്ലാത്തവരില്ല. കാരണം മന്ത്രിയുടെ ഓഫീസ് എന്നുപറയുന്നത് ഒരു സംവിധാനവും ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റ് എന്ന് പറയുന്ന മറ്റൊരു സംവിധാനവും തമ്മിലുള്ള ഒരു ലിങ്ക് ആണ് പി എസ്. അത് അവിടെയുള്ള ഒരാൾ ഇവിടെ വന്ന് വർക്ക് ചെയ്യുമ്പോഴാണ് മന്ത്രിയടക്കം ആളുകളെ ഗൈഡ് ചെയ്യാൻ അയാൾക്ക് പറ്റുക. ഇപ്പോൾ മന്ത്രിയെ ഗൈഡ് ചെയ്യാൻ പറ്റില്ല കാരണം പി എസിന് ഭരണം അറിയില്ലല്ലോ. സർക്കാർ എത്രയോ പേർക്ക് ശമ്പളം കൊടുക്കുന്നില്ലേ. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ഇടയിൽനിന്ന് 400 പേരെ കണ്ടുപിടിക്കാൻ ഈ സർക്കാരിലെ മന്ത്രിമാർക്ക് സാധിക്കുന്നില്ലേ കഴിവുള്ള ആൾക്കാരെ?. അപ്പോ ഇത് ഈ രീതിയിലുള്ള കാര്യങ്ങൾ ചോദ്യം ചെയ്യുമ്പോൾ അത് കേരള വിരുദ്ധമാണെന്ന് പറഞ്ഞു കഴിഞ്ഞാൽ അത് കേരള വിരുദ്ധമല്ല സിപിഎമ്മിന്റെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് എതിരായിട്ടാണ്. കേരളം തകരുന്നതിന്റെ ഏറ്റവും പ്രധാന കാരണം സിപിഎം കേരളത്തിൽ ഭരിക്കുന്നു എന്നുള്ളതും കേരളം മാറിമാറി വരുന്നു എന്നുള്ളതുമാണ്. കാരണം അതുകൊണ്ടല്ലേ കേരളത്തിൽ വ്യവസായങ്ങളില്ലാത്തത്. വിദേശത്തുനിന്ന് വന്ന നിക്ഷേപിക്കാൻ തയ്യാറുള്ളവർ അടക്കം, ഇപ്പോൾ കഴിഞ്ഞ ആഴ്ച തന്നെ ഒരു സംഭവം നടന്നില്ലേ. മാതമംഗലത്ത് കട നടത്താൻ അനുവാദമില്ല, തകഴിയിലെ സംഭവം. പണമുള്ളവൻ എല്ലാം ബൂർഷ്വാ ആണ് പണം ഉള്ളവരെ എല്ലാവരെയും അടിച്ചോടിക്കണം ഈ സമീപനം മാർക്‌സിസ്റ്റ് പാർട്ടി ഉണ്ടാക്കി. എന്നാൽ
ആ പണക്കാരിൽ നിന്ന് എല്ലാം അവർക്ക് ആവശ്യമുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നുണ്ട്.

• ഈ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ആയിട്ടുള്ള ഫലപ്രദമായ ഇടപെടൽ കേന്ദ്രസർക്കാർ ബിജെപിയോ ചെയ്യുന്നില്ല. ഉദാഹരണണത്തിന് സ്വർണ്ണക്കടത്ത്. സ്വർണ്ണക്കടത്ത് പോലുള്ള ഒരു വിഷയം ഇത്രയും ശക്തമായി എന്നെപ്പോലുള്ള മാധ്യമങ്ങൾ പിണറായിയുടെ അന്ത്യമെന്ന് കരുതിയതാണ്. പക്ഷേ ഒന്നുമില്ലാതെ അങ്ങ് അവസാനിച്ചില്ലേ..?

ഞാൻ പറയട്ടെ, അത് അവസാനിച്ചു എന്ന് എങ്ങനെ പറയും? കാരണം കസ്റ്റംസും ഇ ഡി യും അവരുടെ നിയമപ്രകാരം അവർക്ക് കള്ളപ്പണവും കള്ളക്കടത്തും ഇത് രണ്ടും അന്വേഷിക്കാൻ ഉള്ള അധികാരം ആണ് ഉള്ളത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകളിൽപ്പെടുന്ന ഗൂഢാലോചന ഇത് അന്വേഷിക്കാൻ അവർക്ക് അധികാരമില്ല. അത് അന്വേഷിക്കണം എങ്കിൽ സിബിഐ വരണം. ഇ ഡിയും കസ്റ്റംസും അവരുടെ അന്വേഷണം എവിടെയും അവസാനിപ്പിച്ചിട്ടില്ല. അത് ഘട്ടംഘട്ടമായി മുന്നോട്ടുപോകുകയാണ്. ഈ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് വ്യക്തമാകണമെങ്കിൽ ഈ കോൺസുലേറ്റിലെ 2 ഉദ്യോഗസ്ഥന്മാർ, അവരും ആയിട്ടാണ് ഈ രാഷ്ട്രീയ നേതൃത്വത്തിന് ബന്ധം ഉണ്ടായിരുന്നത്. അവരെ ചോദ്യം ചെയ്യാൻ ഉള്ള അനുവാദം കസ്റ്റംസ് ആവശ്യപ്പെട്ടത് വിദേശമന്ത്രാലയം കൊടുത്തിട്ടുണ്ട്. ആ ചോദ്യംചെയ്യലും ആയിട്ട് ആ രാജ്യങ്ങൾ എത്ര സഹകരിക്കും എന്നുള്ളത് അനുസരിച്ചിരിക്കും അവിടുന്നങ്ങോട്ട് ഉള്ള ലീങ്കിനെ കുറിച്ചുള്ള അന്വേഷണം വരുന്നത്.

• അത് സാധ്യമാകുമോ? കാരണം അവർക്ക് ഡിപ്ലോമാറ്റിക് പരിരക്ഷയുണ്ട് ?

അവർക്ക് ഡിപ്ലോമാറ്റിക് പരിരക്ഷയില്ല. പരിരക്ഷ ഇല്ലാത്തതുകൊണ്ടാണല്ലോ അനുവദിക്കുന്നത്. ഡിപ്ലോമാറ്റിക് പരിരക്ഷ ഒന്നാമത്തെ കാര്യം എംബസിയിൽ ഉള്ള ആളുകൾക്കാണ്. കോൺസുലേറ്റിൽ ഉള്ള ആളുകൾക്ക് ഡിപ്ലോമാറ്റിക് പരിരക്ഷയില്ല. കോൺസുലേറ്റിലെ ആളുകൾക്ക് ആകെയുള്ളത് അവരുടെ കോൺസുലേറ്റ് അഫേഴ്‌സ് എന്ന് പറഞ്ഞാൽ അവരുടെ പൗരന്മാരുമായിട്ട് ബന്ധപ്പെട്ടിട്ടുള്ള കാര്യങ്ങൾ, അതിൽ മാത്രമാണ് സ്വാതന്ത്ര്യം ഉള്ളത്. അല്ലാതെ സ്വർണം കടത്തുന്നതിന് അവർക്ക് ഒരു പരിരക്ഷയും ഇല്ല.

• അംബാസിഡർക്ക് ആണെങ്കിൽ അവിടെയും ഉണ്ട്..?

അംബാസഡർക്ക് ഉള്ള അധികാരം ഒന്നും ഇവിടെ ഇല്ല.

• ഇവിടെ കോൺസുലർ ജനറൽ ആണ് മെയിൻ പ്രതിയെന്ന് ഇപ്പോൾ പറയുന്നത്. അറ്റഷേ പോലുമല്ല. അപ്പോൾ അത് എങ്ങനെ നമുക്ക് പൂർത്തിയാക്കാൻ പറ്റും..?

ഇപ്പോൾ അതുകൊണ്ടാണല്ലോ രണ്ടുപേരെയും ചോദ്യം ചെയ്യാനുള്ള അനുവാദം കസ്റ്റംസ് ആവശ്യപ്പെടുകയും അതുകൊടുക്കുകയും ചെയ്തത്. വിദേശകാര്യമന്ത്രാലയം വഴിയാണ് ആ നോട്ടീസ് പോയിരിക്കുന്നത്.

• അതിൽ എന്തെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ..?

അതിനി തുടർന്നു നടക്കണം.

• അതുപോലെ ലാവലിൻ കേസ്. ലാവ്ലിൻ കേസ് എന്തോരം തവണയാ മാറ്റിവെച്ചത്, സുപ്രീം കോടതിയാണ്, സിബിഐ വേണ്ടവിധത്തിൽ ഇടപെടാത്തതുകൊണ്ട് ആണെന്ന് പറയാൻ പറ്റില്ലേ..?

ഒരു വിഷയത്തിലും ഇടപെടാതെ ഇരിക്കുന്ന പ്രശ്‌നമേ ഇല്ല. കാരണം സിപിഎം സർക്കാരിനോട് ഞങ്ങൾ എന്തിനാ അനുഭാവം കാണിക്കുന്നത്. ഞങ്ങളുടെ ഇത്രയധികം പ്രവർത്തകരെ കൊന്നു തള്ളുന്ന ഒരു പാർട്ടിയുടെ സർക്കാരിനോട്, ആ പാർട്ടിക്ക് നേതൃത്വം കൊടുക്കുന്ന ആളുകളോട് ഞങ്ങൾക്ക് ഒരു ദയാ ദാക്ഷിണ്യത്തിന്റെ യും ആവശ്യമില്ല. കോൺഗ്രസ് പറയുന്ന ഒരു വാദം കേരളത്തിൽ, കോൺഗ്രസ്സും സിപിഎമ്മും സ്ഥിരമായിട്ട് സഹകരിച്ചിരുന്ന ആൾക്കാരാണ്. ഈ സഹകരണം, കഴിഞ്ഞ ദിവസം മന്ത്രി ബിന്ദു പറഞ്ഞത് എന്താ, സതീശൻ നല്ല സഹകരണം ഉള്ള ആളാണെന്ന്. ക്രിയാത്മക സഹകരണം ആണെന്നാണ് പ്രതിപക്ഷനേതാവും പറയുന്നത്. അപ്പോൾ ക്രിയാത്മക പ്രതിപക്ഷം ആകുന്നു. അപ്പോൾ അത് വരുമ്പോൾ സർക്കാരിനെതിരെ ശക്തമായി പ്രതികരിക്കുന്നില്ല എന്നുള്ള ഒരു ആരോപണം വരാതിരിക്കാൻ മുൻകൂട്ടി ഒരു വെടി വെയ്ക്കുക. അപ്പോൾ ബിജെപിക്കെതിരായിട്ട് ഒരു ആരോപണം ഉന്നയിക്കുക.

• ഇതിൽ ഒരു തിയറി പറയുന്നത്. ബിജെപി ഇവിടെ വളരണമെങ്കിൽ കോൺഗ്രസ് തകരണം എന്നാണ്.

ഞാൻ ചോദിക്കട്ടെ കോൺഗ്രസിനെ, തകർക്കുന്ന അതിനേക്കാൾ ഞങ്ങൾ ഏറ്റുമുട്ടിയിരുന്നത് ഇത്രയും കാലം സിപിഎമ്മും ആയിട്ടല്ലേ.

• കോൺഗ്രസ് മുക്ത ഭാരതം എന്ന ഒരു സ്വപ്നം നിങ്ങൾക്ക് ഉണ്ടല്ലോ..?

കോൺഗ്രസ് മുക്ത ഭാരതം എന്നുള്ള വാക്കിന്റെ അർത്ഥം, കോൺഗ്രസിന്റെ അഴിമതികളിൽ നിന്ന് മുക്തമായ ഭാരതമാണ്. എന്താ കോൺഗ്രസ്, കോൺഗ്രസ് എന്നുപറഞ്ഞാൽ അഴിമതി അതാണല്ലോ.. ഇപ്പോൾ എവിടെയാണെങ്കിലും ആൾക്കാരെ കോൺഗ്രസ് എന്നുപറഞ്ഞാൽ ഗാന്ധിജിയുടെ ആശയങ്ങൾ ആണ് എന്ന് പറയുമോ.?ആരും പറയില്ല. കോൺഗ്രസുകാർ അടക്കം അവർ പരസ്യമായി പറയുന്നതും സ്വകാര്യമായി ചെയ്യുന്നതും തമ്മിൽ എത്ര വ്യത്യാസമുണ്ടെന്ന് നാട്ടിൽ എല്ലാവർക്കും അറിയാം. കേരളത്തിലടക്കം ഇല്ലേ. അപ്പൊ അതുകൊണ്ട് കോൺഗ്രസിന്റെ ആശയങ്ങൾ എന്നു പറയുന്നത് ഇന്നത്തെ കോൺഗ്രസിൽ ആരും അത് പാലിക്കുന്ന ആൾക്കാരില്ല. ആരെങ്കിലും അപൂർവ്വം ആയിട്ടുണ്ടെങ്കിൽ വ്യക്തിപരമായിട്ടുണ്ടാകാം. അപ്പോൾ കോൺഗ്രസിന്റെ അഴിമതി അഴിമതിയിൽ നിന്ന് നാടിനെ രക്ഷിക്കുക. അതാണ് ദേശീയതലത്തിലുള്ള ഒരു ഇത്. കേരളത്തിൽ കോൺഗ്രസ് അല്ല സിപിഎമ്മാണ് ഏറ്റവും വലിയ ഇത്.

• ഞാൻ മറ്റൊരു കാര്യം കൂടി ചോദിച്ചോട്ടെ, ന്യൂനപക്ഷ വോട്ടുകൾ പൊതുവേ കോൺഗ്രസിനൊപ്പം ആയിരുന്നു. ആ ഫോർമുലയാണ് പിണറായി വിജയൻ പിണറായിസത്തിന്റെ ഭാഗമായി മാറ്റിയെഴുതിയത്. അദ്ദേഹം ന്യൂനപക്ഷ വോട്ടുകൾ എ അസാധാരണമായി ഫോക്കസ് ചെയ്തു ഒപ്പം അവരുടെ പാർട്ടിയും. അപ്പോൾ ഈ മുസ്ലിം വോട്ട്, നമ്മൾ ഈ ന്യൂനപക്ഷ വോട്ടിൽ തന്നെ ഒരു 26% എന്നു പറയുന്നത് ഒരു 30% ആകാം. പ്രത്യേകിച്ച് ബംഗാളികൾ ആയി ഇവിടെ രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്ന വരെ കൂടി ഉൾപ്പെടുത്തി. ഈ മുസ്ലിം വോട്ടിങ്ങിനെ സിപിഎമ്മിനൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ കഴിയാത്ത സാഹചര്യം കോൺഗ്രസിനും ബിജെപിക്കും ഇല്ലേ..?

അങ്ങനെ മുസ്ലിം സമുദായം പൂർണ്ണമായും സിപിഎമ്മിനൊപ്പം ആണെന്നൊന്നും എനിക്കഭിപ്രായമില്ല. മുസ്ലിം വോട്ട് കിട്ടാൻ വേണ്ടി കിട്ടി ശ്രമിക്കുന്നുണ്ട് എന്നുള്ളത് ഞാൻ അംഗീകരിക്കുന്നു. പക്ഷേ മുസ്ലിം സമുദായത്തിലെ മുഴുവൻ ആളുകളും, അവർക്കറിയാം ഇപ്പോൾ കഴിഞ്ഞദിവസം ഞാൻ ഇങ്ങനെ സംസാരിച്ചു വന്നപ്പോൾ ഉത്തർപ്രദേശിൽ മുസ്ലിം രാഷ്ട്രീയത്തിന് ഇപ്പോഴും ഒരു സ്വാധീനമുണ്ടാക്കാൻ പറ്റിയിട്ടില്ല. സമാജ് വാദി പാർട്ടി വളരുന്നു എന്നല്ലാതെ മുസ്ലിംലീഗ് എന്തുകൊണ്ട് ഉത്തർപ്രദേശിൽ വളരാത്തത്. മുസ്ലിം ലീഗ് വളരാത്തതിന്റെ കാരണം, വിഭജന കാലത്തിന് ശേഷം ഉണ്ടായിട്ടുള്ള പല പ്രശ്‌നങ്ങൾ ആ പ്രശ്‌നങ്ങൾ കാരണം അവിടുത്തെ മുസ്ലീങ്ങൾക്ക് മുസ്ലിംലീഗിൽ താൽപ്പര്യമില്ലാതായി. കേരളത്തിൽ സംഭവിക്കുന്നത് ഈ ഭീകരവാദം ഇപ്പോൾ വളർന്നു കൊണ്ടിരിക്കുകയാണ്. ഭീകരവാദവും തീവ്രവാദവും വളരുന്നത് മുസ്ലിം സമുദായത്തിൽ തന്നെ ധാരാളം ആളുകൾക്ക് യോജിപ്പില്ല അതിനോട്. മുസ്ലിം സമുദായത്തിൽ ഉള്ള ബഹുഭൂരിപക്ഷത്തിനും അതിനോട് യോജിപ്പില്ല. പിന്നെ ചിലർക്ക് അത് പുറത്തു പറയാൻ സാധിക്കാത്തതുകൊണ്ട് അവർ ശ്വാസമടക്കി ഇരിക്കുന്നു.

അപ്പോ അതുകൊണ്ട് മുസ്ലിം കേന്ദ്രീകൃതം ആയിട്ട് മുസ്ലിം കൺസോളിഡേഷൻ ഉണ്ടാക്കി അതുമുഴുവൻ സിപിഎമ്മിന്റെ കൂടെ വരുന്നു, അത് സിപിഎമ്മിന് പോലും സാധിക്കില്ല. കാരണം, സിപിഎമ്മാണ് കേരളത്തിലെ ഹിന്ദു സമൂഹത്തിലെ ഏറ്റവും വലിയ പാർട്ടി. അപ്പോൾ ഹിന്ദു സമൂഹത്തിന് ദോഷം ഉണ്ടാകുന്ന തരത്തിലുള്ള ഒരു കേന്ദ്രീകരണം മുസ്ലിം പക്ഷത്ത് സിപിഎമ്മിന് അനുകൂലമായിട്ടുണ്ടാക്കിയാൽ സിപിഎമ്മിനെ ഹിന്ദു പിന്തുണ പിന്നോക്ക വിഭാഗത്തിന്റെ പിന്തുണ അത് എത്ര കാലം സിപിഎമ്മിന് പിടിച്ചുനിർത്താൻ പറ്റും. അതുകൊണ്ട് മുസ്ലിം സമുദായത്തെ പൂർണ്ണമായും സിപിഎമ്മിന് അനുകൂലമാക്കി ഒരു മുസ്ലിം പാർട്ടി ആയിട്ട് സിപിഎം മാറി എന്നിട്ട് സ്ഥിരമായിട്ട് സിപിഎം കേരളം ഭരിക്കുന്നു. ഇനി അവസാനം ഇതെല്ലാം മതാടിസ്ഥാനത്തിൽ ഈ കാൽക്കുലേഷൻ എല്ലാം ശരിയാകുമ്പോഴും ബംഗാളിൽ എങ്ങനെയാ തകരുന്നത്? ബംഗാളിൽ മുസ്ലിം സമുദായത്തിന് നിർണായകമായ സ്വാധീനം ഉള്ള സ്ഥലം അല്ലേ? ആ സ്വാധീനമുള്ള സ്ഥലത്ത് ജനങ്ങൾ അവസാനം സിപിഎമ്മിനെ പച്ച തൊടാത്ത രീതിയിലേക്ക് മാറ്റിയില്ലേ.

• അപ്പോൾ സിപിഎമ്മിനെകാൾ കടുത്ത പ്രോ ഇസ്ലാമിക പൊളിറ്റിക്‌സും ആയി മമത എത്തിയില്ലേ..?

വന്നു ശരിതന്നെ, അതിനും ഒരു പരിധിവരെ ഉണ്ടാകൂ. അതുകഴിഞ്ഞാൽ അവരെയും അവരവിടെ തിരിച്ചറിയും. അപ്പോൾ അതുകൊണ്ട് ഇത്തരത്തിൽ ജനങ്ങളെ വിഭജിക്കുന്ന ഈ രാഷ്ട്രീയം ഉണ്ടാക്കിയെടുത്തുകൊണ്ട് ഭരണത്തിൽ എത്താനുള്ള ഈ ശ്രമം ഒരുപ്രാവശ്യം ഒക്കെ ജയിക്കും ആയിരിക്കും.

• എനിക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു നമ്മുടെ ഈ ഗവർണറിൽ. എനിക്ക് അദ്ദേഹത്തിന്റെ അറിവ്, രാഷ്ട്രീയ പാരമ്പര്യം, അദ്ദേഹത്തിന്റെ മതേതരത്വം. പക്ഷേ ലോകയുക്തയിലാണ് അദ്ദേഹം എന്നെ നിരാശപ്പെടുത്തുന്നത്. അദ്ദേഹം നിരന്തരമായി. ബഹളം,ശണ്ഠ കൂടുന്നു എന്തോ ഒരു ഒത്തുതീർപ്പിലൂടെ അവസാനിപ്പിക്കുന്ന ഒരു ഫീൽ ഉണ്ടാകുന്നു. റിപ്പബ്ലിക് ഡേയുടെ അന്നൊക്കെ ഒരു കാര്യവുമില്ലാതെ പിണറായിയെ സ്തുതിച്ചതിലേക്ക്.. എന്താണ് നമ്മുടെ ഗവർണറിന് പറ്റിയത്..?

ഒരുകാര്യം ഇല്ലാതെ സ്തുതിക്കുക എന്നുള്ളതല്ല, ഒന്നാമത്തെ കാര്യം ഞാൻ മനസ്സിലാക്കുന്നത് ഗവർണർ എന്നുള്ള ഒരു പദവി ഒരു ഭരണഘടന പരമായുള്ള പദ്ധതിയാണ്. ആ ഭരണഘടനാ പരമായി ട്ടുള്ള പദവിയിൽ ഇരുന്നുകൊണ്ട് അദ്ദേഹത്തിന് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെ അദ്ദേഹത്തിന് ചെയ്യാൻ പറ്റുകയുള്ളൂ. അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ പദവികൾ എടുത്തിട്ട് ഗവർണർ പദവിയിൽ പ്രവർത്തിക്കാൻ പറ്റുകയില്ല. ഒരു ഗവൺമെന്റ് ഒരു ഓർഡിനൻസ് പുറപ്പെടുവിക്കാൻ കൊണ്ടുചെന്നു കഴിഞ്ഞാൽ, ഗവർണർക്ക് സംശയം ചോദിക്കാം വിശദീകരണം ആവശ്യപ്പെടാം, അതിനപ്പുറത്തേക്ക് ഗവർണർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. ഞാൻ അദ്ദേഹത്തോട് ഈ കാര്യം സംസാരിച്ചിട്ടില്ല. പക്ഷേ എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ അതൃപ്തിയും അദ്ദേഹത്തിന് ഈ കാര്യത്തിലുള്ള അഭിപ്രായവ്യത്യാസവും പ്രകടിപ്പിച്ചു. അതുകഴിഞ്ഞിട്ട് മുഖ്യമന്ത്രി, കാരണം ജനങ്ങൾ തിരഞ്ഞെടുത്ത ഒരു സർക്കാർ പറയുന്നത് അനുസരിച്ച് പോകാനെ അദ്ദേഹത്തിന് പറ്റുള്ളൂ. അതേസമയം സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുക. ഇപ്പോൾ അദ്ദേഹം ഈ പേഴ്‌സണൽ സ്റ്റാഫിന്റെ വിഷയം ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തിന് ഒന്നും ചെയ്യാൻ പറ്റില്ല, നാളെ ഈ മന്ത്രിമാരുടെ ഒക്കെ പേഴ്‌സണൽ സ്റ്റാഫിനെ മാറ്റണമെന്ന് ഗവർണർക്ക് പറയാൻ പറ്റുമോ? പറ്റില്ല.

• ഞാൻ മറ്റൊരു കാര്യം ചോദിക്കട്ടെ ഇപ്പോൾ വിവാദമായിരിക്കുന്ന ഹിജാബ് വിഷയമാണ്. പ്രാഥമിക ചോദ്യം ബുർഖ വേണ്ട, മുഖം കാണണം ഈ ഹിജാബ് എന്ന് പറയുന്നത് യൂണിഫോമിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ട് തന്നെ അവർ ധരിക്കുന്നതിന്നതിനെ എന്തിനാണ് എതിർക്കുന്നത്..?

അതിന് ആരാ എതിർത്തിരുന്നത്, ഇതിൽ ഇപ്പോൾ ഇത് കർണാടകത്തിൽ ഉണ്ടായിരിക്കുന്നത് അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവർ ഉണ്ടാക്കിയിരിക്കുന്ന ഒരു നിയമം. അവരുടെ ഒരു കോഡ് ആണ് സ്‌കൂൾ യൂണിഫോം കോഡ്. ഇപ്പോൾ കേരളത്തിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാർ ഹിജാബ് ഇടരുതെന്ന് പറഞ്ഞിട്ടുണ്ടല്ലോ. അപ്പോൾ ആ ഉത്തരവ് കേരളത്തിൽ നടപ്പിലാക്കുന്നത് അങ്ങനെയാണെങ്കിൽ ഹിജാബിനെതിരല്ലേ. അതാണ് ഞാൻ പറഞ്ഞത് ഇതിന്റെ പിന്നിൽ ഗവർണർ പറഞ്ഞതുപോലെ ഇതിന്റെ പിന്നിൽ ചില തീവ്രവാദ സംഘടനകൾ ബോധപൂർവം സൃഷ്ടിക്കുന്ന ഒരു ശ്രമം ആണോ എന്ന് സംശയിക്കേണ്ടതുണ്ട്. മാത്രമല്ല ഈ ഹിജാബിനെ കുറിച്ച് പോലും, ഹിജാബ് മുസ്ലിം മത ആചാരം ആണെങ്കിൽ ലോകത്ത് ഇന്ത്യയിൽ മാത്രമല്ലല്ലോ മുസ്ലിം സമുദായത്തിൽ ഉള്ള ആളുകൾ ഉള്ളത്. മുസ്ലിം സമുദായം ഏറ്റവും കൂടുതലുള്ള ഏതാണ്ട് 100 ശതമാനം മുസ്ലിം രാഷ്ട്രങ്ങൾ ആയിട്ടുള്ള രാജ്യങ്ങളിൽ പലരും ഹിജാബ് ഇടുന്നില്ലല്ലോ. സൗദിയിൽ പോലും ഇല്ലാതാക്കി. അവിടെയുണ്ടായിരുന്നത് ഇല്ലാതാക്കി. അവര് സ്ത്രീകൾക്ക് മുകളിൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ അടക്കം അവർ ഒഴിവാക്കി. അപ്പോൾ അങ്ങനെ വരുമ്പോൾ കേരളത്തിലും ഇന്ത്യയിലും അതിലേക്ക് പോകുന്നു എന്ന് പറയുന്നത്, മാത്രമല്ല ഒരു പതിനഞ്ചോ ഇരുപതോ വർഷം മുൻപേ ഇതൊന്നും ഇല്ലായിരുന്നു. ഇസ്ലാം മതം കേരളത്തിൽ എത്ര കാലം മുതലേ ഉണ്ട്, അന്ന് കേരളത്തിൽ ഇല്ലാതിരുന്നത് ആരാ ഇതിന്റെ ഇടയിൽ കൊണ്ടുവന്നത്. അതിന്റെ പിന്നിൽ ഒരു അജണ്ടയുണ്ട്. അത് നമ്മുടെ നാട്ടിലെ ഒരു അജണ്ട അല്ല ഒരു അന്താരാഷ്ട്ര അജണ്ടയാണ്. ഇസ്ലാമിക് സ്റ്റേറ്റ് എന്നു പറഞ്ഞിട്ട് പ്രവർത്തിക്കുന്ന ആളുകൾ യുദ്ധം ചെയ്തു കൊല്ലുന്നത് ഇസ്ലാം മതവിശ്വാസികളെ തന്നെയാണ്. അല്ലാതെ മറ്റുമതക്കാരെ അല്ല. ഇപ്പോൾ കഴിഞ്ഞദിവസം അബുദാബിയിൽ റോക്കറ്റ് ആക്രമണം നടത്തിയ ആളുകൾ ലക്ഷ്യംവെച്ചത്, അബുദാബി ഇസ്ലാമിക് രാജ്യമല്ലേ, ദുബായ് ഇസ്ലാമിക രാജ്യം അല്ലേ അവിടേക്കാണ് ഇ പുറത്തുനിന്നും യമനിൽ നിന്നും മറ്റും ആക്രമണം വരുന്നത്. അപ്പോൾ ഈ ഇസ്ലാമികരാജ്യങ്ങളിൽ തന്നെ ഇസ്ലാമിക ഭീകരവാദത്തിനും ഇസ്ലാമികസ്റ്റേറ്റിനുമെതിരായിട്ടുള്ള വികാരം ഉണ്ടാകുമ്പോൾ കേരളത്തിലും ഇന്ത്യയിലും ദൗർഭാഗ്യവശാൽ കോൺഗ്രസ്സും സിപിഎമ്മും ഈ ഇസ്ലാംമതത്തിലെ മിതവാദികളുടെ കൂടെ നിൽക്കുന്നതിനു പകരം ഇസ്ലാംമതത്തിലെ ഭീകരവാദികളുടെ കൂടെയാണ് നിൽക്കുന്നത്. അതാണ് ഏറ്റവും വലിയ അപകടം.

•ഈ പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനയാണ് പൊതുവേ കേരളത്തിൽ ആണെങ്കിലും കർണാടകയിൽ ആണെങ്കിലും ഈ പ്രശ്‌നങ്ങളുടെ എല്ലാം മുൻപേ നിൽക്കുന്നത്. പക്ഷേ ഈ പോപ്പുലർ ഫ്രണ്ടിനെ ഒന്ന് കണ്ട്രോൾ ചെയ്യാനോ അവരൊക്കെ തെരുവിലിറങ്ങി നടത്തുന്ന കൊലപാതകം അടക്കം, അതിന് കേന്ദ്രസർക്കാരിന് ഒന്നും സാധിക്കിന്നില്ലേ..?

അതിൽ ക്രമസമാധാന പാലനത്തിന്റെ പ്രശ്‌നമാണ്. അതുകൊണ്ട് സംസ്ഥാനങ്ങളാണ് ആ പ്രശ്‌നത്തിൽ നടപടിയെടുക്കേണ്ടത്. ചില സംസ്ഥാനങ്ങളിൽ നടപടിയെടുത്തിട്ടുണ്ട്. അപ്പൊ കേരളത്തിലും നടപടിയെടുക്കണം

• പോപ്പുലർ ഫ്രണ്ട് നിരോധിക്കാനുള്ള സാധ്യത കാണുന്നുണ്ടോ..?

ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രം എന്നുള്ള നിലയിൽ, സ്വതന്ത്ര ജുഡീഷ്യറി നിലനിൽക്കുന്ന രാഷ്ട്രം എന്ന നിലയിൽ ഏതു നടപടിയും നിയമാനുസൃതമേ എടുക്കാൻ പറ്റുള്ളൂ . ഇന്ന് നിയമം എന്താണോ അനുവദിക്കുന്നത് അതേ ചെയ്യാൻ പറ്റുള്ളൂ കേന്ദ്രസർക്കാരിന്. അല്ലെങ്കിൽ മറ്റ് നിയമങ്ങൾക്ക് മാറ്റം കൊണ്ടുവരണം.

• ഈ പൗരത്വഭേദഗതിനിയമം വന്നപ്പോൾ വാസ്തവത്തിൽ ഇതിനെ എതിർക്കാൻ ഒന്നുമുണ്ടായിരുന്നില്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ അത് ഒരു വലിയ വിവാദമായി കത്തിപ്പടർന്നിട്ട് എന്തുകൊണ്ട് ബിജെപിയോ കേന്ദ്രസർക്കാരോ ഇത് ഇങ്ങനെ ആണേ എന്ന് വ്യക്തമാക്കാൻ ശ്രെമിക്കാതെ എന്തെങ്കിലും ആകട്ടെ എന്നൊരു നിസംഗതയെടുത്തു?

അല്ല, ഒരു നിസ്സംഗതയും എടുത്തിട്ടില്ല.

• ഒരു ആശങ്ക മുസ്ലിം സമുദായത്തിൽ ഉണ്ടായിരുന്നു.

അതാണ് ഞാൻ പറഞ്ഞത്, മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയിട്ട് കോൺഗ്രസ്സും സിപിഎമ്മും ആസൂത്രിതമായി ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെ നടത്തിയ ഒരു പ്രവർത്തനം. ഇവിടെ മുഖ്യമന്ത്രിയടക്കം റോഡിലിറങ്ങി പ്രകടനം നടത്തി. അത് തെരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ളതായിരുന്നു. കേന്ദ്രസർക്കാർ വളരെ കൃത്യമായിട്ട് പറഞ്ഞിട്ടുണ്ട് ഇത് നമ്മുടെ പാർലമെന്റിൽ ജവഹർലാൽ നെഹ്‌റുവിന്റെ കാലംതൊട്ട് ഇങ്ങോട്ടുള്ള നിരവധി സംഭവങ്ങളിൽ ചർച്ചകളിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള വാദമുഖങ്ങൾ അടക്കം ഉന്നയിച്ചുകൊണ്ട് ജനങ്ങൾക്കിടയിൽ ബിജെപി നടത്തിയിട്ടുണ്ട് പ്രചാരണം. അതുകൊണ്ട് ഇതിനെതിരെയുള്ള പ്രതിഷേധം എവിടെയാണ് നടന്നത്. ഡൽഹിയിലെ ഒരു ലിമിറ്റഡ് പരിപാടി. എന്നുപറഞ്ഞാൽ ഡൽഹിയിലെ പൊതുജീവിതത്തെ അതൊരിക്കലും ബാധിച്ചിട്ടില്ല. ഡൽഹിയിലെ ഒരു സ്ഥലത്ത് കുറെ ആളുകൾ ഒരുമിച്ച് കൂടി. പിന്നെ പ്രകടനം നടന്നത് കേരളത്തിലാണ്. കേരളത്തിൽ അല്ലാതെ വേറെ എവിടെയും നടന്നില്ല. കേരളത്തിൽ നടക്കാൻ കാരണമെന്ത ഈ ഇസ്ലാമിക ഭീകരവാദത്തെ സപ്പോർട്ട് ചെയ്യുന്ന രണ്ടു മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ, കോൺഗ്രസ്സും സിപിഎമ്മും., പിന്നെ ലീഗ് സ്വാഭാവികമായിട്ട്. ഇവർക്ക് സ്വാധീനമുള്ള ഇതുപോലെത്തെ ഒരു സാഹചര്യം വേറെ എവിടെയുമില്ല. അതുകൊണ്ടാണ് കേരളത്തിൽ അത് നടന്നത്.

•മീഡിയവണ്ണിന് ഒരു നിരോധനം ഏർപ്പെടുത്തിയിരുന്നു. അപ്പോൾ വലിയൊരു വിഭാഗം കേരളീയസമൂഹം വിശ്വസിക്കുന്നത് അതൊരു രാഷ്ട്രീയ പക വീട്ടിലാണ് മതപരമായ പക വീട്ടലാണ് എന്നുള്ളതാണ്. എന്താണ് അതിനെ കുറിച്ച് പറയുന്നത്..?

അതിനെ കാണേണ്ടത് നമ്മുടെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നിഷേധിച്ചത് ആഭ്യന്തരവകുപ്പ് നൽകേണ്ടത് ആയിട്ടുള്ള സുരക്ഷാ പരമായ അനുവാദം നൽകാത്തതിന്റെ പേരിലാണ്. എന്ന് പറഞ്ഞാൽ കണ്ടന്റ് അല്ല.അതാണ് ആ പോയിന്റ് ആണ് ഞാൻ പറയുന്നത്. കണ്ടന്റ് ആയിരുന്നുവെങ്കിൽ ഈ പറഞ്ഞത് പറയാം. അവരു പ്രക്ഷേപണം നടത്തുന്ന കണ്ടന്റിലെ മോദിക്കെതിരെ ആയിട്ടുള്ള നിലപാടുകളാണ് കാരണം. അതല്ല, അതിനകത്ത് വേറെ എന്തൊക്കെ കാരണങ്ങളാണ് നിഷേധിച്ചത് എന്നുള്ളത് ആഭ്യന്തരമന്ത്രാലയത്തിന് അറിയാം ഹൈക്കോടതിക്ക് അറിയാം.

• അതിനെ അവർക്ക് അറിയാനുള്ള അവകാശം ഇല്ലേ..?

അവർക്ക് അവകാശം ഉണ്ടല്ലോ, ആ അവകാശം ഉള്ളതുകൊണ്ടാണല്ലോ ഈ കാര്യങ്ങളൊക്കെ വിശദീകരിച്ചത്. അവര് ഈ കാര്യങ്ങളൊക്കെ കിട്ടിയിട്ടില്ല എന്ന് പറയുന്നത്, എന്റെ അഭിപ്രായത്തിൽ അത് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. അതുകൊണ്ടാണല്ലോ സെപ്റ്റംബറിൽ അവരുടെ അനുവാദം കഴിഞ്ഞു എന്നാണ് പറഞ്ഞത്. എന്നിട്ട് നാലുമാസം കഴിഞ്ഞില്ലേ അതിന്റെ തീരുമാനം പുറത്തുവന്നത്. നാലുമാസം എങ്ങനെ പ്രവർത്തിക്കാൻ അനുവദിച്ചു. നാലു മാസത്തിനിടയിൽ അങ്ങോട്ടുമിങ്ങോട്ടുമുള്ള പലതും നടന്നിട്ടുണ്ടാവും. അത് അവരുടെ മാനേജ്‌മെന്റിന് അറിയാം. അവര് ചിലപ്പോൾ അവിടുത്തെ മാധ്യമപ്രവർത്തകരോട് അടക്കം പറഞ്ഞിട്ടുണ്ടാകില്ല. കാരണം അല്ലെങ്കിൽ നാച്ചുറൽ ജസ്റ്റിസ് ഡിനൈഡ്, സ്വാഭാവിക നീതി ലഭ്യമായില്ല എന്നുള്ള വാദം എങ്കിലും ഹൈക്കോടതി പരിഗണിക്കുമായിരുന്നു. ഹൈക്കോടതി അതുപോലും പരിഗണിച്ചില്ല.

• അപ്പോൾ ഈ ദേശ വിരുദ്ധ പ്രവർത്തിയുടെ പേരിൽ കേസ് ഉണ്ടാകുമല്ലോ മാനേജ്‌മെന്റിന്..?

എന്തൊക്കെ വരും എന്നുള്ളത് നമുക്കും അറിയില്ല. അത് തുടർന്നുള്ള നടപടികളിൽനിന്ന് അറിയണം.

• വിദേശകാര്യ സഹമന്ത്രി എന്നുള്ള നിലയിൽ അങ്ങേയ്ക്ക് എന്തൊക്കെയാണ് ശരിക്കുമുള്ള ഉത്തരവാദിത്വങ്ങൾ..?

മന്ത്രിസഭാ പുനഃസംഘടന വരെ ആകെ ഞങ്ങൾ രണ്ടുപേരെ ഉണ്ടായിരുന്നുള്ളൂ. വിദേശകാര്യ മന്ത്രി ശ്രീ ജയശങ്കർ ജിയും ഞാനും. ആ സമയത്ത് വലിയ ഭാരിച്ച ജോലി ആണ് ഉണ്ടായിരുന്നത് കാരണം. ലോകം മുഴുവൻ ഉള്ള രാജ്യങ്ങളുടെ അദ്ദേഹം ഏൽപ്പിക്കുന്ന എല്ലാ ജോലികൾക്കും പോകണമായിരുന്നു. ഇപ്പോൾ മൂന്ന് മന്ത്രിമാർ വന്നതുകൊണ്ട് എനിക്ക് പ്രത്യേകം ആയിട്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കേണ്ടത് ലോകം മുഴുവനുമുള്ള പ്രവാസികൾ, ആ വകുപ്പിന്റെ ചുമതല എനിക്കാണ്.പിന്നെ ഗൾഫ് രാജ്യങ്ങൾടെ എല്ലാ കാര്യങ്ങളും, അതിനുപുറമേ ആഫ്രിക്ക. അങ്ങനെ 60 രാജ്യങ്ങളുടെ ചുമതലയാണ് എനിക്കുള്ളത്. എല്ലാത്തരത്തിലും പ്രവാസികളുടെ ചുമതല എനിക്കാണ്. അപ്പോ അത് പ്രവാസികളുമായി ബന്ധപ്പെടുകയും, അവരുടെ പ്രശ്‌നങ്ങളും, കാരണം അതാണ് ഏറ്റവും വലിയ ഇഷ്യു. ആ ജോലി ഫലപ്രദമായതുകൊണ്ടാണ്, ഇപ്പോൾ ഉക്രൈനിൽ വന്നപ്പോഴും ഞാൻ ഇടപെട്ടു.

ഉക്രൈനിലെ ആളുകൾക്ക് തിരിച്ചുവരേണ്ടതുണ്ട്. ഇപ്പൊ ചൈനയിലെ ധാരാളം കുട്ടികളുടെ പ്രശ്‌നമുണ്ട്. ചൈനയിൽ പഠിക്കുന്ന കുട്ടികൾ. ആ വിഷയം ഞാൻ,ഇവിടുത്തെ സ്റ്റുഡൻസ് എന്നെ കാണാൻ വന്നിരുന്നു കേരളത്തില. അവിടുത്തെ നമ്മുടെ ആരോഗ്യ മന്ത്രിയെ ഞാൻ നേരിട്ട് കണ്ടു ഇക്കാര്യത്തിൽ ചർച്ച ചെയ്തു. ഇതിനൊരു പരിഹാരം അതായത് നമ്മുടെ രാജ്യത്ത് ആ കുട്ടികൾക്ക് തുടർ വിദ്യാഭ്യാസം നടത്താനുള്ള സാഹചര്യം അതാണ് ആവശ്യം. കാരണം ഇനി അവർക്ക് തിരിച്ചു പോകാൻ കഴിയുമോ എന്നുള്ളത് ഒരുറപ്പും ഇല്ല കാരണം ചൈന അനുവദിക്കുന്നില്ല അതാണ്. ഇപ്പോൾ ചൈന അനുവദിക്കാതെ നമ്മൾ ഒരാൾക്കും അങ്ങോട്ട് പോകാൻ പറ്റില്ല. ഇതേ പോലത്തെ ഒരു സ്ഥിതിയായിരുന്നു ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയിലേക്ക് അവിടെ പഠിക്കുന്ന കുട്ടികൾക്ക് പോകാൻ പറ്റാത്ത ഒരു സ്ഥിതി ഉണ്ടായിരുന്നു. അത് ഏറ്റവും ഉയർന്ന തലത്തിൽ വരെ എത്തി, എന്നുപറഞ്ഞാൽ പ്രധാനമന്ത്രി ഓസ്‌ട്രേലിയൻ പ്രൈംമിനിസ്റ്ററുമായിട്ട് ചർച്ച ചെയ്യുന്ന സ്ഥിതി വരെ ഉണ്ടായി. ഇപ്പോ ഓസ്‌ട്രേലിയ അനുവദിച്ചു തുടങ്ങി. അപ്പോൾ ചൈന ഒരു പ്രധാനപ്പെട്ട പ്രശ്‌നമാണ്. അതുപോലെ ബാക്കിയുള്ളത്, ഉക്രൈൻ ഇപ്പൊ ഏതാണ്ട് വിമാനസർവീസ് ഇല്ലാതിരുന്ന ഒരു സ്ഥിതിയായിരുന്നു, ഇപ്പോൾ കൂടുതൽ വിമാനസർവീസ് ഏർപ്പെടുത്താൻ തീരുമാനിച്ചു അതിന് അവർക്ക് വരാനുള്ള സൗകര്യമുണ്ടാകും.ചൈനയാണ് ഇപ്പോഴും പ്രധാനമായ ഒരു കീറാമുട്ടിയായി നിൽക്കുന്ന പ്രശ്‌നം.

• യു എ ഇ യും ഇന്ത്യയും ചരിത്രപ്രധാനമായ ഒരു കരാറിൽ ഒപ്പു വെച്ചിരിക്കുന്നു അതിനെ എങ്ങനെയാണ് അങ്ങ് നോക്കിക്കാണുന്നത്..? പ്രത്യേകിച്ച് ഈ ഹിജാബ് വിഷയത്തിൽ ഒക്കെ ചിലർ പറയുന്നത് എല്ലാവരും ഇങ് വരണം എന്നാണ്.പക്ഷെ ആ സമയത്താണ് ഒന്നരലക്ഷം പേര് അങ്ങോട്ട് പോകുന്നത് ?

ഞാൻ പറയുന്നത് യുഎഇ ഭീകരവാദത്തിനെതിരായ ശക്തമായ നിലപാടെടുക്കുന്ന ഒരു രാജ്യമാണ്. ഗൾഫിലെ എല്ലാ രാജ്യങ്ങളും അവരാരും ഭീകരവാദത്തെ സപ്പോർട്ട് ചെയ്യുന്നില്ല. അതുകൊണ്ട് ഇവിടെ നിന്ന് പോയിട്ട് ഭീകരവാദം പറഞ്ഞിട്ട് അവിടെ ബഹളമുണ്ടാക്കുന്ന ആൾക്കാരെ അവരാണ് ആദ്യം പിടിച്ചകത്തിടുന്നത്. ഈ ഹിജാബിന്റെ പേരിൽ പോലും കഴിഞ്ഞദിവസം കുവൈറ്റിൽ ഒരു പ്രകടനം നടന്നു ആ പ്രകടനത്തിൽ പങ്കെടുത്ത ആളുകൾ ഹിജാബ് ഇട്ടിട്ടില്ല, അതുമുഴുവൻ മുസ്ലിം സ്ത്രീകളാണ്. മാത്രമല്ല ആ കുവൈറ്റിലെ പാർലമെന്റ് മെമ്പർമാർ ഹിജാബിന്റെ പേരിൽ ഇന്ത്യാ ഗവൺമെന്റിന് എതിരായിട്ട് ഒരു പ്രസ്താവന ഇറക്കിയ ആൾക്കാരെ അന്ന് രാവിലെ ആ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിൽ അനുകൂലിച്ച് ആൾക്കാരാണ്. അതി തീവ്ര ഇസ്ലാമിക വാദം ഉന്നയിക്കുന്ന ചില ആളുകൾ അവര് ഈ ബഹളങ്ങൾ ഒക്കെ ഉണ്ടാക്കുന്നു എന്നല്ലാതെ ഈ രാജ്യങ്ങൾ ഒരു രാജ്യവും ഇന്ത്യയോട് ഇന്ത്യ ഈ കാര്യത്തിൽ പക്ഷപാതം ആയിട്ടുള്ള സമീപനം എടുക്കുന്നു എന്ന് ഒരു രാജ്യവും പറഞ്ഞിട്ടില്ല.

• യുഎഇ സൗദി അടക്കമുള്ള ആർക്കും മോദിയോട് അങ്ങനെയൊരു പരാതിയേ ഇല്ല?

അവരുടെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി കൊടുത്തിട്ട് ആണല്ലോ നരേന്ദ്ര മോദി ജിയെ സൗദി അറേബ്യ യുഎഇയുമൊക്കെ ആദരിച്ചിരിക്കുന്നത്.
മാത്രമല്ല യുഎഇയിലെ മതസഹിഷ്ണുത എന്നു പറഞ്ഞാൽ അവിടെയാണ് ഇപ്പോൾ ഈ നമ്മുടെ ക്ഷേത്രം വരാൻ പോകുന്നത്, സ്വാമി നാരായണൻ ക്ഷേത്രം അവര് സ്വയം ഭൂമി കൊടുത്തിരിക്കുകയാണ്.

•അപ്പോൾ നമ്മുടെ കുറെ മലയാളികൾക്ക് മാത്രമേയുള്ളൂ പ്രശ്‌നം..?

മാത്രമേ ഉള്ളു. അവർ അവിടെ പോയിട്ട് ആ പ്രശ്‌നം അവിടെകൂടി ഉണ്ടാക്കാൻ നോക്കുകയാണ്. പക്ഷേ അവിടുത്തെ ഭരണാധികാരികൾ അതിന് അനുകൂലമല്ല.