തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയ ആദ്യ നേതാവാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ. വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്ന് പറഞ്ഞ് നിരാഹാര സമരവുമായി അദ്ദേഹം എത്തി. ഒമ്പത് ദിവസം നിരാഹാരം കിടന്ന ശേഷം ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴാണ് മുരളീധരൻ സമരം അവസാനിപ്പിച്ച് വി വി രാജേഷ് സമരം തുടങ്ങിയത്.

ഒരർത്ഥത്തിൽ ബിജെപിയാണ് ലോ അക്കാദമി സമരം കൊണ്ട് ഏറ്റവും അധികം പിന്തുണ നേടിയത്. എസ്എഫ്‌ഐ മാനേജ്‌മെന്റുമായി നടത്തിയത് സമവായ ശ്രമങ്ങളാണെന്ന ആരോപണം ശക്തമായി ഉയരുകയും ചെയ്തിരുന്നു. ഇതോടെ സൈബർ ലോകത്ത് കടുത്ത വിമർശനമാണ് എസ്എഫ്‌ഐ നേരിടുന്നത്. ഈ അവസരത്തിലാണ് സിപിഎമ്മിനെയും എസ്എഫ്‌ഐയെയും രക്ഷിക്കാനെന്നോണം ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

നിരാഹാരം കിടന്ന വി മുരളീധരൻ സമരത്തിനിടെ വൈകുന്നേരം കാറിൽ കയറിപോകുന്ന വീഡിയോയാണ് ദേശാഭിമാനിയുടെ റസിഡന്റ് എഡിറ്റർ പി എം മനോജ് പോസ്റ്റ് ചെയ്തത്. മുരളീധരൻ ഭക്ഷണം കഴിക്കാൻ പോകുന്നതാണ് എന്ന ധ്വനിയോടെയാണ് ഈ വീഡിയോ മനോജ് പോസ്റ്റ് ചെയ്തത്. ഇതോടെ ഈ വിഷയം സിപിഐ(എം) സൈബർ സഖാക്കൾ ഏറ്റുപിടിക്കുകയും ചെയ്തു. വാദപ്രതിവാദങ്ങൾ ശക്തമായതോടെ ഇപ്പോൾ വിഷയം സൈബർലോകത്ത് സിപിഐ(എം)-ബിജെപി അനുയായികൾ തമ്മിലുള്ള പോർവിളിക്ക് കാരണമായിരിക്കയാണ്.

രാത്രിയായപ്പോൾ വേദിയിൽ നിന്നും ഇറങ്ങി കയ്യിൽ ഒരു ഫയലും പിടിച്ച് കാറിനടുത്തേക്ക് പോകുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതിന് ശേഷം സമരപ്പന്തലിൽ കാലിയായ കട്ടിലും കാണാം. എന്നാൽ ഒട്ടും രഹസ്യമല്ലാതെ നിരവധി ആളുകൾ നിൽക്കുകയും പ്രസംഗിക്കുകയും ചെയ്യുമ്പോഴാണ് മുരളീധരൻ ഇറങ്ങിപ്പോയത്. സമരത്തിനിടെ ഇടയ്ക്കിടെ ഫേസ്‌ബുക്കു ലൈവും ഉണ്ടായിരുന്നു. ഈ വിഡീയോയും അത്തരമൊരു ലൈവിനിടെയുള്ളതാണെന്നാണ് അറിയുന്നത്. എന്നാൽ, ബിജെപിയെ ആക്രമിക്കാൻ വേണ്ടി വീഡിയോ മനോജ് ഉപയോഗിച്ചതോടെ പല കോണുകളിൽ നിന്നും വിമർശനം ശക്തമായി ഉയരുകയായിരുന്നു.

സംഘപരിവാർ അനുയായികൾ പി എം മനോജിന്റെ പേജിലെത്തി തെറിയഭിഷേകം തന്നെ നടത്തി. ബിജെപിയെ അവഹേളിക്കാൻ നടത്തിയ ശ്രമമാണെന്ന വിമർശനം കടുക്കുകയും ചെയ്തു. ഈ വീഡിയോ വലിയ തോതിൽ സൈബർ സഖാക്കൾ പ്രചരിച്ചിച്ചതോടെ ബിജെപി നേതാവ് കെ സുരേന്ദ്രൻ പ്രതിരോധിക്കുകയും ചെയ്തു. മുരളീധരൻ കുളിക്കാനും ശൗചകർമ്മങ്ങൾക്കുമായി പോയ വീഡിയോ ഹീനമായി പ്രചരിപ്പിക്കുന്നുവെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. മനോജിന്റേത അമേദ്യ ജൽപ്പനമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കെ സുരേന്ദ്രന്റെ പോസ്റ്റ് ഇങ്ങനെയാണ്.

'ഏററവും മിതമായ വാക്കുപയോഗിച്ചാൽ പി എം മനോജ് നടത്തുന്നതിനെ അമേദ്യജൽപ്പനം എന്നാണ് പറയേണ്ടത്. ദേശാഭിമാനിയുടെ നിലവാരത്തിനു പറ്റിയ എഡിററർ തന്നെ. വി മുരളീധരന്രെ ഇന്റഗ്രിററിയുടെ ആയിരത്തിലൊന്ന് മനോജിന്റെ നേതാക്കൾക്കുണ്ടായിരുന്നെങ്കിൽ കേരളത്തിന് ഈ ഗതി വരുമായിരുന്നില്ല. ശിവദാസമേനോന്റെ ചോര മുഖത്തു വാരിപ്പൂശി സമരാഭാസം നടത്തിയ അഖിലേന്ത്യാപ്രസിഡന്റിന്റെ പാരമ്പര്യം നിങ്ങൾക്കുമാത്രം അവകാശപ്പെട്ടതാണ്. ലോ അക്കാദമി സമരം വല്ലാതെ നൊമ്പരപ്പെടുത്തുന്നുണ്ടല്ലേ. ഇനി ഒരുപാട് വെള്ളം കുടിക്കും. മുരളീധരൻ ശൗചകർമ്മത്തിന് പോകുന്നതിന്രെ ചിത്രമെടുത്ത് പ്രചാരണം നടത്തേണ്ട നിലയിലായല്ലോ വിപ്ലവ പാർട്ടിയുടെ ആസ്ഥാന ഗായകസംഘം'.

പ്രിൻസിപ്പലിന്റെ ചുമതല വൈസ് പ്രിൻസിപ്പലിന് നൽകുകയും ലക്ഷ്മി നായർ ഫാക്കൽറ്റിയായിപ്പോലും അഞ്ച് വർഷത്തേക്ക്  കാമ്പസിൽ പ്രവേശിക്കുകയില്ലെന്ന് മാനേജ്‌മെന്റ് ഉറപ്പ് നൽകിയതിനെ തുടർന്ന് എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചിരുന്നു. എന്നാൽ, മറ്റ് സംഘടനകൾ ഇപ്പോഴും സമരം തുടരുകയാണ്. എസ്എഫ്‌ഐയുടെത് കരിങ്കാലിപ്പണിയാണെന്ന ആരോപണവും ശക്തമായിരുന്നു. സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവും ഉയർന്നു. ഇതിനിടെയാണ് സിപിഎമ്മിന്റെ ക്ഷീണം കുറക്കാൻ ബിജെപി നേതാവിന്റെ വീഡീയോ ആയുധമാക്കിയത്. ഒട്ടും രഹസ്യമല്ലാത്ത പരസ്യമായ വീഡിയോയാണ് പുറത്തുവന്നത്. എന്തായാലും ഈ വീഡിയോയെ ചൊല്ലി  സൈബർ ലോകത്ത് സിപിഐ(എം)-ബിജെപി പോര് മുറുകിയിരിക്കയാണ്.