- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളക്കേസു കാരണം സർക്കാർ ജോലി ഉപേക്ഷിച്ചു രാഷ്ട്രീയക്കാരനായി; ഹിന്ദിയിലെ പരിചയം മുതൽക്കൂട്ടാക്കി; പൊതുപ്രവർത്തനത്തിടെയുള്ള പരിചയം ജീവിത സഖിയെ നൽകി; ടിപി കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ നെയ്യാറ്റിൻകരയിൽ രാജഗോപാൽ ജയിക്കുമായിരുന്നു; വോട്ട് കച്ചവടെന്ന പേരുദോഷവും മാറ്റി; കേന്ദ്രമന്ത്രി വി മുരളീധരൻ മനസ്സു തുറക്കുമ്പോൾ
കേന്ദ്രമന്ത്രിയാണ് വി മുരളീധരൻ. കേരളത്തിലെ ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവ്. മഹാരാഷ്ട്രയിൽ നിന്ന് രാജ്യസഭാ അംഗമായി കേന്ദ്ര മന്ത്രിസഭയിലെത്തിയ മലയാളി. വിദേശകാര്യ സഹമന്ത്രിയെന്ന നിലയിൽ പ്രവാസികളുടെ പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുന്ന നേതാവ്. സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പല പ്രഖ്യാപനങ്ങളും നടത്തുന്ന തലശ്ശേരിക്കാരൻ... ജീവിതത്തിലും രാഷ്ട്രീയത്തിലും വ്യത്യസ്തമായ വഴിയിലൂടെയായിരുന്നു യാത്രകൾ. തന്റെ ജീവിത വഴികളെ കുറിച്ച് മറുനാടനോട് സംസാരിച്ചു മുരളീധരൻ.
മറുനാടന് അനുദവിച്ച അഭിമുഖത്തിന്റെ ആദ്യ ഭാഗത്തിന്റെ പൂർണ്ണ രൂപം
ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു ചോദ്യമുണ്ട് പണ്ടുമുതലേയുള്ള, തലശ്ശേരി പോലെയുള്ള ഒരു കമ്മ്യൂണിസ്റ്റ് മേധാവിത്വമുള്ള ഒരു നാട്ടിലാണ് അങ്ങ് ജനിക്കുന്നത്. അവിടുത്തെ ഒരു കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള ഗ്രാമത്തിലാണ് അങ്ങ് വളരുന്നത്. അങ്ങനെയാണ് ഒരു ബിജെപിക്കാരൻ അല്ലെങ്കിൽ ഒരു ആർഎസ്എസുകാരൻ ആയത്.? സത്യത്തിൽ അവിടെയുള്ളവർ കമ്മ്യൂണിസ്റ്റുകാർ ആകേണ്ടത് ആണല്ലോ ഒരു രീതി. എങ്ങനെയാണ് അങ്ങനെ ഒരു വ്യത്യസ്തമായ രാഷ്ട്രീയം അങ്ങയെ സ്വാധീനിച്ചത്?
പലകാരണങ്ങൾ ഉണ്ട്,ഒന്ന് എന്റെ കുടുംബപശ്ചാത്തലം അച്ഛൻ ഒരു കോൺഗ്രസ് അനുഭാവി ആയിരുന്നു അദ്ദേഹം ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നു. പക്ഷേ കോൺഗ്രസ് അനുഭാവിയായിരുന്നു. പക്ഷേ കോൺഗ്രസിൽ 69 ലെ പിളർപ്പ് ഉണ്ടായപ്പോൾ ഇന്ദിരാഗാന്ധിയെ പിന്തുണയ്ക്കുന്ന കോൺഗ്രസ് ആ കോൺഗ്രസിന്റെ സംഘടനാതലത്തിൽ നോക്കിക്കഴിഞ്ഞാൽ യഥാർത്ഥ കോൺഗ്രസ് മറുവശത്തുള്ളതായിരുന്നു. നിജലിങ്കപ്പയുടെ കോൺഗ്രസ് ആയിരുന്നു. കാരണം ഇന്ദിരാഗാന്ധി കോൺഗ്രസിന്റെ അച്ചടക്കം ലംഘിച്ചുകൊണ്ട് എടുത്ത നടപടിയുടെ നിലപാടിന്റെ പേരിലാണ് ഇന്ദിരാഗാന്ധിയെ പുറത്താക്കുന്നത്. അപ്പോൾ സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കുക എന്നുള്ള ഒരു സമീപനം, ആ സനീപനമാണ് വീട്ടിൽ അച്ഛന്റെ ഭാഗത്തുണ്ടായിരുന്നത്. അത് എന്നെ സ്വാധീനിച്ചു. പിന്നീട് എഴുപതുകളിൽ കോൺഗ്രസും സംഘടനാ കോൺഗ്രസും ജനസംഘവും എല്ലാവരും കോൺഗ്രസിനെതിരെ ആയിട്ട് സംഘടനാ കോൺഗ്രസും ജനസംഘവും ഒക്കെ ഒരുമിച്ചു വന്നപ്പോൾ സ്‌കൂളിലെ ചർച്ചകളിൽ ഞങ്ങൾ കോൺഗ്രസ് വിരുദ്ധ നിലപാട്, ആ കോൺഗ്രസ് വിരുദ്ധ നിലപാടിൽ ഞാൻ കോളേജിലും സ്‌കൂളിലും ഒക്കെ എബിവിപി എന്ന സംഘടനയുമായിട്ട് അടുത്തു.
അച്ഛന് അങ്ങനെയൊരു സംഘപരിവാർ രാഷ്ട്രീയം ഇല്ലായിരുന്നല്ലോ?
ഇല്ല അച്ഛൻ കോൺഗ്രസ്‌കാരൻ മാത്രമായിരുന്നു. മാത്രവുമല്ല മഹാത്മാ ഗാന്ധിയെ കൊന്ന ആൾക്കാർ ആണ് ആർ എസ് എസുകാർ എന്നൊക്കെ ആണല്ലോ വീട്ടിലൊക്കെ ഉള്ള ചർച്ച. പിന്നീട് അടുത്തപ്പോൾ ഈ നാടിനു വേണ്ടിയിട്ട് നിലനിൽക്കുന്ന ആളുകൾ, രാജ്യത്തിനു വേണ്ടി രാജ്യത്തിനപ്പുറത്ത് ഒരു പരിഗണനയും ഇല്ലാത്ത ആൾക്കാർ. വാജ്പേയും, അദ്വാനിയും അവരെ രണ്ട് പേരെ കുറിച്ചും ആർക്കും ഒരു ആരോപണവും ആക്കാലത്തുമില്ല ഇപ്പോഴുമില്ല. അവരുടെ ദേശീയതയെക്കുറിച്ച് ആരോപണം ഉണ്ടാകാം അവരെ ഹിന്ദു നിലപാട് എടുക്കുന്നു എന്നുള്ള ആരോപണം ഉണ്ടാകാം. പക്ഷേ വ്യക്തിജീവിതത്തിൽ സംശുദ്ധം ആയിട്ടുള്ള രാഷ്ട്രീയം, ആർക്കും വേണ്ടിയിട്ടും പക്ഷേപാതം ഇല്ലാത്ത ഒരു ഇത്. ഇതൊക്കെ എന്നെ വളരെ കൂടുതൽ സ്വാധീനിച്ചിട്ടുണ്ട്.
അച്ഛൻ അപ്പൊ എതിർത്തില്ലേ? ഈ എ ബി വി പി രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ?
തീർച്ചയായിട്ടും ഇല്ല,കാരണം അതുമാത്രമല്ല ഞാൻ എൺപതിൽ അച്ഛന്റെ കാര്യമല്ല എൺപതിൽ തലശ്ശേരിയിലെ സംഘർഷത്തിന്റെ കാലത്ത് എനിക്കെതിരായിട്ടൊരു കള്ളകേസ് എടുത്ത് 2 മാസം ജയിലിൽ ഇട്ടു. അമ്മ സ്‌കൂൾ അദ്ധ്യാപികയാണ് അപ്പോൾ പലരും ചോദിച്ചു പല സുഹൃത്തുക്കൾ അടക്കം. ഞാൻ അന്ന് സർക്കാർ ഉദ്യോഗസ്ഥനായിട്ട് ജോയിൻ ചെയ്ത് മാസങ്ങൾക്കകം ആയിരുന്നു. അപ്പൊ അമ്മ എടുത്ത നിലപാട് എന്തെന്ന് വെച്ചുകഴിഞ്ഞാൽ, ഓരോ ആൾക്കും അവരവരുടേതായ നിലപാട് എടുക്കാൻ സ്വാതന്ത്ര്യം ഉണ്ട്. അത് നാടിനോ ജനങ്ങൾക്കോ എതിരാല്ലാത്ത നിലപാടല്ലാത്തിടത്തോളം കാലം, ആ നിലപാടിൽ ആർക്കും എതിർക്കേണ്ട കാര്യമില്ല. അപ്പോൾ അതിൽ സമൂഹത്തിന് എതിരായിട്ടുള്ള ഒന്നുമല്ല, അപ്പോൾ ആ നിലപാട് വീട്ടുകാർക്ക്, അവർക്ക് സത്യത്തിന്റെയും നീതിയുടെയും ധർമത്തിന്റെയും പക്ഷത്ത് നിൽക്കുക. കാരണം ഞാൻ ചെറുപ്പത്തിൽ രാമായണവും മഹാഭാരതവും, അമ്മ എന്നെ പറഞ്ഞ്, അമ്മ വീട്ടിൽ രാമായണത്തിൽ കഥകൾ ഒക്കെ പറഞ്ഞുതന്നിട്ടാണ് ഞങ്ങൾ വീട്ടിൽ സ്‌കൂളിൽ പോകുന്നതിന് മുൻപ് ഞാൻ പഠിച്ച് വളർന്നത്. അപ്പൊ നീതിക്കിം ധർമത്തിനും വേണ്ടി നിലനിൽക്കുക എന്നുള്ളത്, രാമായണത്തിൽ നിന്നും മഹാഭാരതത്തിൽ നിന്നും എനിക്ക് കിട്ടിയ ഒരു സന്ദേശം ആണ്.
അങ്ങനെ എബിവിപിയിലേക്ക് വരുമ്പോൾ അവിടെ ഒരു ബുദ്ധിമുട്ടിന്റെ സാഹചര്യം ഇല്ലേ?കാരണം അവിടെ ഒരു സ്വാധീനമില്ല, അത്യാവശ്യം ഉണ്ടെങ്കിൽ പോലും അനുഭാവികൾ ആണ്, ആശയ പരമായി നിക്കുന്നവരാണ്. പക്ഷെ സംഘടനാപരമായി കോൺഗ്രസും സിപിഎമ്മുംമാണ്.ലീഗും ഉണ്ടെന്ന് തോനുന്നു.
ആ കാലത്ത് വിദ്യാർത്ഥി പരിഷത്തിൽ പ്രവർത്തിക്കുമ്പോൾ നാളെ എന്ത് കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ട് ഒരിക്കലും അങ്ങനെയൊന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല. ഞാൻ ഒരു ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ആകുമെന്നോ, ഒരു എംപി ആകുമെന്നോ, ഒരു കേന്ദ്രമന്ത്രിയാകുമെന്നോ ഞാൻ കോളേജിൽ പഠിക്കുന്ന കാലത്തോ അതിന് ശേഷം എബിവിപിയിൽ പ്രവർത്തിക്കുന്ന കാലത്തും ഞാൻ ആഗ്രഹിച്ചിട്ടുമില്ല ഷപ്രതീക്ഷിച്ചിട്ടുമില്ല.അങ്ങനെയൊരു ഉദ്ദേശതോട് കൂടിയല്ല, ശെരിയാണെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾക്ക് വേണ്ടിയിട്ട് നില കൊള്ളുക. അതിലെന്തൊക്കെ സംഭവിച്ചാലും സംഭവിക്കുന്നത് നമ്മൾ നേരിടും.
അന്ന് എസ്എഫ്‌ഐ അടക്കമുള്ള സംഘടനകളുടെ എതിർപ്പ് ശാക്തമല്ലായിരുന്നോ?
ശരിക്ക് പറഞ്ഞാൽ, 75 മുൻപുള്ള കാലഘട്ടം. പ്രത്യേകിച്ച് കേരളത്തിൽ കെ എസ് യു ആണ് അന്നത്തെ ഏറ്റവും വലിയ ശക്തി. എസ് എഫ് ഐ വലിയ ശക്തിയല്ല അന്ന്. എസ്എഫ്‌ഐ ശക്തിയാകുന്നത് അടിയന്തരാവസ്ഥക്ക് ശേഷമുള്ള ഒരു കാലഘട്ടത്തിലാണ്. അടിയന്തരാവസ്ഥയക്ക് ശേഷം ഞങ്ങളാദ്യം തലശ്ശേരിയിലെ ബ്രണ്ണൻ കോളേജിൽ 75ൽ ജോയിൻ ചെയ്തിട്ട് അടിയന്തരാവസ്ഥയുടെ കാലഘട്ടമാണ്. അടിയന്തരാവസ്ഥയുടെ കാലഘട്ടത്തിൽ അടിയന്തരാവസ്ഥക്ക് എതിരായിട്ടുള്ള പ്രവർത്തനങ്ങളിൽ രഹസ്യമായിട്ട് ലഘുലേഖ വിതരണം ചെയ്യുക, അങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു. അന്ന് വളരെ സജീവമായി എസ് എഫ് ഐ രംഗത്തില്ലായിരുന്നു. കാരണം, അടിയന്തരാവസ്ഥയോട് അവർക്ക് ആദ്യം എതിർപ്പുണ്ടായിരുന്നെങ്കിലും പിന്നീട് അവരതിനോട് സമരസപ്പെട്ടു.അടിയന്തരാവസ്ഥയ്ക്ക് ശേഷം അവർ അടിയന്തരാവസ്ഥയ്ക്ക് എതിരായിട്ടുള്ള ജനവികാരത്തെ ഫലപ്രതമായി മുതലെടുത്തുകൊണ്ട് കേരളത്തിൽ, ശെരിക്കും കേരളത്തിൽ ജനത പാർട്ടിആ തെരഞ്ഞെടുപ്പിൽ 77 ലെ യൂണിയൻ തെരഞ്ഞെടുപ്പിൽ കേരള സർവകലാശാലയിൽ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ സ്ഥാനവും, കോഴിക്കോട് സർവകലാശാലയിൽ ജനറൽ സെക്രട്ടറി സ്ഥാനവും കിട്ടിയിരുന്നതാണ്. കാരണം കേരളത്തിലെ ജനവികാരം അന്ന് ജനതാ പാർട്ടിക്ക് അനുകൂലമായിരുന്നു.സിപിഎമ്മിന് അനുകൂലമായിരുന്നില്ല. പക്ഷെ ജനത പാർട്ടിയുടെ സംഘടനാ ശൈഥില്യങ്ങൾകാരണം അത് മുഴുവൻ പ്രയോജനപ്പെടുത്തിയത് സിപിഎം ആണ്. സിപിഎം ഇത് പോലെ പ്രയോജനപെടുത്തിയ രണ്ട് ഘട്ടങ്ങൾ ഉണ്ട്. 68ലെ സർക്കാർ വരുന്നത് തന്നെ ശബരിമല തീ വെയ്‌പ്പ് കേസിനെതിരെയിട്ടുള്ള ഹിന്ദു വികാരത്തെ ഉപയോഗിച്ചുകൊണ്ടാണ് സിപിഎം ഭരണത്തിൽ വന്നത്. 77ന് ശേഷം കേരളത്തിൽ സിപിഎം ശക്തിപെട്ടത് അടിയന്തരാവസ്ഥയ്‌ക്കെതിരായിട്ട് ജനതപാർട്ടിക്ക് അനുകൂലമായിട്ടുള്ള വികാരത്തെ ഉപയോഗപെടുത്തികൊണ്ടാണ്.
മറ്റുള്ളവർക്ക് അനുകൂലമാകേണ്ടത് അവർക്ക് ആക്കാൻ മിടുക്കരാണ്?
അതേ, അതൊക്കെ അവർക്ക് വളരെ സമർത്ഥമാണ്. അവർക്ക് സംഘടന ശേഷി ഉണ്ടെന്നുള്ളത് ഞാൻ അംഗീകരിക്കുന്നു.
കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പൊഴിച്ചാൽ ഒരു വികാരത്തെ അവർ അവർക്ക് അനുകൂലമായി പ്രയോജനപെടുത്തുന്നു?
ആ സമയത്ത് ഏത്, ശരിയത്തിനെതിരായിട്ടുള്ളത് ആണെങ്കിൽ അങ്ങനെ പ്രയോജനപെടുത്തും, ശബരിമലയ്ക്ക് അനുകൂലമായിട്ടുള്ളതാണെങ്കിൽ അങ്ങനെയാകും. അതിൽ ആകെ പരാജയപ്പെട്ടത് ശബരിമലയായിരുന്നു.
ബിജെപിയിലേക്ക് വരുമ്പോൾ കേരളത്തിൽ ബിജെപിക്ക്, ഒന്നാമത് ബിജെപി ഇന്ത്യയിൽ അധികാരത്തിൽ വരുമെന്ന് ഒരു സാധ്യതയുമില്ല. ഇനി ഇന്ത്യയിൽ അധികാരത്തിൽ വന്നാൽ പോലും കേരളത്തിൽ, കേരളത്തിന്റെ ഒരു പ്രത്യേക മൈൻഡ് സെറ്റുണ്ട്, എന്നിട്ടും ഒരു നിരാശ തോന്നാതെ ഈ പ്രസ്ഥാനത്തിൽ ഇങ്ങനെ തുടരാൻ കഴിയുന്നത് എങ്ങനെയാണ്...?
അതിന്റെയൊരു കാരണം, ഇന്നത്തെ രീതിയിൽ രാഷ്ട്രീയത്തെ നോക്കുന്ന രീതിയിലല്ല ഞങ്ങളൊന്നും കോളേജിൽ പഠിക്കുന്ന കാലത്തോ പിന്നീടോ നോക്കിയത്.ഞങ്ങള് എബിവിപിയിൽ പാടുന്ന ഒരു പറ്റുമായിരുന്നു. യാത്രയുടെ അവസാനം സിംഹാസനമല്ല എന്നാണ്. നമ്മളൊരു ലക്ഷ്യം നിശ്ചയിച്ചുകൊണ്ട് അതായത് നാടിന് പ്രയോജനപെടണം എന്ന് ആഗ്രഹിച്ചികൊണ്ട് പ്രവർത്തിക്കാൻ തുടങ്ങി കഴിഞ്ഞാൽ അതിൽ സിംഹാസനത്തിൽ എത്തിയിട്ട് എനിക്ക് കസേരയിൽ ഇരിക്കാൻ പറ്റുമോ എന്നുള്ള ലക്ഷ്യമോ, ആഗ്രാഹമോ, താല്പര്യമോ, അങ്ങനെയൊരു വിദൂരമായ സ്വപ്നമോ അത് പോലുമില്ലാതെയാണ് പ്രവർത്തിക്കാൻ തുടങ്ങിയത്. തീർച്ചയായും കേരളത്തിൽ ഭാരതീയ ജനത പാർട്ടി ഭരണത്തിൽ വരണമെന്ന് ഞാൻ കഴിഞ്ഞ കുറെ കാലമായിട്ട് ആഗ്രഹിക്കുന്നു, ഇപ്പഴും ആഗ്രഹിക്കുന്നു. അത് എനിക്ക് വേണ്ടിഎന്നുള്ള അർത്ഥതിലല്ല കാരണം കേരളത്തിനാവശ്യം അത്തരത്തിൽ ഒരു സംവിധാനമാണ്.
അന്ന് ബ്രണ്ണൻ കോളേജിൽ എബിവിപിക്ക് സ്വാധീനമുണ്ടായിരുന്നോ..?
ചെറിയ തോതിൽ. എന്ന് പറഞ്ഞാൽ ഞങ്ങൾ മൂന്നാമത്തെ സംഘടനയായിരുന്നു.
കെ എസ് യു ആണോ ഒന്നാമത്?
കെ എസ് യു മാറി എസ് എഫ് ഐ ഒന്നാമതായികൊണ്ടിരിക്കുന്ന ഒരു കാലഘട്ടമായിരുന്നു.
അന്ന് എതിർപ്പ്, അടി പിടി ഒക്കെയുണ്ടോ?
അടി പിടിയൊക്കെ ഉണ്ട്. പക്ഷെ അടിയന്തരാവസ്ഥ കഴിഞ്ഞുള്ള കാലഘട്ടം ആയതുകൊണ്ട് എസ് എഫ് ഐയുടെ വലിയ എതിർപ്പില്ല.പക്ഷെ പിന്നീട് 80 ഒക്കെ ആയപ്പോൾ തലശ്ശേരിയിൽ സംഘർഷം തുടങ്ങി.
തലശ്ശേരി സംഘർഷത്തിൽ അങ്ങ് എങ്ങനെയാണ് പെട്ടുപോണത്, ആ സാഹചര്യം എന്താണ്..?
അല്ല, ഞാൻ ജീവിക്കുന്ന സ്ഥലത്ത്.നേരത്തെ താങ്കൾ പറഞ്ഞല്ലോ, ഞങ്ങളുടെ പഞ്ചായത്തിൽ ആർഎസ്എസും ബിജെപിയും എബിവിപിയും ഒന്നുമില്ലായിരുന്നു. ജനസംഘം എന്ന് പറഞ്ഞിട്ട് വിരലിൽ എണ്ണാവുന്ന കുറച്ച് ആൾക്കാരെ ഉണ്ടായിരുന്നുള്ളു. അവര് തന്നെയാണ് ആർഎസ്എസ്സുകാരും. അടിയന്തരാവസ്ഥ കഴിഞ്ഞിട്ട് അവിടെ ഞാൻ വിദ്യാർത്ഥിപരിഷത്തിന്റെ പ്രവർത്തകനായിട്ട് പോകുന്നു എന്നുള്ളത് അവിടുത്തെ സിപിഎമ്മുകാര് ശ്രദ്ധിച്ചു. അത് കഴിഞ്ഞിട്ട് വിദ്യാഭ്യാസം പൂർത്തിയായ ഉടനെ എനിക്ക് സർക്കാർ ജോലി കിട്ടി. പി എസ് സി പരീക്ഷ എഴുതി ജില്ലാ വ്യവസായ കേന്ദ്രത്തിൽ കണ്ണൂരിൽ എനിക്ക് ജോലി കിട്ടി. പക്ഷെ ഞാനെന്റെ ആശയത്തിൽ നിന്ന് ഒട്ടും മാറിയില്ല. എൻജിഒ യൂണിയനിൽ ചേർന്നില്ല, അങ്ങനെ വന്നപ്പോൾ അവരുടെ കേന്ദ്രത്തിൽ അവർക്കെതിരായിട്ട് അവരോടൊപ്പം നിൽക്കാത്ത ഒരാൾ വളർന്നുവരുന്നുവെന്നുള്ളത് അവർക്ക് തീർച്ചയായിട്ടും അംഗീകരിക്കാൻ തയ്യാറല്ലാത്തതുകൊണ്ട് എനിക്കെതിരായി എവിടെയോ നടന്ന ഒരു സംഭവത്തിൽ ഒരു 4കി.മീ ദൂരത്തിൽ നടന്ന ഒരു സംഭവത്തിൽ എന്റെയും കൂടി പേര് എഴുതി കൊടുത്തു.രാത്രി പൊലീസ് വന്ന് അറസ്റ്റ് ചെയ്തു. ഒരു ദിവസം ലോക്കപ്പിൽ കിടന്നു.പിന്നീട് കോടതിയിൽ ഹാജരാക്കി. രണ്ട് മാസം ജയിലിൽ കിടന്നു. ജാമ്യം കിട്ടി. പക്ഷെ അവരുദ്ദേശിച്ചത് എന്നെ ഒന്ന് ഭീഷണിപ്പെടുത്തി എന്റെ എല്ലാ പ്രവർത്തനവും അവസാനിപ്പിക്കുക എന്നുള്ളതാണ്. സത്യത്തിൽ ഇത് വന്നപ്പോൾ ഞാൻ കൂടുതൽ എന്റെ നിശ്ചയദാർഢ്യം വർധിച്ചു എന്നുള്ളതാണ് സത്യം. ഇന്ന് അവര് എന്നെ ഒരു രാഷ്ട്രീയ ശത്രുവായിട്ട് കാണുന്നുണ്ടെങ്കിൽ അത് അവരുടെ തന്നെ പ്രവർത്തനം കൊണ്ടുണ്ടായതാണ്. അന്ന് ഒരുപക്ഷെ അവരെന്നെ അറസ്റ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിട്ട് തന്നെ മുന്നോട്ട് പോയേനെ.
അന്ന് തന്നെ ജോലി വിടുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നോ..?
തീർച്ചയായിട്ടും, ജോലി തുടന്ന് മുഴുവൻ സമയപൊതുപ്രവർത്തനത്തിൽ ഇറങ്ങണം എന്നുള്ളത് എനിക്ക് വിദ്യാഭ്യാസ കാലം മുതലേ ഉള്ള താല്പര്യമായിരുന്നു. പക്ഷെ വീട്ടിലെ സാഹചര്യങ്ങൾ. അച്ഛൻ മരിച്ചു, ഞാൻ ആയിരുന്നു വീട്ടിലെ മൂത്ത മകൻ, അമ്മ അദ്ധ്യാപികയാണ് പക്ഷെ അമ്മ റിട്ടയർ ചെയ്യാൻ പോകുന്നു. അപ്പൊ അച്ഛൻ മരിക്കുന്നത് ഞാൻ പിന്നെ പ്രിഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്. അപ്പൊ അത് കഴിഞ്ഞ് ജോലി വേണമെന്നുള്ളത് വന്നപ്പോൾ ജോലിക്ക് ജോയിൻ ചെയ്തു. പിന്നീട് ഈ സംഭവങ്ങളൊക്കെ വന്നപ്പോൾ പിന്നെ ജോലി ഉപേക്ഷിക്കാൻ തന്നെ തീരുമാനിച്ചു. അപ്പൊഴേക്കും സഹോദരിയുടെ വിവാഹം കഴിഞ്ഞു. അപ്പൊ പിന്നെ എന്റെ ചുമതലകൾ ആ നിലയിൽ അവസാനിച്ചു.
അങ്ങനെയൊരു സർക്കാർ ഉദ്യോഗം വിടുകയെന്ന് പറഞ്ഞാൽ അതൊരു വലിയ ഡിസിഷൻ അല്ലെ..?
എനിക്കന്ന് തോന്നിയത്,സർക്കാർ ഉദ്യോഗത്തേക്കാൾ കൂടുതൽ, ഞാൻ അതിലേക്ക് പോകാൻ കാരണം കുടുംബത്തിലെ ചുമതലകൾ നിറവേറ്റാൻ വേണ്ടെട്ടാണ്. അല്ലെങ്കിൽ ഞാൻ പോകില്ലായിരുന്നു. അല്ലെങ്കിൽ ഞാൻ പൊതുപ്രവർത്തനത്തിൽ തന്നെ തുടർന്നേനെ.
അപ്പൊ അമ്മയ്ക്കതുകൊണ്ട് എതിർപ്പൊന്നുമുണ്ടായിരുന്നില്ല..?
അമ്മയ്ക്ക് എതിർപ്പുണ്ടായിരുന്നു. സ്വഭാവികമായിട്ടും ഞങ്ങടെ അച്ഛനും അമ്മയും സർക്കാർ ശമ്പളം വാങ്ങുന്ന ഒരു കുടുംബം. ആ കുടുംബത്തിൽ അവരെല്ലാവരും ആഗ്രഹിക്കുന്നത് മക്കളും സർക്കാർ ഉദ്യോഗത്തിൽ തന്നെ തുടരണമെന്നാണ്. പിന്നെ അമ്മ ഒരു പരിധിയിന് അപ്പുറത്തേക്ക് അതിനെ എതിർത്തില്ല. അപ്പോഴേക്കും ഞാൻ ഒരു പത്തിരുപതിയഞ്ച് വയസൊക്കെയായി. അപ്പൊ ഓരോരുത്തർ അവർക്ക് ഇഷ്ടമുള്ള രീതിയിൽ പോകട്ടെയെന്നുള്ള സമീപനമെടുത്തു.
ജയിൽ ജീവിതം ഓർക്കാൻ ബുദ്ധിമുട്ട് ഉണ്ടോ?
തീർച്ചയായിട്ടും ഇല്ല. ഞാൻ രണ്ട് മാസം ജയിലിൽ കിടന്നു. എനിക്ക് വളരെ ജയിലിനെ കുറിച്ച് വലിയ ഇതൊക്കെ ആയിട്ടാണ് പോയത്. ലോക്കപ്പിൽ കിടന്നപ്പോൾ എനിക്കൊരു വിഷമം ഉണ്ടായി സത്യത്തിൽ. കാരണം കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലാണ് ഞാൻ കിടന്നത്. രാത്രി എന്നെ പിടിച്ചോണ്ട് പോയിട്ട് അവിടെയാണ് ഇട്ടത്. അപ്പോൾ ആദ്യമായിട്ടാണ് ഞാൻ ലോക്കപ്പിൽ കയറുന്നത്. അപ്പോൾ കിടക്കാനൊന്നും ഇല്ല. അപ്പോ ഏതോ ഒരു സമ്മേളനത്തിന്റെ, പൊലീസ് അസോസിയേഷന്റെ സമ്മേളനത്തിന്റെ ബാനർ ആണ് ഒരു പൊലീസുകാരൻ എനിക്ക് തന്നത്. അപ്പൊ എന്റെ കൂടെ ഒരു കള്ളൻ ഉണ്ടായിരുന്നു. ഞാൻ സത്യത്തിൽ ലോക്കപ്പിൽ വിഷമിച്ചിരുന്നു, ഉറങ്ങുവോന്നും ചെയ്തില്ല ഒന്ന് കിടന്നു. പിന്നെ ഇതൊക്ക നമ്മള് പൊതുപ്രവർത്തനത്തിൽ ഇറങ്ങുമ്പോൾ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ നമ്മൾ ആരെയും ഭയക്കേണ്ടതില്ല എന്നുള്ളതുകൊണ്ട് സിപിഎം സർക്കാർ എന്ത് ചെയ്ത് കഴിഞ്ഞാലും ഞാൻ അതിനെ വളരെ ആത്മധൈര്യത്തോടെ നേരിടാൻ ഞാൻ തീരുമാനിച്ചു. അതുകൊണ്ട് സർക്കർ ജോലി വിടുക അല്ലെങ്കിൽ പൊതുപ്രവർത്തനത്തിൽ ഇറങ്ങുക എന്നുള്ളതുകൊണ്ട് പിന്നീട് ഒരു സ്വഭാവികമായിട്ട് വന്ന ഒരു കാര്യമാണ്.
ഈ കള്ളനെ ഓർക്കുന്നുണ്ടോ ഇപ്പോഴും? പിന്നീട് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ആ കള്ളനെ?
ഇല്ലയില്ല.
ആശ്വസിപ്പിച്ചിരുന്നോ പുള്ളി?
പുള്ളി എന്നെ ആശ്വസിപ്പിച്ചു.ഇങ്ങനെ വിഷമിക്കേണ്ട കാര്യമൊന്നുമില്ല
ജയിലിലോ?
ജയിലിൽ ഞാൻ അടിയന്തരാവസ്ഥ കാലത്ത് കിടന്നിട്ടുള്ള ധാരാളം ആളുകളുടെ അനുഭവങ്ങളും, അടിയന്തരാവസ്ഥയിൽ ജയിലിനു മുൻപ് ഏറ്റിട്ടുള്ള കൊടിയ മർദ്ദനങ്ങൾ. അന്ന് കെ കരുണാകരന്റെ പൊലീസിൽ നിന്ന്, എന്ന് പറഞ്ഞാൽ നമ്മളീ കാലിന്റെ വെള്ളയിൽ അടിക്കുക, ജനനേന്ദ്രിയത്തിൽ ഈർക്കിൽ കുത്തി കേറ്റുക ഇങ്ങനെയുള്ള പീഡനങ്ങൾ വായിച്ച് അനുഭവമുള്ളതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ജയിൽ വളരെ സുഖമായിരുന്നു. 2 മാസം കൃത്യസമയത്ത് ഭക്ഷണം, കൃത്യ സമയത്ത് ഉറക്കം. സത്യം പറഞ്ഞാൽ എന്റെ ജീവിതത്തിൽ ഇത്രയും പുസ്തകം വായിച്ച ഒരു കാലഘട്ടം വേറെയില്ല. ജയിലിൽ ഇരുന്നിട്ടാണ് ഞാൻ ധാരാളം പുസ്തകങ്ങൾ വായിച്ചത്. പ്രത്യേകിച്ച് സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങളാണ് ഏറ്റവും കൂടുതൽ വായിച്ചത് ഞാൻ. പുസ്തകം പുറത്തുനിന്ന് കൊണ്ടുവരും. അതുകൊണ്ട് വരുന്നതിന് തടസമില്ല. നമ്മള് റിമാൻഡ് ആണല്ലോ,അപ്പൊ പിന്നെ ശിക്ഷ അല്ലല്ലോ.അപ്പൊ വേറെ ജോലികളില്ല.
ജയിൽ അധികാരികളുടെ പീഡനം ഒന്നുമില്ല..?
ജയിൽ അധികാരികളുടെ പക്ഷപാതം സിപിഎമ്മിനോടുണ്ടായിരുന്നു.കാരണം ഞങ്ങളെ ആൾക്കാർ കാണാൻ വരുമ്പോൾ കാണാൻ അനുവദിക്കാതിരിക്കുക. എന്റെ കൂടെ വേറെയും ധാരാളം ആൾക്കാർ ഉണ്ടായിരുന്നു സംഘർഷത്തിലുള്ള. സിപിഎമിന്റെ ആളുകളെ കാണാൻ അനുവദിക്കുക. അതിനെതിരായിട്ട് ഞങ്ങൾ പ്രതിഷേധിച്ചു. ഒരുദിവസം ഞങ്ങൾ നിരാഹാരം നടത്തി. ജയിലിനകത്ത് നിരാഹാരം ഉണ്ടാകുന്നത് വലിയ സംഭവമാണ്. അപ്പൊ ഉടനെ അവര് എന്നെ ആദ്യം സബ്ജയിലിൽ ആയിരുന്നു അവിടുന്ന് ജില്ലാജയിലിലേക്ക് മാറ്റി. കാരണം ഞാൻ ആയിരിക്കാം അങ്ങനെ പ്രശ്‌നം ഉണ്ടാക്കുന്നത് എന്ന് അവർക്ക് തോന്നിയതുകൊണ്ടായിരിക്കാം. അല്ലെങ്കിൽ ഈ നിരാഹാരം എന്നൊക്കെയുള്ള ആശയം ഈ സാധാരണക്കാരിൽ വരില്ലല്ലോ.അങ്ങനെ ഒരു ദിവസം ഭക്ഷണം ഉപേക്ഷിക്കുക ഒക്കെ ചെയ്തപ്പോൾ സംഗതി തീർന്നു.
അടിയന്തരാവസ്ഥ കാലഘട്ടത്തിൽ അറസ്റ്റിൽ നിന്ന് രക്ഷപെട്ടുപോയതല്ലേ. അന്നും വേണമെങ്കിൽ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നില്ലേ..?
അടിയന്തരാവസ്ഥയിൽ ഞാൻ സത്യാഗ്രഹത്തിന് പോയിട്ടില്ല. ആ സമയത്ത് എന്റെ പ്രവർത്തനം കൂടുതലായും ലഘുലേഖ വിതരണം, രഹസ്യമായിട്ടുള്ള മീറ്റിംഗുകളിൽ പങ്കെടുക്കുക, രാജ്യത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് ആ മീറ്റിംഗുകളിൽ പറയുന്നത് കേട്ട് മറ്റുള്ളവരെ അറിയിക്കുക. ഒരുപക്ഷെ അന്നെന്നോട് ആരും സത്യാഗ്രഹത്തിന് പറഞ്ഞില്ല. അന്ന് ആവശ്യപ്പെട്ടിരുന്നെകിൽ ഒരുപക്ഷെ ഞാൻ പോയേനെ. എനിക്ക് അറിയില്ലായിരുന്നു.
അപ്പൊ ഈ തലശ്ശേരി കലാപം. ഇപ്പോ പിണറായി വിജയന് ഇപ്പോഴും അതിനെ കുറിച്ച് അവകാശവാദമുണ്ട്. ഒരു രക്തസാക്ഷിയുടെ കാര്യമൊക്കെ. അത് ഓർമയുണ്ടോ? ആ കാര്യമൊക്കെ..?
തലശ്ശേരിയിൽ ഞാൻ അത് സ്‌കൂളിൽ പഠിക്കുന്ന കാലത്താണ്.തലശ്ശേരി കലാപം ഞാൻ നേരിട്ട് കണ്ടിട്ടില്ല. പക്ഷെ ചുറ്റും നടക്കുന്ന സംഭവങ്ങളുടെ വാർത്തകൾ ഊഹാപോഹങ്ങളായിട്ടൊക്കെ വരും. അവിടെ പാർട്ടി അടിസ്ഥാനത്തിലുള്ള ഒന്നും നടന്നില്ല.ജനസംഘക്കാർ ഒരു വശത്തോ ബാക്കിയുള്ളവരോ ഒന്നുമല്ല. മുസ്ലിം സമുദായത്തിൽ പെടുന്ന ചില ആളുകളാണെന്ന് കരുതപ്പെടുന്ന തരത്തിൽ അവിടുത്തെ ഒരു ക്ഷേത്രത്തിന്റെ ഘോഷയാത്രയ്ക്ക് നേരെ ഒരു ചെരുപ്പേറ് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് തലശ്ശേരിയിൽ കലാപം ഉണ്ടാകുന്നത്. അതൊരു ഹിന്ദു-മുസ്ലിം കലാപം ആയിട്ട് തന്നെയാണ് അന്ന് വന്നത്. അതിൽ ആർഎസ്എസിനോ ബാക്കിയുള്ളവർക്കോ ഒന്നുമില്ല, ഹിന്ദു പക്ഷത്ത് എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ട ആളുകൾ ഉണ്ടായിരുന്നു. മറുവശത്ത് ഒരുപക്ഷെ ഉണ്ടാകും. അതൊരു മൂന്നോ നാലോ ദിവസം തുടർന്നു. പിന്നീടത് അവസാനിപ്പിച്ചു.അതിനപ്പുറത്തേക്ക് എനിക്കതിന്റെ മറ്റ് കൂടുതൽ വിശദാംശങ്ങൾ അറിയില്ല. എനിക്ക് തോന്നുന്നു ഞാൻ അന്ന് എട്ടാം ക്ലാസ്സിലോ മറ്റൊ പഠിക്കുന്ന കാലഘട്ടം ആണ്.
ഇതെല്ലാം കഴിയുന്നു. അങ്ങ് രാഷ്ട്രീയത്തിലേക്ക് ഒക്കെ വരുന്നു. കോഴിക്കോടേക്ക് ഒക്കെ മാറി താമസം പിന്നീടാണല്ലേ..?
അതായത് എൺപതിൽ ഞാൻ അറസ്റ്റിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ, എനിക്ക് ജാമ്യത്തിലെ ഒരുപാധി, തലശ്ശേരി പൊലീസ് സ്റ്റേഷൻ പാനൂർ പൊലീസ് സ്റ്റേഷൻ, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ ഈ പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ പ്രവേശിക്കരുതെന്നായിരുന്നു. എന്ന് പറഞ്ഞാൽ എനിക്കെന്റെ വീട്ടിൽ പോകാൻ പാടില്ല എന്നുള്ള കാര്യം. ആ കാലഘട്ടത്തിൽ കോഴിക്കോട് എബിവിപിയുടെ സംസ്ഥാന സമ്മേളനം നടക്കാൻ പോകുന്ന സമയമായിരുന്നു. സമ്മേളനത്തിന്റെ പ്രവർത്തനവുമായിട്ട് ബന്ധപ്പെട്ട് എന്നോട് സംഘടനാ തലത്തിൽ ആവശ്യപ്പെട്ടു, നിങ്ങളെന്തായാലും തലശ്ശേരിയിൽ നിൽക്കണ്ട കോഴിക്കോടേക്ക് പോര്. കോഴിക്കോട് വന്നു അങ്ങനെ തുടങ്ങിയ പ്രവർത്തനം പിന്നീട് കോഴിക്കോട് കേന്ദ്രമായി മുഴുവൻ സമയം സംഘടന പ്രവർത്തനമായി.
പ്രണയം ആരംഭിക്കുന്നത് ആ സമയത്ത് തന്നെയാണോ..?
അല്ല, പ്രണയംമെന്നൊന്നും പറയാൻ പറ്റുവോ എന്നെനിക്ക് അറിയില്ല. ഞങ്ങൾ തമ്മിൽ നല്ലപരിചയം ഉണ്ടായിരുന്നു എന്നുള്ളത് ശരിയാണ്. സംഘടന പ്രവർത്തത്തിലെ പരിചയമാണ്. ഇതൊക്കെ 80ലെ കാലഘട്ടമാണ്. ഞാൻ 94 പിരിഡിൽ ആണ് എബിവിപിയുടെ സംസ്ഥാന സംഘടന സെക്രട്ടറിയായിട്ട് 94 വരെയായിരുന്നു. ആ പിരിയഡിൽ കേരളത്തിലെ മുഴുവൻ ക്യാമ്പസുകളിലുമൊക്കെ പോകുന്ന കാലഘട്ടത്തിൽ തന്നെയാണ് ഇപ്പോ എന്റെ ഭാര്യയായിട്ടുള്ള ഡോക്ടർ കെ എസ് ജയശ്രീ, അന്ന് അവർ കാര്യവട്ടത്ത് പഠിച്ചുകൊണ്ടിരിക്കുകയാണ്. അപ്പോ ഞങ്ങൾ സ്ഥിരമായിട്ട് തിരുവനന്തപുരത്ത് കാണും. പല കാര്യങ്ങൾ സംസാരിക്കും. പൊതുകാര്യങ്ങളെ കുറിച്ചുള്ള സംസാരമാണ്. അവരെ കുറിച്ച് എനിക്കൊരു മതിപ്പുണ്ടായി, സ്വാഭാവികമായിട്ടും. ആ മതിപ്പ് നമുക്ക് ഒരാളോട് മതിപ്പ് ഉണ്ടാകുമ്പോൾ ആ ആൾടെ കൂടെ ജീവിതകാലം മുഴുവൻ ജീവിക്കാം എന്ന ഒരു താല്പര്യം വരുന്നു. അങ്ങനെ വന്നപ്പോ, കുടുംബാങ്ങങ്ങളും വീട്ടുകാരും സംഘടന തലത്തിലുള്ള ആൾക്കാരും എബിവിപി യുടെ പഴയ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന പി വി കൃഷ്ണഭട്ട് അദ്ദേഹമാണ് വിവാഹ ആലോചനയുമായിട്ട് ഇവരുടെ വീട്ടിൽ പോകുന്നത്. കാരണം എന്റെ വീട്ടിൽ എനിക്ക് അമ്മാവനില്ല, എനിക്ക് അച്ഛനില്ലാതിരുന്ന കാലമാണ്. അതുകൊണ്ട് ഇവരാണ് പോയത്.
എതിർപ്പുണ്ടായിരുന്നോ വീട്ടിലെല്ലാം..?
വീട്ടിൽ പൂർണയോജിപ്പില്ലെങ്കിലും..
പണി ഇല്ലാത്തോണ്ട്..?രാഷ്ട്രീയക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് തൊഴിലില്ലല്ലോ എന്നുള്ളത്. പക്ഷെ ജയശ്രീക്ക് താല്പര്യം ആയിരുന്നോ..?
അതേ. അവർക്ക് താല്പര്യമായിരുന്നു. വീട്ടിൽ പൊതുവെ താല്പര്യമുണ്ടായിരുന്നു.അതുകൊണ്ട് വീട്ടിലെ എല്ലാവരും വന്നു.
അപ്പോൾ വിപ്ലവകരമായ കല്യാണമൊന്നും നടത്തേണ്ടി വന്നില്ല.
അല്ല, വിപ്ലവകരമായ രീതിയിൽ അല്ല. വീട്ടുകാരുടെ സമ്മതത്തോടെ തന്നെ എന്നാൽ പൂർണ സഹകരണം ഇല്ലാതെയും. സഹകരിച്ചു എന്ന് ചോദിച്ചുകഴിഞ്ഞാൽ സഹകരിച്ചു.
ഭാര്യ പൂർണ പിന്തുണയാണോ? കാരണം എല്ലാ ഭാര്യമാരും ഭർത്താക്കന്മാരെ എപ്പഴും അടുത്തുണ്ടാകണം മന്ത്രി എംഎൽഎ ഒക്കെ ആയിക്കോട്ടെ.പക്ഷെ നിങ്ങൾ ഒരുമിച്ചുണ്ടാകുന്നില്ല, ഭാര്യക്കൊരു ജോലിയുണ്ട്. നിങ്ങളെപ്പോഴും രണ്ട് സ്ഥലത്താണോ താമസം? അതിന്റെ ബുദ്ധിമുട്ട് ഇല്ലേ കുടുംബ ജീവിതത്തെ സംബന്ധിച്ച്..?
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങള് പൊതുപ്രവർത്തനം തുടരണം എന്ന് ആഗ്രഹിച്ചുവന്ന ആൾക്കാരാണ്. അപ്പൊ അതുകൊണ്ട് പൊതുപ്രവർത്തനതിന്റെതായിട്ടുള്ള എല്ലാ അസൗകര്യങ്ങളും ഉണ്ടാകുമെന്ന് ഞങ്ങൾക്കറിയാം. പിന്നെ കല്യാണം കഴിഞ്ഞ ആദ്യത്തെ മാസം മാസത്തിലെ ഏതാണ്ട് 20 ദിവസം ഞാൻ യാത്രയിൽ ആയിരുന്നുവെന്ന് ഭാര്യ ചിലപ്പോ കളിയാക്കിയിട്ട് പറയും. അത് ഇപ്പഴും തുടരുകയാണ്. പക്ഷെ വിവാഹം കഴിഞ്ഞ് ഒരുമാസം എങ്കിലും ഒരുമിച്ചുണ്ടാകുമെന്ന പ്രതീക്ഷ സാധാരണ ഗതിയിൽ ഉണ്ടാകുമല്ലോ, പക്ഷെ അത് സാധിച്ചിട്ടില്ല.
എന്താണ് ഭാര്യയെ ഡൽഹിക്ക് കൊണ്ട് പോകാത്തെ..?
കാരണം ഞങ്ങൾ ഇപ്പോഴും ഞാൻ നേരത്തെ പറഞ്ഞല്ലോ, ഞാൻ ജീവിക്കുന്നത് അവരുടെ ശമ്പളം കൊണ്ടാണ്. വ്യക്തിപരം ആയിട്ടുള്ള ജീവിതം. രാഷ്ട്രീയത്തിൽ ഉള്ളതൊക്കെ താൽക്കാലികമാണ്. രാഷ്ട്രീയത്തിൽനിന്ന് ഒരു നേട്ടവും ഉണ്ടാക്കാൻ എനിക്ക് താല്പര്യമില്ല. ഇപ്പോൾ മന്ത്രി ആയതുകൊണ്ട് എംപി എന്ന നിലയിൽ പെൻഷൻ ഉണ്ട്. മന്ത്രിമാർക്ക് ശമ്പളം ഇല്ലല്ലോ. ഗവൺമെന്റ് ഓഫ് ഇന്ത്യയിൽ മന്ത്രിമാർക്ക് ശമ്പളം ഇല്ല. സംസ്ഥാനത്തുണ്ട് ഡൽഹിയിൽ ഇല്ല. ഡൽഹിയിൽ എംപി എന്ന നിലയിൽ ഉള്ള ശമ്പളമാണ്. കേന്ദ്രമന്ത്രിമാർക്ക് ആരും മന്ത്രി എന്ന നിലയിൽ ശമ്പളമില്ല. എനിക്ക് എംപി എന്ന നിലയിൽ കിട്ടിയ അതെ, മന്ത്രിയായപ്പോൾ ഞാൻ വിചാരിച്ചു കയ്യിൽ കുറച്ചു കൂടി കാശ് കിട്ടുമല്ലോ കാശു വരുമല്ലോ എന്ന്. കാരണം എന്തെന്ന് വച്ചാൽ നമ്മുടെ ചെലവുകൾ അങ്ങനെയാണ്. പക്ഷേ അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. എംപിക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ ആയിട്ട് ഒന്നും മന്ത്രി കിട്ടുന്നില്ല. സൗകര്യങ്ങളൊക്കെ കിട്ടും,നമ്മുടെ യാത്ര, നമ്മുടെ വിമാനയാത്രയ്ക്ക് ലിമിറ്റ് ഇല്ല. അത്തരം സൗകര്യങ്ങൾ ഉണ്ട്, പക്ഷേ ശമ്പളം ആയിട്ട് ഒന്നുമില്ല.
ഞാൻ ഈ അടുത്ത കാലത്താണ് അറിയുന്നത് അന്ന് നന്നായി കവിത ചൊല്ലുമെന്ന്. അത് അധികം ആളുകൾക്കും അറിയില്ല. ഇംഗ്ലീഷും മലയാളവും ഒക്കെ കവിത ചൊല്ലും എന്ന് പറയുന്നു?
അല്ല,ചൊല്ലുകയല്ല കേൾക്കാൻ ഇഷ്ടമാണ്.
അല്ല ചൊല്ലും എന്നാണ് ഒരു ബിജെപി നേതാവ് എന്നോട് പറഞ്ഞത്.?
എന്നു പറഞ്ഞാൽ അത് അങ്ങനെയുള്ള അവസരങ്ങളിൽ ഏതെങ്കിലും ചില കവിതകൾ പാടുന്നുണ്ടാവും. ഇപ്പോൾ അതിനുള്ള അവസരങ്ങൾ ഒക്കെ വളരെ കുറവാണ്. കാരണം ഇപ്പോൾ സുഹൃത്തുക്കൾ എന്ന നിലയിൽ കൂടാൻ ഉള്ള അവസരം വളരെ വളരെ അപൂർവമാണ്. ഒന്നുകിൽ സഹപ്രവർത്തകർ ആ സഹപ്രവർത്തകർക്കിടയിലുള്ള സുഹൃത്തുക്കൾ ബിജെപിയിലുള്ള. പിന്നെ ഡൽഹിയിൽ ഞങ്ങൾ ഒരേ കാലഘട്ടത്തിൽ സമകാലികർ ആയിട്ട് വിദ്യാർത്ഥി പരിഷത്തിൽ പ്രവർത്തിച്ചിട്ടുള്ള ഇപ്പോൾ മന്ത്രിമാരും എംപിമാരും ആയിട്ടുള്ള ആൾക്കാർ അങ്ങനെ ഞങ്ങൾ ഒരുമിച്ചു കൂടാറുണ്ട്. പക്ഷേ അവിടെ ഞങ്ങൾ സ്വാഭാവികമായിട്ടും എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും, ഭക്ഷണം കഴിക്കും എൽ,ഒരുമിച്ചു കൂടും. ഈ കവിത ചൊല്ലുന്നത് ഞാൻ പണ്ട് കോളേജിൽ പഠിച്ചിരുന്ന കാലത്ത് ആയിരുന്നു എന്നല്ലാതെ..
ഞാൻ രണ്ടു കാര്യങ്ങൾ കൂടി ചോദിച്ചോട്ടെ, ജയിലിൽ കിടന്ന സമയത്ത് വായന കൂടുതൽ ശക്തമാക്കി എന്നു പറഞ്ഞു. അത് മതഗ്രന്ഥം ഫിലോസഫി എന്നല്ലാതെ ഒരു വിശാലമായ വായനയിലേക്ക് പോയോ..?
തീർച്ചയായിട്ടും, ചരിത്രം സാഹിത്യം, സാഹിത്യം ഞാൻ വായിക്കാറുണ്ട്. സാഹിത്യം ധാരാളം വായിക്കാറുണ്ട്.
ഈ തിരക്കിനിടയിലും..?
തീർച്ചയായിട്ടും. സാഹിത്യം ഉണ്ട്. ആ കാലം തൊട്ടുള്ള എന്നുപറഞ്ഞാൽ കേശവദേവിന്റെ നോവൽ തൊട്ട്, തകഴിയുടെ നോവൽ തൊട്ടുള്ള ഏറ്റവും ഒടുവിലത്തെ ഈ പുസ്തകങ്ങളും വായിക്കാറുണ്ട്. കവിതകൾ വായിക്കാറുണ്ട് കവിതകൾ ഇഷ്ടമാണ്. ഇടക്കാലത്ത് കുറച്ചു നിന്നു, എല്ലാവർഷവും ഞാൻ ആശംസകാർഡുകൾ അ യക്കുമ്പോൾ 2 കവിതയുടെ നാലുവരി ചേർത്താണ് ഞാൻ അയ്ക്കാറ്. യഥാർത്ഥമായ ഒരു ലോകത്തെക്കുറിച്ചുള്ള ചിന്തകളാണ് പല കവിതകളിലും ഉള്ളത്. അപ്പോൾ ആ ചിന്തകൾ നമുക്ക് പങ്കുവയ്ക്കാൻ പറ്റുന്ന കവിതകൾ ആ കവിതകൾ ഞാൻ പങ്കുവയ്ക്കാറുണ്ട്.
അങ്ങ് പ്രായം പുറത്തു കാണാത്തവിധം യൗവനം നിലനിർത്തുന്നത് അങ്ങയുടെ ഭക്ഷണരീതിയാണ് എന്നോട് ഒരാൾ പറഞ്ഞു. ഭക്ഷണ രീതി വളരെ മിതത്വം ആയിട്ടാണോ..?
ഭക്ഷണം ആവശ്യത്തിന് കഴിക്കുക എന്നുള്ളതാണ്. രുചിക്കു വേണ്ടിയാണ് വല്ലപ്പോഴും നമ്മൾ കഴിക്കേണ്ടിവരും, അല്ലെങ്കിൽ താൽപര്യമുണ്ടാകും. അല്ലെങ്കിൽ അതിനപ്പുറത്തേക്ക് കഴിക്കാതിരിക്കുക. ഞാൻ കോളേജ് കാലത്ത് ഒരു അത്ലറ്റ് ആയിരുന്നു. ഞാൻ ഒരു ദീർഘദൂര നടത്തവും ഓട്ടവും. അപ്പോൾ അത് കാരണം അന്നുമുതൽ ചെയ്തിട്ടുള്ള ഒരു ശാരീരിക വ്യായാമം പിന്നീട് തുടരുന്നു.
ഭക്ഷണത്തിൽ മിതത്വം ആണോ അന്നും ഇന്നും? കാരണം യാത്രയിൽ ഒക്കെ ഫ്രൂട്‌സ് ഒക്കെ കഴിക്കാറുള്ളൂ എന്നു പറയുന്നു?
ഇപ്പോഴും രാത്രി ആഹാരം കഴിക്കുന്നത് ഒരു ഏഴുമണിക്ക് രാത്രി ആഹാരം കഴിക്കുക. പിന്നെ ഒരു 12-14 മണിക്കൂർ ഗ്യാപ്പ് ഉണ്ടാവുക, അങ്ങനെയുള്ള പല പരീക്ഷണങ്ങളും നടത്താറുണ്ട്.
ഞാൻ ചോദിക്കുന്നത് നമുക്കൊക്കെ ഈ ഇഷ്ടം വരുന്നത് ഭക്ഷണത്തോട് ആണ്. അതില്ല, അത് വരത്തില്ല?
അല്ല വരും, പക്ഷേ അതിനെ നിയന്ത്രിക്കുക. എന്താന്ന് വച്ചാൽ ഞാൻ രണ്ടാഴ്ചയിലൊരിക്കൽ ഏകാദശീവ്രതം എടുക്കും. പൊതുവേ ആൾക്കാർ എല്ലാവരും ഇതിനെ കാണുന്നത് മതപരം ആയിട്ടുള്ള ഒരു ആചാരം ആയിട്ടാണ്. പക്ഷേ ഞാൻ അതിനെ കാണുന്നത് മനസ്സിനെ നിയന്ത്രിക്കാനുള്ള ഒരു ശേഷി ആയിട്ടാണ്. ഏകാദശി വ്രതം ഉള്ള ദിവസങ്ങളിൽ ഞാൻ പാചകം ചെയ്ത ഒരു ഭക്ഷണവും കഴിക്കില്ല. 24മണിക്കൂർ പച്ചക്കറികൾ പഴങ്ങൾ.
വർഷങ്ങളായിട്ട് ആ ശീലത്തിൽ ആണ്..?
ഒരു 10-30 വർഷമായിട്ടുണ്ടാവും.
അപ്പോൾ ഭാര്യയ്ക്ക് ബുദ്ധിമുട്ടില്ല വീട്ടിലാണെങ്കിലും എന്തെങ്കിലും വേണ്ട... എന്തെങ്കിലും ഒരു പച്ചിലകൾ കൊടുത്താൽ കഴിഞ്ഞു പോകും.. അങ്ങ് എന്താ ബോംബെയിലേക്ക് മാറാൻ കാരണം?
അതൊക്കെ സംഘടന തീരുമാനങ്ങളുടെ ഭാഗമായിട്ടാണ്. 94 വരെ ഞാൻ കേരളത്തിൽ എബിവിപിയുടെ സംഘടനാ സെക്രട്ടറി ആയിരുന്നു. 94 ഞാൻ എബിവിപിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ആയപ്പോൾ, എബിവിപിയുടെ സെന്റർ ബോംബെ ആണ്. ബോംബെയും എന്നാൽ സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വേണ്ടിയിട്ട് ഡൽഹിയിൽ വേണം. അപ്പൊ ഡൽഹി ബോംബെ ആയിട്ടാണ് പിന്നീടുള്ള രണ്ടു വർഷം 94-96 കാലഘട്ടം. മാസത്തിൽ കുറച്ചു ദിവസം ഡൽഹിയിൽ കുറച്ചുദിവസം ബോംബെയിൽ പിന്നീട് ബാക്കി ദിവസങ്ങളിൽ രാജ്യംമുഴുവൻ യാത്ര.
ആ കാലഘട്ടമാണ് അങ്ങയുടെ രാഷ്ട്രീയക്കാരനെ ശരിക്കും?
ലോകം മുഴുവൻ, രാജ്യം മുഴുവൻ കാണാനുള്ള അവസരം. രാജ്യത്തെ മുഴുവൻ പ്രദേശങ്ങളിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കാനുള്ള അവസരം. ഇന്ന് ദേശീയ രാഷ്ട്രീയത്തിലും ദേശീയ രംഗത്ത് അറിയപ്പെടുന്ന പല ആളുകളും ഞങ്ങളെല്ലാവരും ആ കാലത്ത് ഒരേ കാലയളവിൽ പ്രവർത്തിച്ചു വന്നിട്ടുള്ള ആൾക്കാരാണ്. എന്നുപറഞ്ഞാൽ ഗോവിന്ദാചാര്യ തൊട്ട്,ദത്താ ത്രയാ,സുശീൽ മോദി, അനന്ദ്കുമാർ. ഇപ്പോഴത്തെ ധർമേന്ദ്ര പ്രാധാൻ.ജെപി നദ്ധ, ഞങ്ങളെല്ലാവരും ഏതാണ്ട് ഒരേ കാലത്ത്..സൗഹൃദം ഉണ്ട്. ഞങ്ങൾ ഒരുമിച്ച് കൂടും.പക്ഷെ അദ്ദേഹം അദ്ദേഹത്തിന്റെ പ്രവർത്തികളിലോ, തീരുമാനങ്ങളിലോ ഒരിക്കലും സ്വാധീനിക്കാറില്ല.സ്വാധീനിക്കാൻ ശ്രമിക്കാത്തതുകൊണ്ടാണ് സൗഹൃദം തുടരുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഹിന്ദി പഠിക്കാൻ ഉണ്ടായ സാഹചര്യം എങ്ങനെയാണ്? ഹിന്ദി പ്രചരസഭയുടെ ചുമതല അങ്ങയ്ക്ക് കിട്ടുന്നത്?
ഹിന്ദി പഠിക്കുന്നത്, ദേശീയതലത്തിലുള്ള എല്ലാ പാർട്ടികളും,ഇപ്പോൾ കോൺഗ്രസ് ആണെങ്കിൽ പോലും ബിജെപി പിന്നെ സംശയമില്ല.ഒരു പൊതുഭാഷ ഹിന്ദിയാണ്.സംസാരിക്കാനുള്ള ഭാഷ.അങ്ങനെയുള്ള ഒരു ഇതിൽ വന്നപ്പോൾ എബിവിപിയിൽ എല്ലാ കാര്യങ്ങളും ചർച്ചചെയ്യുന്നത് ഹിന്ദിയിലാണ്. എബിവിപിയുടെ അഖിലേന്ത്യാ സമ്മേളനമാണെങ്കിലും ചെറിയ മീറ്റിംഗുകൾ ആണെങ്കിലും എബിവിപിയുടെ സെൻട്രൽ ടീം എന്ന് പറയുന്നത് ഒരു 18-20പേരുള്ള ഒരു ഗ്രൂപ്പ്. അതാണ് എബിവിപിയുടെ അഖിലേന്ത്യാ ഇത്.അതിൽ ഞങ്ങൾ ഏതാണ്ട് ഒരു 3 മാസത്തിൽ മീറ്റിങ് നടത്തുമായിരുന്നു. ഞാനൊരു 85-86 തൊട്ട് ഒരു പത്തുവർഷക്കാലം ആ ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. അതിലെ മെമ്പർമാരായിരുന്ന ആളുകളാണ് ഈ പറഞ്ഞ ജെപി നദ്ധ തുടങ്ങിയവർ. വിവിധ സംസ്ഥാനങ്ങളിൽ നിരവധിയൽക്കാരുണ്ട്.അപ്പൊ അവിടെ ഭാഷ ഹിന്ദിയാണ്.ഇംഗ്ലീഷ് വളരെ അപൂർവമായിട്ടേ ആരെങ്കിലും പറയാറുള്ളൂ. ഈ ഇംഗ്ലീഷും ഹിന്ദിയും അറിയാത്ത ആൾക്കാരും ക്രമേണ ഹിന്ദി പഠിക്കും. അത് നമ്മൾ സംസാരിച്ച് സംസാരിച്ച്, ശീലിച്ച് അപ്പൊ രണ്ട് വർഷം ഡൽഹിയിലും ബോംബെയിലും താമസിക്കുമ്പോൾ തന്നെ നമ്മൾ സ്വഭാവികമായിട്ടും ഹിന്ദി പഠിക്കും. കുറച്ച് മറാഠിയും പഠിക്കും.ബോംബെ ആയതുകൊണ്ട് മറാഠി പഠിച്ചു കുറച്ച്. കേട്ടാൽ മനസിലാകും.
ഹിന്ദി നന്നായിട്ട് പഠിച്ചല്ലോ?
അത് ആ കാലഘട്ടത്തിൽ വിദ്യാർത്ഥി പരിഷത്തിന്റെ പ്രവർത്തതിന്റെ കാലഘട്ടത്തിൽ സംസാരിച്ച് സംസാരിച്ച് ശീലിച്ചതാണ്. പിന്നെ വായിക്കാൻ പഠിച്ചു. എബിവിപിയുടെ പ്രമേയം ഹിന്ദിയിലും ഇംഗ്ലീഷിലും ഉണ്ടാകും. അപ്പൊ നമ്മള് ആദ്യമൊക്കെ ഇംഗ്ലീഷ് വായിക്കും.പിന്നീട് ഹിന്ദി വായിച്ചുതുടങ്ങും. ചില പുസ്തകങ്ങൾ ഹിന്ദിയിൽ മാത്രമേ ഉണ്ടാകാറുള്ളു. അപ്പോൾ ഹിന്ദി വായിച്ച് ശ്രമിച്ചു തുടങ്ങും.അവിടെ പോകുമ്പോൾ പ്രധാനമായിട്ടും കിട്ടുന്ന പത്രങ്ങൾ ഹിന്ദി പത്രങ്ങൾ ആയിരിക്കും. അപ്പോ ഹിന്ദി പത്രങ്ങൾ വായിക്കും.
ഈ ഹിന്ദിയിലുള്ള അറിവ് ഗുണം ചെയ്തില്ലേ രാഷ്ട്രീയത്തിൽ?
കാരണം മറ്റു സംസ്ഥാനനങ്ങളിൽ ഉള്ള ആളുകളുമായിട്ട് നമ്മൾ സംസാരിക്കുമ്പോൾ, പെരുമാറുമ്പോൾ നമ്മൾ ആദ്യം തന്നെ ഹിന്ദിയിൽ സംസാരിച്ചുകഴിഞ്ഞാൽ അവർക്ക്, ഇയാൾ നമ്മളോട് ഒരു ബന്ധമുള്ള ആളാണ്. നമ്മൾ പറഞ്ഞാൽ മനസിലാകുന്ന ആളാണ്, അതാണ് അവരുടെ വിശ്വാസം ആർജിക്കാനുള്ള ഏറ്റവും വലിയ മാർഗം എന്ന് ഞാൻ വിചാരിക്കുന്നത്.
കേരളത്തിലേക്കുള്ള ഒരു മടക്കം, എബിവിപിയും ഡൽഹിയും ബോംബെയും ഒക്കെ കഴിഞ്ഞ് കേരളത്തിലേക്കുള്ള ഒരു മടക്കം എങ്ങനെയായിരുന്നു..?
എബിവിപി കഴിഞ്ഞു, തിരിച്ചുവന്നു. അതിന് ശേഷം ഞാൻ നെഹ്റു യുവ കേന്ദ്രയുടെ വൈസ് ചെയർമാൻ ആയി വാജ്‌പെയ് പിരീഡിൽ.
അവിടെ എന്തായിരുന്നു ജോലി..?
അവിടെ ഈ യൂത്ത് അഫയർസ് മിനിസ്ട്രി, ഗവണ്മെന്റ് ഓഫ് ഇന്ത്യയിലെ യൂത്ത് അഫെയർസ് മിനിസ്ട്രിയുടെ കീഴിൽ ആണ് നെഹ്റു യുവ കേന്ദ്ര. നെഹ്റു യുവ കേന്ദ്ര നല്ല ആശയത്തോടെ തുടങ്ങിയതാണ്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ആശയമായിരുന്നു. നമ്മുടെ നാട്ടിലെ ചെറുപ്പക്കാർ, പൊതുപ്രവർത്തനത്തിലുള്ള ആളുകൾ അല്ലാത്തവർ അവരുടെ ശക്തിയെ നാടിന്റെ വികസന പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടണം. അതിന് വേണ്ടിയിട്ടുള്ള ഒരു വോളന്ററി ഫോഴ്‌സ് എന്ന നിലയിലാണ് തുടങ്ങിയത്. പക്ഷെ അദ്ദേഹത്തിന്റെ സ്വപ്നം കോൺഗ്രസുകാർക്ക് മനസിലായില്ല. അതുകൊണ്ട് കോൺഗ്രസുകാർ അത് ജോലി കിട്ടാനുള്ള ഒരു വഴിയായിട്ട് കണക്കാക്കി ധാരാളം ആൾക്കാർ അതിൽ പോയിട്ട് ജോലി ചെയ്തു.രാജീവ് ഗാന്ധി ആഗ്രഹിച്ചത് ഞാൻ മനസ്സിലാക്കുന്നത്, അവര് കുറച്ച് കാലം ജോലി ചെയ്തിട്ട് ഒരാളും അവിടെ സ്ഥിരമായിട്ട് ശമ്പളക്കാരായിട്ട് പാടില്ല എന്നുള്ളതായിരുന്നു. പക്ഷെ പോയ ആൾക്കാർ ശമ്പളസ്ഥിരത, ജോലി സ്ഥിരത ഒക്കെ ആവശ്യപ്പെട്ടു. അവര് പിന്നെ രാജീവ് ഗാന്ധിയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും മനസിലായില്ലെന്നാണ് പറയുന്നത്. അത് ബിജെപി ഗവണ്മെന്റ് വന്നപ്പോൾ ഉമാ ഭാരതിയായിരുന്നു അന്ന് മന്ത്രി. അവർ പറഞ്ഞു ഇത് നല്ലൊരു വേദിയാണ്, ആശയമാണ്.ഈ ആശയത്തെ ഇതേ അർഥത്തിൽ പ്രയോജനപ്പെടുത്താൻ ദേശീയതലത്തിൽ പരിചയമുള്ള ഒരാള് ഇതിന്റെ തലപ്പത്ത് വന്നാൽ നല്ലതാണ്. അങ്ങനെ എനിക്ക് നേരിട്ട് വ്യക്തിപരമായിട്ട് പരിചയം ഇല്ലാതിരുന്നിട്ട് പോലും സംഘടന തലത്തിൽ ഒരു തീരുമാനമെടുത്തിട്ടാണ് എന്നോട് പറയുന്നത് നിങ്ങള് ഡൽഹിയിൽ പോയിട്ട് നെഹ്റു യുവ കേന്ദ്രയുടെ ചുമതല ഏറ്റെടുക്കണം. കേരളത്തിൽ നിന്ന് മാറിയിട്ട്, അപ്പൊ ഞാൻ എബിവിപി കഴിഞ്ഞ് തിരിച്ചു കേരളത്തിൽ വന്നതാ.എന്ന് പറഞ്ഞാൽ ജസ്റ്റ് വിവാഹിതനായി ഉടനെ ഉള്ള സമയം. 98ൽ, അപ്പോ 40 വയസ്. അപ്പോൾ എന്നോട് ഡൽഹിയിൽ തിരിച്ചുപോകാൻ പറയുന്നു.തിരിച്ച് അവിടെ പോയിട്ട് അവിടെ തന്നെ താമസിക്കണമെന്ന് പറഞ്ഞു.സാധാരണ വൈസ് ചെയർമാന്മാർ ഡൽഹിയിൽ സ്ഥിരതാമസമാക്കാറില്ല.അപ്പോൾ എന്നോട് പറഞ്ഞു, അങ്ങനല്ല നിങ്ങൾ ഡൽഹിയിൽ താമസിക്കണം.ഡൽഹിയിൽ താമസിച്ചിട്ട് ഈ പ്രവർത്തനങ്ങൾ നോക്കണം.അങ്ങനെ അവിടെ പ്രവർത്തിക്കാൻ തുടങ്ങി. അഞ്ചുവർഷത്തെ സർക്കാരിന്റെ കാലാവധി പൂർത്തിയായപ്പോൾ ഞാൻ തന്നെ അന്ന് പ്രസിഡന്റ് ആയിരുന്ന, വെങ്കയ്യ ജി, വെങ്കയ്യ ജി എന്ന് പ്രസിഡന്റ് ആണ്. വെങ്കയ്യ ജിയെ കണ്ടിട്ട് ഞാൻ പറഞ്ഞു.. എന്നെ ഈ ചുമതലയിൽ നിന്നും ഒഴിവാക്കി എന്നെ കേരളത്തിൽ പ്രവർത്തിക്കാൻ വിടണം. കാരണം ഞാൻ ദേശീയതലത്തിൽ പ്രവർത്തിച്ച ഈ അനുഭവം, കേരളം ഒഴിച്ചുള്ള പലസംസ്ഥാനങ്ങളിലും ബിജെപിക്ക് വേരോട്ടം ഉണ്ടായി. കേരളത്തിൽ അതിനുള്ള സ്ഥിതി ഉണ്ടായിട്ടില്ല. അതുകൊണ്ട് കേരളത്തിൽ പ്രവർത്തിക്കാൻ എന്നെ അനുവദിക്കണം എന്ന് പറഞ്ഞു. ഗവണ്മെന്റ് മാറി 2004 ൽ, അങ്ങനെ വന്നപ്പോൾ എന്നെ തിരിച്ച് 2004 ൽ ഞാൻ തിരിച്ചുവന്നു. അടുത്ത ഒരു സംഘടന തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഞാൻ വൈസ് പ്രസിഡന്റ് ആയി, 2006ൽ.
പിന്നീട് ബിജെപി പ്രസിഡന്റ് ആവുന്ന കാലഘട്ടമാണ്. എന്താണ് അങ്ങ് അങ്ങയുടേതായ ബിജെപി പ്രസിഡന്റ് ആയിരുന്ന കാലഘട്ടത്തിൽ ഓർത്തിരിക്കാനുള്ള..?
ഞാൻ അന്ന് ബിജെപി പ്രസിഡന്റ് ആവുന്ന ഘട്ടത്തിൽ ബിജെപി നേരിടുന്ന വലിയൊരു ആരോപണം ബിജെപി വോട്ട് വിൽക്കുന്നവരുടെ ഒരു പാർട്ടിയാണ്. അത് മാർക്‌സിസ്റ്റ് പാർട്ടി ബോധപൂർവ്വം ഉണ്ടാക്കിയ ഒരു, അവർക്ക് ബിജെപിയെ അടിക്കാൻ പറ്റുന്ന ഏറ്റവും നല്ല ഒരു വടി ആയിട്ട് ഉപയോഗിച്ചതാണ്. കാരണം സംസ്ഥാനത്ത് എവിടെയും പണം വാങ്ങിയിട്ട് ആരെങ്കിലും വോട്ട് വിറ്റു, ആരെങ്കിലും ആത്മാഭിമാനമുള്ള ഒരാളും ചെയ്യില്ലല്ലോ. പക്ഷേ അങ്ങനെയൊരു പ്രചാരണം നടന്നു. ആ പ്രചാരണം ബിജെപി പ്രവർത്തകരുടെ ആത്മവീര്യം ഇല്ലാതാക്കി. കാരണം വോട്ട് വിഹിതം ഇല്ലാത്ത പാർട്ടിയിൽ നിൽക്കാൻ ആർക്കും താല്പര്യം ഉണ്ടാകില്ലല്ലോ. അപ്പോൾ വോട്ട് വയ്ക്കുന്ന അവരുടെ പാർട്ടി എന്നുള്ള ചീത്തപ്പേര് ഇല്ലാതാക്കുക, സംഘടനാതലത്തിൽ പാർട്ടിയെ താഴെത്തട്ടിൽ ശക്തിപ്പെടുത്താനുള്ള ശ്രമം നടത്തുക. അപ്പോൾ ആശ്രമം വൈസ് പ്രസിഡണ്ട് ആയിരുന്ന കാലത്ത് പി കെ കൃഷ്ണ ജിയുടെ കാലത്ത് തന്നെ ഞങ്ങൾ തുടങ്ങിയതാണ്. കാരണം ബിജെപിയുടെ ഒരു കാലഘട്ടം, ഒ രാജഗോപാൽ, കെ ജി മാരാർ, രാമൻപിള്ള.അതൊരു കാലഘട്ടമായിരുന്നു ദീർഘകാലം. അതു കഴിഞ്ഞതിനുശേഷം ചെറുപ്പക്കാരുടെ ഒരു നേതൃത്വത്തിലേക്ക് ബിജെപി വരുന്നത് പി കെ കൃഷ്ണദാസ് പ്രസിഡന്റ് ആകുന്നതോട് കൂടിയാണ്. എന്ന് പറഞ്ഞാൽ അദ്ദേഹം ഏതാണ്ട് 50വയസ്.. ഞാൻ പ്രസിഡന്റ് ആകുമ്പോഴും എനിക്കും ഏതാണ്ട് 50 വയസ്.അതിന് ശേഷമുള്ള ഏതാണ്ട് എല്ലാവരും, പിന്നെ കുമ്മനം ജിയിലേക്ക് തിരിച്ചു കുറച്ചുംകൂടി പ്രായത്തിലേക്ക് പോയെങ്കിലും ഒരു പുതിയൊരു തലമുറ ബിജെപിയിൽ വന്നു. പികെ കൃഷ്ണദാസ് പ്രസിഡന്റ് ആയതുകൂടി എം ടി രമേശ്,സുരേന്ദ്രൻ, രാധാകൃഷ്ണൻ ഇവരെല്ലാവരും ബിജെപിയുടെ സജീവ നേതൃത്വത്തിലേക്ക് വരുന്ന ഒരു പുതിയ ഒരു തലമുറ വരുന്നത് ആ കാലഘട്ടത്തിലാണ്.ഇടയ്ക്ക് സികെപി അങ്ങനത്തെ ആളുകൾ ഒക്കെ ഉണ്ടായിരുന്നു. അപ്പോൾ ആ കാലഘട്ടത്തിൽ സംഘടന തലത്തിൽ ബൂത്ത് തലത്തിൽ പാർട്ടിയേ ശക്തിപ്പെടുത്താൻ വേണ്ടിയിട്ടുള്ള പ്രവർത്തനം. അത് വലിയൊരു പരിധിവരെ വലിയൊരു അളവോളം വിജയിച്ചു. അതിന്റെ പ്രയോജനം പിന്നീട് ഉള്ള തെരഞ്ഞെടുപ്പുകളിലായി, പിന്നീട് ഒരിക്കലും ബിജെപി വോട്ട് വിൽക്കുന്നവരുടെ പാർട്ടി ആണെന്ന് പറയാൻ ആർക്കും.., ഇപ്പോ ബിജെപി മറ്റുള്ളവരുടെ വോട്ട് വാങ്ങുന്നു എന്നാണ്. കോൺഗ്രസിന്റെ വോട്ട് ബിജെപിക്ക് കൊടുക്കുന്നു . സിപിഎമിന്റെ വോട്ട് ബിജെപിക്ക് കൊടുക്കുന്നു എന്നാണ് പറയുന്നത്. ബിജെപിയുടെ വോട്ട് അങ്ങോട്ടു കൊടുത്തു എന്ന് ആരും പറയുന്നില്ല. മാത്രമല്ല നെയ്യാറ്റിൻകരയിലും അരുവിക്കരയിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി പൊതു തെരഞ്ഞെടുപ്പുകളിൽ കിട്ടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ വർദ്ധിപ്പിച്ചു.
ഒരുപക്ഷേ ഒരു തീരുമാനം അതായിരിക്കാം ബിജെപിയുടെ ഒരു ഷിഫ്റ്റിന് കാരണം. അത് അങ്ങ് ആയിരുന്നോ? അങ്ങനെ ഒരു തീരുമാനം എടുക്കാൻ കാരണം എന്തായിരുന്നു?എല്ലായിടത്തും ഒക്കെ പോയി തോൽക്കും എന്നൊരു പേരുദോഷം ഉണ്ടെങ്കിലും അങ്ങനൊരു തീരുമാനം എടുക്കാൻ കാരണമെന്താണ്?
ഉപതെരഞ്ഞെടുപ്പുകൾ എല്ലായിപ്പോഴും മൂന്നാമത് നിൽക്കുന്ന പാർട്ടിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു ഇതാണ്. അതിനെ നേരിടണമെങ്കിൽ നമ്മുടെ കൈയിലുള്ള എല്ലാ ആയുധങ്ങളും എല്ലാ അടവുകളും പ്രയോഗിക്കണമെന്ന് വിചാരിച്ചു. നെയ്യാറ്റിൻകരയിലാണ് അത്തരത്തിൽ ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. ഞങ്ങൾ വളരെ സജീവമായിട്ട് രംഗത്തിറങ്ങി. ആ കാലഘട്ടത്തിൽ അഞ്ചാംമന്ത്രി വിവാദവും. അതിനെ വളരെ ശക്തമായിട്ട് ഉന്നയിച്ചു. സിപിഎം ഉന്നയിക്കുന്നത് നേക്കാൾ ശക്തമായിട്ട് ഞങ്ങൾ ഉന്നയിച്ചു. ഹിന്ദു സാമുദായിക സംഘടനകൾ മുഴുവൻ അതേ അഭിപ്രായക്കാരായിരുന്നു. പക്ഷേ അതേ കാലഘട്ടത്തിൽ എനിക്കിപ്പോഴും ഓർമ്മയുള്ളത് നമ്മുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ നല്ല രീതിയിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ ദിവസമാണ് ടിപി ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നത്. അപ്പോൾ ടി പി ചന്ദ്രശേഖരൻ വധം കോൺഗ്രസ് അനുകൂലമായിട്ടുണ്ടായിരുന്നു. അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾ നെയ്യാറ്റിൻകരയിൽ ജയിച്ചില്ലെങ്കിൽ രണ്ടാം സ്ഥാനത്ത് എങ്കിലും വരും എന്നുള്ള പ്രതീക്ഷയായിരുന്നു. അരുവിക്കര യും അതുപോലെ അടിസ്ഥാനം ഇല്ലാതിരുന്ന ഒരു സ്ഥലമാണ്. രാജഗോപാൽ ജിയെ ഞാൻ അവിടെ പോയിട്ട് ഒരു മൂന്ന് ദിവസം അവിടുത്തെ പ്രവർത്തകരുടെ അഭിപ്രായം അറിഞ്ഞു. അതിനുശേഷം പ്രവർത്തകർക്ക് ഏറ്റവും സജീവമായി ഇറങ്ങണമെങ്കിൽ, ബിജെപി പൂർണമായി പൂർണ്ണ മനസ്സോടുകൂടി എല്ലാ ശക്തിയോടും കൂടി ഈ തിരഞ്ഞെടുപ്പിൽ ഇറങ്ങുന്നു എന്നുള്ള മെസ്സേജ് കൊടുക്കണമെങ്കിൽ അന്നത്തെ ഞങ്ങളുടെ ഏറ്റവും ശക്തൻ ആയിട്ടുള്ള ആയുധം എന്നു പറയുന്നത് ഓ രാജഗോപാൽ ജിയാണ്. ആർക്കും എതിർക്കാൻ പറ്റാത്ത ഒരു സ്ഥാനാർത്ഥി. അപ്പോൾ ഒ രാജഗോപാൽജി രംഗതിറങ്ങിയതോട് കൂടി, അതുവരെ ബിജെപിയെ കുറിച്ച് ചർച്ച ചെയ്യാതിരുന്ന മാധ്യമങ്ങൾ ബിജെപിയെ കുറിച്ച് ചർച്ച ചെയ്യാൻ തുടങ്ങി.
കെജി മാരാർ മുതൽ, രാമൻ പിള്ള എന്തിനേറെ മുകുന്ദൻ ഇങ്ങനെ ഒരു വലിയൊരു തലമുറ ഒക്കെ വന്നിട്ടും എന്താണ് നിങ്ങൾക്ക്, കാരണം ഒരു സീറ്റ് ഉണ്ടായിരുന്നതും പോയി. എന്താണ് തടസമായി നിൽക്കുന്നത്..?
ഒരു കാര്യം ഞാൻ നേരത്തെ പറഞ്ഞതുപോലെ, കേരളത്തിൽ ഒരു ബിജെപി വിരുദ്ധ പ്രചാരണത്തിന്റെ അന്തരീക്ഷം.
പ്രൊ ഇസ്ലാമിക് പ്രൊ ലെഫ്റ്റ് ആറ്റിട്യൂട് ആണ്..?
ആണ്.അത് ബിജെപിയെ ദോഷകരമായിട്ട് ബാധിക്കുന്നുണ്ട് തീർച്ചയായിട്ടും.ഒന്നുകിൽ ഞങ്ങൾക്ക് എതിര് അല്ലെങ്കിൽ ഞങ്ങളെ ചർച്ചയിൽ നിന്ന് അടക്കം ഒഴിവാക്കി നിർത്തുക.ഞങ്ങൾ ഇതിലൊന്നും ഇല്ല എന്നുള്ള നിലയിൽ. പിന്നെ എല്ലാ സ്ഥലത്തും രണ്ട് പാർട്ടികൾ ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുന്ന പാർട്ടികൾ അവർക്കാണ് എല്ലായിപ്പോഴും ഒരു ഇത്. മൂന്നാമത് നിൽക്കുന്ന പാർട്ടിക്ക് അത്ര എളുപ്പത്തിൽ കേറി വരാൻ പറ്റില്ല. അതിനൊരു ഒറ്റ വഴിയേ ഉള്ളു. അതിന് ബിജെപിയുടെ ഒരു ദൗർബല്യം മറ്റു പാർട്ടികളിൽ അറിയപ്പെടുന്ന നേതാക്കന്മാർ, കാരണം അവർ എംഎൽഎമാർ ആയി എംഎൽഎ അല്ലാതാകുമ്പോഴും മുൻ എംഎൽഎ ആണ്. അപ്പോൾ ജനങ്ങളും ആയിട്ട് സംഘടനാതലത്തിൽ അല്ലാതെ ജനങ്ങളുമായി അവരുടെ പൊതുപ്രശ്‌നങ്ങളിൽ ഇടപെട്ട് പ്രവർത്തിക്കാൻ കഴിയുന്ന അവസരം മറ്റു പാർട്ടികളിലെ ആളുകൾക്ക് വളരെ കൂടുതൽ കിട്ടി ബിജെപിയിൽ ആർക്കും കിട്ടിയിട്ടില്ല. ബിജെപിയിൽ ഇത്രയും കാലം ഉണ്ടായിരുന്നത് ഓ രാജഗോപാൽ ജിക്ക് മാത്രമാണ്. ഇപ്പോൾ എനിക്ക് കിട്ടി, കണ്ണന്താനത്തിന്, കിട്ടി സുരേഷ് ഗോപിക്ക് കിട്ടി. ഞങ്ങൾക്ക് ജനങ്ങളുടെ പ്രശ്‌നങ്ങൾ ഇടപെടാനുള്ള അവസരം കിട്ടുന്നു.അപ്പോൾ ആ അവസരം ഞങ്ങൾക്ക് ഇപ്പോൾ കൂടുതൽ കിട്ടി. ബിജെപിയുടെ നേതാക്കന്മാരെ സംസ്ഥാനതലത്തിൽ സംഘടനാതലത്തിൽ മാത്രം പ്രവർത്തിക്കുന്നതിന് പകരം ജനങ്ങളുടെ പ്രശ്‌നങ്ങൾ ഇടപെട്ടുകൊണ്ട് നിയോജകമണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുക. ഇത് ഇപ്പോൾ ബിജെപി തുടങ്ങിയിട്ടുണ്ട്. അതിന് ഒരു റിസൾട്ട് അധികം വൈകാതെ ഉണ്ടാകുമെന്നാണ് എന്റെ ഒരു വിശ്വാസം. രണ്ട് ബിജെപി ജയിക്കാൻ സാധ്യതയുള്ള എല്ലാ സാഹചര്യത്തിലും ഇവർ രണ്ടും ഒരുമിച്ച് വന്നിട്ടുണ്ട്. സിപിഎമ്മും കോൺഗ്രസും അവര് ഈ പറയുന്ന ശത്രുത ഒക്കെ തെരഞ്ഞെടുപ്പ് രംഗത്ത് ബിജെപിയെ തോൽപ്പിക്കാൻ ആണ് അവർ ഒരുമിച്ച് വരുന്നത്. പാലക്കാട്, ഇവിടെ നേമത്ത്,മഞ്ചേശ്വരം, വട്ടിയൂർക്കാവിൽ. വട്ടിയൂർകാവിൽ കെ മുരളീധരൻ വോട്ടു കൊടുത്തു എന്നുള്ളത് വളരെ പരസ്യമല്ലേ. നമ്മുടെ ടി എൻ സീമ സ്ഥാനാർത്ഥി ആയിട്ട്, സീമ മൂന്നാമതായത് സ്വാഭാവികമായിട്ടും സിപിഎം വോട്ട് കെ മുരളീധരന് പോയതാ. അത് മുരളീധരൻ സമ്മതിച്ചിട്ടുള്ളതാണ്. കോൺഗ്രസ് പറഞ്ഞിട്ടുള്ളതാണ് ഞങ്ങൾ ബിജെപി ജയിക്കുന്നതിനുപകരം സിപിഎം ജയിച്ചോട്ടെ എന്നുള്ള ഒരു സമീപനം ഞങ്ങൾ എടുത്തിട്ടുണ്ട്. സിപിഎമ്മും പറഞ്ഞിട്ടുണ്ട് ബിജെപി ജയിക്കുന്നതിന് പകരം കോൺഗ്രസ് ജയിക്കട്ടെ എന്ന്.
ഈ പ്രതിസന്ധി തുടർന്നാൽ ബിജെപിക്ക് ഇവിടെ എങ്ങനെ കയറി വരാൻ പറ്റും. ഈ പ്രശ്‌നം എപ്പോഴും ഉണ്ടാകുമല്ലോ? ഇവർ ഒരുമിച്ച് നിന്ന് നിങ്ങളെ പൊതു ശത്രുവായി പ്രഖ്യാപിക്കുമല്ലോ..?
അതൊരു ഒരുപരിധിവരെയേ ജനങ്ങൾ അംഗീകരിക്കുകയുള്ളൂ.ഒരു പരിധി കഴിഞ്ഞാൽ, ഇപ്പോൾ ഞങ്ങൾക്ക് അനുകൂലമായ സാഹചര്യം ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. കാരണം സിപിഎമ്മും കോൺഗ്രസും ഇപ്പോൾ ഒരുമിച്ചാണ്. ഗവർണർക്കെതിരെ സിപിഎമ്മും കോൺഗ്രസും ഒരുമിച്ചാണ്. പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയെ വിമർശിക്കുന്ന ഇതിനേക്കാൾ കൂടുതൽ സന്തോഷം അദ്ദേഹത്തിന് ഗവർണറെ വിമർശിക്കുന്നതാണ്. കാരണം മുഖ്യമന്ത്രിയെ വിമർശിക്കാൻ അദ്ദേഹം ഇത്രയും താല്പര്യം എടുക്കുന്നില്ല. അപ്പൊ അവർ ഒരുമിച്ച് ആയിക്കൊണ്ടിരിക്കുകയാണ്. ദേശീയതലത്തിലെ ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചു സിപിഎമ്മിന്റെ കഴിഞ്ഞദിവസത്തെ കേന്ദ്രകമ്മറ്റിയുടെ പ്രമേയം ഇത്രയും കാലം എടുത്തു നിലപാടിൽ നിന്ന് മാറ്റം വരുത്തി. അവര് പറഞ്ഞിരുന്നത് എന്തെന്ന് വെച്ച് കഴിഞ്ഞാൽ കോൺഗ്രസ് ഒരു ബൂർഷ്വ നിലപാടിലൂടെ വളർന്നുവന്നതാണ്. പക്ഷെ ഇന്നത്തെ സാഹചര്യത്തിൽ നരേന്ദ്ര മോദിക്കെതിരായിട്ട് കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉൾപ്പടെ എല്ലാ മുഖ്യമന്ത്രിമാരും ഒരുമിച്ച് വരണം. എന്ന് പറഞ്ഞാൽ ബിജെപി വിരുദ്ധ രാഷ്ട്രീയത്തിൽ അവരെല്ലാവരും ഒരുമിച്ച് വരാൻ തീരുമാനിച്ചിരിക്കുന്നു.ഞങ്ങളത് തിരിച്ചറിയും.
നല്ല നേതാക്കളെ നിങ്ങൾ വളർത്തികൊണ്ട് വരുന്നില്ല എന്നൊരു പരാതിയില്ലേ?ഞാൻ പറയട്ടെ ഇപ്പോ ഈ പുതിയ ഒരു സാഹചര്യത്തിൽ ഉദാഹരണതിന് ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജേക്കബ് തോമസിനെ പോലെയും ശ്രീധരനെ പോലെയും ഉള്ളവർ വന്നെങ്കിലും അവരൊന്നും സജീവമായി ബിജെപിയുടെ ഈ തുടർപ്രവർത്തനത്തിന് ഇല്ലാതെ പോകുന്നു..?
അവരിൽ നിന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നതും, നാളെ ബിജെപിയുടെ ബൂത്ത് തലത്തിലുള്ള സംഘടനാ പ്രവർത്തനത്തിലേക്ക് വരണം എന്നുള്ളതല്ല. ഈ ശ്രീധരനെയും ജേക്കബ് തോമസിനെയും പോലെയുള്ള ആളുകൾ അവരുടെ ദീർഘനാളത്തെ പൊതുരംഗത്തെ അനുഭവങ്ങൾ, അനുഭവങ്ങൾ ഏതൊക്കെ തരത്തിൽ ബിജെപിക്ക് പ്രയോജനപ്പെടുത്താൻ കഴിയുമോ അത് ചെയ്യുക എന്നുള്ളതാണ്. അത് തീർച്ചയായിട്ടും ഇപ്പോഴുമുണ്ട്. അതുകൊണ്ടാണല്ലോ ഇ ശ്രീധരൻ കഴിഞ്ഞദിവസം കെ റെയിൽ വന്നപ്പോൾ ഞങ്ങൾ എല്ലാവരെയുംകാൾ കൂടുതൽ ആധികാരികമായി അദ്ദേഹത്തിനാണ് അതിനെക്കുറിച്ച് ആധികാരികമായിട്ട് പറയാൻ കഴിയുന്നത്. അദ്ദേഹം ഡൽഹിയിൽ വന്നു. കേന്ദ്ര മന്ത്രി അടക്കം അദ്ദേഹം വരുമ്പോൾ, ഞാൻ വജ്‌പെയുടെ കാലത്ത് വാജ്‌പേയുടെ കൂടെയുണ്ടായിരുന്ന സമയത്ത് ഞാൻ അങ്ങയെ കണ്ടിട്ടുണ്ട്, അങ്ങ് മുന്നോട്ടു വെച്ച ആശയങ്ങൾ ആണ് ഇന്ത്യൻ റെയിൽവേ നടപ്പിലാക്കുന്നത്. അപ്പോൾ ഇ ശ്രീധരനെ പോലെയുള്ള ആളുകളുടെ കഴിവുകൾ പ്രയോജനപ്പെടും. അതു ജേക്കബ് തോമസിനെ കാര്യത്തിലാണെങ്കിലും ഉണ്ട് ബാക്കിയുള്ളവരുടെ കാര്യത്തിലാണെങ്കിലും ഉണ്ട്. ഓരോ നിയോജക മണ്ഡലത്തിൽ ആ നിയോജകമണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാക്കന്മാർ അത് ഇപ്പോഴും ഒരു പോരായ്മയാണ് ബിജെപിക്ക്. അതിന് കേരളത്തിലെ ബിജെപിയുടെ സാമ്പത്തികശേഷി ഉൾപ്പെടെ പല കാര്യങ്ങളും പരിമിതിയുണ്ട്. കാരണം മറ്റുള്ളവർക്ക് രണ്ടുപേർക്കും ജനങ്ങൾ കൊടുക്കുന്ന സാമ്പത്തിക സഹായം നൽകുന്ന വലിയ സ്വാധീനമുള്ള ആളുകൾ ബിജെപിക്ക് അങ്ങനെ കൊടുക്കില്ലല്ലോ. കേന്ദ്രത്തിൽ നിന്ന് ബിജെപിക്ക് കോടികൾ ഒഴുകുന്നു എന്നാണ് പൊതുസമൂഹത്തിലെ ധാരണ. അതു മാധ്യമങ്ങൾ ബോധപൂർവം നടത്തുന്ന ഒരു പ്രചരണം കൂടിയാണ്. കേന്ദ്രത്തിന് തിരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ പാർട്ടി കിട്ടുന്ന ചില സഹായങ്ങൾ ഒഴിച്ചാൽ സംഘടനാ പ്രവർത്തനത്തിന് ഞങ്ങൾക്ക് ഒരിക്കലും കേന്ദ്രത്തിൽനിന്ന് ഒന്നുമില്ല. കാരണം അങ്ങനെ പാർട്ടിയെ വളർത്തുക എന്നുള്ള രീതി ബിജെപിയുടെതല്ല. കോൺഗ്രസിൽ നിന്ന് ഉണ്ടാകും. ബിജെപിയുടെ ഓരോ സംസ്ഥാനത്തും ആ സംസ്ഥാനത്തെ നേതാക്കന്മാരുടെ പ്രവർത്തനതിലൂടെയും അധ്വാനത്തിലൂടെ യും പാർട്ടി വളരണം.
കേരളത്തിലെ ബിജെപി പ്രവർത്തകർ പോലും പലപ്പോഴും കെജെപി എന്നാണ് വിളിക്കുന്നത് ഒന്ന്, രണ്ട് മുരളീധര പക്ഷം കൃഷ്ണദാസ് പക്ഷം എന്ന് രണ്ട് പക്ഷം ഉണ്ടെന്നും ഈ രണ്ട് പക്ഷങ്ങളാണ് ഇവിടുത്തെ പ്രശ്‌നം എന്നുമാണ്..?
ഇപ്പൊ അതിന് പ്രസക്തി ഇല്ലല്ലോ,ഇപ്പോൾ കെ സുരേന്ദ്രൻ പ്രസിഡന്റ് ആണ്.പിന്നെ എന്ത് മുരളീധര പക്ഷം.കാരണം അത് അദ്ദേഹം സംസ്ഥാന പ്രസിഡന്റ് എന്നുള്ള നിലയിൽ എടുക്കുന്ന എല്ലാ തീരുമാനങ്ങളും അദേഹത്തിന്റെതാണ്. ചില കാര്യങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ കുറച്ചുകൂടി സജീവം ആകണമെന്ന് താല്പര്യമൊക്കെയുണ്ട്. പക്ഷെ,ഒരു പ്രസിഡന്റ് ആകുമ്പോൾ പ്രസിഡന്റിന്റെ രീതിയിലാണ് പോകുക. അദ്ദേഹത്തിന്റെ അധികാരം ആണ്. ഞാൻ ഇപ്പോൾ സംഘടനപരമായിട്ടുള്ള കാര്യങ്ങളിൽ ഒരു അഭിപ്രായവും പറയാറില്ല.അത് ജില്ലാ തലത്തിൽ ഉൾപ്പടെയുള്ള ആളുകൾക്ക് അറിയാം. കാരണം എനിക്ക് പാർട്ടി ഏൽപ്പിച്ചിരിക്കുന്നത് ഒരു വലിയ ഉത്തരവാദിത്വം ആണ്. ആ ഉത്തരവാദിത്വം നിറവേറ്റുക. ഗൾഫ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ മലയാളികൾ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നു.ആ ജോലി തന്നെ എനിക്ക് ഇപ്പൊ തീർക്കാൻ പറ്റുന്നില്ല. അപ്പൊ അത് കഴിഞ്ഞിട്ടല്ലേ, കേരളത്തിലെ സംഘടന കാര്യങ്ങളിൽ ഇടപെടാൻ. അതുകൊണ്ട് പൊതുപ്രവർത്തനവും ജനങ്ങളുമായിട്ടുള്ള പ്രവർത്തനവും, ഒരു വൃത്തം വരച്ചുകഴിഞ്ഞാൽ അതിനേക്കാൾ വലിയൊരു വൃത്തം പാർട്ടി എനിക്ക് വേണ്ടി വരച്ചുതന്നിരിക്കുന്ന സ്ഥിതിയിൽ ഞാൻ ആ വലിയ വൃത്തത്തിലാണ് ഇപ്പോ ഞാൻ പ്രവർത്തിക്കുന്നത്. അപ്പോൾ അതിനകത്ത് സംഘടന എന്ന് പറയുന്ന വൃത്തം അത് സംഘടനയ്ക്ക് അകത്തുള്ള ആളുകൾ നോക്കും.
മുരളീധരപക്ഷം ഒക്കെ ഒരു മാധ്യമ സൃഷ്ടി എന്ന് തന്നെ വേണം പറയാൻ..?
അത്, സൗഹൃദം എന്ന നിലയിൽ കൃഷ്ണദാസ് ജിയും ഞാനും ഡൽഹിയിൽ ഞങ്ങൾ സ്ഥിരമായിട്ട് കാണാറുണ്ട്.ഇപ്പോഴും, അദ്ദേഹം പലഘട്ടങ്ങളിലും വരുന്ന സമയത്ത് സംസാരിക്കാറുണ്ട്. പരസ്യമായിട്ട് ഇത് വരുന്നത് എന്താണ് എന്ന് വെച്ചുകഴിഞ്ഞാൽ, ഒരുപക്ഷെ ഏതെങ്കിലും തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിൽ, ഞാൻ ആദ്യം അദേഹത്തിന്റെ കൂടെ വൈസ് പ്രസിഡന്റ് ആയിരുന്നു.പിന്നീട് ഞാൻ പ്രസിഡന്റ് ആയപ്പോൾ അദ്ദേഹത്തോട് താല്പര്യം ഉള്ള ആൾക്കാരുടെ എതിർപ്പ് ഉണ്ട് എന്ന് തുടക്കത്തിൽ ഒരു വാർത്ത ഉണ്ടായിരുന്നു. പിപി മുകുന്ദൻ അദ്ദേഹത്തിന്റെ എതിർപ്പ് ഉണ്ടെന്നാണ് പറഞ്ഞത്. അല്ലാതെ കൃഷ്ണദാസ് ആ കാലത്ത് എതിർത്തിട്ടൊന്നും വന്നിട്ടില്ല. പി പി മുകുന്ദൻ ഞാൻ പ്രസിഡന്റ് ആകുന്നതിനെ അംഗീകരിക്കുന്നില്ല. അതുകൊണ്ട് പികെ കൃഷ്ണദാസും ബാക്കിയുള്ളവരുമൊക്കെ പിപി മുകുന്ദന്റെ അനുയായികൾ ആണ്. അതുകൊണ്ട് അങ്ങനെ ചർച്ച വന്നു. ഇപ്പോൾ പിപി മുകുന്ദൻ തന്നെ പാർട്ടിയിൽ ഇല്ല. എന്ന് പറഞ്ഞാൽ പാർട്ടിയുടെ സജീവ പ്രവർത്തനത്തിൽ ഇല്ല. ബിജെപിക്കാരൻ തന്നെ.
എന്തല്ലാം പ്രശനം ഉണ്ടെങ്കിലും പി പി മുകുന്ദനെ പോലുള്ളവർക്ക് ഒരു ജനങ്ങളെ പിടിക്കാനുള്ള കഴിവ് ഉണ്ടായിരുന്നു. അദ്ദേഹത്തെ പോലുള്ളവരെ സജീവമായി കൊണ്ട് വരുകയല്ലേ വേണ്ടത്..?
അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി. അതൊന്നും ഞങ്ങളുടെ തീരുമാനം അല്ല. ഞങ്ങളൊക്കെ ആകുന്നതിനു മുൻപ് അദ്ദേഹം എന്തുകൊണ്ട് പാർട്ടി പ്രവർത്തനത്തിന്റെ ഔദ്യോഗിക ചുമതല മാറി എന്നുള്ളതൊക്കെ ആ കാലത്തുള്ള ആളുകൾ എടുത്ത തീരുമാനം ആണ്.
നിങ്ങൾക്ക് ഒരു വെടിനിർത്തൽ പ്രഖ്യാപിച്ച് എല്ലാവരും കൂടി ഒരുമിച്ച് പ്രവർത്തിച്ചൂടെ..?
വെടി വെച്ചിട്ടിട്ടുണ്ടെങ്കിൽ അല്ലെ വെടി നിർത്തേണ്ടത്.. അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, ഏതൊക്കെ ഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ചു വന്നുകൊണ്ട് ഞങ്ങളുടെ ഇടയിൽ വിഭാഗീയത ഉണ്ട് എന്ന് ശ്രമിച്ചുകൊണ്ട് മുതലെടുക്കാൻ ശ്രമിച്ച ഘട്ടങ്ങൾ വന്നിട്ടുണ്ടോ അപ്പോഴൊക്കെ നമ്മൾ ഒരുമിച്ച് വന്നു തന്നെ പൊതുജനങ്ങളോട് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ തമ്മിൽ അങ്ങനത്തെ പ്രശ്‌നങ്ങളൊന്നുമില്ല എന്ന്.
മറുനാടന് മലയാളി ബ്യൂറോ