കൊച്ചി: സൗമ്യാ വധക്കേസിൽ കള്ളക്കളി നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി മുൻ പ്രസിഡന്റ് വി മുരളീധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. വധശിക്ഷ അട്ടിമറിക്കാൻ ഗൂഡോലചന നടക്കുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം സൗമ്യയുടെ അമ്മയെ മുരളീധരൻ സന്ദർശിച്ചിരുന്നു. അതിന് ശേഷമാണ് പോസ്റ്റിട്ടത് എന്നതും ശ്രദ്ധേയമാണ്.

വി മുരളീധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

കേരളത്തെ ഞെട്ടിച്ച സൗമ്യ വധക്കേസിൽ, സൗമ്യയെ കൊന്നതാരെന്നും അതിനു തെളിവുണ്ടോയെന്നും സുപ്രീം കോടതി ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. വിചാരണക്കോടതിയും ഹൈക്കോടതിയും വധശിക്ഷ വിധിച്ച കേസിലെ ഒട്ടനവധി സുപ്രധാന സൗഹചര്യ തെളിവുകളിൽ ഒന്നുപോലും സുപ്രീം കോടതിയിൽ എത്തിയപ്പോൾ അവതരിപ്പിക്കാനാകാതെ നോക്കുകുത്തിപോലെ നിന്ന സർക്കാർ അഭിഭാഷകർ ഗൂഢാലോചനയിൽ പങ്കാളികളാണ്. കേസിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ തോമസ് പി.ജോസഫിനെയും സ്റ്റാന്റിങ് കോൺസൽ നിഷെ രാജൻ ശങ്കറിനെയും ഉടൻ കേസിൽനിന്നും ഒഴിവാക്കണം. കേരള സമൂഹത്തിന്റെ ആകെ പിന്തുണയുള്ള വിധിയായിരുന്നു ഗോവിന്ദചാമിക്ക് ലഭിച്ച വധശിക്ഷ. ആ വിധിയെ മാറ്റിമറിക്കാൻ നടന്ന ഗൂഢാലോചനയുടെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് നിയമന്ത്രി തൽസ്ഥാനം ഒഴിയണം.

സൗമ്യ വധക്കേസ് വിജയകരമായി വിചാരണ കോടതിയിലും ഹൈക്കോടതിയിലും വാദിച്ച, സൗമ്യ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ.സുരേശനെ സുപ്രീം കോടതിയിൽ കേസിന്റെ വാദം നടന്ന ഒരു ഘട്ടത്തിലും സർക്കാർ അഭിഭാഷകർ ബന്ധപ്പെട്ടില്ല. ഗോവിന്ദചാമിക്ക് വധശിക്ഷതന്നെ വാങ്ങിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച സുരേശനെതന്നെ സുപ്രീം കോടതിയിലും അഭിഭാഷകനാക്കണമെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എ.ഡി.ജി.പി ബി.സന്ധ്യയും കേസ് ഡിവൈ.എസ്‌പി. രാധാകൃഷ്ണനും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല. കേസിൽ സർക്കാരിനുവേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകർ, ഈ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സുരേശന്റെ ഉപദേശം തേടാതിരുന്നത് സംശയകരമാണ്. ഗോവിന്ദചാമിക്ക് പിന്നിൽ കളിക്കുന്ന നിക്ഷിപ്തതാൽപര്യക്കാരുമായി സർക്കാർ അഭിഭാഷകർ ഒത്തുകളിച്ചതായി കണക്കാക്കേണ്ടിവരും.

കേരള സമൂഹത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു സൗമ്യയുടെ വധം. ഏഴ് മാസം വിചാരണ കോടതിയിൽ വാദം നടത്തിയാണ് പ്രതിയായ ഗോവിന്ദചാമിക്ക് കേടതി വധശിക്ഷ വിധിച്ചത്. ഗോവിന്ദചാമിയുടെ അപ്പീൽ പരിഗണിച്ച ഹൈക്കോടതി മൂന്നു മാസവും വാദം കേട്ടു. അതിനുശേഷമാണ് അപ്പീൽ അംഗീകരിച്ചത്. അതിനായി 4000 പേജുള്ള രേഖകളും തെളിവുകളുമാണ് കോടതികൾ പരിഗണിച്ചത്. ഗോവിന്ദചാമിക്ക് ലഭിച്ച വധശിക്ഷയാകട്ടെ ജനങ്ങൾക്ക് നീതിന്യായ വൃവസ്ഥയിലുള്ള വിശ്വാസം വർധിപ്പിക്കുകയും ക്രൂരമായ കുറ്റകൃത്യത്തിന് അർഹമായ ശിക്ഷതന്നെ ലഭിക്കുമെന്ന സന്ദേശവും സമൂഹത്തിനു നൽകാൻ സഹായിച്ചു. പക്ഷേ കേസ് സുപ്രീം കോടതിയിലേക്കു പോയപ്പോൾ എല്ലാം തകിടംമറിയുകയായിരുന്നു. എന്താണ് ഇതിനു പിന്നിൽ സംഭവിച്ചതെന്നതാണ് ഗൂഢാലോചനക്കുള്ള സാധ്യതകൾ വർധിപ്പിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട തെളിവുകൾ ആവശ്യപ്പെട്ട സുപ്രീം കോടതി ജഡ്ജിക്കു മുന്നിൽ സർക്കാർ അഭിഭാഷകർ കൈമലർത്തി കാണിക്കുകയാണ്. ചെയ്തത്. ഇതേതുടർന്ന് ഊഹാപോഹങ്ങൾ കോടതിയിൽ പറയരുതെന്ന് സുപ്രീം കോടതി ബഞ്ച് അഭിഭാഷകരെ താക്കീതു ചെയ്യുകയും ചെയ്തു. അപ്പോൾ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണോ കേരളത്തിലെ ബഹുമാനപ്പെട്ട കോടതികൾ ക്രൂരകൃത്യം ചെയ്ത ഗോവിന്ദചാമിയെ വധശിക്ഷക്കു വിധിച്ചതെന്ന ചോദ്യമാണ് ഉയരുന്നത്. ഒട്ടേറെ ശാസ്ത്രീയമായ തെളിവുകൾക്കു പുറമേ ശക്തമായ സാഹചര്യ തെളിവുകളും ഉണ്ടെന്നിരിക്കേ ഇത് സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് സർക്കാർ ശ്രമിച്ചില്ല എന്നതാണ് ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടുന്നത്.

എറണാകുളത്തുനിന്നും ട്രയിനിൽ കയറിയ സൗമ്യയെ ഗോവിന്ദചാമി ശല്യം ചെയ്യുന്നത് കണ്ടതിനു സാക്ഷിമൊഴിയുണ്ട്, സൗമ്യ ഒറ്റക്ക് വനിതാ കംപാർട്ടുമെന്റിൽ ഇരിക്കുന്നത് കണ്ടവരുണ്ട്, സൗമ്യ ട്രെയിനിൽ ഇരിക്കുന്നിടത്തേക്ക് ഗോവിന്ദചാമി കടന്നുവരുന്നത് കണ്ടവരുണ്ട്, സൗമ്യ നിലവിളിക്കുന്നത് കേട്ടവരുണ്ട്, സൗമ്യ ട്രയിനിൽനിന്നു പുറത്തേക്ക് തെറിച്ചുവീഴുന്നത് കണ്ടവരുണ്ട്, ട്രെയിൻ കംപാർട്ടുമെന്റിൽനിന്നും ഗോവിന്ദചാമിയുടെ ഷർട്ടിലെ ബട്ടണുകൾ കണ്ടെടുത്തിരുന്നു, ട്രെയിൻ നിർത്തുമ്പോൾ ഗോവിന്ദചാമി ചാടിയിറങ്ങി ഓടുന്നത് കണ്ടവരുണ്ട്, ആളുകൾ പിടികൂടുമ്പോൾ ഗോവിന്ദചാമിയുടെ ശരീരത്ത് മാന്തിയതിന്റെ പാടുകൾ ഉണ്ടായിരുന്നു, സൗമ്യയുടെ കൈ നഖങ്ങളിൽക്കിടയിൽനിന്നും ഗോവിന്ദചാമിയുടെ തൊലി, മുടി എന്നിവയുടെ അംശങ്ങളും പരിശോധനയിൽ കണ്ടെത്തിയിരുന്നു, ഗോവിന്ദചാമിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു, ഒരു കൈ മാത്രമുള്ള പ്രതിയുടെ കൈക്കരുത്ത് കൂടുതലായിരിക്കുമെന്ന് ഫൊറൻസിക് സർജന്റെ മൊഴി ഉണ്ടായിരുന്നു. സൗമ്യയുടെ ശരീരത്തിൽ കണ്ട മുറിവുകളും വീണ സ്ഥലവും പരിശോധിക്കുമ്പോൾ ട്രെയിനിൽനിന്നു ചാടിയതല്ലെന്നും തള്ളിയിടുന്നതിനു സമാനമാണെന്നും തൃശൂർ മെഡിക്കൽകോളേജിലെ ഫോറൻസിക് വിഭാഗം സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിനെല്ലാം പുറമേ സൗമ്യയെ പീഡിപ്പിച്ചത് താനാണെന്ന് ഗോവിന്ദചാമി കുറ്റസമ്മതം നടത്തിയതായി ഫൊറൻസിക് സർജൻ ഡോ. ഹിതേഷ് ശങ്കറിന്റെ മൊഴിയുമുണ്ടായിരുന്നു.

ഇത്രയേറെ വ്യക്തമായ സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഗോവിന്ദചാമിക്ക് വധശിക്ഷ ലഭിച്ചത്. എന്നാൽ ശക്തമായ ഈ തെളിവുകളൊന്നും സർക്കാരിനെ പ്രതിനിധീകരിച്ച അഭിഭാഷകർ സുപ്രീം കോടതിയുടെ മുന്നിൽ അവതരിപ്പിച്ചില്ല. കുറ്റകരമാണ് ഈ വീഴ്ച. നാടിനെ നടുക്കിയ ഈ തിരിച്ചടിയുടെയും വീഴിചയുടേയും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് നിയമന്ത്രി സ്ഥാനമൊഴിയണം. ഈ വീഴ്ചയുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് സ്വതന്ത്രമായ ഒരു ഏജൻസിയെക്കൊണ്ട് അന്വേഷിക്കാനും സർക്കാർ തയാറാകണം.