തിരുവനന്തപുരം: ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റിനെ വിമർശിച്ചു കേന്ദ്രമന്ത്രി വി മുരളീധരൻ. പതിവുപോലെ കൺകെട്ടാണ് ബജറ്റിലെന്ന് അദ്ദേഹം വിമർശിച്ചു. ബജറ്റിലെ രണ്ട് പ്രഖ്യാപനങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുരളീധരന്റെ പ്രതികരണം. കോവിഡ് പാക്കേജിനായി പ്രഖ്യാപിച്ച 20,000 കോടിയും തീരദേശ പാക്കേജായ പ്രഖ്യാപിച്ച 11,000 കോടിയും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടത്തിയ പ്രഖ്യാപനവുമായി താരതമ്യം ചെയ്തുകൊണ്ടാണ് മുരളീധരന്റെ വിമർശനം.

2020 ജനുവരിയിൽ കോവിഡ് നേരിടാൻ പിണറായി വിജയൻ പ്രഖ്യാപിച്ച എന്തായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. സാർക്കാരിന്റെ ദൈനംദിന ചെലവ് എല്ലാം ചേർത്ത് 20,000 കോടി പാക്കേജ് എന്ന് പേരിട്ട് അവതരിപ്പിക്കുകയായിരുന്നു എന്ന് അദ്ദേഹം വിമർശിച്ചു. തീരദേശത്തിനായി 11,000 കോടി നീക്കിവെച്ചന്ന് പറയുന്നത് വാസ്തവത്തിൽ തീരാ ദുരിതത്തിൽ കഴിയുന്ന ജനതയെ പരിഹസിക്കലാണെന്ന് മുരളീധരൻ പറഞ്ഞു. 2020-21 ൽ പ്രഖ്യാപിച്ച തീരവികസനത്തിനായുള്ള 1000 കോടിയുടെ പാക്കേജ് എവിടെയുണ്ടെന്ന് തീരവാസികൾക്കെല്ലാം കാണിച്ചുകൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റും പതിവുപോലെ കൺകെട്ടാവുന്നത് എങ്ങനെയെന്ന് മനസിലാക്കാൻ രണ്ട് പ്രഖ്യാപനങ്ങൾ പരിശോധിച്ചാൽ മതി. 20,000 കോടിയുടെ കോവിഡ് പാക്കേജും 11,000കോടിയുടെ തീരദേശ പാക്കേജും. 2020 ജനുവരിയിൽ കോവിഡ് നേരിടാൻ പിണറായി വിജയൻ പ്രഖ്യാപിച്ച 20,000കോടിയുടെ പാക്കേജ് എന്തായിരുന്നു..?

അതിൽ 13,500 കോടിയും കോൺട്രാക്ടർമാർക്ക് കൊടുത്തു തീർക്കാനുള്ള ബിൽ കുടിശികയ്ക്കായിരുന്നെന്ന് പിന്നീട് വ്യക്തമായി. സർക്കാരിന്റെ സാധാരണ ദൈനംദിന ചെലവ് എല്ലാം ചേർത്ത് ' 20,000 കോടി പാക്കേജ് ' എന്ന് പേരിട്ട് അവതരിപ്പിക്കുകയായിരുന്നു അന്ന്. പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് ചോദിച്ചപ്പോൾ വായ്‌പ്പയെടുക്കുമെന്ന വ്യക്തതയില്ലാത്ത മറുപടിയായിരുന്നു അന്നത്തെ ധനമന്ത്രി തോമസ് ഐസക്കിന്റേത്.
ഇപ്പോഴിതാ വീണ്ടുമൊരു 20,000കോടിയുടെ പ്രഖ്യാപനം.

സാധാരണ പ്ലാൻ ഫണ്ടിന് പുറത്താണോ ഈ 20,000 കോടി? അങ്ങനെയെങ്കിൽ അത് എവിടെ നിന്ന് കണ്ടെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കണം. ശമ്പളവും പെൻഷനും നൽകാൻ 1000 കോടി കടമെടുക്കേണ്ടി വരുന്നവർ 20,000 കോടിയുടെ പ്രത്യേക പാക്കേജ് എങ്ങനെ പ്രാവർത്തികമാക്കും? ഡാമിൽ നിന്ന് മണൽവാരിവിറ്റ് പണമുണ്ടാക്കുന്ന കഥ കുറേ നാളായി കേരളം കേൾക്കുന്നു!. അച്യുതാനന്ദൻ സർക്കാരിന്റെ കാലം മുതൽ ഐസക്ക് തുടങ്ങിയതാണ് മണൽവാരൽ കഥ. ഇതൊന്നുമല്ല, സാധാരണ ബജറ്റിന്റെ ഭാഗമായ പദ്ധതികളെ 'കോവിഡ് പാക്കേജ് ' എന്ന് ബ്രാൻഡ് ചെയ്യുന്നതാണെങ്കിൽ അത് തുറന്ന് പറയണം.

തീരദേശത്തിനായി 11,000കോടി നീക്കി വച്ചു എന്ന് പറയുന്നത് വാസ്തവത്തിൽ തീരാ ദുരിതത്തിൽ കഴിയുന്ന ആ ജനതയെ പരിഹസിക്കലാണ്. 2018-19ൽ തീരദേശത്തിനായി പ്രഖ്യാപിച്ച 2000 കോടിയുടെ പാക്കേജലെ എന്തെല്ലാം നടപ്പാക്കി?. 2020-21 ൽ പ്രഖ്യാപിച്ച തീരവികസനത്തിനായുള്ള 1000 കോടിയുടെ പാക്കേജും എവിടെയുണ്ടെന്ന് തീരവാസികൾക്കെങ്കിലും കാണിച്ചുകൊടുക്കണം!