- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യാനെറ്റ് ന്യൂസുമായി നിസ്സഹകരിക്കാൻ ബിജെപി സംസ്ഥാനഘടകം തീരുമാനിച്ചതോടെ ചാനലിനെ വാർത്താസമ്മേളനത്തിൽ നിന്ന് ഒഴിവാക്കി കേന്ദ്രമന്ത്രി വി.മുരളീധരൻ; 'കേന്ദ്ര മന്ത്രിയാണെങ്കിലും ഞാൻ ബിജെപി നേതാവ്; പാർട്ടി തീരുമാനം പാലിക്കുന്നു...കേന്ദ്രമന്ത്രി എന്നത് പൊതുപദവി എന്നും വിശദീകരിച്ച് മുരളീധരൻ
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസുമായുള്ള ഫോൺ കോൾ വിവാദത്തിൽ ചാനലുമായി നിസ്സഹകരണത്തിന് ബിജെപി തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകർക്കെതിരെ സൈബർ ആക്രമണവും സംഘപരിവാർ ഗ്രൂപ്പുകളിലുണ്ടായിരുന്നു. നിരവധി ബിജെപി അനുകൂലികൾ ഏഷ്യാനെറ്റ് ബഹിഷ്‌കരിക്കണമെന്ന ആവശ്യമുയർന്നിരുന്നു. ദേശവിരുദ്ധതയോട് ഇനി വിട്ടുവീഴ്‌ച്ച ചെയ്യില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് ബിജെപിയെ നിരന്തരം അപമാനിക്കുകയാണെന്നും പാർട്ടി പ്രസ്താവിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്റെ വാർത്താസമ്മേളനത്തിലും ഏഷ്യാനെറ്റ് ന്യൂസിനെ വിളിച്ചില്ല. ഇക്കാര്യത്തിൽ വി.മുരളീധരന്റെ വിശദീകരണം ഇങ്ങനെ:
കേന്ദ്രമന്ത്രിയാണെങ്കിലും താൻ ബിജെപി തീരുമാനമാണ് അനുസരിക്കുന്നതെന്ന് വി മുരളീധരൻ പറഞ്ഞു. വാർത്താസമ്മേളനത്തിലേക്ക് ഏഷ്യാനെറ്റിനെ വിളിക്കാത്തത് എന്തുകൊണ്ടെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് മുരളീധരൻ ഇത്തരമൊരു മറുപടി നൽകിയത്.
വി മുരളീധരൻ പറഞ്ഞത്: 'ഏഷ്യാനെറ്റിനെ ഞങ്ങൾ ബഹിഷ്‌കരിച്ചിട്ടില്ല. അവരോട് നിസഹകരണമാണ്. ഔദ്യോഗികമാണെങ്കിലും അനൗദ്യോഗികമാണെങ്കിലും ഞാൻ ബിജെപിയുടെ നേതാവാണ്. കേരള ബിജെപി ഘടകം നിസഹകരിക്കാൻ തീരുമാനിച്ചിട്ടുള്ള ഒരു മാധ്യമത്തെ ഞാൻ വിളിച്ചിട്ടില്ല. കേന്ദ്രമന്ത്രിയാണെങ്കിലും ഞാൻ ബിജെപി തീരുമാനം പാലിക്കുന്നു. കേന്ദ്രമന്ത്രി എന്നത് പൊതുപദവിയാണ്.''
ബിജെപി കോഴിക്കോട് ജില്ലാ നേതൃയോഗത്തിൽ നിന്ന് താൻ പ്രതിഷേധിച്ചിറങ്ങി പോയെന്ന വാർത്തകൾ മുരളീധരൻ നിഷേധിച്ചു. മാധ്യമസ്ഥാപനങ്ങളിലെ സിപിഐഎം അനുഭാവികൾ സൃഷ്ടിച്ച വ്യാജവാർത്തയാണിതെന്നും താൻ യോഗത്തിൽ നിന്ന് ഇറങ്ങിപോയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.
മുരളീധരൻ പറഞ്ഞത്: ''സിപിഐഎം അനുഭാവികൾ എല്ലാ മാധ്യമസ്ഥാപനങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. സർക്കാരിന് അനുകൂലമായിട്ടുള്ള വാർത്തകളാണ് അവർ സൃഷ്ടിക്കുന്നത്. അങ്ങനെയുള്ളവരുടെ സൃഷ്ടിയാണ് ഇങ്ങനെയുള്ള വാർത്തകൾ. അതിനപ്പുറത്ത് ബിജെപിയുടെ യോഗത്തിൽ ഈ പറഞ്ഞ രീതിയിൽ ഒരു കാര്യവും നടന്നിട്ടില്ല. യോഗം ഞാൻ ബഹിഷ്‌കരിക്കുന്നത് എന്തിനാണ്. ഞാനും കൂടിയാണ് യോഗം വിളിച്ചത്.''
ഏഷ്യാനെറ്റ് ന്യൂസുമായി നിസ്സഹകരണമെന്ന ബിജെപി വാർത്താ കുറിപ്പ് ഇങ്ങനെ
ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല.
കഴിഞ്ഞ കുറേക്കാലങ്ങളായുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ദേശവിരുദ്ധ സമീപനം അതിന്റെ എല്ലാ സീമങ്ങളും ലംഘിച്ചിരിക്കുകയാണെന്ന് സമകാലീന സംഭവങ്ങൾ വീണ്ടും തെളിയിക്കുകയാണ്. ബംഗാൾ ഇന്ത്യയിലല്ലെന്നും സംഘികൾ ചാവുന്നത് വാർത്തയാക്കില്ലെന്നും നിങ്ങൾ വേണമെങ്കിൽ കണ്ടാൽ മതിയെന്നുമുള്ള ധിക്കാരം ഒരു നൈമിഷിക പ്രതികരണമായി കാണാനാവില്ല.
രാജ്യതാത്പര്യങ്ങളെ ഇത്രകണ്ട് ഹനിക്കുന്ന ഏഷ്യാനെറ്റുമായി സഹകരിക്കാൻ ബിജെപിക്കോ മറ്റ് ദേശീയ പ്രസ്ഥാനങ്ങൾക്കോ സാധിക്കുകയില്ല. വാർത്തയിലും വാർത്താധിഷ്ഠിത പരിപാടികളിലും ബിജെപിയേയും ദേശീയ പ്രസ്ഥാനങ്ങളെയും നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് തുടരുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാനെറ്റുമായി നിസഹകരണം ആരംഭിക്കാൻ ഭാരതീയ ജനതാ പാർട്ടി കേരളാ ഘടകം തീരുമാനമെടുത്തിരിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ