ന്യൂഡൽഹി: കേരളത്തിലെ കോവിഡ് മരണ നിരക്ക് ഉയരുന്നത് ആശങ്കപ്പെടുത്തുന്ന തരത്തിലാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. പിപിഇ കിറ്റടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുത്തനെ കുറച്ച കേരളത്തിന്റെ നടപടി കയ്യടി ലക്ഷ്യമിട്ടാവരുതെന്നും കേന്ദ്ര മന്ത്രി കൂട്ടി ചേർത്തു.

പ്രധാനമന്ത്രി ആവശ്യപ്പെട്ടതുപോലെ മരണക്കണക്കുകളിലടക്കം കൂടുതൽ സുതാര്യത പുലർത്തേണ്ട സമയമാണിതെന്നും വിവരങ്ങൾ മറച്ചുവയ്ക്കുന്നത് പ്രതിരോധരംഗത്ത് ഗുണകരമാവില്ല എന്ന് ആവർത്തിച്ചോർമിപ്പിക്കുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കോവിഡ് ചികിൽസാരംഗത്ത് പ്രതീക്ഷയേകി കേരളത്തിലേക്ക് കേന്ദ്രമയച്ച ആദ്യ ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ രാവിലെ കൊച്ചി വല്ലാർപാടത്ത് എത്തിയിരിക്കുന്നു. 118 മെട്രിക് ടൺ ഓക്സിജനുമായെത്തിയ ട്രെയിനിന്റെ വരവ് സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമത്തിന് വലിയൊരു അളവു വരെ പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിനുള്ള ഓക്സിജൻ വിഹിതം 223 മെട്രിക് ടണ്ണിൽ നിന്ന് 358 മെട്രിക് ടണ്ണായി കഴിഞ്ഞദിവസം ഉയർത്തിയിരുന്നു. സംസ്ഥാനം ആവശ്യപ്പെട്ടാൽ ഇനിയും ഓക്സിജൻ അയക്കാൻ കേന്ദ്രം തയാറാണ്.

ആശങ്കപ്പെടുത്തുന്ന തരത്തിലാണ് കേരളത്തിലെ കോവിഡ് മരണനിരക്ക് ഉയരുന്നത്.പ്രധാനമന്ത്രി ആവശ്യപ്പെട്ടതുപോലെ മരണക്കണക്കുകളിലടക്കം കൂടുതൽ സുതാര്യത പുലർത്തേണ്ട സമയമാണിത്.വിവരങ്ങൾ മറച്ചുവയ്ക്കുന്നത് പ്രതിരോധരംഗത്ത് ഗുണകരമാവില്ല എന്ന് ആവർത്തിച്ചോർമിപ്പിക്കുന്നു' മുരളീധരൻ പറഞ്ഞു.

രണ്ടാമത്തെ പോസ്റ്റിലാണ് പിപിഇ കിറ്റടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികളുടെ വില കുത്തനെ കുറച്ച കേരളത്തിന്റെ നടപടി കയ്യടി ലക്ഷ്യമിട്ടാവരുത് എന്ന് മുരളീധരൻ പറയുന്നത്. പ്രതിരോധ ഉപകരണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ആരോഗ്യമേഖലയ്ക്കുള്ള ആശങ്ക കാണാതെ പോവരുത്... കുറഞ്ഞവില നിശ്ചയിക്കുമ്പോൾ അതിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള ബാധ്യതയും സംസ്ഥാനസർക്കാരിനുണ്ട്.... സിവിൽ സപ്ലൈസ് വകുപ്പാണ് പിപിഇ കിറ്റ്, മാസ്‌ക്, സർജിക്കൽ ഗൗൺ, ഓക്‌സിജൻ മാസ്‌ക് തുടങ്ങി എല്ലാ പ്രതിരോധ ഉപകരണങ്ങളുടെയും വില നിശ്ചയിച്ചിരിക്കുന്നത്...

ഗുണനിലവാരത്തിലെ ചെറിയ വിട്ടുവീഴ്ച പോലും വലിയ ദുരന്തങ്ങൾക്കിടയാക്കും....പ്രത്യേകിച്ചും കോവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവർത്തകരുടെ ജീവനാണ് കൂടുതൽ അപകടത്തിലാവുക ..... ഗുണനിലവാരം ഉറപ്പാക്കി സർക്കാർ തന്നെ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി ഇവ വാങ്ങി വിതരണം ചെയ്യുന്നതായിരിക്കും ഉചിതം... കുറഞ്ഞ വിലയിൽ വാങ്ങുന്ന പ്രതിരോധ സാമഗ്രികൾ ഏത് കമ്പനിയാണ് നിർമ്മിക്കുന്നതെന്ന് വെളിപ്പെടുത്തുന്നതും ആരോഗ്യമേഖലയ്ക്ക് ആത്മവിശ്വാസമേകും-എന്നും മുരളീധരൻ പറഞ്ഞു.