ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതിന്റെ പേരിൽ കേരള സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ രാജ്യസഭയിൽ. പദ്ധതിക്ക് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നു.നിയമങ്ങൾ പാലിക്കാതെയാണ് നടപടികൾ തുടരുന്നതെന്നും വി മുരളീധരൻ രാജ്യസഭയിൽ പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹികാഘാത പഠനം പോലും നടത്തിയിട്ടില്ല. വീടുകളിൽ അതിക്രമിച്ച് കയറി കല്ലിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് ആളുകളെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പിലാക്കേണ്ട സാഹചര്യം കേരളത്തിലില്ല.

കേരളത്തിന് വേണ്ടത് സിൽവർ ലൈൻ പദ്ധതിയല്ലെന്നും വന്ദേഭാരത് ട്രെയിനാണെന്നും മുരളീധരൻ വ്യക്തമാക്കി. വന്ദേഭാരത് പദ്ധതി അനുവദിച്ച് നൽകണമെന്നും അതിനായി റെയിൽവെ മന്ത്രാലയം മൂന്നാമത് ലൈനിടാൻ അനുമതി നൽകണമെന്നും കേന്ദ്രമന്ത്രി രാജ്യസഭയിൽ പറഞ്ഞു.

സിൽവർലൈൻ അനുമതി അടക്കമുള്ള വിഷയങ്ങൾ കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ എത്തിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാജ്യസഭയിൽ കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉയർത്തിയിരിക്കുന്നത്.

വ്യാഴാഴ്ച പുലർച്ചെ ഡൽഹിയിലെത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക്കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. സിൽവർലൈൻ പദ്ധതിയിൽ കേന്ദ്രത്തിന്റെ അനുമതി കിട്ടാത്ത സാഹചര്യത്തിൽ കെ റെയിൽ തന്നെയാവും പ്രധാന വിഷയമായി അവതരിപ്പിക്കുക. കെ റെയിൽ സർവേയുമായി ബന്ധപ്പെട്ട് കേരളത്തിലുള്ള പ്രതിഷേധങ്ങൾ സംബന്ധിച്ചും കേന്ദ്രത്തെ അറിയിക്കും. സിൽവർലൈനിലടക്കം കേന്ദ്രത്തിന്റെ കൂടുതൽ പിന്തുണ തേടാനുള്ള സാധ്യതയുണ്ട്.

സിൽവർലൈനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാർലമെന്റിലും കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നു. അതോടൊപ്പം സംസ്ഥാനത്തെ നിരവധി വിഷയങ്ങളും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യും. ശബരിമല വിമാനത്താവളവുമായി മുന്നോട്ട് പോവാനുള്ള അനുമതി നൽകണമെന്ന് പാർലമെന്ററി സമിതി വ്യക്തമാക്കിയ സാഹചര്യത്തിൽ ഈ വിഷയത്തിലും കേന്ദ്ര പിന്തുണ തേടുമെന്നാണ് റിപ്പോർട്ട്.

സിൽവർലൈൻ പദ്ധതിയുടെ പേരിൽ വലിയ ഡീൽ നടന്നു കഴിഞ്ഞെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പേ തന്നെ ജപ്പാനിലെ ഒരു കമ്പനിയുമായി പിണറായി സർക്കാർ ധാരണയുണ്ടാക്കിയിരുന്നു. അതിന്റെ പ്രത്യുപകാരം സിപിഎമ്മിനും സർക്കാരിനും അന്ന് തന്നെ ലഭിച്ചിരുന്നു.

ജപ്പാനിൽ എടുക്കാചരക്കായി കിടക്കുന്ന സാധന സാമഗ്രികൾ വാങ്ങാമെന്ന് സർക്കാർ കമ്പനിക്ക് ഉറപ്പ് നൽകിയിരുന്നു. ഇത് വലിയ അഴിമതി ലക്ഷ്യമിട്ടാണ്. ആസൂത്രിതമായ അഴിമതിയാണ് നടക്കുന്നത്. എവിടെ നിന്നാണ് സിൽവർലൈനിന് വേണ്ടി കടം എടുക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം.

കല്ലിടലിന്റെ പേരിൽ സർക്കാർ ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യമാണ്. റെയിൽവെ വകുപ്പിന്റെ അനുമതി ലഭിക്കാതെയാണ് സർവ്വെ നടക്കുന്നത്. പാവപ്പെട്ടവരെ അറിയിക്കാതെ ഗേറ്റ് ചാടിക്കടന്നാണ് പൊലീസ് അതിക്രമം നടക്കുന്നത്. ശബരിമലയിലേത് പോലെ സർക്കാരിന് ഈ കാര്യത്തിലും പിന്നോട്ട് പോവേണ്ടി വരുമെന്നും സുരേന്ദ്രൻ പറഞ്ഞു.