കോഴിക്കോട്: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനമനുവദിക്കണമെന്ന സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധി വന്നതിന് ശേഷമുണ്ടായ ചർച്ചകളിൽ പ്രധാനപ്പെട്ടതായിരുന്നു സുന്നിപള്ളികളിലെ സ്ത്രീപ്രവേശനം സംബന്ധിച്ചുള്ളത്. എന്നാൽ ഇതിനായി സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വനിതാ സംഘടന നിസ. പുരോഗമന മുസ്ലിം സ്ത്രീകളുടെ സംഘടനയായ നിസയുടെ നേതൃത്വത്തിലിരിക്കുന്ന വിപി സുഹറ ശബരിമലയിലെ സ്ത്രീ പ്രവേശനവും സുന്നിപള്ളികളിൽ നേരിടുന്ന വിലക്കുകളും സംബന്ധിച്ച് മറുനാടൻ മലയാളിക്കനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിലപാട് വ്യക്തമാക്കുകയാണ്.

സുന്നി പള്ളികളിൽ  സ്ത്രീകൾക്കുള്ള വിലക്ക്
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഇസ്ലാം മതവിശ്വാസികളും സുന്നികളാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ ഭൂരിഭാഗം മസ്ജിദുകളും സുന്നികളുടേതാണ്. ഈ പള്ളികളിലൊന്നും തന്നെ സ്ത്രീകൾക്ക് പ്രവേശനമില്ല. പ്രധാനമായും സുന്നികളുടെ രണ്ട് പിന്തിരിപ്പൻ നിലപാടുകളുടെ ഭാഗമായാണ് ഇവിടങ്ങളിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഒന്ന് സ്ത്രീകൾ പുറത്തിറങ്ങാൻ പാടില്ലാത്തവരാണെന്ന അവരുടെ പ്രഖ്യാപിത നിലപാടിന്റെ ഭാഗമായാണ്. സുന്നി കുടുംബങ്ങളിലെ സ്ത്രീകൾ എക്കാലവും ഭർത്താവിനും കുടുംബത്തിനും വേണ്ടി വീട്ടുപണികൾ ചെയ്ത് അകത്തളങ്ങളിൽ ഒതുങ്ങേണ്ടവരാണെന്ന നിലപാടിന്റെ ഭാഗമാണത്. മറ്റൊന്ന് ആരാധന സ്വാതന്ത്ര്യമെന്നത് പുരുഷന്റെ കുത്തകയാണെന്നുള്ള അഹങ്കാരത്തിന്റെ ഭാഗവുമാണ്.

സ്ത്രീക്ക് വീട്ടിൽ വെച്ച് ആരാധനകൾക്ക് ബുദ്ധിമുട്ടുണ്ടാകുകയാണെങ്കിൽ അവർക്ക് പള്ളിയിൽ പോകാനുള്ള അവസ്ഥ ഇന്ന് കേരളത്തിലെ സുന്നി കുടുംബങ്ങളില്ല. ഇതിന് വേണ്ടിയാണ് നിസ സുപ്രിം കോടതിയെ സമീപിക്കുന്നത്. പ്രവാചകൻ മുഹമ്മദ് അദ്ദേഹത്തിന്റെ ഭാര്യമാരെ അവരുടെ ആർത്തവ സമയത്ത് പോലും പള്ളികളിൽ കൊണ്ട് പോയിരുന്നതായി ചരിത്ര പുസ്തകങ്ങളിൽ പറയുന്നുണ്ട്. ഇസ്ലാമിൽ ഏറ്റവും പവിത്രമാക്കപ്പെട്ട പള്ളികളായ മക്കയിലെയും മദീനയിലെയും പള്ളികളിൽ യാതൊരു വിവേചനവുമില്ലാതെ സ്ത്രീകൾക്ക് പ്രവേശിക്കാനാകുന്നുണ്ട്. ഹജ്ജിന്റെയും ഉംറയുടെയും സമയത്ത് ഹജറുൽ അസുവദ് എന്ന കല്ലിനെ ചുംബിക്കുന്ന ഒരു ചടങ്ങുണ്ട്. ഈ ചടങ്ങിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചാണ് ഈ കല്ലിനെ ചുംബിക്കുന്ന്. അവിടെ പെണ്ണിനും ആണിനും വെവ്വേറെ കല്ലുകളില്ല ചുംബിക്കാൻ.

മക്കയിലും മദീനയിലും പ്രവാചകന്റെ നാളുകൾ അടയാളപ്പെടുത്തിയ ചരിത്ര പുസ്തകങ്ങളിലും ഇല്ലാത്ത വിവേചനമെങ്ങനെയാണ് കേരളത്തിലെ സുന്നികൾക്കിടയിലുണ്ടായതെന്ന് മനസ്സിലാകുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നിസ സുന്നിപള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കാൻ തയ്യാറെടുത്തിരിക്കുന്നത്. കഴിഞ്ഞ 30 വർഷത്തിലധികമായി കേരളത്തിലെ മുസ്ലിം സ്ത്രീകൾക്കിടയിലെ വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിനായി താൻ രംഗത്തുണ്ട്. ഈ കാലഘട്ടത്തിനിടയ്ക്ക് നിരവധി ആരോപണങ്ങൾ താൻ നേരിട്ടു. ഒരുവേള താൻ സംഘപരിവാറിന്റെ നിർദ്ദേശാനുസരണമാണ് പ്രവർത്തിക്കുന്നത് എന്ന് വരെ ആളുകൾ പ്രചരിപ്പിച്ചു. അതിനെയെല്ലാം നേരിട്ടിട്ടുണ്ട്. ഈ കേസ് നൽകി കഴിഞ്ഞാലും അത്തരത്തിലുള്ള ആരോപണങ്ങളുണ്ടാകും. അതിനെയും നേരിട്ട് മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം.

ശബരിമല വിഷയത്തിലെ സുപ്രിംകോടതി വിധി
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്നുള്ള സുപ്രിം കോടതി വിധി സ്ത്രീസമത്വത്തിന് വളരെയേറെ പ്രാധാന്യം നൽകുന്ന വിധിയാണ്. അതിനെ സ്വാഗതം ചെയ്യുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി വിവിധ മതങ്ങളെ പഠിക്കാനായി അവരുടെയൊക്കെ ആരാധനാലയങ്ങളിൽ തനിക്ക് പോകേണ്ടി വന്നിട്ടുണ്ട്. അവിടൊക്കെ പഴയ പല ആചാരങ്ങളും ഇപ്പോൾ നിലനിൽക്കുന്നില്ലെന്ന് നമുക്ക് മനസ്സിലാകും. നരബലിയും, സതിയും, ദേവദാസി സമ്പ്രദായവും, അശ്വമേധവുമൊക്കെ അത്തരത്തിൽ ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. ഇത്തരത്തിൽ കാലഘട്ടത്തിനനുസരിച്ച് എല്ലാ ആചാരങ്ങളിലും മാറ്റം വന്നിട്ടുണ്ട്. എന്നാൽ ശബരിമലയിൽ ഇത്രയും നാൾ അനുവർത്തിച്ച് പോന്നത് ഒരു തരത്തിലുള്ള അയിത്തം തന്നെയാണ്.

പഴയകാലങ്ങളിൽ അവർണ്ണർക്ക് നേരിടേണ്ടി വന്ന വിവേചനത്തിന്റെ മറ്റൊരു വശമാണത്. അതിനെ ഇല്ലാതാക്കുന്ന തരത്തിലുള്ളി വിധിയാണ് കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. ആർത്തവത്തിന്റെ പേരിൽ മാറ്റിനിർത്തപ്പെടേണ്ടവരല്ല സ്ത്രീകൾ. ആർത്തവം അശുദ്ധമാണെന്ന് പറയുന്നതിലും വലിയ മണ്ടത്തരമില്ല. ആ അശുദ്ധിയിൽ നിന്നാണ് ഈ ലോകത്തെ ഓരോ പുരുഷനുമുണ്ടായിരിക്കുന്നത്. ആ രക്തം പുരളാത്ത ഒരാളും ഈ ലോകത്ത് ജനിച്ചിട്ടില്ല.

ശബരിമലയിൽ പോകുന്ന പുരുഷന്മാരുടെ വ്രതത്തിന് കോട്ടം തട്ടുമെന്നും അയ്യപ്പന്റെ ബ്രഹ്മചര്യത്തിന് കളങ്കമുണ്ടാകുമെന്നും പറഞ്ഞ് മാറ്റിനിർത്തേണ്ടവരല്ല സ്ത്രീകൾ. ഏതെങ്കിലും പെണ്ണിനെ കാണുമ്പോഴേക്ക് ശുക്ലം തെറിക്കുന്നവരാണ് ശബരിമലക്ക് പോകുന്ന പുരുഷന്മാരെങ്കിൽ അവരെ മാനസിക രോഗത്തിന് ചികിത്സിക്കുകയാണ് വേണ്ടത്. അല്ലാതെ പെണ്ണിനെ വിലക്കുകയല്ല. ഭരണഘടനയും ഇന്ത്യൻ പരമോന്നത നീതി പീഠത്തിന്റെ ഉത്തരവും മുൻനിർത്തി ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പാക്കാനും അവർക്കാവശ്യമായ സുരക്ഷയൊരുക്കാനും സർക്കാർ ശ്രമിക്കണം.

ഇപ്പോൾ തെരവിലിറങ്ങിയ സ്ത്രീകൾ ഇത്രയും നാൾ ഏത് മാളത്തിലായിരുന്നു
സുപ്രിം കോടതിയുടെ വിധിക്കെതിരെ ഇപ്പോൾ നിരവധി സ്ത്രീകളാണ് ഞങ്ങൾ അശുദ്ധരാണെന്ന് പറഞ്ഞ് തെരുവിലിറങ്ങിയിരിക്കുന്നത്. അവർ സത്യം മനസ്സിലാക്കാത്തവരാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയും നാട്ടിൽ കാലാപമുണ്ടാക്കാനുമായി രാഷ്ട്രീയപാർട്ടികളും മതസംഘടനകളും അവരെ കരുവാക്കുകയാണ്. കേരളത്തിൽ നിപ്പയും പ്രളയവും എല്ലാം വന്നപ്പോൾ പേടിച്ചരണ്ട് പുറത്തിറങ്ങാതെയും മതവും ജാതിയും നോക്കാതെ എല്ലാവരും നൽകിയ വെള്ളവും ഭക്ഷണവും കഴിച്ചവരാണ് ഇന്ന് വിശ്വാസം സംരക്ഷിക്കാനെന്ന് പറഞ്ഞ് തെരവിലിറങ്ങിയിരിക്കുന്നത്.

കേരളത്തിൽ മാസങ്ങൾക്കിടയിലാണ് ഒരു കന്യാസ്ത്രീ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി ഈ ലോകത്തോട് വിളിച്ച് പറഞ്ഞത്. തങ്ങളുടെ സഹോദരിക്കേറ്റ ഈ പീഡനത്തിനെതിരെ പ്രതിഷേധിക്കാൻ ഇക്കൂട്ടത്തിലുള്ള ഒരാളെയും കണ്ടിട്ടില്ല. ഇവരൊക്കെ തങ്ങളുടെ കാലിലെ ചങ്ങലകൾ അലങ്കാരമായി കൊണ്ട് നടക്കുന്നവരാണ്. പെണ്ണിന് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കുന്ന ഒരു വിധി വന്നതിനെ തകർക്കാൻ കോൺഗ്രസും ബിജെപിയും എല്ലാം ഒറ്റക്കെട്ടാണ്. പെണ്ണിന് വിലങ്ങുതീർക്കാൻ എല്ലാ വിദ്വേശങ്ങളും മാറ്റിവെച്ച് ശത്രുക്കൾ പോലും ഒരുമിച്ച് നിൽക്കുന്ന കാഴ്ചയാണ് കാണുന്നത്.