- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അതുവരെ അച്ഛനായിരുന്നു കവി, പെട്ടെന്ന് കാമുകനായി; പിന്നെ സംസാരം ലൈംഗിക ചുവയോടെ'; പീഡന പരാതി ഉയർന്ന എഴുത്തുകാരൻ വി ആർ സുധീഷിനെ കൃഷ്ണ പാരമ്പര്യമെന്ന് വെളുപ്പിക്കാൻ ശ്രമം; കവി വി ടി ജയദേവന്റെ തനി നിറം വ്യക്തമാക്കി യുവതിയുടെ പോസ്റ്റ്
കോഴിക്കോട്: കഴിഞ്ഞ കുറച്ചു ദിവസമായി സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാവുന്ന വിഷയമാണ് സാംസ്കാരിക നായകർ എന്ന് നടിക്കുന്ന എഴുത്തുകാരുടെ നേതൃത്വത്തിൽ സ്ത്രീകൾക്കുനേരെ നടക്കുന്ന അതിക്രമങ്ങൾ. എഴുത്തുകാരൻ വി.ആർ. സുധീഷിനെ പ്രതിക്കൂട്ടിൽ നിർത്തി യുവ പ്രസാധക ഷഹനാസിന്റെ കുറിപ്പ് പുറത്തുവന്നതോടെയാണ് ഈ വിവാദം ഉണ്ടായത്. നിരന്തരമായി സുധീഷിന്റെ വീട്ടിലേക്ക് ഒറ്റയ്ക്ക് വിളിപ്പിക്കുകയും, അയാളുടെ പതിനായിരത്തെട്ട് കാമുകിമാരിൽ ഒരാളാകാൻ തയാറാകാത്തതുകൊണ്ട് ഉപദ്രവിക്കുകയുമാണെന്നായിരുന്നു ഷഹനാസിന്റെ ആരോപണം.
വിദ്യാർത്ഥികൾ അടക്കം നിരവധി പേരെ സുധീഷ് ഈ രീതിയിൽ പീഡിപ്പിച്ചതായി തനിക്ക് അറിയാമെന്ന് അവർ ആരോപിച്ചിരുന്നു. ഈ പോസ്റ്റ് വൈറലായതോടെയാണ് എഴുത്തുകാരിൽ നിന്ന് സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങൾ വലിയ ചർച്ചയായത്. ഒരു പുസ്തകത്തിന് അവതാരിക എഴുതിക്കൊടുക്കാനും മറ്റുമായി സ്ത്രീകൾ എഴുത്തുകാർക്ക് കിടന്നുകൊടുക്കേണ്ട സാഹചര്യം ഉണ്ടോ എന്നാണ് ഈ വിവാദത്തിൽ പല വനിതാ ആക്റ്റീവിസറ്റുകളും പച്ചയ്ക്ക് ചോദിച്ചത്. സുധീഷിനെതിരെ ഷഹനാസ് കൊടുത്ത പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ സുധീഷിനെ പരസ്യമായി ന്യായീകരിക്കാനും, സംഭവം ലഘൂകരിക്കാനും, അയാളുടെ സുഹൃത്തുക്കളായ കുറച്ചുപേർ ഇറങ്ങിയിരിക്കയാണ്. അങ്ങനെ ന്യായീകരിച്ച കവി വി ടി ജയദേവന് എട്ടിന്റെ പണി കിട്ടുകയും ചെയ്തു. സുധീഷിന്റേത് കൃഷ്ണ പാരമ്പര്യമാണെന്നൊക്കെ പറഞ്ഞായിരുന്നു ജയദേവന്റെ ന്യായീകരണം. 'പുരുഷവർഗം മുഴുവനുമെടുത്താൽ രണ്ടു പാരമ്പര്യം ആയിരിക്കും. രാമപാരമ്പര്യക്കാരും കൃഷ്ണ പാരമ്പര്യക്കാരും. ഈ പാരമ്പര്യങ്ങളുടെ കലർപ്പുകളും ചിലപ്പോൾ കണ്ടേക്കും.''- എന്ന് എഴുതിയാണ് ജയദേവൻ സുധീഷിനെ ന്യായീകരിക്കാൻ ശ്രമിച്ചത്. ഏകപത്നീ വ്രതംപോലെ തന്നെയാണ് ബഹു സ്ത്രീബന്ധവും എന്ന് പരോക്ഷമായി സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
എന്നാൽ ഇവിടെ മറ്റ് സ്ത്രീകളുമായി പ്രണയമല്ല, പീഡനവും, ആണഹങ്കാരവുമാണ് ഉണ്ടായതെന്നുമാണ്, ഉണ്ടായതെന്ന് വ്യാപകമായ വിമർശനം ഉയർന്നു. അപകടം മനസ്സിലാക്കിയ ജയദേവൻ പോസ്റ്റ് ഡിലീറ്റ് ചെയ്ത്, അൽപ്പം ന്യായീകരണങ്ങളോടെ ക്ഷമയും പറഞ്ഞു. പക്ഷേ അപ്പോഴേക്കും ജയദേവ കവിയുടെ തനി ഗുണം പറഞ്ഞുകൊണ്ട് ഒരു സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് കൂടിയായ അശ്വതി വിനോദ് രംഗത്തെത്തി.
'ആ കൃഷ്ണ പാരമ്പര്യം അടുത്തറിഞ്ഞു'
ജയദേവൻ സുധീഷിനെ വെളുപ്പിച്ചുകൊണ്ട് എഴുതിയ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് അശ്വതി പോസ്റ്റിട്ടത്. ജയദേവന്റെ പെൺ കവിതകൾ കണ്ട് ആരാധന തോന്നി പരിചയപ്പെട്ടപ്പോൾ, പിതാവിനെപ്പോലെയാണ് സംസാരിച്ചതെന്നും, എന്നാൽ പെട്ടെന്ന് ഒരു ദിവസം കാമുകനായി ലൈംഗികച്ചുവയോടെ സംസാരിച്ച ദുരനുഭവമാണ് അശ്വതി പങ്കുവെക്കുന്നത്.
അശ്വതി വിനോദിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.
'ഇത് കണ്ടപ്പോൾ വലിയ അത്ഭുതമൊന്നും തോന്നിയില്ല. കാരണം കവിയുടെ കൃഷ്ണ പാരമ്പര്യം അടുത്തറിഞ്ഞ ഒരാളാണ് ഞാൻ. കൃത്യമായി പറഞ്ഞാൽ നാലുവർഷം മുന്നേ ജീവിതത്തിലെ ഏറ്റവും മോശം സമയത്താണ് കവിയെ പരിചയപ്പെടുന്നത്. ഇവിടെ എഴുതിയിരുന്ന ചില പെൺ കവിതകൾ കണ്ട് ഇങ്ങേരോട് ആരാധന തോന്നിയ ഒരുത്തിയായിരുന്നു ഞാനും. അങ്ങനെ കവിയുമായി സൗഹൃദത്തിലാവുകയും ഫോണിൽ സംസാരിക്കുകയും ചെയ്യാറുണ്ടായിരുന്നു. കവിയുടെ സ്നേഹവും വാത്സല്യവും ആദ്യമൊക്കെ മകളോടെന്നത് പോലെ ആയിരുന്നു. ഇത്രയൊക്കെ സ്നേഹത്തോടെ ആളുകൾക്ക് സംസാരിക്കാൻ കഴിയുമോ എന്നുവരെ തോന്നിപ്പോയിരുന്നു. വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്ന സമയത്തൊക്കെ ഒരാൾ ഇത്രയേറെ വാത്സല്യത്തോടെ സംസാരിക്കുന്നത് വലിയ ആശ്വാസമായിരുന്നു. അതുകൊണ്ട് തന്നെ പല വിഷമങ്ങളും പറഞ്ഞിരുന്നു താനും.
പക്ഷെ പെട്ടെന്നൊരു ദിവസം അച്ഛന്റെ സംസാരം കാമുകനിലേക്ക് മാറി. അപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കോൾ കട്ട് ചെയ്തു. ശേഷം അയാൾ നിരന്തരം വിളിച്ചുകൊണ്ടിരുന്നു. അങ്ങനെ പറ്റിപ്പോയെന്നും ഇനി ആവർത്തിക്കില്ലെന്നും, അയാൾ എന്നോട് മാപ്പ് പറഞ്ഞു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞു അയാൾ വിളിച്ചു ഇതിനേക്കാൾ മോശമായി ലൈംഗിക ചുവയോടെ സംസാരിച്ചു. അന്ന് കോൾ കട്ട് ചെയ്ത് ബ്ലോക്ക് ചെയ്തതാണ് ഇയാളെ.
ഇനി ഇതുവരെ എന്തുകൊണ്ട് പറഞ്ഞില്ല എന്നു ചോദിച്ചാൽ, ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ അന്നെനിക്ക് ഉണ്ടായിരുന്നു. പിന്നെ അത്രമേൽ സാത്വികൻ ആണെന്ന് വിചാരിച്ച ഇയാളിൽ നിന്നും ഉണ്ടായ ഷോക്ക് ഭീകരമായിരുന്നു.
പിന്നീട് പലപ്പോഴും പറയണം എന്ന് വിചാരിച്ചതാണ് എന്നാൽ ഇതൊക്കെ ഇവിടെ പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന തോന്നൽ ആയിരുന്നു. ഇന്നിപ്പോ ഇയാളുടെ എഴുത്ത് കാരണം തന്നെ ചിലരെങ്കിലും വിശ്വസിച്ചേക്കാം എന്നു കരുതി മാത്രമാണ് പറയുന്നത്.''- ഇങ്ങനെയാണ് അശ്വതി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇതോടെ സുധീഷും ജയദേവനും ഒരേ തൂവൽപക്ഷികൾ ആണെന്ന് മനസ്സിലായതായി, പലരും കമന്റ് ചെയ്യുന്നുണ്ട്.
കാമുകി ആവാഞ്ഞതിന് പീഡനം
സ്വന്തം കുഞ്ഞിനെ പോലെ തോന്നേണ്ട സ്വന്തം വിദ്യാർത്ഥികളെ പോലും മലിനപ്പെടുത്തിയ ഇയാൾ സാമൂഹിക നാശമാണെന്നാണ് പ്രസാധക ഷഹനാസ് പുതിയ കുറിപ്പിൽ പറയുന്നത്. പതിനായിരത്തെട്ട് കാമുകിമാരിൽ ഒരാളാകാൻ തയാറാകാത്തതുകൊണ്ടാണോ തന്നെ ദ്രോഹിക്കുന്നതെന്നും ഷെഹനാസ് ചോദിക്കുന്നു. മോശം പെരുമാറ്റം സംബന്ധിച്ച് ജൂൺ ഏഴിനാണ് വി.ആർ. സുധീഷിനെതിരെ ഷഹനാസ് ആദ്യമായി ഫേസ്‌ബുക്ക് പോസ്റ്റിട്ടത്. എന്നാൽ അതിൽ സാഹിത്യകാരന്റെ പേര് പരാമർശിച്ചിരുന്നില്ല. പിന്നാലെ കേസ് നൽകുകയും ചെയ്തിരുന്നു.
ഷഹനാസിന്റെ പുതിയ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്- 'വീണ്ടും വീണ്ടും പറയിപ്പിക്കല്ലേ എന്ന് എത്ര പ്രാവശ്യം പറഞ്ഞു ചാപ്പാ ......ഷഹനാസിന്റെ തുറന്ന് പറച്ചിലിൽ ഞങ്ങൾ അങ്ങ് ഞെട്ടിത്തരിച്ചു പോയി എന്നൊക്കെ പറഞ്ഞു വലിയ ഒരു അത്ഭുതം എന്റെ ഈ പറച്ചിൽ കൊണ്ട് ഉണ്ടാക്കി കളയാം എന്ന ചിന്ത ഒന്നും എനിക്ക് പണ്ടേയില്ല....ഇതൊന്നും ഒട്ടും പുതുമ ഉള്ളതല്ല കാരണം ഇതൊക്കെ അടക്കമാണ് അദ്ദേഹം ആഘോഷിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ സൗഹൃദങ്ങൾ സംരക്ഷിക്കുന്നത്.
ഒരു അദ്ധ്യാപകന് സ്വന്തം മുന്നിൽ ഇരിക്കുന്ന വിദ്യാർത്ഥി സ്വന്തം കുഞ്ഞിനെ പോലെ തോന്നണം അതല്ല എങ്കിൽ പോയി ചാവണം ....സ്വന്തം വിദ്യാർത്ഥികളെ പോലും മലിനപ്പെടുത്തിയ ഇയാൾ സാമൂഹിക നാശമാണ്.....വളരെ സാധാരണക്കാരിയായി ജനിച്ചു. ജീവിക്കാൻ വേണ്ടി പ്രവാസി ആയ ഒരു ഉമ്മ വളർത്തിയ മകൾ ആണ് ഞാൻ... ഒരു പെണ്ണ് വളർത്തിയ മകൾ. എന്റെ ജീവിതത്തിൽ ഞാനിപ്പോൾ അനുഭവിക്കുന്നത് ബോണസ്സ് ആയിട്ട് മാത്രമേ എനിക്ക് തോന്നുന്നുള്ളൂ...അത്‌കൊണ്ട് തന്നെ ഇപ്പോൾ അനുഭവിക്കുന്നത് ഒക്കെ പുത്തരിയും അല്ല...നഷ്ടപെടലുകളും ......
പിന്നെ ആദ്യമാണ് ഇങ്ങനെ ഒരു കേസും പൊലീസ് സ്റ്റേഷനും മൊഴി എടുക്കലും ഒക്കെ ....എല്ലാം തനിച്ചാണ് ചെയ്തത് എന്തെല്ലാം ഈ ലോകത്ത് സംഭവിക്കുന്നു എന്ന് ഒറ്റയ്ക്ക് നെരിട്ട് തന്നെ പഠിക്കണം. പുറത്ത് പറയാൻ പറ്റാത്തവരുടെ അവസ്ഥ ഞാൻ മനസിലാക്കുന്നു നിങ്ങൾക്ക് കൂടി വേണ്ടിയാണ് ഞാൻ.... അദ്ദേഹത്തിന്റെ ശത്രു എന്നത് ഈ സമൂഹത്തിൽ ഒരു പ്രിവിലേജ് ആണ് എന്നത് ഞാൻ ആഘോഷിക്കുന്നു. തെറ്റിന്റെ ഒരു കണിക എങ്കിലും എന്നിൽ ഉണ്ടെങ്കിൽ ഈ പോരാട്ടത്തിന് മുന്നിലേക്കിറങ്ങാൻ മാത്രം വിഡ്ഢിയല്ല ഞാൻ ...........
ഒരു എഴുത്തുകാരൻ വീട്ടിലേക്ക് വിളിക്കുമ്പോൾ അദ്ദേഹം വിഭാര്യൻ ആണെന്നും ഒരു ജോലിക്കാരി മാത്രമാണ് അവിടെ ഉള്ളത് എന്നും ആർക്കുമറിയില്ല. ആ വീട്ടിൽ മക്കളും ഭാര്യയും ഒക്കെയായി ഒരുപാട് ആളുകൾ ഉണ്ടെന്ന് ഓരോ പാവങ്ങളും വിചാരിക്കും . അതും ചൂഷണം ചെയ്യപ്പെടുകയാണ് .........
പ്രണയത്തിൽ ഉന്മാദിയായ കാമുകി പിന്നീട് അദ്ദേഹത്തിന്റെ കഥയിലെ കഥാപത്രമായി മാറുന്നത് സ്വഭാവികം എന്നാൽ കാമുകിയുടെ ശരീത്തിലെ വള്ളിപുള്ളികൾ ആ കഥകളിൽ കലഹിക്കുന്നത് മനുഷ്യരോടാണ് ...
എന്റെ കുറച്ചു ചോദ്യങ്ങൾ ഇതൊക്കെയാണ്:-
1 എന്റെ സ്ഥാപനത്തിലെ ജോലിക്കാരിയെ ഞാൻ പിരിച്ചു വിടുന്നത് എങ്ങനെ വി ആർ സുധീഷ് എന്ന എഴുത്തുകാരന്റെ പ്രശ്‌നമാകും ? എന്തിന് എന്നെ അതിന്റെ പേരിൽ ഭീഷണിപെടുത്തണം ?
2 എന്റെ സ്ഥാപനത്തിലെ ജോലിക്കാരിയെ ഞാൻ പിരിച്ചുവിട്ടതുകൊണ്ട് ഞാൻ എന്തിനു വി ആർ സുധീഷിന്റെ ജോലിക്കാരിക്ക് വേറെ എവിടെയെങ്കിലും ജോലി തയ്യാറാക്കി കൊടുക്കണം ?
3 എന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ ഞാൻ പറഞ്ഞു വിട്ടതിന്,വി ആർ സുധീഷ് എന്ന എഴുത്തുകാരൻ അദ്ദേഹത്തിന്റെ ജോലിക്കാരിയെ പുറത്താക്കി എന്നും പറഞ്ഞു അവർ എന്തിനു നിരന്തരം എന്നെ വിളിച്ചു കരയുന്നത് എന്തിന്
ആണ് ?
4 എന്റെ സ്ഥാപനത്തിൽ ഞാൻ ജോലി കൊടുത്ത പെൺകുട്ടിയെ ഞാൻ നവംബർ അവസാനം പിരിച്ചു വിട്ടിട്ടും 2022 ജൂൺ വരെ എന്തിന് വി ആർ സുധീഷ് എന്നെ വേട്ടയാടുന്നു?
5 വി ആർ സുധീഷ് എന്ന എഴുത്തുകാരൻ നിരന്തരം അദ്ദേഹത്തിന്റെ വീട്ടിൽ ഒറ്റയ്ക്ക് വരാൻ പറയുകയും അദ്ദേഹത്തിന്റെ കാമുകിമാരിൽ ഒരാളാവാൻ പറയുകയും ചെയ്തു നിരന്തരം എന്നെ ബുദ്ധിമുട്ടിച്ചതിന്റെ തെളിവിന്റെ അടിസ്ഥാനത്തിലും മറ്റു പല ദുരുദ്ദേശങ്ങൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലും,പിന്നെ
എന്റെ ജോലിക്കാരിയെ ഞാൻ പിരിച്ചു വിട്ടപ്പോൾ അതിന്റെ ഭാഗമായും എന്നെ മാനസികമായും ജോലിയുടെ ഭാഗമായും ഒക്കെ അദ്ദേഹം എന്തിന് എന്നെ ഭയപ്പെടുത്തി കൊണ്ടേ ഇരിക്കണം ?
6 അദ്ദേഹത്തിന്റെ കൂടെ കിടന്നിട്ടല്ല അദ്ദേഹം എനിക്ക് പുസ്തകം തന്നത് എന്നാൽ അതിന് എന്നെ നിരന്തരം പ്രേരിപ്പിക്കാം എന്ന് വിചാരിച്ചു തന്നെയാണ് എന്ന് പൂര്ണ്ണമായി മനസ്സിലായപ്പോൾ എനിക്ക് ജീവിക്കാൻ വേണ്ടിയാണ് നിയമനടപടികൾക്ക് ഒരുങ്ങിയത് ....
7നിരന്തരം അദ്ദേഹവും അദ്ദേഹത്തിന്റെ. ജോലിക്കാരിയും എന്നെ അവരുടെ വീട്ടിലേക്ക് ഒറ്റയ്ക്ക് വിളിക്കുന്നു...എന്തിനു ?
8 നിരന്തരമായ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ ഒറ്റയ്ക്ക് വിളിച്ചു. ഒന്നോ അതിലധികമോ ആളുകൾ ഇല്ലാതെ ഞാൻ അവിടെ പോയിട്ടില്ല . ഞാൻ എന്റെ സഹപ്രവർത്തകരുമായി പോയി,
'ഉമ്മ' എന്നും വീട്ടിൽ വന്നാൽ ഉമ്മ വെയ്ക്കും എന്നും അയാളുടെ പതിനായിരത്തിയെട്ട് കാമുകിമാരിൽ ഒരാൾ ആവാൻ പറഞ്ഞപ്പോൾ അതിനും തയ്യാറാവത്തതുകൊണ്ടാണോ?
9 എന്റെ സ്ഥാപനത്തിൽ ഒരാളെ നിയമിക്കാനും പിരിച്ചുവിടാനും ഉള്ള അധികാരം എന്നിൽ നിക്ഷിപ്തമാണ്. എന്നിരിക്കെ എന്റെ സ്ഥാപനത്തിൽ നിന്നും ഞാൻ ആരെയെങ്കിലും പിരിച്ചു വിട്ടതിന്റെ പേരിൽ എന്നെയും എന്റെ സ്ഥാപനത്തെയും തകർക്കാനുള്ള വി ആർ സുധീഷിന്റെ ശ്രമം എന്തിന് വേണ്ടി ഉള്ളതാണ് ?
കേസ് കൊടുത്തതിന് ശേഷവും കേസ് പിൻവലിക്കണം എന്ന് ആവിശ്യപ്പെട്ടു മറ്റ് പലരെ കൊണ്ടും വിളിപ്പിച്ചു മെസ്സേജ് അയപ്പിച്ചും എന്നെ ഭീഷണിപെടുത്തുവാനും ജോലിക്കാരിയെ കൊണ്ട് ആത്മഹത്യ ഭീഷണി മുഴക്കിക്കുകയും ചെയ്യുന്നത് എന്തിനു വേണ്ടിയാണ് എന്ന് കൃത്യമായ ഉത്തരങ്ങൾ ഉണ്ടാവേണ്ടതുണ്ട്.
ആദ്യമായി അല്ല ഞാൻ ഇതിനെ കുറിച്ച് പ്രതികരിക്കുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ പോകേണ്ടി വരുന്ന അപകടത്തെ പറ്റി എന്റെ ചുറ്റുമുള്ളവരോട് ഞാൻ നിരന്തരം പറഞ്ഞിട്ടുണ്ട്. അല്ലാതെ ആര് സ്വമേധേയാ പോയി അവതാരിക എഴുതിയാലും കഥകൾ പ്രസിദ്ധീകരിപ്പിക്കാൻ ശ്രമിച്ചാലും അവാർഡ് വാങ്ങിയാലും ആ ബുദ്ധിയിലും സ്വഭാവത്തിലും ഒരു കുഞ്ഞിനെ ഉണ്ടാക്കി എടുത്ത് സാംസ്‌കാരിക കേരളത്തിന് സംഭാവന നൽകിയാലും അതൊന്നും എന്റെ വിഷയമല്ല...
പ്രസാധക എന്ന നിലയിൽ മാന്യമായി പുസ്തകം അടിക്കാനും വിൽക്കാനും മാത്രമേ താല്പര്യമുള്ളു..എല്ലാ വർഷവും കൃത്യമായി റോയൽറ്റി കൊടുത്തും ഒക്കെ തന്നെ ആണ് പോവാൻ ആഗ്രഹിക്കുന്നത്. അതിനു സപ്പോർട്ട് ചെയ്തു നിൽക്കുന്ന ഒരുപാട് എഴുത്തുകാർ ഉണ്ട് അവരെ കൂടെ മലിനപ്പെടുത്തരുത്...
ഈ കാരണം കൊണ്ട് എന്റെ ന്യൂഡ് ഫോട്ടോ വരും എന്നെ വേദികളിൽ ബഹിഷ്‌കരിക്കും പുസ്തകം തരില്ല എന്നൊക്കെ ഉള്ള ഭീഷണി അങ്ങ് വാങ്ങി വച്ചാൽ മതി അതൊക്കെ പണ്ട്. എന്റെ പ്രകാശന ചടങ്ങിൽ പങ്കെടുക്കില്ല എന്നൊക്കെ ഉള്ള എഴുത്തുകാർ അദ്ദേഹത്തിനെ സപ്പോർട്ട് ചെയ്തു പറയുന്നവർ ഉണ്ടെങ്കിൽ ആ കോക്കസിലും അതിജീവിച്ചു മുന്നോട്ട് വരാൻ തന്നെ ആണ് താൽപ്പര്യം.
ഈ യുദ്ധമുഖത്ത് ഞാൻ അനുഭവിക്കുന്ന ദയനീയത ഞാൻ പ്രതീക്ഷിച്ചത് തന്നെയാണ് ചാപ്പ.......മുതിർന്ന സ്ത്രീകൾ അടക്കമുള്ളവർ ആനുകൂല്യങ്ങൾ പറ്റിയവർ ഒക്കെ എന്നെ പഴിപറയും. എന്നാൽ തന്റേടമുള്ള ഉള്ള സ്ത്രീകൾ നിങ്ങളെക്കാൾ കൂടുതൽ പേര് എനിക്കൊപ്പം ഉണ്ട്. മറ്റൊന്ന് ഇതൊക്കെ ആണ് വി ആർ സുധീഷ് എന്ന് ആർക്കുമറിയാം സാംസ്‌കാരിക കേരളം അത് ആഘോഷിക്കുന്നു,പല അവാർഡ് കമ്മിറ്റിയിലും ജൂറി ആകുന്നു, പല അധികാരങ്ങൾ ലഭിക്കുന്നു അതൊക്കെ ചൂഷണം ചെയ്യാനുള്ള വെടിമരുന്ന് ആയും ഉപയോഗിക്കുന്നു....
എനിക്ക് ഇതിൽ നീതി ഇല്ലയെങ്കിലും ഒരാള് പോലും ഇനി സ്വമേധയാ അല്ലാതെ ആ പ്രപഞ്ചത്തിന്റെ മൂലയിൽ ഇരിക്കേണ്ടി വരരുത്...ഓൺലൈൻ ഇടങ്ങൾ അദ്ദേഹത്തിന്റെ മസാലയും മദ്യവും കലർന്ന കഥകൾ പറച്ചിലുകൾ ആഘോഷിക്കുമ്പോൾ എനിക്കുറപ്പുണ്ട് ആ പ്രപഞ്ചത്തിന്റെ ഓരോ രുചി കൂട്ടിനും പറയാൻ ഉണ്ടാകും ഇതിനേക്കാൾ മസാല ''- ഇങ്ങയാണ് ഷഹനാസ് പോസ്ററ് അവസാനിപ്പിക്കുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ