ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം ഒഴിയാൻ തീരുമാനിച്ച് വി എസ്; ഔദ്യോഗിക വസതിയിൽ നിന്ന് താമസം മാറി; തീരുമാനം ആരോഗ്യപരമായ കാരണങ്ങളാൽ; മൂന്ന് റിപ്പോർട്ടുകൾ കൂടി സമർപ്പിച്ച ശേഷം രാജിക്കത്ത് നൽകിയേക്കും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വി. എസ് അച്യുതാനന്ദൻ ഭരണ പരിഷ്‌കാര കമ്മീഷൻ അധ്യക്ഷ സ്ഥാനമൊഴിയും. ഇതിനു മുന്നോടിയായി കവടിയാറിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നിന്നും താമസം മാറി. ബാർട്ടൺ ഹില്ലിലെ മകന്റെ വീട്ടിലേക്കാണ് താമസം മാറ്റിയത്.
മൂന്ന് റിപ്പോർട്ടുകൾ കൂടി സമർപ്പിച്ചശേഷം ഔദ്യോഗികമായി രാജിക്കത്ത് നൽകാനാണ് ആലോചിക്കുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞു. ആരോഗ്യ പ്രശ്നമാണ് സ്ഥാനം ഒഴിയാൻ കാരണം. സ്ഥാനമൊഴിയുന്നതിന്റെ ഭാഗമായി ചുമതലകളെല്ലാം അദ്ദേഹം പെട്ടെന്ന് നിർവ്വഹിക്കുകയാണെന്നുള്ള റിപ്പോർട്ടുകളുമുണ്ട്.
താത്ക്കാലികമായാണ് താമസം മാറ്റുന്നതെന്നും അറിയിപ്പുണ്ടാകുന്നതുവരെ പോസ്റ്റൽ അഡ്രസ്സ് ബാർട്ടൺ ഹില്ലലെ വിലാസമായിരിക്കും എന്നറിയിച്ചു കൊണ്ടുള്ള വാർത്താ കുറിപ്പും ലഭിച്ചു. കോവിഡ് കാലത്തിനു മുമ്പേ തന്നെ അദ്ദേഹം പൊതുരംഗത്ത് നിന്ന് വിട്ടു നിന്നിരുന്നു.
ഇന്നലെയാണ് വി എസ് ഔദ്യോഗിക വസതി ഒഴിഞ്ഞത്. നേരത്തെ ആലപ്പുഴയിലെ വീട്ടിലേക്കു മാറുമെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും പിന്നീട് അത് വേണ്ടെന്നു വച്ചു. വിഎസിന് ആലപ്പുഴയിലേക്കു മടങ്ങാൻ താൽപര്യമുണ്ടെങ്കിലും ചികിൽസയുടെ സൗകര്യത്തിനായി തിരുവനന്തപുരത്ത് തുടരാൻ കുടുംബം തീരുമാനിക്കുകയായിരുന്നു.
2016 ജൂലൈയിലാണ് കാബിനറ്റ് പദവിയോടെ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി വി എസ് ചുമതലയേറ്റത്. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ സ്ഥാനം ഒഴിയാനാണ് വി എസിന്റെ തീരുമാനം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ആരോഗ്യ പ്രശ്‌നം കാരണം യാത്രചെയ്യാൻ കഴിയാഞ്ഞതിനാൽ അദ്ദേഹത്തിന് വോട്ടു ചെയ്യാനായിരുന്നില്ല.. പുന്നപ്രയിലാണ് അച്യുതാനന്ദനും കുടുംബത്തിനും വോട്ടുള്ളത്. തിരുവനന്തപുരത്ത് താമസിക്കുന്ന വി.എസിന് അനാരോഗ്യം മൂലം യാത്ര ചെയ്യാനാകാത്തതിനാലാണ് ഇത്തവണ വോട്ട് നഷ്ടമായത്.
ന്യൂസ് ഡെസ്ക്