മലപ്പുറം: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ വിമർശനങ്ങളുമായി നേതാക്കൾ രംഗത്തെത്തി. ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ തന്നെയാകും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുക്കാൻ പിടിക്കുക എന്ന സൂചന തന്നെയാണ് പുറത്തുവരുന്നത്. ലീഗിനെയും കോൺഗ്രസിനെയും വിമർശിച്ചു കൊണ്ട് വി എസ് രംഗത്തെത്തിക്കഴിഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുമെന്ന് വി എസ് പറഞ്ഞു. നാലുവോട്ടിനും രണ്ട് സീറ്റിനുംവേണ്ടി ഏത് ജനവിരുദ്ധ പാർട്ടിയുമായും കോൺഗ്രസ് കൂട്ടുകുടും. പണ്ട് ആനപ്പുറത്ത് ഇരുന്നതിന്റെ പാട് കോൺഗ്രസുകാർ തപ്പിനോക്കേണ്ട. കോൺഗ്രസിന്റെ പ്രതാപകാലം തിരിച്ചുവരാൻ കഴിയാത്തവിധം തകർന്നു. പഴയ കോലീബി സഖ്യം മലപ്പുറത്ത് പൊടിതട്ടിയെടുക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസിന്റെ വെല്ലുവിളി നേരിടാൻ കോൺഗ്രസിന് കഴിയില്ലെന്നായിരുന്നു കോടിയേരിയുടെ വിമർശനം. കോൺഗ്രസിന്റെ കൂടെ ചേർന്നാൽ ബിജെപിയെ നേരിടാമെന്നത് തെറ്റിദ്ധാരണയാണ്. യുപി തെരഞ്ഞെടുപ്പ് ഫലം അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസിന് മുന്നിൽ കോൺഗ്രസ് വിറങ്ങലിച്ച് നിൽക്കുകയാണ്. തലയില്ലാത്ത കെപിസിസിയാണ് നിലവിലുള്ളതെന്നും കോടിയേരി പരിഹസിച്ചു. പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ പറ്റാത്ത അവസ്ഥയാണ് കോൺഗ്രസിനെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിപിഎമ്മും മുസ്‌ലിം ലീഗും ഒത്തുകളിയാണ് സി.പി.എം സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഫലിച്ചതെന്നാണ് കെ സുരേന്ദ്രൻ ഉയർത്തിയ വിമർശനം. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ലീഗിനും സിപിഎമ്മിനും ഭിന്നാഭിപ്രായമുള്ള ഏതു വിഷയമാണുള്ളതെന്ന ചോദ്യം ഫേസ്‌ബുക്കിലൂടെ സുരേന്ദ്രൻ ഉയർത്തി. തലാഖ് ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഒരേ അഭിപ്രായമാണ് ലീഗിനും സിപിഎമ്മിനും ഉള്ളത്. ഐസ്‌ക്രീം പാർലർ കേസും മാറാടു കേസും അബ്ദുൽ വഹാബിന്റെ തെരഞ്ഞെടുപ്പു കേസും ഭൂമി കയ്യേററ കേസുമുൾപ്പെടെ മുസ്‌ലീം ലീഗ് പ്രതിക്കൂട്ടിലായ സംഭവങ്ങളിലെല്ലാം അവരുടെ രക്ഷയ്‌ക്കെത്തിയത് സിപിഎമ്മാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

അണിയറയിൽ കുഞ്ഞാപ്പയെ (കുഞ്ഞാലിക്കുട്ടിയെ) വിജയിപ്പിക്കാനുള്ള അടവു നയത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവുമെന്നും സുരേന്ദ്രൻ ആരോപിച്ചു.