തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നം വിദ്യാർത്ഥി പ്രശ്‌നം മാത്രമല്ലെന്ന് മുതിർന്ന സിപിഐഎം നേതാവ് വി എസ്.അച്യുതാനന്ദൻ. ലോ കോളെജിലെ സമരം പൊതുപ്രശ്‌നമാണ്. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവർ മാനേജ്‌മെന്റിന് കീഴടങ്ങരുത്. ലോ അക്കാദമിയിലെ അധിക ഭൂമി തിരിച്ചുപിടിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. ലോ അക്കാദമിയിലെ പ്രശ്‌നം വിദ്യാർത്ഥികളുടേത് മാത്രമാണെന്നും വിഎസിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നു പറഞ്ഞ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുള്ള മറുപടി കൂടിയാണ് വിഎസിന്റെ പ്രസ്താവന.

ലോ അക്കാദമിയിൽ നടക്കുന്നത് വിദ്യാർത്ഥി സമരമാണ്. ഇതിനെ രാഷ്ട്രീയ സമരമാക്കി മുതലെടുക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്.അതിനുള്ള ബിജെപിയുടെ കെണിയിൽ സിപിഐ(എം) വീഴില്ലെന്നായിരുന്നു വി എസ് നേരത്തെ പറഞ്ഞിരുന്നത്. വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ചർച്ചചെയ്ത് പരിഹരിക്കണം.വിദ്യാർത്ഥികളുടെ ആവശ്യങ്ങളിൽ മാനേജ്‌മെന്റ് വിട്ടുവീഴ്ചക്ക് തയ്യാറാകണമെന്നും കോടിയേരി പറഞ്ഞു. സമരം തുടങ്ങി 18ാം ദിവസമാണ് കോടിയേരി സമരപ്പന്തലിലെത്തുന്നത്. വി എസ് അച്യുതാന്ദനും സിപിഐ നേതാക്കളും നേരത്തെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോ അക്കാദമിയിലെത്തിയിരുന്നു. സിപിഐ(എം) നേതാക്കളായ പികെ ശ്രീമതി, വി ശിവൻകുട്ടി എന്നിവർക്കൊപ്പമാണ് കോടിയേരി എത്തിയത്.

ലോ അക്കാദമി വിഷയത്തിൽ ലക്ഷ്മി നായർക്ക് അനുകൂലമായുള്ള സിപിഐഎം നിലപാട് വ്യാപക വിമർശനത്തിന് ഇടയാക്കുമ്പോഴാണ് സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്. ഇതിനിടയിൽ വിവാദമായ ലോ അക്കാദമി ഭൂമി സംബന്ധിച്ച് പരാതിയൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ പ്രതികരിച്ചു. ഭൂമി സംബന്ധിച്ച് പരാതി കിട്ടിയാൽ നടപടിയെടുക്കുമെന്ന് പറഞ്ഞ മന്ത്രി അക്കാദമിക് വിഷയങ്ങൾക്കാണ് പ്രഥമ പരിഗണനയെന്നും കൂട്ടിച്ചേർത്തു.

നേരത്തെ ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ കേസെടുക്കാതിരുന്നപ്പോൾ വി എസ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തതും. പേരൂർക്കട പൊലീസാണ് കേസെടുത്തിരിക്കുന്നത്. കന്റോൺമെന്റ് എസി കെഇ ബൈജുവിനാണ് അന്വേഷണ ചുമതല. എസ്ഇ, എസ്ടി ആക്ട് പ്രകാരമാണ് കേസ്.

മൂന്ന് പരാതികളാണ് വിദ്യാർത്ഥികൾ നൽകിയിരുന്നത്. ഇതിൽ കഴമ്പുണ്ടെന്ന് തോന്നിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. 21നാണ് പരാതി നൽകിയത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് തങ്ങളെ വിളിപ്പിക്കുകയോ മൊഴി എടുക്കുകയോ ചെയ്തിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ ആറ് ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് കേസിൽ ഇടപെട്ടിരിക്കുന്നതെന്നും പൊലീസ്.

പൊലീസ് നടപടി സ്വീകരിക്കാതിരുന്നതിനെ തുടർന്ന് വിദ്യാർത്ഥികൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടതോടെയാണ് പൊലീസ് ലക്ഷ്മി നായർക്കെതിരെ കേസെടുക്കാൻ തയ്യാറായിരിക്കുന്നത്. എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാൻ മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.