ന്യൂഡൽഹി: കേരള സ്റ്റേറ്റ് ഇൻഡസ്ട്രീസ് ഓൺട്രപ്രൈസ് എംഡിയായി പി കെ ശ്രീമതിയുടെ മകൻ പി കെ സുധീറിനെ നിയമിച്ചതിൽ പി കെ ശ്രീമതിക്കും മുൻ മന്ത്രി ഇ പി ജയരാജനും താക്കീത്. പി കെ സുധീറിന്റെ നിയമനത്തിൽ ഇരുവർക്കും വീഴ്ചപറ്റിയെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി നടപടി. ഇരുവരെ തെറ്റ് ഏറ്റുപറയൻ തയാറായതിന്റെ അടിസ്ഥാനത്തിൽ പാർട്ടി രീതി അനുസരിച്ചുള്ള ഏറ്റവും ചെറിയ ശിക്ഷ നൽകിയാൽ മതിയെന്നു കേന്ദ്രകമ്മിറ്റിയിൽ ധാരണയാവുകയായിരുന്നു.

ഇ പി ജയരാജൻ ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി യോഗത്തിൽനിന്ന് അവധിയെടുത്തിരുന്നു. ഇ പി ഇല്ലാത്ത സാഹചര്യത്തിൽ ഇക്കാര്യം ചർച്ച ചെയ്യുന്നതു മാറ്റിവയ്‌ക്കേണ്ടതുണ്ടോ എന്നു ഇന്ന് രാവിലെ പൊളിറ്റ് ബ്യൂറോ ചർച്ചചെയ്തിരുന്നു. ഇന്നുതന്നെ വിഷയം ചർച്ച ചെയ്യാമെന്നായിരുന്നു തീരുമാനം. തുടർന്ന് ഇന്നു വിഷയം ചർച്ച ചെയ്യുകയായിരുന്നു. പി കെ ശ്രീമതിക്ക് വിഷയത്തിൽ വിശദീകരണം നൽകാൻ അവസരം നൽകിയിരുന്നു. തുടർന്ന് ഇരുവരെയും താക്കീത് ചെയ്തു. നേരത്തെ, സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇരുവരും തെറ്റ് ഏറ്റുപറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ലഘുവായ അച്ചടക്ക നടപടിയായ താക്കീത് മതിയെന്നും കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. അതേസമയം, ഇരുവരെയും താക്കീത് ചെയ്യുന്നതിനെതിരേ സംസ്ഥാനത്തുനിന്നുള്ള ചില നേതാക്കൾ രംഗത്തെത്തി.

സുധീറിനെ നിയമിച്ചതു വിവാദമായതോ നിയമന ഉത്തരവ് വ്യവസായ വകുപ്പ് പിൻവലിച്ചിരുന്നു. വിഷയം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യുകയും ഇ പി ജയരാജൻ രാജിവയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു. തുടർന്ന് ഇ പി വ്യവസായ മന്ത്രി സ്ഥാനം രാജിവച്ചു. നിയമനവുമായി ബന്ധപ്പെട്ട് യോഗ്യതയും മാനദണ്ഡവും പാലിച്ച് നിയമപ്രകാരം മാത്രമേ നിയമനം നടത്താൻ പാടുള്ളൂവെന്ന് താൻ വ്യവസായ വകുപ്പ് സെക്രട്ടറിക്ക് കുറിപ്പ് നൽകിയെന്നായിരുന്നു ജയരാജൻ വിജിലൻസിന് മൊഴി നൽകിയത്. കേസിൽ വ്യവസായ വകുപ്പ് സെക്രട്ടറി പോൾ ആന്റണിയുടെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. പിന്നീട് ഈ കേസിൽ അഴിമതി നടന്നില്ലെന്ന നിലപാടിൽ വിജിലൻസ് എത്തി. ഡയറക്ടറായിരുന്ന ജേക്കബ് തോമസ് അവധിയെടുത്ത ശേഷമായിരുന്നു അത്. കേസ് എഴുതി തള്ളാൻ ഹൈക്കോടതി അനുമതിയും നൽകി. ഇതിനിടെയാണ് പാർട്ടി നടപടിയെത്തുന്നത്.

പിണറായി ഒന്നും ശരിയാക്കില്ലെന്നു വി എസ്

എല്ലാം ശരിയാക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിൽവന്ന ഇടതു സർക്കാർ ഇങ്ങനെപോയാൽ ഒന്നും ശരിയാകില്ലെന്നു ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വി എസ് അച്യുതാനന്ദൻ. കേന്ദ്രകമ്മിറ്റി യോഗത്തിൽ വി എസ് നൽകിയ കുറിപ്പിലാണ് സംസ്ഥാനസർക്കാരിന്റെ നീക്കങ്ങൾ പാളിയെന്നു കാട്ടി കടുത്ത വിമർശനം ഉന്നയിച്ചുള്ള കുറിപ്പു വി എസ് നൽകിയത്. വി എസ് യോഗത്തിൽ സംസാരിക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും എല്ലാ അംഗങ്ങൾക്കും കുറിപ്പു വിതരണം ചെയ്തശേഷം ഇറങ്ങഇപ്പോവുകയായിരുന്നു.

സാധാരണഗതിയിൽ സർക്കാരുകളുടെ അവസാനകാലത്താണ് ഇപ്പോൾ ഉയർന്നതുപോലെയുള്ള വിവാദങ്ങളാണ് ഇപ്പോൾ കേരളത്തിൽ ഇടതു സർക്കാർ നേരിടുന്നത്. ഇതിനു മുമ്പ് ഒരു സർക്കാരും ആദ്യ ഒരു വർഷം ഇങ്ങനെ വിവാദങ്ങളുണ്ടാക്കിയിട്ടില്ല. അഴിമതിക്കെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടു വേണം. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കു നേരെയുണ്ടായ പൊലീസ് നടപടിയെക്കുറിച്ചും വിഎസിന്റെ കുറിപ്പിലുണ്ട്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിലാകാൻ പൊളിറ്റ് ബ്യൂറോ ഇടപടെണമെന്നും വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ശക്തമായ തിരുത്തൽ വേണമെന്ന ആവശ്യമാണ് വി എസ് ഉന്നയിക്കുന്നതെന്നു വ്യക്തം. എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്നായിരുന്നു ഇടതുമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ ഉയർത്തിയ മുദ്രാവാക്യം. എന്നാൽ, അധികാരത്തിലേറിയ നാൾ മുതൽ വിവാദങ്ങൾ മാത്രമായിരുന്നു സർക്കാരിന് കൂട്ട്. ക്ഷേമപെൻഷനുകൾ കൂട്ടിയതും അവ വീട്ടിലെത്തിച്ചു നൽകിയതും വലിയ നേട്ടമായി സർക്കാർ ചൂണ്ടിക്കാട്ടുമ്പോഴും മറുവശത്ത് നിയമനങ്ങളും നടപടികളുമായി നിരവധി വിവാദങ്ങളാണ് സർക്കാർ വിളിച്ചുവരുത്തിയത്. സർക്കാരിന്റെ തുടക്കത്തിൽതന്നെ തികച്ചും അതൃപ്തനായിരുന്ന വി എസ് ഇതുവരെ വിമർശനമുന്നയിച്ച് രംഗത്തെത്തിയിരുന്നില്ല.

ഇപ്പോൾ ജനവികാരം എതിരാകുന്ന എന്ന വ്യക്തമായ സൂചനയാണ് പാർട്ടി കേന്ദ്രനേതൃത്വത്തോട് വി എസ് ചൂണ്ടിക്കാട്ടുന്നത്. അതായത്, ഇങ്ങനെ പോയാൽ ഭരണത്തുടർച്ച പോയിട്ട് അഞ്ചുവർഷം തികച്ചു ഭരിക്കുന്നതുപോലും ബുദ്ധിമുട്ടാണെന്ന സന്ദേശമാണ് വി എസ് നൽകിയിരിക്കുന്നത്. സംസ്ഥാന ഭരണത്തിൽ തിരുത്തൽവേണമെന്നതുകൊണ്ട് സമഗ്രമായ അഴിച്ചുപണിതന്നെയാണ് വി എസ് ലക്ഷ്യമിടുന്നത്. പൊലീസിനെ തുറന്നുവിട്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടുകളിൽ സിപിഐഎമ്മിനുള്ളിൽ വലിയൊരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ആലുവ ഏരിയാക്കമ്മിറ്റി സെക്രട്ടറിയായിരുന്ന സക്കീർ ഹുസൈന്റെ അറസ്റ്റും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറായിരുന്ന ജയന്തനെതിരായ കേസുമെല്ലാം പാർട്ടിക്കുള്ളിൽ പിണറായി വിജയനെതിരേ ശക്തമായ വിമർശനമുണ്ടാക്കിയതായിരുന്നു.

സർക്കാരിന്റെ തുടക്കനാളുകൡതന്നെ ഐഎഎസ് ഓഫീസർമാരെ വെറുപ്പിച്ചതിനാൽ ഭരണംതന്നെ നിശ്ചമായിരിക്കുകയാണ്. ഇതുവലിയതോതിൽ പാർട്ടിക്കാർക്കും ഘടകകക്ഷികൾക്കും അതൃപ്തിയുണ്ടാക്കി. അതിനുപിന്നാലെ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ അനിഷ്ടവും സർക്കാരിനുണ്ടായി. മാസങ്ങളോളം സംസ്ഥാനത്തു ഭരണം തന്നെ നടക്കാത്ത നിലയുണ്ടായി. വിവിധ വകുപ്പുകളിൽ കാര്യങ്ങളൊന്നും വേണ്ടസമയത്തു നടക്കുന്നില്ലെന്നു സിപിഐഎമ്മുകാർക്കും മറ്റു ഘടകകക്ഷികൾക്കും കാര്യമായ പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് വി എസിന്റെ കുറിപ്പ് കേന്ദ്രകമ്മിറ്റിയിൽ എത്തുന്നത്.