കണ്ണൂർ: ഒടുവിൽ വി എസ് അച്യുതാനന്ദനും സിനിമാതാരമായി. കണ്ണൂർ കൂത്തുപറമ്പിലെ ഒരു കൂട്ടം സിനിമാപ്രവർത്തകരുടെ പരിസ്ഥിതി ചിത്രമായ ക്യാമ്പസ് ഡയറിയിൽ വി എസ് അച്യുതാനന്ദനായിത്തന്നെയാണു വി എസ് അഭിനയിക്കുന്നത്.

കൂത്തുപറമ്പ് ദൃശ്യ ആർട്‌സ് ക്ലബ് നിർമ്മിക്കുന്ന ചിത്രമാണു ക്യാമ്പസ് ഡയറി. കാമ്പസും പരിസ്ഥിതി വിഷയങ്ങളുമാണു പ്രമേയം.

കുടിവെള്ളമൂറ്റുന്നവർക്കെതിരായ വിദ്യാർത്ഥി സമരത്തിൽ പങ്കെടുക്കാൻ വി എസ് ആയിത്തന്നെ അദ്ദേഹമെത്തുന്നതാണു രംഗം. ചിത്രീകരണം വലിയവെളിച്ചം വ്യവസായപാർക്കിലാണു നടന്നത്.

ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി മാത്രമാണു വി എസ് ഇന്നു കണ്ണൂരിൽ എത്തിയത്. വേഷമിടാൻ നേരത്തെ തന്നെ എത്തി. പതിവ് ഗൗരവം വിട്ട് ക്ഷമയോടെയാണു മേക്കപ്പ് മാൻ പാണ്ഡ്യന് മുന്നിൽ ഇരുന്നത്.

ചമയം കഴിഞ്ഞപ്പോൾ എല്ലാം ഓകെയെന്ന് മറുപടി. സമരവേദികളിലെ പ്രസംഗം പുത്തരിയല്ലാത്ത വി എസിന് മുന്നിൽ തിരക്കഥയുമായി സംവിധായകൻ എത്തിയപ്പോൾ റിഹേഴ്‌സലൊന്നും വേണ്ടെന്നായിരുന്നു മറുപടി. അഭിനയിച്ച് ഫലിപ്പിക്കാനൊന്നുമില്ല. എല്ലാം പതിവുപോലെയെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്നു സെറ്റിലേക്കു പോയി. പുതുതലമുറയിലെ താരങ്ങളായ സുദേവ് നായരും ഗൗതമിയും അടക്കമുള്ളവർക്കൊപ്പം വി എസും ക്യാമറയ്ക്ക് മുന്നിലെത്തി. അണിയറക്കാരുടെ നിർദേശങ്ങൾക്കൊപ്പം സഹകരിച്ച് മുഴുവൻ രംഗവും പൂർത്തീകരിച്ചാണ് വി എസ് സിനിമാ സെറ്റിൽ നിന്ന് മടങ്ങിയത്.

ജോയ് മാത്യു, മാമുക്കോയ, തലൈവാസൽ വിജയ്, കോട്ടയം നസീർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സി.കെ.സരസപ്പനും സജയ് ആലക്കണ്ടിയുമാണു നിർമ്മാതാക്കൾ. സി.കെ ജീവൻ ദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ.