വി എസ് പാർട്ടിയിൽ നില്ക്കുന്നതുതന്നെ പിണറായിയെ വീഴ്‌ത്താനാണ്. കഴിഞ്ഞ പത്തുവർഷമായിട്ടെങ്കിലും ഇതാണ് വാസ്തവം. പിണറായി ഇല്ലാത്ത സിപിഎമ്മിൽ ഇരിക്കാൻ വിഎസിന് ഒരു രസവുമുണ്ടാകില്ല. വിരസത കൊണ്ട് ആ നിമിഷം അദ്ദേഹം പാർട്ടി വിടും. അതോടെ വാർദ്ധക്യത്തിന്റെ ഭാരം കൊണ്ട് അദ്ദേഹം കിടപ്പിലാകുകയും ചെയ്യും. വി എസിന്റെ ആരോഗ്യരഹസ്യം പിണറായിയാണ്.

അതേസമയം വിജയന്റെ ഏറ്റവും വലിയ ആഗ്രഹം വി എസ് എന്ന മാരണം പാർട്ടി വിട്ട് പോകണം എന്നാണ്. അതിന് വേണ്ടി വിജയൻ എന്തും ചെയ്യും. സ്വന്തം വീടുപോലും നേർച്ചനേരും. കഴിഞ്ഞപത്ത് വർഷമായിട്ടെങ്കിലും വിജയൻ എന്ന കരുത്തൻ, ഫാസിസ്റ്റ്, ചിരിക്കാത്തവൻ, പേടിസ്വപ്‌നം കാണുന്നത് ഈ 'കടൽക്കിഴവനെ'യാണ്.

പക്ഷേ, വിജയന്റെ ആഗ്രഹം സാധിക്കുമെന്നു തോന്നുന്നില്ല. വിജയനെ വീഴ്‌ത്തിയിട്ട് നെഞ്ചിൽക്കയറി നിന്ന് അട്ടഹസിച്ചിട്ടേ വി എസ് വിശ്രമിക്കു. ഇപ്രാവശ്യത്തെ സംസ്ഥാന സമ്മേളനം തന്നെ നോക്കു. വി എസിനെ അന്തിമമായി പുറത്താക്കാൻ വേണ്ടതെല്ലാം ചെയ്തുവച്ചതാണ്, കാരാട്ടിന്റെ പരിപൂർണ്ണപിന്തുണയോടെ. പക്ഷേ, തന്റെ വിടവാങ്ങൽ ചടങ്ങ് എങ്ങനെയാകേണ്ടതായിരുന്നു, അതുപോലും ആ ചെകുത്താൻ കലക്കി. ഉള്ളിൽ കരഞ്ഞുകൊണ്ടാണ് വിജയൻ പ്രസംഗിച്ചത്. 'ആരേയെങ്കിലും, പുരയുടെ തൂണിനെയെങ്കിലും വി എസ് പേടിക്കണം.....' എന്ന്.

വിജയൻ പരിശീലിപ്പിച്ച് നിർത്തിയവരെക്കൊണ്ട് വിഎസിനെ തെറിപറയിച്ചു. അദ്ദേഹം ഇറങ്ങിപ്പോയി വീട്ടിൽ കാത്തിരുന്നു, ആരെങ്കിലും പുറകെ ചെല്ലാൻ. 'ഞങ്ങടെ പട്ടി വരും' എന്ന ഭാവമായിരുന്നു കേന്ദ്രനേതൃത്വത്തിന്. ആദ്യം അങ്ങനെയേ ഭാവിക്കാവൂ എന്ന് രണ്ടുകൂട്ടർക്കുമറിയാം. പിന്നെ തിരുവനന്തപുരത്തിന് 'കെട്ടിയെടുത്തു'. അവയ്‌ലബിൾ പി ബി കൂടി. സമ്മേളനം ബഹിഷ്‌കരിച്ചതുകൊലക്കുറ്റമാണ്, എന്ന് കാരാട്ട് വിളിച്ചു പറഞ്ഞു. വി എസ് മുണ്ടുപൊക്കിക്കാട്ടിയില്ലെന്നെയുള്ളു. വി എസിനെ ഇനി അടിച്ചേനാത്ത് കയറ്റില്ലെന്ന് സംസ്ഥാന സംഘവും പറഞ്ഞു.

സമ്മേളനം തീരും മുമ്പേ വന്നു കീഴടങ്ങണമെന്ന് സസ്‌നേഹം യച്ചൂരി പറഞ്ഞു. ചുമ്മാപറഞ്ഞതാണെന്ന് യച്ചുരിയും കണ്ണിറുക്കി. കാരാട്ട് വീണ്ടും വിളിച്ചു. 'എന്റെ പട്ടി വരുമെന്ന്' വി എസ്; എന്നു വച്ചാൽ, 'ഞാനൊരു നിസ്സഹായാവസ്ഥയിലാണ്'.

മറ്റ് പിബി അംഗങ്ങൾ കാരാട്ടിന്റെ മെക്കിട്ടുകേറി. 'പാർട്ടി ഉള്ളതുകൂടി തീരും മുമ്പേ വഴിയുണ്ടാക്കിക്കോ' കാരാട്ട് സംസ്ഥാന ഘടകത്തെ പേടിപ്പിച്ചു. 'എന്തൊരു സൂക്കേടായിരുന്നു നിങ്ങൾക്ക് പ്രകോപിപ്പിക്കാൻ. ഇനി വഴി ഉണ്ടാക്കിക്കോ..........' വിജയൻ ആശ്വസിച്ചു, വിഎസില്ലാത്ത പാർട്ടിയിലൊന്ന് ഇരിക്കാൻ കഴിഞ്ഞേക്കുമെന്ന്. പക്ഷേ, ആ ചിരിനിർത്താൻ കഴിയാതെ, ഹിസ്റ്റീരിയ ആയി മാറുമോ എന്നു ഭയപ്പെടുകയും ചെയ്തു.

പക്ഷേ, എന്താണ് ഇനി സംഭവിക്കാൻ പോകുന്നത് എന്ന് വിജയനറിയാം. സംസ്ഥാനകമ്മിറ്റിയിൽ ഒഴിവാക്കിയിട്ട സീറ്റ് ഇയാൾക്കുവേണ്ടിയാണ്. ഇയാടെ നെഞ്ചത്തടിക്കുന്ന അവസാനത്തെ ആണി എന്നോർത്ത്, പരസ്യമായി വായിച്ച സംസ്ഥാന സമിതിയുടെ പ്രമേയം, താനെ മരവിക്കും. കാരാട്ടുപടിയിറങ്ങും, ആ സ്ഥാനത്ത് കിഴവന്റെ സുഹൃത്തുവരും. സെൻട്രൽ കമ്മിറ്റിയിലും മറ്റും എന്നെയിട്ട് ഇയാൾ അലക്കും. എനിക്കെതിരെ ശേഖരിച്ചുവച്ചിരിക്കുന്ന തെളിവുകളോരോന്നു പുറത്തെടുക്കും. ഇയാൾക്ക് ഇനി ആരെ പേടിക്കാൻ! വരുന്നതെരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ ഇയാടെ ചിഹ്നംവച്ച് പോസ്റ്ററടിക്കണം. എനിക്ക് മരിച്ചാൽ മതി.

പറശ്ശിനിക്കടവ് മുത്തപ്പനും കരിഞ്ചാമുണ്ടിക്കും നേർച്ചയിട്ടുമടുത്തതാണ്. ഇനി ഉമ്മൻ ചാണ്ടിക്ക് ക്വട്ടേഷൻ കൊടുത്താലോ?!  ഈ കേസ് അയാളുപോലും പിടിക്കില്ല.

വി എസിനോടുള്ള ആരാധന കൊണ്ടല്ല, ഇങ്ങനെയൊക്കെ എഴുതിയത്. വി എസ് മുമ്പ് എങ്ങനെയൊക്കെയായിരുന്നെങ്കിലും ശരി, അദ്ദേഹം പാർട്ടിയിൽ ഇല്ലായിരുന്നെങ്കിൽ മഅദനിയുടെ പിഡിപിയുമായി സിപിഐ(എം) സഖ്യമുണ്ടാക്കുമായിരുന്നു. കെ മുരളീധരന്റെ പഴയ പാർട്ടിയുമായി കൂട്ടിചേരുമായിരുന്നു. ദേശാഭിമാനി ഓഫീസിൽ കോടികളുടെ പൊതിക്കെട്ടുകൾ പതിവായി, ധാരാളമായി വീഴുമായിരുന്നു. ഫായസും ലോട്ടറിരാജാവ് മാർട്ടിനും ഏകെജി സെന്ററിൽ കൗണ്ടർ തുറക്കുമായിരുന്നു. കെ എം മാണിയെ വാടകയ്‌ക്കെടത്ത് മുഖ്യമന്ത്രിയാക്കി, എൽഡി എഫ് ഭരിക്കുമായിരുന്നു. എൽ ഡി എഫിൽ നിന്ന് കൂറുമാറിപ്പോകാൻ ആരും ധൈര്യപ്പെടുമായിരുന്നില്ല, ഈ വയോധികൻ ആ പാർട്ടിയിൽ കൈകാലുകൾ ബന്ധിതനായിട്ടെങ്കിലും ഇല്ലായിരുന്നെങ്കിൽ. എല്ലാ കുലംകുത്തികൾക്കും പരനാറികൾക്കും ടിപി ചന്ദ്രശേഖരന്റെ വിധിവരുമായിരുന്നു. സിപിഐ(എം) ഒരു ഐഎസ് (ഇൻഡിപെന്റന്റ് സ്റ്റേറ്റ്) ആകുമായിരുന്നു. അതിനോടൊപ്പം നിൽക്കാൻ വേണ്ടി കോൺഗ്രസും യുഡിഎഫും മത്സരിക്കുമായിരുന്നു. അതോടെ കേരളാ രാഷ്ട്രീയവും പൊതുസമൂഹവും ഇപ്പോഴത്തേതിനേക്കാൾ എത്രയോ ഭയാനകമായ അവസ്ഥയിലെത്തുമായിരുന്നു!

വി എസ് പാർട്ടിക്ക് പുറത്തു വന്ന് പ്രവർത്തിച്ച്, കേരളത്തിന്റെ മുഖ്യമന്ത്രിയായി ഇരുന്നാൽ പോലും സിപിഎമ്മിൽ വിജയൻ നടപ്പിലാക്കുന്ന വിനാശകരമായ തീരുമാനങ്ങൾക്ക് തടയിടാൻ കഴിയില്ലല്ലോ? എല്ലാ കറുത്ത ശക്തികളുമായി കൈകോർത്ത് സിപിഎമ്മും നിസ്സാഹായരായി നില്‌ക്കേണ്ടി വരുന്ന എൽഡി എഫ് മുന്നണി കക്ഷികളും ചേർന്ന് ആർക്കും തടയിടാൻ കഴിയാത്ത വലിയ ആസുരശക്തിയായി വളരുമായിരുന്നു. ബംഗാളിലെ പോലെ സ്ഥിരമായി കേരളാ ഭരണം പിടിച്ചെടുത്ത് നാലോ അഞ്ചോ ടേം ഭരിക്കുമായിരുന്നു. വി എസ് പിണറായി വിജയന്റെ പാർട്ടിയിൽ ഇല്ലായിരുന്നെങ്കിൽ സിപിഐയുടെയോ പന്ന്യൻ രവീന്ദ്രന്റെയോ ശബ്ദം പുറത്തുകേൾക്കില്ലായിരുന്നു. ഒരു പക്ഷേ പന്ന്യൻ മുടിമുറിക്കേണ്ടി വന്നേനെ.

വി എസ് മുഖ്യമന്ത്രി ആയിരുന്നപ്പോൾ വിജയനും, ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയും ചേർന്ന് അദ്ദേഹത്തെ പീഡിപ്പിച്ചതിന് കണക്കില്ല. എല്ലാ അപമാനങ്ങളും സഹിച്ച തടവുകാരനെപ്പോലെ അദ്ദേഹം അധികാരം വിടാതെ പിടിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികൾതന്നെ അദ്ദേഹത്തെ പരിഹസിച്ചു. ബുദ്ധിജീവികളുടെ രാജാവായ എം എൻ വിജയൻ പറഞ്ഞത് 'വി എസ് ആനപ്പുറത്തുനിന്നിറങ്ങിയാൽ ജനങ്ങളുടെ ഒപ്പം നടക്കാൻ കഴിയു'മെന്നായിരുന്നു. അപമാനം സഹിക്കവയ്യാതെ വി എസ് രാജിവെയ്ക്കുമെന്നോ അല്ലെങ്കിൽ മാനസിക ആഘാതവും പ്രായാധിക്യവും ചേർന്ന് അദ്ദേഹത്തെ വകവരുത്തിക്കിട്ടും എന്നോ ആയിരുന്നു പിണറായിയുടെയും പിണിയാളുകളുടെയും അവരുടെ നിഴലായി നിന്നിരുന്ന വലിയൊരു സംഘത്തിന്റെയും പ്രതീക്ഷ.

കോടിയേരിയുടെ വിശ്വസ്തൻ, ടോമിൻ തച്ചങ്കരി ആയിരുന്നെങ്കിൽ വി എസിന്റേത് ഋഷിരാജ് സിങ്ങായിരുന്നു. എല്ലാ എതിർപ്പുകളേയും അതിജീവിച്ച്‌ തച്ചങ്കരിയുടെ സിഡിക്കമ്പനി റെയ്ഡുചെയ്യാൻ മുഖ്രമന്ത്രി വി എസ്. അയച്ച ഋഷിരാജ്‌സിങ്ങിനെ അദ്ദേഹത്തിന്റെ തസ്തിക തന്നെ മാറ്റിമറിച്ച് റെയ്ഡുതടഞ്ഞു തച്ചങ്കരിയെ രക്ഷിക്കാൻ ആഭ്യന്തരമന്ത്രിമാത്രമായിരുന്ന കോടിയേരിക്കുധൈര്യംകിട്ടിയത് പിണറായിവിജയൻ കൂടെയുള്ളതുകൊണ്ടു മാത്രമായിരുന്നു. അപമാനത്തിന്റെ ഇത്തരംഎത്രയെത്ര സംഭവങ്ങൾ. വി എസ് അന്നൊന്നും രാജിവച്ച്‌പോകാതിരുന്നത് 'ഏതുനാണക്കേടുണ്ടായിലും രാജിവയ്ക്കില്ല'എന്നു പറയുന്ന ഉമ്മൻ ചാണ്ടിയുടെ മനോഭാവത്തിൽ നിന്നു വ്യത്യസ്ഥമാണെന്നു കാണാൻ കഴിയാത്ത രാഷ്ട്രീയ നിരീക്ഷകരോടു സഹതാപം പുലർത്തുകയേ വഴിയുള്ളു. അതുപോലെ വി.എസിന്റെ ഒരോ ഏറ്റുമുട്ടലുകൾക്കും പോരാട്ടങ്ങൾക്കും വീരപരിവേഷംനിറഞ്ഞ ഒരു ക്ലൈമാക്‌സുകാണാൻ കൊതിക്കുന്നവരും, വീഎസിന്റെ കാൽചോട്ടിലെ മണ്ണ് ചോർന്നു പോകുന്നുന്നെ പറയുന്നവരും കൂറച്ചുകൂടി ക്ഷമകാണിക്കേണ്ടിരിക്കുന്നു.

ബന്ദുനടത്തികേരളത്തെ സ്തംഭിക്കാനും, കൊടിതോരണങ്ങൾകൊണ്ടു ചുവപ്പിക്കാനും മാത്രമെങ്കിലും കഴിയുന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനങ്ങളുടെ ജനവിരുദ്ധമായ ഒരക്ഷരം തിരുത്താൻ കഴിയില്ല എങ്കിലും-സിപിഎമ്മിനേയും അതിന്റെ ദേശീയനേത്യത്വത്തേയും ബന്ധിയാക്കി അക്ഷരാർത്ഥത്തിൽ വിലപേശുന്ന ഈ ഒറ്റയാന്റെ ശക്തിയുടെ അടിസ്ഥാനമെന്താണ് എന്നതുതന്നെയാണു പ്രധാനം. സമ്മേളന പ്രതിനിധികളിൽ ഒരാൾപോലും വി.എസിനെ അനുകൂലിച്ചു സംസരിക്കാൻ ധൈര്യപ്പെട്ടില്ല. അല്ലെങ്കിൽ, വി എസ് അനുയായികളോട് അതുവേണ്ടായെന്നു പറഞ്ഞിരുന്നനതാകാം.

തീർച്ചയായും സിപിഐ(എം). എന്ന പാർട്ടി സംഘടനക്കാരുടെമേൽ, അതിനെ കീഴ്‌പ്പെടുത്തിയിരിക്കുന്ന ആ സുരശക്തികളുടെമേൽ ഇതുവരെയുണ്ടായതിൽ വച്ചേറ്റവും വലിയ വിജയമാണ് വി എസ് പിടിച്ചുവാങ്ങിയതെന്ന് അദ്ദേഹത്തെ മനസ്സിലാക്കിയിട്ടുള്ളവർക്കു സന്തോഷിക്കാം.വിജയൻ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കയ്‌പേറിയ പരാജയത്തെയാണ് വിഎസുമായി ഈ ഏറ്റുമുട്ടലിൽ നേരിട്ടത്.