തിരുവനന്തപുരം: സിപിഎമ്മിലെ പ്രതിസന്ധി മൂർഛിപ്പിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ തിരുവനന്തപുരത്തേക്കു മടങ്ങി. തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന വി എസ് സിപിഐ(എം) സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയത്.

ഇന്നു പുലർച്ചെ നാലോടെയാണ് വി എസ് ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. പുറപ്പെടുന്നതിനു മുമ്പ് മകൻ അരുൺ കുമാറുമായി വി എസ് സംസാരിച്ചു. പ്രതിപക്ഷ നേതാവ് സ്ഥാനം വി എസ് രാജിവയ്ക്കും എന്ന സൂചനയുമുണ്ട്.

കടുത്ത സമ്മർദത്തിലേക്കു സിപിഎമ്മിനെ വീണ്ടും തള്ളിവിട്ടാണ് കഴിഞ്ഞ ദിവസം വി എസ്. അച്യുതാനന്ദൻ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച പൊതുചർച്ചയ്ക്കിടെ തനിക്കെതിരേ ഉയർന്ന രൂക്ഷമായ ആരോപണങ്ങളിൽ മനസുമടുത്താണ് അദ്ദേഹം വേദി വിട്ടതെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും വി എസ് വഴങ്ങാൻ തയ്യാറായില്ല.

വി എസിനെ ഒതുക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം ആവിഷ്‌കരിച്ച തന്ത്രങ്ങൾ പൊളിച്ചടുക്കിയ സമർത്ഥമായ നീക്കമാണ് വി എസ് നടത്തിയത്. ഇറങ്ങിപ്പോയതോടെ സമ്മേളനത്തിന്റെ അന്തരീക്ഷം തന്നെ മാറി മറിഞ്ഞു. വി എസിനെ അനുനയിപ്പിച്ച് മടക്കേണ്ട സ്ഥിതിയായി പിന്നീട്.
അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് 1964 ൽ ഇറങ്ങിപ്പോന്നതിന് ശേഷം മറ്റൊരു ഇറങ്ങിപ്പോക്കിനാണ് വി എസ് തയ്യാറായത്. അന്ന് ഇറങ്ങിപ്പോയി സിപിഐ(എം) എന്ന ഈ പാർട്ടി രൂപീകരിക്കാൻ നേതൃത്വം നൽകിയ 32 പേരിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയാണ് വി എസ്.

വി എസിനെ സമ്മേളനത്തിൽ വച്ച് വിചാരണ ചെയ്ത് പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ നിന്നോ, അല്ലെങ്കിൽ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കാനായിരുന്നു നേതൃത്വത്തിന്റെ തന്ത്രം. സമ്മേളനത്തലേന്ന് വി.എസിനെതിരെ പാർട്ടി സെക്രട്ടേറിയറ്റ് കൂടി പാർട്ടി വിരുദ്ധനാണെന്ന് പ്രമേയം പാസ്സാക്കി എന്ന് മാത്രമല്ല, കഴിഞ്ഞ ദിവസം പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ച ശേഷം വി.എസിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടറി നടത്തിയ ആക്രമണവും എന്താണ് സംഭവിക്കാൻ പോവുന്നത് എന്നതിന് തെളിവായിരുന്നു. പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയാണ് സെക്രട്ടേറിയറ്റ് യോഗം ചേർന്ന് വി.എസിനെതിരെ തീരുമാനമെടുത്തത്. പക്ഷേ വി എസ് പാർട്ടി വിരുദ്ധ മനോഭാവത്തിലേക്ക് തരം താണു എന്ന് പ്രമേയത്തിൽ പറയാൻ കേന്ദ്രം അനുമതി നൽകിയിരുന്നോ എന്നത് സംശയമാണ്.

കത്തിൽ വി എസ് പറയുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറയാനാണ് കേന്ദ്ര നേതൃത്വം അനുമതി നൽകിയത്. വി.എസിനെതിരെ പരസ്യമായി പത്രസമ്മേളനം നടത്തിയതും പാർട്ടി വിരുദ്ധനെന്ന് വിളിച്ചതും എങ്ങനെയെന്ന് പി.ബി അംഗം സീതാറാം യെച്ചൂരി സെക്രട്ടേറിയറ്റ് അംഗങ്ങളോട് ചോദിക്കുകയും ചെയ്തു.

പാർട്ടി സമ്മേളനത്തിൽ തന്നെ വി.എസിനെതിരെ ഏകകണ്ഠമായി തീരുമാനമെടുപ്പിക്കാനായിരുന്നു ഔദ്യോഗിക നേതൃത്വത്തിന്റെ തന്ത്രം. വി.എസിനെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി പാസാക്കണമെന്ന പ്രമേയം പിബിയിൽ കുടുങ്ങിയ സാഹചര്യത്തിൽ അല്പം കൂടി മൂർച്ചയേറിയ തന്ത്രമാണ് ആവിഷ്‌ക്കരിച്ചത്. അവസാന വാക്കായ സമ്മേളനം തീരുമാനിക്കുമ്പോൾ പി.ബിക്കും തടയാനാകില്ല.

അതേസമയം വി എസ് മടങ്ങിയതായി അറിവില്ലെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്. പ്രശ്‌നപരിഹാരത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കാനാണ് നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്.