തിരുവനന്തപുരം: ബാർ കോഴ ആരോപണം നേരിടുന്ന എക്‌സൈസ് മന്ത്രി കെ. ബാബു രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു തുടർച്ചയായ രണ്ടാംദിനവും നിയമസഭയിൽ പ്രതിപക്ഷം ബഹളം വച്ചു. ബാബുവിനെതിരെ പ്ലക്കാർഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്.

യുഡിഎഫ് മന്ത്രിമാർക്ക് അഴിമതി കാട്ടുന്നതിൽ മാത്രമാണ് ശ്രദ്ധയെന്നും അഴിമതിയിൽ ഡോക്ടറേറ്റ് എടുത്തയാളാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പറഞ്ഞു.

ബാർ കോഴക്കേസിൽ മന്ത്രി കെ ബാബുവിനെതിരെ തെളിവില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ബാബുവിനെതിരായ കേസ് അട്ടിമറിച്ചു എന്നാരോപിച്ച പ്രതിപക്ഷത്തിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു ചെന്നിത്തല.

ഇതിനിടെ ഭരണപക്ഷം അപകീർത്തികരമായ പരാമർശം നടത്തിയെന്നു ആരോപിച്ചു പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യവും മുഴക്കി. എന്നാൽ ഭരണപക്ഷത്തിന്റെ പരാമർശം സഭാരേഖയിൽ ഉണ്ടാകില്ലെന്നു സ്പീക്കർ അറിയിച്ചു.

സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വില ഉയരുന്നത് സംബന്ധിച്ച് പ്രതിപക്ഷം സമർപ്പിച്ച അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ബാബു വിഷയത്തിലും അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സംസ്ഥാനത്ത് നാല് വർഷം കൊണ്ട് അരി വില 12.50 രൂപയിൽ നിന്ന് 45 രൂപയായെന്നും വിലക്കയറ്റം നിയന്ത്രിക്കേണ്ട കൺസ്യൂമർ ഫെഡ് സിബിഐ കസ്റ്റഡിയിലാണെന്നും അടിയന്തിര പ്രമേയത്തിന് അനുമതി തേടി കൊണ്ട് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. പ്രശ്‌നം സഭ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപെട്ടു. സി ദിവകാരൻ എംഎൽഎയാണ് അടിന്തിര പ്രമേയത്തിന് അനുമതി തേടിയത്.

എന്നാൽ പയറു ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് വില വർധിച്ചതെന്നും അരി വില കൂടിയിട്ടില്ലെന്നും മറുപടി പറഞ്ഞ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിയമസഭയെ അറിയിച്ചു. മന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

സംസ്ഥാനത്ത് വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടിയിരിക്കുകയാണ്. പാഴ് വസ്തുക്കളിൽ നിന്ന് ആദിവാസി ബാലന്മാർ ഭക്ഷണം തേടുന്നത് പോലും പുറത്ത് വന്നു. എന്നാൽ ഇതൊന്നും തങ്ങൾ അറിഞ്ഞിട്ടില്ല എന്നാണ് ഇവിടുത്തെ വകുപ്പ് മന്ത്രിമാരുടെ ഭാഷ്യമെന്നും വി എസ് പറഞ്ഞു. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാൽ ഇറങ്ങിപോകുകയാണെന്നും വി എസ് അറിയിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.