കൊച്ചി: നവതിയാഘോഷിക്കുന്ന വി എസിനെ പരിധികളില്ലാതെ വിമർശിച്ചു മുതിർന്ന സിപിഐ(എം) നേതാവ് എം എം ലോറൻസ്. വി എസ് ജീവിച്ചതു സ്വന്തം താൽപര്യത്തിനും സ്വന്തം കുടുംബത്തിനു വേണ്ടിയായിരുന്നെ്നും കമ്യൂണിസ്റ്റാകാൻ ശ്രമിക്കുക മാത്രമാണു ചെയ്തതെന്നും ലോറൻസ് മറുനാടൻ മലയാളിയോടു പറഞ്ഞു. 90 വയസിലെത്തിയ വി എസിനെ ഉത്തമനായ കമ്യൂണിസ്റ്റെന്ന് ഒരിക്കലും താൻ പറയില്ലെന്നും ലോറൻസ് പറഞ്ഞു.


വി എസിന്റെ പേരു കമ്യൂണിസ്റ്റിനു ചേർന്നതല്ല. വി എസ് കമ്യൂണിസ്റ്റേ ആയിരുന്നില്ല. കമ്യൂണിസ്റ്റായി ജീവിക്കാൻ അദ്ദേഹം ശ്രമിക്കുകയായിരുന്നു. നല്ല നിശ്ചയദാർഢ്യമുള്ള നേതാവു മാത്രമാണു വി എസ്. ആരോഗ്യം പരിരക്ഷിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. വൈരനിരാതന ബുദ്ധി വളരെ കൂടുതലുള്ള ഒരാളായി മാത്രമേ തനിക്കു വി എസിനെ കാണാനാകൂവെന്നും സിപിഎമ്മിൽ ഒരു കാലത്തു വിഎസിന്റെ തോളോടു തോൾ ചേർന്നു പാർട്ടിയിൽ പ്രവർത്തിച്ച ലോറൻസ് പറഞ്ഞു.

പുന്നപ്ര വയലാർ സമരസേനാനി എന്ന ഇമേജ് വി എസിനു നൽകുന്നതിലൂടെ ബൂർഷ്വാ മാദ്ധ്യമങ്ങളും ചിലരും ശ്രമിക്കുന്നതു സിപിഎമ്മിനെ തകർക്കാനാണ്. അഡ്വ എ ജയശങ്കറും അപ്പുക്കുട്ടൻ വള്ളിക്കുന്നുമൊക്കെ വി എസിന്റെ വക്താക്കളായി ചമഞ്ഞു കേരളത്തിൽ സൃഷ്ടിക്കുന്ന സ്ഥിതിവിശേഷം അതാണ്. സിപിഐ(എം) നേതൃത്വവും പലപ്പോഴും വി എസിനെ ന്യായീകരിക്കുന്നു. ഇതെന്തിനാണെന്നു മനസിലാകുന്നില്ല. വി എസിനെതിരേ നടപടിയെടുത്താൽ ജനസമ്മിതിക്ക് ഭംഗം വരുമെന്നാണു പാർട്ടിയുടെ വിചാരം. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി എസിന്റെ പ്രവർത്തനം പൂർണ പരാജയമായിരുന്നു. അതു മനപൂർവമാണെന്നാണു ഞാൻ കരുതുന്നത്.

പാലക്കാട് സമ്മേളനത്തിനു ശേഷം കേരളത്തിലെ സിപിഐ(എം) വിഭാഗീയ പ്രവർത്തനത്തിൽ പെട്ടുപോയതിനു കാരണക്കാരൻ വി എസ് അച്യുതാനന്ദൻ മാത്രമാണ്. ഇന്നു പാർട്ടിയിൽ വിഭാഗീയത എന്നുപറഞ്ഞു കരയാൻ വി എസിന് യാതൊരു അർഹതയുമില്ല. പുന്നപ്ര-വയലാർ സമരം ആരംഭിക്കുമ്പോൾ വി എസ് പൂഞ്ഞാറിലെ സമ്പന്നനായ ഒരു പാർട്ടി അനുഭാവിയുടെ വീട്ടിലായിരുന്നു എന്നാണ് എന്റെ ഓർമ. പിന്നീട് പുന്നപ്രയിലെത്തി ആക്ഷനിൽ പങ്കെടുത്തെങ്കിലും പാതിവഴിക്ക് അവിടെനിന്നു പോയി. വാറന്റുണ്ടായിരുന്നതു കൊണ്ട് അവിടെനിന്നു പോകേണ്ടിവന്നുവെന്നാണു വി എസ് വിശദീകരിക്കുന്നത്. കൊല്ലാനും ചാകാനും തയ്യാറായി പോകുമ്പോൾ വാറന്റും അറസ്റ്റും ഭയന്ന് എങ്ങിനെ തിരിച്ച് പോയെന്നു വി എസ് പറയുന്നതിലെ യുക്തിയെന്താണെന്നും ലോറൻസ് ചോദിച്ചു.

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ അക്രമത്തിന് പോയ തങ്ങൾ കൊല്ലാനും ചാകാനും തയ്യാറായാണ് പോയത്. ഞങ്ങൾ മരിച്ചില്ല എന്നതാണ് സത്യം. 90-ാം പിറന്നാൾ ആഘോഷിക്കുന്ന വിഎസ് അച്യുതാനന്ദൻ പാർട്ടിക്ക് വേണ്ടിയും സാധാരണക്കാർക്ക് വേണ്ടി.യും ഇനി പ്രവർത്തിക്കട്ടെ എന്ന ആശംസയോടെയാണ് എംഎം ലോറൻസ് അഭിമുഖം അവസാനിപ്പിച്ചത്.