തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തനി ആർഎസ്എസുകാരനായി മാറിയെന്നു ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ. സഹകരണ ബാങ്കുകളുടെ പ്രശ്‌നത്തിൽ കേരളത്തിൽനിന്നുള്ള സർവ്വകക്ഷി സംഘത്തെ കാണാൻ കൂട്ടാക്കാത്ത നടപടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും കേരളത്തിന്റെ ശത്രുക്കളാണ് തങ്ങൾ എന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും വി എസ് പറഞ്ഞു.

തനി ആർഎസ്എസ്സുകാരനായി മാറി മോദി കേരളത്തോട് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണ്. അദ്ദേഹം ഒട്ടകപ്പക്ഷിയെപ്പോലെ മണലിൽ തല പൂഴ്‌ത്തിവച്ച് യാഥാർത്ഥ്യങ്ങളിൽനിന്ന് ഓടിയൊളിക്കുകയാണെന്നും വി എസ് കുറ്റപ്പെടുത്തി.

പാർലമെന്റിനെ അഭിമുഖീകരിക്കാൻ തയ്യാറാവുന്നില്ല. ജനങ്ങളോട് കാര്യങ്ങൾ വിശദീകരിക്കാൻ തയ്യാറാവുന്നില്ല. ഇപ്പോൾ കേരള ജനതയുടെ പൊതു വികാരം ധരിപ്പിക്കാൻ തയ്യാറെടുത്ത സർവ്വകക്ഷി സംഘത്തെയും ഒഴിവാക്കുകയാണ്. കേരളത്തെ പൂർണമായും അവഗണിക്കുക വഴി രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കത്തിവെക്കുകയുംകൂടിയാണ് മോദി ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി മോദി ഒരു സാധാരണ ആർഎസ്എസ്സുകാരന്റെ തലത്തിലേക്ക് താഴുന്നത് ആ പദവിക്കും രാജ്യത്തിനാകെയും നാണക്കേടാണെന്നും വി എസ് പറഞ്ഞു.

സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മോദിയുടെ നടപടിയെ വിമർശിച്ചു. കേരള നിയമസഭ അധികാരപ്പെടുത്തിയ സർവകക്ഷിസംഘത്തിന് കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടി ഫെഡറലിസത്തിന്റെ ലംഘനവും കേരളീയരോടുള്ള അവഹേളനവുമാണെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 'തന്നെ കാണണ്ട, ധനമന്ത്രിയെ കണ്ടാൽ മതി''യെന്ന മോദിയുടെ മറുപടി സാമാന്യനീതിയുടെ നിഷേധമാണെന്നും കോടിയേരി പറഞ്ഞു.