കോഴിക്കോട്: 'കൽബുർഗിയെപ്പോലെ എം ടിയെ കൈകാര്യം ചെയ്യാനാണോ നിങ്ങളുടെ നീക്ക'മെന്നു സംഘപരിവാറിനോടു വി എസ് അച്യുതാനന്ദൻ. അത്തരമൊരു നീക്കം നടത്തിയാൽ അതു വിലപ്പോകില്ലെന്നും വി എസ് പറഞ്ഞു. എം ടി വാസുദേവൻ നായർക്കെതിരായി സംഘപരിവാർ നടത്തുന്ന സംഘടിത നീക്കത്തോടു പ്രതികരിക്കുകയായിരുന്നു വി എസ്.

എം ടിക്കു പിന്തുണയുമായി കോഴിക്കോട്ടു നടത്തിയ പ്രതിരോധ കൂട്ടായ്മയിലാണു വി എസിന്റെ പ്രതികരണം. ഫാസിസത്തെ കേരളത്തിലെത്തിക്കാനാണു സംഘപരിവാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

കൽബുർഗിയെ കൈകാര്യം ചെയ്തത് പോലെ എം ടിയുടെയും നേരെ വാളോങ്ങാനുള്ള സംഘികളുടെ ശ്രമം ചെറുക്കുമെന്ന് വി എസ് പറഞ്ഞു. ഹിന്ദുത്വം, പശു, ബീഫ് ഇതെല്ലാം പറഞ്ഞിട്ടും കേരളത്തിൽ ബിജെപി രക്ഷപെടുന്നില്ല. വെള്ളാപ്പള്ളിയുടെ കുട്ടുപിടിച്ചിട്ടും രക്ഷയില്ലെന്ന് മനസിലാക്കിയാണ് കേന്ദ്രം കേരളത്തോട് കലിപ്പ് തീർക്കുന്നതെന്നും വി എസ് കുറ്റപ്പെടുത്തി.

ഫാസിസത്തെ കേരളത്തിലേക്ക് കടത്താനാണ് സംഘപരിവാറിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. എം ടിക്കും കമലിനും എതിരായ നീക്കങ്ങൾ ഇതിന്റെ തെളിവാണ്. അക്ഷരങ്ങളെ ഫാസിസ്റ്റുകൾക്ക് ഭയമാണെന്നും പിണറായി പറഞ്ഞു.

അഭിപ്രായപ്രകടനത്തിനും ആവിഷ്‌കാരത്തിനുമുള്ള സ്വാതന്ത്ര്യം സംഘപരിവാരത്തിന്റെ ഫാസിസ്റ്റ് ധാർഷ്ട്യത്തിന് മുന്നിൽ അടിയറവെയ്ക്കാൻ തയ്യാറല്ലെന്ന പ്രഖ്യാപനവുമായാണു സാംസ്‌കാരിക ഐക്യദാർഢ്യസംഗമം സംഘടിപ്പിച്ചത്.