- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Tamil Nadu
താൻ നിസ്സഹായൻ; പാർട്ടി വിരുദ്ധനെന്ന പരാമർശം നിലനിൽക്കുന്നതിനാൽ ആലപ്പുഴയ്ക്കില്ല; പരാമർശങ്ങൾ ഒഴിവാക്കിയത് നല്ലത്; ടി പി കേസ് പ്രതികൾക്കെതിരെ നടപടി വേണം: സമ്മേളന വേദി വിട്ടതിന് വിശദീകരണവുമായി വി എസ്
തിരുവനന്തപുരം: സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി വി എസ് അച്യുതാനന്ദനില്ലാതെ പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം നടക്കും. തനിക്കെതിരായ പരാമർശങ്ങൾ സമ്മേളന റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയെങ്കിലും വി എസ് ആലപ്പുഴയിലേക്കില്ല. പാർട്ടി വിരുദ്ധ മാനിസകാവസ്ഥയുള്ള വ്യക്തിയായി വി എസ് തരംതാഴ്ന്നുവെന്ന സെക
തിരുവനന്തപുരം: സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി വി എസ് അച്യുതാനന്ദനില്ലാതെ പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സംസ്ഥാന സമ്മേളനത്തിന്റെ സമാപന യോഗം നടക്കും. തനിക്കെതിരായ പരാമർശങ്ങൾ സമ്മേളന റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയെങ്കിലും വി എസ് ആലപ്പുഴയിലേക്കില്ല. പാർട്ടി വിരുദ്ധ മാനിസകാവസ്ഥയുള്ള വ്യക്തിയായി വി എസ് തരംതാഴ്ന്നുവെന്ന സെക്രട്ടറിയേറ്റ് പ്രമേയം കാരണമാണിത്. പാർട്ടി വിരുദ്ധനായ താൻ സമ്മേളനത്തിൽ പങ്കെടുക്കുന്നത് ശരിയല്ലെന്ന് മനസ്സിലാക്കിയാണ് താൻ ആലപ്പുഴയിൽ നിന്ന് മടങ്ങിയതെന്നും അതേ സാഹചര്യം ഇപ്പോഴുമുണ്ടെന്നും വിശദീകരിച്ച് വി എസ് വാർത്താകുറിപ്പിറക്കി.
'' തന്നെക്കുറിച്ചു പാർട്ടി പ്രവർത്തന റിപ്പോർട്ടിലുള്ള വാസ്തവ വിരുദ്ധമായ ചില പരാമർശങ്ങൾ ഒഴിവാക്കിയതു നല്ലത്. പിബി പരിശോധനയ്ക്കു ശേഷം ബാക്കി ഭാഗങ്ങളും ഒഴിവാക്കുമെന്ന് ആശിക്കുന്നു. ടി.പി. വധക്കേസിലെ പ്രതികളായിട്ടുള്ള പാർട്ടി അംഗങ്ങൾക്കെതിരെ നടപടി വേണം. പാർട്ടിയിൽനിന്ന് ഇവരെ പുറത്താക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ പാർട്ടി വിരുദ്ധനാണെന്നു സംസ്ഥാന സമിതി പ്രമേയത്തിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ താൻ സമ്മേളനത്തിൽ പങ്കെടുക്കുന്നതു ശരിയല്ലെന്നുകണ്ടാണ് സമ്മേളനത്തിൽനിന്നു വിട്ടുനിന്നത് '' -വാർത്താ കുറിപ്പിൽ പ്രതിപക്ഷ നേതാവ് വിശദീകരിക്കുന്നു.
വി.എസിന്റെ വാർത്താക്കുറിപ്പ് പൂർണ രൂപം
തിരുവനന്തപുരം
23022015
സിപിഐ(എം) സംസ്ഥാന സമ്മേളന പ്രവർത്തന റിപ്പോർട്ടിൽ എനിക്കെതിരെ ചേർത്തിരുന്ന വാസ്തവ വിരുദ്ധമായ പരാമർശങ്ങളിൽ ചിലത് ഒഴിവാക്കിയതായി ഞാൻ മനസിലാക്കുന്നു. അത്രത്തോളം നല്ലത്. പിബി പരിശോധനയ്ക്കു ശേഷം ബാക്കി ഭാഗങ്ങളും ഒഴിവാക്കപ്പെടുമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
അതേപോലെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി മൂന്നു പാർട്ടി മെമ്പർമാരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ഇവർക്കെതിരെ നടപടി വേണമെന്നു ഞാൻ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽമൂലം ഇതിൽ ഒരാൾക്കെതിരെ പാർട്ടി നടപടിയെടുത്തു. മറ്റു രണ്ടുപേർക്കെതിരെ നടപടിയെടുത്തിട്ടില്ല എന്നു മാത്രമല്ല, അവരെ പാർട്ടി കമ്മിറ്റികളിൽ നേതാക്കന്മാരായി അവരോധിച്ചിരിക്കുകയുമാണ്. ഇവരെ പാർട്ടിയിൽനിന്നു പുറത്താക്കുകയും പാർട്ടിക്കുണ്ടായ ദുഷ്‌പേര് ഇല്ലാതാക്കുകയും ചെയ്യണമെന്നും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞാൻ പാർട്ടി വിരുദ്ധനാണ് എന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഒരു പ്രമേയം നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഞാൻ പങ്കെടുക്കുന്നതു ശരിയല്ല എന്ന ബോധ്യംകൊണ്ടാണ് ഞാൻ സമ്മേളനത്തിൽനിനിന്നു വിട്ടുനിന്നത്. ആ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു.
മേൽപ്പറഞ്ഞ കാരണങ്ങളാൽ എനിക്ക് ഇന്നത്തെ സമ്മേളനത്തിൽ പങ്കെടുക്കാൻ കഴിയാതെവന്നിരിക്കുകയാണ്. എന്റെ ഈ നിസ്സഹായാവസ്ഥ ഞാൻ ജനറൽ സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
വി എസ്. അച്യുതാനന്ദൻ
അതിനിടെ വി എസ് അച്യുതാനന്ദനുള്ള സ്ഥാനം ഒഴിച്ചിട്ട് 87 അംഗ സിപിഐ(എം) സംസ്ഥാന സമിതി തയ്യാറായി. തിരിച്ചെത്തിയാൽ മാത്രം വി എസിനെ ഉൾപ്പെടുത്തുമെന്നാണ് സൂചനകൾ. അതിനിടെ എതിരാളികൾ ഇല്ലാതെ കോടിയേരി സെക്രട്ടറിയാകുമെന്ന കാര്യത്തിൽ അന്തിമ ധാരണ ആയിട്ടുണ്ട്. അതിനിടെയാണ് പതിനൊന്നു മണിക്കു നടത്താനിരുന്ന പത്രസമ്മേളനം റദ്ദുചെയ്‌തെങ്കിലും ആലപ്പുഴയിലേക്കു മടങ്ങില്ലെന്നു വ്യക്തമാക്കി വി എസ് വാർത്താക്കുറിപ്പിറക്കിയത്.